Sunday, October 13, 2019

യൂറോപ്പ് ഡയറി - 5

ജര്‍മ്മനി -നാസികളുടെ നാട്ടില്‍ (ഭാഗം - 3)

കൊളോണ്‍ കത്തീഡ്രല്‍


മൊബൈലില്‍ അലാറം സെറ്റ് ചെയ്തിരുന്നെങ്കിലും അത് സമയത്ത് കേള്‍ക്കാതിരുന്നതിനാല്‍ താമസിച്ചാണ് എഴുന്നേറ്റത്. പ്രഭാതഭക്ഷണത്തിനു ശേഷം  ബസിലേക്ക്. ഇന്നത്തെ യാത്ര ആംസ്റ്റര്‍ഡാമിലേക്കാണ്.പോകുന്ന വഴി കൊളോണ്‍ കത്തീഡ്രല്‍ കാണണം.

ഇരുവശത്തുമുള്ള കാഴ്ചകള്‍ കണ്ടും ചിത്രങ്ങള്‍ പകര്‍ത്തിയും ഞങ്ങള്‍ യാത്ര തുടര്‍ന്നു. പുറകില്‍ ശങ്കറും വിഷ്ണുവും മമ്മൂട്ടിക്കയുമൊക്കെ തകര്‍ക്കുന്നുണ്ട്. ബസിന്‍റെ മുന്‍ഭാഗത്താണ്. അല്പം പ്രായമായവര്‍ സ്വസ്ഥമായി ഇരിക്കുന്നത്. എന്‍റെ മുന്‍സീറ്റില്‍ തിരുവനന്തപുരത്തുനിന്നുള്ള രാധാകൃഷ്ണന്‍ സാറും ഭാര്യ രമയുമാണ്. ഈ ട്രിപ്പിനുശേഷം അവര്‍ പാരീസില്‍ നിന്ന് ഡെന്‍മാര്‍ക്കിലേക്ക് പോകും. അവരുടെ മകളും കുടുംബവും അവിടെയാണ്. അവിടെ നിന്ന് കുറച്ചു ദിവസം കഴിഞ്ഞേ ഇന്‍ഡ്യയിലേക്ക് മടങ്ങൂ. പുറകില്‍ സുകുമാരന്‍ സാറും ഭാര്യയും അവരുടെ മകന്‍ സുജീഷുമുണ്ട്. ആര് ഫോട്ടോ എടുത്താലും ആ ഫ്രെയിമില്‍ ഓടിക്കയറി നില്‍ക്കുന്ന ആളാണ് സുജീഷ്. കൊച്ചുയാത്രികന്‍ റാഹേല്‍ എന്നോടൊപ്പം തന്നെയാണ്. കോഴിക്കോടുകാരന്‍ സദാനന്ദന്‍ സാറിന്‍റെയും അഞ്ജലിയുടെയും മകള്‍ തിരുവനന്തപുരം ടെക്കിയായ സ്മൃതി പലവട്ടം റാഹേലിനോട് കൂട്ടു കൂടാന്‍ ശ്രമിച്ചു. പക്ഷേ അവന്‍ എന്‍റെയിരികില്‍ തന്നെയാണ്. ആരുടെ കൂടെയും പോകുന്നില്ല. തിരുവനന്തപുരത്തു നിന്നു തന്നെയുള്ള വല്‍സലന്‍ സാറും ഭാര്യയും പൊതുവേ ശാന്തരായി ഇരിക്കയാണ്. പക്ഷേ എന്തെങ്കിലും സംസാരിക്കാന്‍ മൈക്ക് കൊടുത്താല്‍ സാര്‍ വിശദമായി സംസാരിക്കും. 

ഏകദേശം 10.45 ന് ഞങ്ങള്‍ കോളോണിലെത്തി. മെയിന്‍ നദിയുടെ മുകളിലുള്ള പാലത്തില്‍ വച്ച് തന്നെ ഞങ്ങള്‍ ദൂരെ കത്തീഡ്രല്‍ കണ്ടു. എന്ത് തലയെടുപ്പാണ്. കുറച്ചു ദൂരം കൂടി ഓടിയശേഷം ബസ് റോഡരികില്‍ നിര്‍ത്തി . ഞങ്ങള്‍ എല്ലവരും ഇറങ്ങി. ഡ്രൈവര്‍ പാര്‍ക്കിങ്ങ് സ്ഥലം അന്വേഷിച്ച് വണ്ടിയുമായി പോയി. പതിയെ ഞങ്ങള്‍ റോഡ് മുറിച്ച് കടന്ന് പള്ളിക്ക് മുന്നിലെത്തി. നല്ല തിരക്കാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍.

ഇത് ജർമ്മനിയിലെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ കൊളോണിലെ ഒരു കത്തോലിക്കാ കത്തീഡ്രലാണ്. കൊളോൺ അതിരൂപതയുടെയും കൊളോൺ അതിരൂപതയുടെ ഭരണത്തിൻറെയും ഇരിപ്പിടമാണിത്. ജർമ്മൻ കത്തോലിക്കാസഭയുടെയും ഗോഥിക് വാസ്തുവിദ്യയുടെയും പ്രശസ്തമായ സ്മാരകമാണിത്. 1996 ൽ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടു. ജർമ്മനി ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന നാഴികക്കല്ലാണ് ഇത്, ഒരു ദിവസം ശരാശരി 20,000 ആളുകള്‍ ഇവിടം സന്ദര്‍ശിക്കുന്നു. നിലവിൽ 157 മീറ്റർ (515 അടി) ഉയരത്തിൽ ഏറ്റവും ഉയരമുള്ള ഇരട്ട-ഗോപുരമുള്ള ഈ പള്ളി, യൂറോപ്പിൽ രണ്ടാമതും ഉൽം മിനിസ്റ്ററിന് ശേഷം ലോകത്ത് മൂന്നാമതും ആണ്.

കൊളോൺ കത്തീഡ്രലിന്റെ നിർമ്മാണം 1248-ൽ ആരംഭിച്ചെങ്കിലും 1473-ൽ നിർത്തിവച്ചു. 1840 വരെ പണി പുനരാരംഭിച്ചില്ല, 1880 ൽ ഈ കെട്ടിടം അതിന്റെ യഥാർത്ഥ മധ്യകാല പദ്ധതിയിൽ പൂർത്തിയായി. വടക്കൻ യൂറോപ്പിലെ ഏറ്റവും വലിയ ഗോഥിക് ദേവാലയമാണ് രണ്ട് വലിയ ഗോപുരങ്ങൾ ഉള്ള ഈ കത്തീഡ്രൽ. ആയതുകൊണ്ട് തന്നെ ഇത്, കത്തീഡ്രലിന് ലോകത്തിലെ ഏത് പള്ളിയുടെയും ഏറ്റവും വലിയ മുഖം നൽകുന്നു.

കൊളോണിന്റെ മധ്യകാല നിർമ്മാതാക്കൾ മൂന്ന് രാജാക്കന്മാരുടെ ഭവനം സ്ഥാപിക്കുന്നതിനും വിശുദ്ധ റോമൻ ചക്രവർത്തിയുടെ ആരാധനാലയം എന്ന നിലയിൽ അതിന്റെ പങ്ക് ഉൾക്കൊള്ളുന്നതിനുമായി ഒരു മഹത്തായ ഘടന ആസൂത്രണം ചെയ്തിരുന്നു. മധ്യകാലഘട്ടത്തിൽ അപൂർണ്ണമായി അവശേഷിച്ചിട്ടും, കൊളോൺ കത്തീഡ്രൽ ക്രമേണ "അസാധാരണമായ ആന്തരിക മൂല്യത്തിന്റെ ഒരു മാസ്റ്റർപീസ്", "മധ്യകാലത്തെയും ആധുനിക യൂറോപ്പിലെയും ക്രിസ്തീയ വിശ്വാസത്തിന്റെ കരുത്തിനും സ്ഥിരതയ്ക്കും ശക്തമായ സാക്ഷ്യം" എന്നിവയായി ഏകീകരിച്ചു.

1164-ൽ കൊളോണിലെ അതിരൂപത, ഡാസലിലെ റെയ്നാൾഡ്, മൂന്ന് രാജാക്കന്മാരുടെ തിരുശേഷിപ്പുകൾ സ്വന്തമാക്കി. വിശുദ്ധ റോമൻ ചക്രവർത്തിയായ ഫ്രെഡറിക് ബാർബറോസ ഇറ്റലിയിലെ മിലാനിലെ സാന്റ് യൂസ്റ്റോർജിയോയിലെ ബസിലിക്കയിൽ നിന്ന് എടുത്തതാണ്. (അവശിഷ്ടങ്ങളുടെ ഭാഗങ്ങൾ മിലാനിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.) അവശിഷ്ടങ്ങൾക്ക് വലിയ മത പ്രാധാന്യമുണ്ട്, ക്രൈസ്‌തവലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ ഇത് ആകർഷിച്ചു. പള്ളിയിലെ ഉദ്യോഗസ്ഥരെ ശരിയായി പാർപ്പിക്കേണ്ടത് പ്രധാനമായിരുന്നു, അതിനാൽ ഗോഥിക് വാസ്തുവിദ്യയുടെ പുതിയ ശൈലിയിൽ ഒരു കെട്ടിട പരിപാടി ആരംഭിച്ചു, പ്രത്യേകിച്ചും ഫ്രഞ്ച് കത്തീഡ്രൽ ഓഫ് ആമിയൻസിനെ അടിസ്ഥാനമാക്കി.

1248 ഓഗസ്റ്റ് 15 ന് ആർച്ച് ബിഷപ്പ് കൊൻറാഡ് വോൺ ഹോച്ച്സ്റ്റാഡൻ ശിലാസ്ഥാപനം നടത്തി. മാസ്റ്റർ ഗെർഹാർഡിന്റെ നിർദേശപ്രകാരം കിഴക്കൻ ഭുജം പൂർത്തീകരിച്ചു, 1322-ൽ ഇതിനെ വിശുദ്ധമാക്കി ഒരു താൽക്കാലിക മതിൽ ഉപയോഗിച്ച് അടച്ചു. പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പടിഞ്ഞാറൻ ഗ്രൗണ്ടിലെ ജോലികൾ മാസ്റ്റർ മൈക്കിളിന്റെ കീഴിൽ ആരംഭിച്ചു. ഈ പ്രവർത്തനം 1473-ൽ അവസാനിച്ചു, തെക്കൻ ഗോപുരം ബെൽഫ്രി നിലയിലേക്ക് പൂർത്തീകരിച്ചു, ഒരു വലിയ ക്രെയിൻ കൊണ്ട് കിരീടധാരണം ചെയ്തു, ഇത് 400 വർഷമായി കൊളോൺ സ്കൈലൈനിന്റെ ഒരു അടയാളമായി നിലകൊള്ളുന്നു.  ചില ജോലികൾ ഇപ്പോഴും തുടരുന്നു.


പള്ളിക്ക് ചുറ്റും നടന്ന് ഞാന്‍ ചിത്രങ്ങള്‍ പകര്‍ത്തി. വലത് വശത്ത് ഒരു മ്യൂസിയമുണ്ട്. അതില്‍ പള്ളി പണിക്കുപയോഗിച്ച് പല തരത്തിലുള്ള കല്ലുകളും മാര്‍ബിളുമൊക്കെ കൊത്തുപണികളോടെ വച്ചിരിക്കുന്നു. പുറത്ത് ഒരു വശത്ത് 3 പേര്‍  വിവിധ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് സംഗീതമാലപിക്കുന്നു. അവരുടെ മുന്പില്‍ ഒരു ചെറിയ പെട്ടി വച്ചിരിക്കുന്നു. ചിലയാളുകള്‍ അതിലേക്ക് ചെറിയ തുകകകള്‍ ഇടുന്നുണ്ട്. കുറച്ചു നേരം ഞാന്‍ ഈ സംഗീതം ആസ്വദിച്ചു നിന്നു 5 യൂറോയുടെ ഒരു നോട്ട് അതില്‍ നിക്ഷേപിച്ച് ഞാന്‍ പള്ളിയുടെ മുന്‍ ഭാഗത്തേക്ക് നടന്നു. അവിടെ ഒരാള്‍ തറയില്‍ എല്ലാ രാജ്യങ്ങളുടെയും പതാകകള്‍ നിറമുള്ള ചോക്കുകള്‍ കൊണ്ട് വരയ്ക്കുന്നു. കാഴ്ചക്കാരില്‍ ചിലര്‍ അവരുടെ രാജ്യത്തിനെ‍റെ പതാകയുടെമേല്‍ നാണയങ്ങള്‍ ഇട്ട്കൊടുത്ത് അയാളെ സഹായിക്കുന്നുണ്ട്. ഇന്‍ഡ്യയുടെ പതാക അതുവരെ അയാള്‍ വരച്ചില്ല. ഞാന്‍ കുറെനേരം അത് നോക്കിനിന്നു. ഇന്‍ഡ്യന്‍ പതാക കാണാന്‍. 

സമയം പോകുന്നു. പള്ളിയുടെ മുന്‍ വശത്തുള്ള മീറ്റിംഗ് പോയിൻ്‍റില്‍ ഞാന്‍ എത്തി. ഞങ്ങളുടെ ഗ്രൂപ്പിലെ ആരെയും കാണാനില്ല. ഞാന്‍ അവിടെയെല്ലാം നോക്കി. ആരുമില്ല എല്ലാവരും പോയി. ബസ് കിടക്കുന്ന സ്ഥലം ശരിക്കറിയില്ല.എങ്ങനെ അവരെ കണ്ടുപിടിക്കും. ഞാന്‍ പതിയെ റോഡിലേക്കിറങ്ങി. അപ്പോള്‍ സുജീഷും വിഷ്ണുവും ഞങ്ങളുടെ ഗ്രൂപ്പിന്‍റെ പതാകയും ഉയര്‍ത്തി എന്നെ അന്വേഷിച്ച് വരുന്നു. ഓ, ആശ്വാസമായി. ഞാന്‍ ഓടിച്ചെന്ന് അവരോടൊപ്പം ചേര്‍ന്നു. ഉച്ചഭക്ഷണം ഇവിടെ നിന്ന് പായ്ക് ആക്കി കിട്ടിയിട്ടുണ്ട്. പോകുന്ന വഴിക്ക് അത് കഴിക്കണം. ഞങ്ങള്‍ ബസ് വരാനായി കാത്തുനിന്നു. അപ്പോള്‍ വീണ്ടും ഒരിക്കല്‍കൂടി ഞാന്‍ കൊളോണ്‍ കത്തീഡ്രലിലേക്ക് തിരിഞ്ഞുനോക്കി. അതിന്‍റെ ഭംഗി ഒന്നുകൂടി ആസ്വദിക്കാന്‍. ......

Thursday, October 10, 2019

യൂറോപ്പ് ഡയറി - 4

ജര്‍മ്മനി - നാസികളുടെ നാട്ടില്‍ (ഭാഗം - 2)


ഞങ്ങള്‍ യാത്ര തുടരുകയാണ്. അടുത്ത ലക്ഷ്യം റ്റിറ്റിസീ തടാകമാണ്. കുറെ നേരത്തെ ഓട്ടത്തിനു ശേഷം ബസ് ഒരു പാര്‍ക്കിങ്ങില്‍ എത്തി. അവിടെ നിന്ന് കുറച്ച് താഴേക്ക് നടക്കണം തടാകതീരത്തെത്താന്‍. ഇരു വശവും കടകളാണ്. എല്ലാം ടൂറിസ്റ്റുകളെ ഉദ്ദേശിച്ചുള്ളതാണ്. ഇന്നത്തെ ഉച്ചഭക്ഷണവും ഇവിടെയാണ് ക്രമീകരിച്ചിരിക്കുന്നത്. അല്പസമയത്തിനുശേഷം ഞങ്ങള്‍ തടാകത്തിനടുത്തെത്തി. സമയം അല്പം വൈകിയതിനാല്‍ ഭക്ഷണം കഴിച്ചാവാം തടാക സന്ദര്‍ശനം എന്ന് തീരുമാനിച്ചു. അടുത്തുള്ള ഇന്‍ഡ്യന്‍ റെസ്റ്റോറന്‍റിലേക്ക് നീങ്ങി. രുചികരമായ ഭക്ഷണം കഴിച്ചു അവര്‍ക്ക് ഒരു നന്ദിയും പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി.തടാകത്തിനടുത്തേക്ക നടന്നു.

ബ്ലാക്ക് ഫോറസ്റ്റിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിൽ ഒന്നാണ് ഈ മനോഹരമായ തടാകം. വനവും താഴ്ന്ന പർവതങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഈ സ്ഥലം മനോഹരമായ, പ്രകൃതിദത്തമായ ഒരു സ്ഥലത്ത് വിശ്രമിക്കാൻ പറ്റിയ സ്ഥലമാണ്. നല്ല തണുത്ത് കാറ്റ് വീശുന്നുണ്ട്.

ടിറ്റിസി തടാകം ഏകദേശം 2 കിലോമീറ്റർ (1 മൈലിന് മുകളിൽ) നീളുന്നു. ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ ധാരാളം ഉള്ള ഒരു ജനപ്രിയ റിസോർട്ട് സ്ഥാനമാണിത്. 1.3 കിലോമീറ്റർ (320 ഏക്കർ) വിസ്തൃതിയുള്ള ഇത് ശരാശരി 20 മീറ്റർ (66 അടി) ആഴത്തിലാണ്. സമുദ്രനിരപ്പിൽ നിന്ന് 840 മീറ്റർ (2,760 അടി) ഉയരത്തിലുള്ള തടാകത്തിന്റെ ഒഴുക്ക് ഗുട്ടാച്ച് നദിയാണ്. റോമൻ ജനറലായ ടൈറ്റസ് ടിറ്റിസിയുടെ പ്രദേശത്ത് തമ്പടിച്ചിരിക്കുമ്പോള്‍ തടാകം അദ്ദേഹത്തെ വളരെയധികം ആകർഷിക്കുകയും, അതിന് അദ്ദേഹം തന്‍റെ പേര് നല്‍കുകയും ചെയ്തു എന്നൊരു കഥയുണ്ട്.

ശൈത്യകാലത്ത് തടാകം തണുത്തുറയുകയും ശൈത്യകാലത്തുള്ള സ്പോര്‍ട്ട്സ് അതിനു മുകളില്‍ നടക്കുകയും ചെയ്യുന്നു. പണ്ട് ഇതിന് മുകളില്‍ 4 സീറ്റുള്ള ചെറിയ വിമാനം ലാന്‍റ് ചെയ്യുമായിരുന്നു. എന്നാല്‍ 1966 ല്‍ ഉണ്ടായ ഒരു അപകടത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ അവിടെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.1966 ജനുവരി 14 ന്‌, മഞ്ഞ്‌ നീക്കുന്ന ഒരു ട്രാക്ടർ‌ മഞ്ഞ്‌ പൊട്ടി ഡ്രൈവർ‌ വാൾ‌ട്ടർ‌ വൈൽ‌ഡിനോടൊപ്പം  തടാകത്തിന്റെ അടിയിൽ‌ മുങ്ങി. രണ്ടാഴ്ച കഴിഞ്ഞാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്.

തടാകസന്ദര്‍ശനത്തിനുശേഷം ഞങ്ങള്‍ കുറച്ച് ഷോപ്പിംഗ് നടത്തി. സ്വിസ്സിനേക്കാള്‍  വിലക്കുറവ് ഇവിടെ അനുഭവപ്പെട്ടു. ചെറിയ ചാറ്റല്‍ മഴ വീണ്ടും തുടങ്ങി. ഞങ്ങള്‍ പെട്ടെന്ന് ബസ്സിനുള്ളില്‍ എത്തി. യാത്ര വീണ്ടും തുടര്‍ന്നു. ഫ്രാങ്ക്ഫര്‍ട്ടിലേക്ക് ഇനിയും അഞ്ച് മണിക്കൂര്‍ യാത്ര ഉണ്ട്. ഇടയ്ക്ക് ബസ് നിര്‍ത്തി ഡ്രൈവര്‍ വിശ്രമം എടുത്തു. ഇവിടുത്തെ നിയമം അതാണ്. തുടര്‍ച്ചയായി 4 മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ വിശ്രമം എടുത്ത ശേഷം മാത്രമേ വീണ്ടും യാത്ര തുടരാവൂ. അടുത്തുള്ള കടകള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. ഒന്ന് മൂത്രം ഒഴിക്കണമെങ്കില്‍ 75 സെന്‍റ് (ഏകദേശം  55 രൂപ) നല്‍കണം. തുടര്‍ന്ന് കടയില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ ആ ടിക്കറ്റ് മടക്കി നല്‍കിയാല്‍ 50 സെന്‍റ് ഇളവ് ലഭിക്കും. അതുപോലെ ഒഴിഞ്ഞ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ തിരികെ നല്‍കിയാലും 25 സെന്‍റ് ലഭിക്കും. പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കാനും അനാവശ്യമായി വലിച്ചെറിയാതിരിക്കാനുമായി ആണ് ഈ രീതി. അത് കേരളത്തില്‍ ഒന്ന് വന്നെങ്കില്‍ നമുക്കൊക്കെ എത്ര രൂപ ഉണ്ടാക്കാമായിരുന്നു. ഇവിടുത്തെ സ്ഥലങ്ങളുടെ വൃത്തി പ്രത്യേകം എടുത്തു പറയേണ്ടതാണ്. നമ്മുടെ ഒരു നല്ല പാര്‍ക്ക് പോലും ഇവിടുത്തെ ഒരു തെരുവ് പോലെ നമുക്ക് സംരക്ഷിക്കുവാന്‍ കഴിയുന്നില്ല എന്നുള്ളതാണ് സത്യം. ഞങ്ങള്‍ വിശ്രമശേഷം വീണ്ടും യാത്ര തുടര്‍ന്നു.

റോഡിലെ ബ്ലോക്ക് കാരണം ഉദ്ദേശിച്ചതിലും താമസിച്ചാണ് ഫ്രാങ്ക്ഫര്‍ട്ടിലെത്തിയത്. ഭക്ഷണം ക്രമീകരിച്ചിരുന്നത് ഒരു ചൈനീസ് റെസ്റ്റോറന്‍റിലായിരുന്നു. പുതിയതരം പല ഭക്ഷണവും കഴിച്ചു. പലതും പകുതി വേവിച്ചവയാണ്. കൂടാതെ പാചകം ചെയ്യാത്ത മീനും ഞണ്ടും തവളയും കണവയും അങ്ങനെ പലതും വച്ചിട്ടുണ്ട്. ആവശ്യത്തിന് അത് എടുത്ത്  നമ്മുടെ ഡൈനിംഗ് ടേബിളില്‍ വച്ചിരിക്കുന്ന ഹീറ്ററിനു മുകളിലുള്ള സൂപ്പ് തിളയ്ക്കുന്ന പാത്രത്തില്‍ ഇട്ട് വേവിച്ച് കഴിക്കാവുന്നതാണ്. പരീക്ഷണത്തിനൊന്നും ഞാന്‍ മുതിര്‍ന്നില്ല. കഴിക്കാന്‍ പറ്റുന്നവ മാത്രം കഴിച്ച് പുറത്തിറങ്ങി. അതിന്ശേഷം ഹോട്ടലിലെത്തി വിശ്രമത്തിലേക്ക് തിരിഞ്ഞു. (തുടരും)

Wednesday, October 9, 2019

യൂറോപ്പ് ഡയറി - 3

ജര്‍മനി - നാസികളുടെ നാട്ടില്‍

ഇന്നത്തെ യാത്ര ജര്‍മ്മനിയിലേക്കാണ്. രാവിലെ ഹോട്ടലില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ച ശേഷം ഞങ്ങള്‍യാത്ര ആരംഭിച്ചു. ഹിറ്റ്ലറും മുസ്സോളിനിയുമൊക്കെ വാണ നാട്. നാസികളുടെ നാട്. ജര്‍മ്മനിയെപ്പറ്റി കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് നാസികളുടെ സ്വസ്തിക് ചിഹ്നമാണ്. മാത്രമല്ല ലക്ഷക്കണക്കിന് യഹൂദന്‍മാരെ കൊന്നൊടുക്കിയ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍. നാസികള്‍ നടത്തിയ കൂട്ടക്കൊലകള്‍ അങ്ങനെ ഒത്തിരി ചരിത്രമുറങ്ങുന്ന മണ്ണാണ് ജര്‍മ്മനി. പ്രശസ്തമായ പല മോട്ടോര്‍ വാഹനങ്ങളും ജര്‍മ്മന്‍ മെയ്ഡ് ആണെന്നതും ഓര്‍ക്കണം. കൂടാതെ ഞാന്‍ ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം ഹിറ്റ്ലറുടെ ആത്മകഥയായ മേം കാഫ് ആണ് എന്നുള്ളത് ഈ രാജ്യത്തെ കൂടുതല്‍ അറിയാനും കാണാനും ഉള്ള ആഗ്രഹം വര്‍ദ്ധിപ്പിച്ചു. 

ബസ് ഓടിക്കൊണ്ടിരിക്കുന്നു. നേരിയ ചാറ്റല്‍ മഴ ഉണ്ട്. ഇരുഭാഗത്തുമുള്ള കാഴ്ചകള്‍ ഞാന്‍ ക്യാമറയില്‍ പകര്‍ത്തി കൊണ്ടിരുന്നു. ഈ യാത്രയില്‍ റൈന്‍ഫാളും കാണണം. യൂറോപ്പിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ഇത്. ഏകദേശം 23 മീറ്റര്‍ ആണ് ഇതിന്‍റെ ഉയരം. ഏകദേശം 150 മീറ്റര്‍ വീതിയിലാണ് ഇത് ഒഴുകി പതിക്കുന്നത്. വളരെ മനോഹരമാണ്  വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച. ഇതിന്‍റെ പരിസരമെല്ലാം നല്ല രീതിയില്‍ സംരക്ഷിച്ചിരിക്കുന്നു. വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ ഉദ്യാനത്തെ അലങ്കരിക്കുന്നു.


ഏകദേശം 14,000 മുതൽ 17,000 വർഷം മുമ്പ് അവസാന ഹിമയുഗത്തിലാണ് റൈൻ വെള്ളച്ചാട്ടം രൂപപ്പെട്ടത്, മണ്ണൊലിപ്പ് പ്രതിരോധശേഷിയുള്ള പാറകൾ നദീതീരത്തെ ഇടുങ്ങിയതാക്കുന്നു. ഏകദേശം 500,000 വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ ഭൂപ്രകൃതി സൃഷ്ടിച്ച ആദ്യത്തെ ഗ്ലേഷ്യൽ മുന്നേറ്റം. ഏകദേശം 132,000 വർഷങ്ങൾക്ക് മുമ്പ് വോൾസ്റ്റോണിയൻ സ്റ്റേജിന്റെ അവസാനം വരെ, റൈൻ പടിഞ്ഞാറോട്ട് ഷാഫ്‌ഹൗസനിൽ നിന്ന് ക്ലെറ്റ്ഗാവിലേക്ക് ഒഴുകിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന ഈ നദീതീരത്ത് പിന്നീട് ചരൽ നിറഞ്ഞു.

ഏകദേശം 132,000 വർഷങ്ങൾക്ക് മുമ്പ് നദിയുടെ ഗതി തെക്കോട്ട് ഷാഫ്‌ഹൗസനിൽ മാറി ഒരു പുതിയ ചാനൽ രൂപീകരിച്ചു, അതിൽ ചരലും നിറഞ്ഞു. ഇന്നത്തെ റൈനിന്റെ ഭാഗത്ത് ഈ പുരാതന നദീതീരവും ഉൾപ്പെടുന്നു.


വോറം ഹിമാനിക്കിടെ, ജുറാസിക് ചുണ്ണാമ്പുകല്ല് പ്രതലത്തിന് മുകളിലൂടെ റൈൻ തെക്കോട്ട് ഇന്നത്തെ ഗതിയിലേക്ക് തള്ളപ്പെട്ടു. മുമ്പത്തെ ഹിമാനികളിൽ നിന്ന് കനത്ത ചുണ്ണാമ്പുകല്ലിനും എളുപ്പത്തിൽ നശിച്ച ചരലിനും മുകളിലൂടെ നദി ഒഴുകിയപ്പോൾ, നിലവിലെ വെള്ളച്ചാട്ടം ഏകദേശം 14,000 മുതൽ 17,000 വർഷം മുമ്പ് രൂപപ്പെട്ടു. മുൻ ചാനലിനെ ചുറ്റിപ്പറ്റിയുള്ള യഥാർത്ഥ ചുണ്ണാമ്പുകല്ലിന്റെ അവശിഷ്ടമാണ് റൈൻ‌ഫാൾ‌ഫെൽ‌സൺ എന്ന വലിയ പാറ. കോൺസ്റ്റാൻസ് തടാകത്തിൽ നിന്ന് റൈനിലേക്ക് താരതമ്യേന ചെറിയ അവശിഷ്ടങ്ങൾ മാത്രമേ വരുന്നുള്ളൂ എന്നതിനാല്‍ വർഷങ്ങളായി ഈ പാറ വളരെ കുറച്ചുമാത്രമേ ഇല്ലാതാകുന്നുള്ളൂ.

വീണ്ടും ഞങ്ങള്‍ ജര്‍മ്മനിയിലേക്കുള്ള യാത്ര തുടര്‍ന്നു. ഇരുവശത്തും മേപ്പിള്‍ മരങ്ങള്‍ നിറഞ്ഞു നില്ക്കുന്നു. ശൈത്യകാലത്തിനു മുന്നോടിയായി മരങ്ങളൊക്കെ മഞ്ഞ ഇലകളാല്‍ നിറഞ്ഞു നില്‍ക്കുന്നു. മഞ്ഞുകാലം ആകുമ്പോഴേക്കും ഇലകളെല്ലാം പൊഴിയും. ശിഖരങ്ങളെല്ലാം മഞ്ഞുകൊണ്ട് പൊതിയപ്പെടും. ഇടയ്ക്കിടെ പച്ചപ്പട്ട് വിരിച്ച പുല്‍മേടുകള്‍. വിവിധ നിറത്തിലുള്ള ഇലകളോടുകൂടിയ പല സസ്യങ്ങളും റോഡിനിരുവശവുമുണ്ട്. ഇടയ്ക്ക് വീടുകള്‍ നിറഞ്ഞ ചെറു ഗ്രാമങ്ങളും കാണാം. യാത്രക്കിടയില്‍ കുഞ്ഞു യാത്രികന്‍ റാഹേല്‍ എന്നോടൊപ്പം കൂടി. അവന്‍റെ കളിയും ചിരിയും രസകരമാണ്. വ്യക്തമാകാത്ത രീതിയില്‍ അവന്‍ ഒത്തിരി കാര്യങ്ങള്‍ എന്നോട് പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ എല്ലാം ശ്രദ്ധയോടെ കേട്ട് മറുപടി കൊടുത്തുകൊണ്ടിരുന്നു. കുട്ടികളെ നാം കേള്‍ക്കണം. അതാണ് എന്‍റെ നിലപാട്. അപ്പോള്‍ അവര്‍ക്ക് സന്തോഷമാകും. കൂടാതെ മാമു എന്ന മുഹമ്മദും ഞങ്ങളോടൊപ്പമുണ്ട്. അവന്‍ പുറകിലിരിക്കുന്ന ഗ്രൂപ്പിന്‍റെ  കൂടെ കൂടിയിരിക്കയാണ്. ഇവര്‍ രണ്ടുപേരും ഞങ്ങളുടെ യാത്രയെ സജീവമാക്കുന്നു. 

യാത്രക്കിടെ ഞങ്ങള്‍ ആരോഗ്യകരമായ പല ചര്‍ച്ചകളും നടത്തുന്നുണ്ട്. ചങ്ങനാശേരിക്കാരന്‍ മാത്യു അച്ചായനും മലബാറുകാരന്‍ മമ്മൂട്ടിക്കയും പിന്നെ മനോജ് അച്ചായനും ഒക്കെ ചര്‍ച്ചകളെ സജീവമാക്കുന്നുണ്ട്. ഇടയ്ക്കിടെ വൈക്കത്തുകാരന്‍ ശങ്കറിന്‍റെ തമാശയും ചില തള്ളലുകളുമൊക്കെ യാത്രയെ ആസ്വാദ്യകരമാക്കുന്നു. പെരുമ്പാവൂരുകാരന്‍ ഫവാസ് വളരെ നിശബ്ദനാണ്. അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്ന ആള്‍. പിന്നെയുള്ളവരെ അടുത്ത ഭാഗത്തില്‍ പരിചയപ്പെടുത്താം.


ഇപ്പോള്‍ ഞങ്ങള്‍ കടന്നുപോകുന്നത് ബ്ലാക്ക് ഫോറസ്റ്റിലൂടെയാണ്.  ബ്ലാക്ക് ഫോറസ്റ്റ് തെക്ക് ഹൈ റൈൻ മുതൽ വടക്ക് ക്രെയ്ച്ഗ വരെ നീളുന്നു. പടിഞ്ഞാറ് ഭാഗത്ത് അപ്പർ റൈൻ പ്ലെയിൻ, കിഴക്ക് അത് ക്ലെറ്റ്ഗയുടെ പടിഞ്ഞാറ് ഗബാർ, ഹിൽ കൺട്രി എന്നിവയിലേക്ക് മാറുന്നു. തെക്കൻ ജർമ്മൻ സ്കാർപ്ലാൻഡിന്റെ ഏറ്റവും ഉയർന്ന ഭാഗമാണ് ബ്ലാക്ക് ഫോറസ്റ്റ്, അതിൽ ഭൂരിഭാഗവും കട്ടിയുള്ള മരമാണ്, ഇത് ഹെർസിനിയൻ ഫോറസ്റ്റ് ഓഫ് ആന്റിക്വിറ്റിയുടെ ഒരു ഭാഗമാണ്. സ്ഫടിക അടിത്തറയുടെയും ബണ്ടർ സാൻഡ്‌സ്റ്റോണിന്റെയും പാറകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്, ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങളുമായുള്ള അതിന്റെ സ്വാഭാവിക അതിർത്തി രൂപം കൊള്ളുന്നത് മഷെൽകാക്കിന്റെ ആവിർഭാവമാണ്, ഇത് ബ്ലാക്ക് ഫോറസ്റ്റ് ബെഡ്‌റോക്കിൽ നിന്ന് ഇല്ലാതാകുന്നു.

കുറച്ചു ദൂരങ്ങള്‍ക്കുശേഷം ബസ് ഒരു പാര്‍ക്കിങ്ങില്‍ നിര്‍ത്തി. ഇവിടെ നിന്ന് അല്പം നടന്നുവേണം പ്രശസ്തമായ കുക്കൂ ക്ലോക്കിന്‍റെ ഔട്ട് ലെഠ്ഠിലെത്താന്‍. ഞങ്ങള്‍ ബസില്‍ നിന്നിറങ്ങി അവിടേക്ക് നടന്നു. മനോഹരമായ സ്ഥലം. ഞങ്ങള്‍ ഉള്ളിലേക്ക് കടന്നു. പുഞ്ചിരിയോടെ ഞങ്ങളെ അവര്‍ സ്വീകരിച്ചു. വിവിധ വലിപ്പത്തിലും രൂപത്തിലുമുള്ള കുക്കൂ ക്ലോക്കുകള്‍ ഭിത്തികളെ നിറച്ചിരിക്കുന്നു. അവിടെയുള്ള ദാനിയേല്‍ എന്ന വ്യക്തി ക്ലോക്കിന്‍റെ നിര്‍മ്മാണത്തെപ്പറ്റി വിശദീകരിച്ചു തന്നു. ഓരോ ഭാഗവും കാണിക്കുകയും ചെയ്തു.

ഒരു കുക്കൂ ക്ലോക്ക് സാധാരണ ഒരു പെൻഡുലം നിയന്ത്രിത ക്ലോക്കാണ്, അത് സാധാരണ കുക്കൂ പക്ഷിയുടെ പോലെയുള്ള ശബ്‌ദം ഉപയോഗിച്ച് മണിക്കൂറുകളെ അറിയിക്കുന്നു. ഓരോ മണിക്കൂറിനൊപ്പം നീങ്ങുന്ന ഒരു യാന്ത്രിക കുക്കൂ പക്ഷിയുമുണ്ട്. ചിലവ ചിറകുകൾ ചലിപ്പിക്കുകയും മുന്നോട്ട് ചായുന്ന സമയത്ത് അവരുടെ കൊക്കുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു, മറ്റുള്ളവയിൽ പക്ഷിയുടെ ശരീരം മാത്രമേ മുന്നോട്ട് ചായുകയുള്ളൂ. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മുതല്‍ കുക്കൂ ക്ലോക്ക് നിർമ്മിക്കാനുള്ള സംവിധാനം ഉപയോഗത്തിലുണ്ട്, ഇന്നുവരെ ഏതാണ്ട് വ്യത്യാസമില്ലാതെ തുടരുന്നു.

ആരാണ് ഇത് കണ്ടുപിടിച്ചതെന്നും ആദ്യത്തേത് എവിടെയാണ് നിർമ്മിച്ചതെന്നും അറിയില്ല. തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ബ്ലാക്ക് ഫോറസ്റ്റ് ഏരിയയിൽ (സ്റ്റേറ്റ് ഓഫ് ബാഡൻ-വുർട്ടെംബർഗ്), കുക്കൂ ക്ലോക്ക് ജനപ്രിയമാക്കിയ പ്രദേശത്താണ് ഇതിന്റെ വികസനവും പരിണാമവും നടന്നതെന്ന് കരുതപ്പെടുന്നു. 1850 കളുടെ പകുതി മുതൽ കുക്കൂ ക്ലോക്കുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്തുവരുന്നു. ഇന്ന്, കുക്കൂ  ക്ലോക്ക് ജർമ്മനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിലെ യാത്രക്കാരുടെ പ്രിയപ്പെട്ട സുവനീറുകളിലൊന്നാണ്. ഇത് ജർമ്മനിയുടെ സാംസ്കാരിക ചിഹ്നമായും മാറി. അവിടെ നിന്ന് ചില സുവനീറുകള്‍ വാങ്ങി ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. (തുടരും)

യൂറോപ്പ് ഡയറി - 2

സ്വിറ്റ്സര്‍ലന്‍റ് - ഭൂമിയിലെ സ്വര്‍ഗ്ഗം (ഭാഗം- 2)

ലുസേണിലേക്കുള്ള ഞങ്ങളുടെ യാത്രയാരംഭിച്ചു. ഇരുവശങ്ങളിലുമുള്ള പച്ചപ്പുല്‍പ്പാടങ്ങളും ബാര്‍ലിപ്പാടങ്ങളും ആപ്പിള്‍ മരങ്ങളും മുന്തിരിത്തോട്ടങ്ങളുമെല്ലാം കണ്ടാണ് യാത്ര. ഇടയ്ക്കെവിടെയെങ്കിലും ബസ് ഒന്ന് നിര്‍ത്തി ഈ സ്ഥലത്തിന്‍റെ ഭംഗി ഒന്നാസ്വദിച്ച് പോകാനുള്ള ആഗ്രഹം കൊണ്ട് ഞാന്‍ റിതിനോട് ചോദിച്ചു.

വണ്ടി ഒന്ന് നിര്‍ത്തി നമുക്ക് സ്ഥലം കണ്ടിട്ട് പോകാന്‍ പാടില്ലേ"?. ഏതെങ്കിലും ഗ്രാമത്തില്‍ വണ്ടി നിര്‍ത്തിയാല്‍ നന്നായിരുന്നു"

പക്ഷേ റിതിന്‍റെ മറുപടി എന്നെ മാത്രമല്ല, എല്ലാവരെയും നിരാശപ്പെടുത്തുന്നതായിരുന്നു.

"ഇവിടെ ബസ് എങ്ങും നിര്‍ത്താന്‍ പറ്റില്ല സര്‍, ഫൈന്‍ ഉണ്ടാകും"

സ്വിറ്റ്സര്‍ലന്‍റിലെ നിയമത്തെക്കുറിച്ചുള്ള എന്‍റെ അജ്ഞത കാരണം റിതിന്‍ പറഞ്ഞത് വിശ്വസിച്ച് മുന്നോട്ട് പോകുകയേ എനിക്ക് മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. അപ്പോള്‍ ഗാന്ധിജി പറഞ്ഞ വാക്യം ഓര്‍ത്ത് നിരാശപ്പെടാനേ എനിക്ക് കഴിഞ്ഞുള്ളൂ. "രാജ്യത്തിന്‍റെ ആത്മാവ് കുടി കൊള്ളുന്നത് ഗ്രാമങ്ങളിലാണ്". പക്ഷേ സ്വിറ്റ്സര്‍ലന്‍റിന്‍റെ ആത്മാവ് ഗാന്ധിജി പറഞ്ഞ രീതിയില്‍ കാണാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല.

ആരെയും വശീകരിക്കുന്ന സൗന്ദര്യം വാരിക്കോരി നല്‍കി പ്രകൃതി അനുഗ്രഹിച്ച രാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ് . സംസ്‌കാരം കൊണ്ടും നന്മ കൊണ്ടും ഭാവന കൊണ്ടും ആ സൗന്ദര്യത്തെ ഇരട്ടിപ്പിക്കുന്ന ജനങ്ങള്‍. സ്വിറ്റ്‌സര്‍ലന്‍ഡ് ഭൂമിയിലെ സ്വര്‍ഗമാകുന്നത് മറ്റെവിടെയും ശരിയാവാത്ത ഈ അനുപാതം എങ്ങിനെയോ ശരിയായി വന്നതു കൊണ്ടാവണം. ഇന്ന് ലോകത്തെ എല്ലാ സഞ്ചാരികളുടെയും ലക്ഷ്യം ഒരിക്കലെങ്കിലും സ്വിറ്റ്‌സര്‍ലന്‍ഡ് കാണുക എന്നതായിരിക്കുന്നു. അതില്‍ അത്ഭുതമില്ല, സഞ്ചാരികളുടെ പറുദീസ എന്നൊക്കെ എല്ലാ രാജ്യങ്ങളും അവകാശപ്പെടുന്ന ബഹുമതിയാണെങ്കിലും അതിന് എല്ലാം കൊണ്ടും അര്‍ഹതയുള്ള രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡ് തന്നെയാണ്. 

ഇവിടെ മിക്കകെട്ടിടങ്ങളിലും വീടുകളിലും സ്വിസ്സ് പതാക കാണാം. സമചതുരാകൃതിയിലുള്ള  പതാകയാണ് സ്വിസ്സിന്‍റേത്.ചുവന്നസമചതുരത്തില്‍ നടുക്ക് ഒരു ക്രോസ്സ് ചിഹ്നം.
ഞങ്ങളുടെ ഡ്രൈവര്‍ വളരെ മനോഹരമായാണ് ബസ് ഓടിക്കുന്നത്.  വഴി നീളെ തുരങ്കങ്ങളുള്ള  പാതയിലൂടെയായിരുന്നു യാത്ര. തുരങ്കങ്ങളുടെ ഒരു രാജപാത എന്നു തോന്നിക്കുന്ന റോഡ് തന്നെ വലിയ അനുഭവമാണ്. മലകളൊന്നും ഇടിച്ച നിരപ്പാക്കാതെ പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിലാണ് ഇവിടുത്തെ റോ‍ഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചെറിയ തുരങ്കങ്ങള്‍ മുതല്‍ 16 കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ വരെയുണ്ട് ഇവിടെ. നദികളുടെയും കായലുകളുടെയും നാടായ ഇവിടെ പ്രകൃതിക്കോ പരിസ്ഥിതിക്കോ കോട്ടം വരുത്താത്ത വിധമാണ് എല്ലാ പദ്ധതികളും ആവിഷ്‌കരിച്ചിരിക്കുന്നത്. ഒഴുകുന്ന വെള്ളത്തില്‍പ്പോലും ജലവൈദ്യുത പദ്ധതികള്‍ കാണാം. അവിടത്തെ ഊര്‍ജ്ജോത്പാദനത്തിന്റെ 60 ശതമാനവും ഇത്തരം ചെറിയ ജലവൈദ്യുതപദ്ധതികളിലൂടെയാണ്. പുരോഗമനോന്മുഖമായ ഒരു വികസന സങ്കല്‍പ്പം അവര്‍ക്കുണ്ട് എന്ന് സൂചിപ്പിക്കുന്നവയാണ് ഓരോ പദ്ധതികളും.

ഗ്രാമങ്ങളെയും സമതലങ്ങളെയും പിന്നിട്ട് ഞങ്ങള്‍ ലുസേണ്‍ നഗരത്തിലേക്ക് പ്രവേശിച്ചു. 

അതിമനോഹരമായ സ്ഥലമാണ് ലുസേണ്‍. നീലത്തടാകങ്ങള്‍, പച്ച പുതച്ച താഴ്‌വരകള്‍, ചുറ്റും മഞ്ഞുമലകള്‍. പ്രകൃതി വരച്ച ഏറ്റവും റൊമാന്‍റിക്കായ ചിത്രം പോലെ. തടാകവും മഞ്ഞുമലകളും മുട്ടിയുരുമ്മുന്ന സ്വര്‍ഗീയസൗന്ദര്യം വഴിയുന്ന ഭൂമി. 2010-ൽ ട്രിപ്‌അഡ്‌വൈസർ എന്ന സൈറ്റ്‌ അഞ്ചാമത്തെ വലിയ ടൂറിസം ഡെസ്‌റ്റിനേഷനായി തെരഞ്ഞെടുത്ത നഗരം. നഗരവീഥികൾ ആൽപ്‌സ്‌ പർവതത്തിലെ മൗണ്ട്‌ പിലാറ്റസിനെ ചുംബിച്ചു നിൽക്കുകയാണ്‌. എവിടെ നോക്കിയാലും ജലപാതങ്ങള്‍. വിനോദ സഞ്ചാരികളുടെ മനം കവരുന്ന നാടാണ് സ്വിറ്റ്സര്‍ലണ്ടിലെ ലുസേണ്‍ തടാകം . സെന്‍ട്രല്‍ സ്വിറ്റ്സര്‍ലന്‍റിലെ ഏറ്റവും ജനസംഖ്യയുള്ള ലുസേണ്‍ നഗരത്തിലാണ് ലുസേണ്‍ തടാകം . ഇവിടെ മൂന്ന് മുനിസിപ്പാലിറ്റികളും മൂന്ന് പട്ടണങ്ങളും സ്ഥിതി ചെയ്യുന്നു. ലുസേണിന്‍റെ ഔദ്യോഗിക ഭാഷ ജര്‍മനാണ് . നിരവധി തടാകങ്ങള്‍ കൂടി കലര്‍ന്ന് കിടക്കുന്നതിനാല്‍ ലുസേണ്‍ തടാകത്തിന്‍റെ രൂപം സങ്കീര്‍ണമാണ് . മലകള്‍ക്കിടയിലായി കാണുന്ന ലുസേണ്‍ തടാകത്തിലെ ബോട്ടിങ് മറ്റൊരു പ്രത്യേകതയാണ്.

ലുസേൺ നഗരത്തിൽ 14-​‍ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട മരത്തില്‍‍  തീർത്ത ചാപ്പൽ (കാപ്പല്‍) ബ്രിഡ്‌ജിനു മുകളിലൂടെ ഞങ്ങൾ നടന്നു. ബ്രിഡ്‌ജിനുള്ളിൽ 17-‍ാം നൂറ്റാണ്ടിലെ ചരിത്രം ചിത്രീകരിക്കുന്ന പെയിന്‍റിങ്ങുകൾ. പണ്ടുണ്ടായ ഒരു തീപിടുത്തില്‍ ചിത്രങ്ങള്‍ ഏറെയും നഷ്ടപ്പെട്ടു. കുറച്ചു ചിത്രങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പാലത്തിലൂടെ ഞങ്ങള്‍ അക്കരെയെത്തി. ഈ പാലം ലൂസേണിലെ ഒരു പ്രധാന ലാൻഡ്‌മാർക്ക്‌ ആണ്‌. ഇതിനടുത്തുള്ള സെൻ്‍റ് പീറ്റേഴ്സ് ചര്‍ച്ചിലേക്ക് ആളുകള്‍ക്ക് വരാനായി ആണ് ഈ പാലം പണിതത്. പാലത്തിന്‍റെ ഇരുവശങ്ങളിലും പൂക്കള്‍ നിറഞ്ഞ ചെടികള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു.
തടാകത്തില്‍  അനേകം അരയന്നങ്ങള്‍ നീന്തിത്തുടിക്കുന്നു. തടാകക്കരയിലെ കെട്ടിടങ്ങളുടെ പ്രതിബിംബങ്ങള്‍ വെള്ളത്തില്‍ പ്രതിബിംബിക്കുന്നത് കാണാന്‍ ഒരു പ്രത്യേക ഭംഗിയാണ്. പലപ്പോഴും കലണ്ടറിലുും പോസ്റ്റ് കാര്‍ഡിലുമാണ്  ചിത്രങ്ങള്‍ കണ്ടിട്ടുള്ളത്. പാലത്തിന് സമീപമായി വെള്ളത്തില്‍ ഒരു ഗോപുരം കാണാം. പണ്ട് ഇതിനുള്ളില്‍ കുറ്റവാളികളെ പീഡിപ്പിച്ചിരുന്നുവത്രെ. ഇവിടെയുള്ള കെട്ടിടങ്ങളെല്ലാം ഏകദേശം ഒരേ രീതിയില്‍ പണികഴിപ്പിച്ചവയാണ്. ഗോഥിക് ശൈലിയില്‍ പണികഴിപ്പിച്ചിട്ടുള്ള ധാരാളം പള്ളികളും കാണാം.



തുര്‍ന്ന് ഞങ്ങള്‍ ലയണ്‍ മോണുമെന്‍റ് കാണാന്‍ പോയി. ഒരു വലിയ പാറയില്‍ കൊത്തിയിരിക്കുന്ന കുന്തം തറക്കപ്പെട്ടുകിടക്കുന്ന ഒരു സിംഹത്തിന‍റെ ശില്പമാണ് ഇത്. അതോടൊപ്പം സ്വിസ്സ് പടയാളികളുടെ പരിചയുമുണ്ട്. ഫ്രഞ്ച് വിപ്ലവസമയത്തുള്ള സ്വിസ്സ് ആര്‍മിയുടെ വിശ്വസ്തതയുടെയും ധീരതയുടെയും ഓര്‍മ്മയ്ക്കായി ആണ് 1820 ല്‍ ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ദുഃഖകരമായ കല്ല് എന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്.
തുടര്‍ന്ന് ഞങ്ങള്‍ ചെറിയ ഷോപ്പിംഗ് നടത്തി. ഇവിടുത്തെ പശുക്കളുടെ കഴുത്തില്‍ കെട്ടുന്ന ഒരു പ്രത്യേകതരം മണിയുണ്ട്. അതിന്‍റെ ചെറിയ വലിപ്പത്തില്‍ ഉള്ളത് രണ്ടെണ്ണം വാങ്ങി.  സ്വിസ്സ് ബെല്‍ എന്നാണ് ഇതറിയപ്പെടുന്നത്. ഒന്നിനും വില കുറവില്ല എന്നുള്ളതാണ് സത്യം. മാത്രമല്ല, യൂറോയെ ഇന്‍ഡ്യന്‍ രൂപയിലേക്ക് കണ്‍വര്‍ട്ട് ചെയ്തു നോക്കുന്ന മലയാളികളുടെ ആ മനസ്സ് കാണാതെ പോകരുത്. 

ഇവിടുത്തെ ചില ബസുകളുടെ പ്രത്യേകത എടുത്തുപറയേണ്ടതാണ്. നമ്മടുെ നാട്ടിലെ ഇലക്ട്രിക് ട്രെയിന്‍ ഓടുന്നതുപോലെ ഇലക്ട്രിക് ലൈനുകളിലാണ്  ഇവ ഓടുന്നത്. മൂന്ന് ബസുകള്‍ ചേരുന്ന വലിപ്പമുണ്ട് ഇവയ്ക്ക്. ഇടയ്ക്ക് മൂന്നിനെയും ബന്ധിപ്പിക്കുന്ന ഒരു ഭാഗവുമുണ്ട്. ആര്‍ ബസ് എന്ന് ഇതില്‍ എഴുതിയിട്ടുണ്ട്. കൂടാതെ ട്രാം സര്‍വ്വീസുമുണ്ട്. എങ്കിലും ആളുകള്‍ കൂടുതലായി സൈക്കിള്‍ ഉപയോഗിക്കുന്നുണ്ട്.

വൈകിട്ടത്തെ ഭക്ഷണം മഹാറാണി എന്ന ഇന്‍ഡ്യന്‍ റെസ്റ്റോറൻ്‍റില്‍ ആയിരുന്നു. ഭക്ഷണശേഷം ഹോട്ട
ലിലെത്തി കുറെ ഫോട്ടോകള്‍ മുഖപുസ്തകത്തില്‍ ഇട്ടശേഷം ഉറക്കത്തിലേക്ക് വഴുതി വീണു. (തുടരും)
(കടപ്പാട് - റിഥിന്‍ റോയിയും ഗൂഗിളമ്മാവനും)



Tuesday, October 8, 2019

യൂറോപ്പ് ഡയറി

സ്വിറ്റ്സര്‍ലന്‍ഡ് - ഭൂമിയിലെ സ്വര്‍ഗ്ഗം (ഭാഗം 1)

വളരെ നാളത്തെ ആഗ്രഹമായിരുന്നു യൂറോപ്പ്  സന്ദര്‍ശിക്കുക എന്നുള്ളത്. അതിന് പറ്റിയെ 8 ദിവസത്തെ ‍ഒരു പാക്കേജ് കിട്ടിയപ്പോള്‍ മറ്റൊന്നും നോക്കിയില്ല.അഡ്വാന്‍സ് കൊടുത്ത് ബുക്ക് ചെയ്തു. അങ്ങനെ യാത്രാ ദിവസമായ സെപ്തംബര്‍ 30 നു വേണ്ടി കാത്തിരുന്നു. 29 നു വൈകിട്ട് നെടുമ്പാശ്ശേരി എത്തി റൂമെടുത്ത് തങ്ങി. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ളവര്‍ ഈ യാത്രയിലുണ്ട്. യാത്ര ചെയ്യുന്നവരെ ഉള്‍പ്പെടുത്തി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നതുകാരണം ഓരോരുത്തരും വിവരങ്ങള്‍ ഗ്രൂപ്പില്‍ അയച്ചു കൊണ്ടിരുന്നു. 

സെപ്റ്റംബര്‍ 30 രാവിലെ 6.30 ന് തന്നെ എല്ലാവരും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ പില്ലര്‍ നമ്പര്‍ 5 ല്‍ ഒത്തുകൂടി. ടൂര്‍ മാനേജര്‍ റിതിന്‍ എല്ലാവരേയും ചിരിയോടെ സ്വീകരിച്ചു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഓരോരുത്തരും പരസ്പരം പരിചയപ്പെട്ടശേഷം ചെക്കിന്‍ ചെയ്യാന്‍ അകത്തേക്ക് നീങ്ങി. ചെക്കിങ്ങ് ഇന്നും എമിഗ്രേഷനും കഴിഞ്ഞ് ഗേറ്റിലേക്ക് നീങ്ങി. 9.50 ന്‍റെ ഒമാന്‍ എയറില്‍ മസ്ക്കറ്റിലേക്ക് പറന്നു. ഇതില്‍ എല്ലാവരും തന്നെ മുന്‍പും യാത്ര ചെയ്തിട്ടുള്ളവരാണ്. 12.15 ന് ഞങ്ങള്‍ മസ്ക്കറ്റ് എയര്‍പോര്‍ട്ടില്‍ എത്തി.

ഇനി സൂറിച്ചിലേക്കുള്ള  ഫ്ളൈറ്റ് 2.30 നാണ്. മിക്കവാറും എല്ലാവരും എയര്‍പോര്‍ട്ടിലെ ഫ്രീ വൈ ഫൈയിലേക്ക് തിരിഞ്ഞു. കുറെപ്പേര്‍ എയര്‍പോര്ട്ടിനെറെ ഭംഗിയും മറ്റ് കണ്ട് സമയം ചിലവഴിച്ചു. അത്യാവശ്യം ഭക്ഷണം ഞാന്‍ ഫുഡ് കോര്‍ട്ടില്‍ നിന്ന് കഴിച്ചു. ഫ്ളൈറ്റിലെ ഭക്ഷണം കഴിക്കാത്തുകാരണം എന്തെങ്കിലും കഴിച്ചില്ലെങ്കില്‍ ഇനി 7 മണിക്കൂര്‍ പറക്കേണ്ടതാണ്. കൃത്യം 2.40 ന് ഞങ്ങളെയും വഹിച്ച് സൂറിച്ചിലേക്കുള്ള ഒമാന്‍ എയര്‍ പറന്നുപൊങ്ങി. പകല്‍ ഉള്ള യാത്രയായതിനാല്‍ കുറച്ച് ആകാശ ദൃശ്യങ്ങല്‍ മൊബൈലില്‍ പകര്‍ത്താന്‍ പറ്റി. നീണ്ട യാത്രക്കുശേഷം പ്രാദേശിക സമയം 7.30 ന് സൂറിറ്റ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. എമിഗ്രേഷന്‍ കഴിഞ്ഞ് പുറത്തു വന്നപ്പോള്‍ ഞങ്ങള്‍ക്കുള്ള അടിപൊളി ബസ് റെഡി. ലഗേജ് എല്ലാം ഡ്രൈവര്‍ ബസിന്‍റെ ഡിക്കിയില്‍ അടുക്കി വച്ചു. ബസ് നേരെ ഞങ്ങള്‍ താമസിക്കാനുള്ള ഹോട്ടലിലേക്ക്. അവിടെയെത്തി ചെക്കിന്‍  ചെയ്ത് റൂമിലെത്തി ക്ഷീണം കാരണം കിടക്കയിലേക്ക് മറിഞ്ഞു.

അടുത്ത ദിവസം രാവിലെ എല്ലാവരും റെഡിയായി. ഹോട്ടലിലെ പ്രഭാതഭക്ഷണത്തിനു ശേഷം ബസിലേക്ക്. ഇന്നത്തെ യാത്ര മൗണ്ട് ടിറ്റ്ലിസിലേക്കാണ്. യാത്രയിലുടനീളം റിതിന്‍ ഓരോ സ്ഥലത്തെപ്പറ്റിയുമുള്ള ചരിത്രങ്ങള്‍ വിശദീകരിച്ചു തന്നുകൊണ്ടിരുന്നു. റോഡിനിരുവശവും മനോഹരമായ പുല്‍മേടുകള്‍. അതില്‍ പശുക്കള്‍ മേയുന്നു. ഇടയ്ക്കിടെയുള്ള ചെറുഗ്രാമങ്ങള്‍ അതീവസുന്ദരമാണ്. വീടുകള്‍ എല്ലാം ഒരേ ആകൃതിയിലുള്ളവയാണ്.. മഞ്ഞിനെ പ്രതിരോധിക്കാനായ് വളരെ ചരിഞ്ഞ മേല്‍ക്കൂരയാണ് എല്ലാ വീടുകള്‍ക്കും. തടിയാണ് വീടുകള്‍ക്ക് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഒരേ നിറമാണ് മിക്ക വീടുകള്‍ക്കും.ബസ് യാത്ര അവസാനിച്ചത് എംഗല്‍ബര്‍ഗ് എന്ന  സുന്ദരമായ കൊച്ചു പട്ടണത്തിലാണ്. ഇത് ഒരു താഴ്വരയാണ്. ചുറ്റും മലമടക്കുകള്‍. മലമുകളിലേക്ക് അനേകം കേബിള്‍ കാറുകള്‍ നീങ്ങുന്നുണ്ട്. മലമുകളില്‍ നിന്ന് പാരാഗ്ളൈഡിംഗ് നടത്തുന്നവരെയും കാണാന്‍ പറ്റി. മനോഹരമായ കാഴ്ച. ഈ സ്ഥലം വളരെ മനോഹരമാണ്. താഴ്വരയിലും മലമടക്കിലും അനേകം മനോഹരമായ വീടുകള്‍ കാണാം. ഇവിടെയങ്ങാനും ഒരു വീടെടുത്ത് താമസിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി.


റിഥിന്‍ ഞങ്ങള്‍ക്കുള്ള ടിക്കറ്റുമായി വന്നു. ഓരോരുത്തരായി കേബിള്‍ കാറിലേക്ക് നീങ്ങി. ആനന്ദം പകരുന്ന യാത്ര. കേബിള്‍ കാറില്‍ നിന്ന് പുറത്തേക്കുള്ള കാഴ്ച വളരെ മനോഹരമാണ്. ചുറ്റും ആല്‍പ്സ്  പര്‍വ്വത നിരയാണ്. ഇടയ്ക്ക  മല മടക്കുകളില്‍ മനോഹരമായ ഒരു തടാകം കാണാം. പച്ച നിറത്തിലാണ് അതിലുള്ള വെള്ളം. മുകളിലെ  മലകളിലെ മ‌ഞ്ഞുരുകിയാണ് ഈ വെള്ളം നിറയുന്നത്. അതുകൊണ്ടാണ് പച്ചനിറം. കേബിള്‍ കാറില്‍ ഞങ്ങള്‍ രണ്ടാമത്തെ സ്റ്റോപ്പില്‍ ഇറങ്ങി. ഇവിടെ നിന്ന് റോട്ടയര്‍ എന്ന വലിയ വാഹനത്തിലാണ് മുകളിലേക്ക്  പോകേണ്ടത്. ഇതില്‍ കുറെയേറെ ആള്‍ക്കാര്‍ക്ക് കയറാം. റോട്ടയര്‍ മുകളിലേക്ക് നീങ്ങുന്നതോടോപ്പം 360 ഡിഗ്രിയില്‍ ചെരുതായി തിരിയുന്നുമുണ്ട്. അതുകോണ്ട് ചുറ്റുമുള്ള കാഴ്ചകള്‍ എല്ലാവര്‍ക്കും കാണാം. മുകളിലെത്തി ലെവല്‍ 5ല്‍ ഇറങ്ങി പുറത്തേക്ക് നടന്നാല്‍ വിശാലമായ മഞ്ഞിന്‍റെ മൈതാനമാണ്. സമുദ്രനിരപ്പില്‍ നിന്ന് 10000 അടി ഉയരെയാണ് ഈ സ്ഥലം. സ്വിറ്റ്സര്‍ലന്‍റിന്‍റെ മനോഹാരിത ഇന്ത്യാക്കാരെ ഏറ്റവും നന്നായി കാണിച്ചിട്ടുള്ളത് യാഷ് ചോപ്രയുടെ സിനിമകളിലാണ്. ഇവിടയും ദില്‍വാലേ ദുലനിയാ ലേ ജേയേംഗേ എന്ന ഫിലിമിലെ ഷാരൂക്കിന്‍റെയും കാജലിന്‍റെയും ഒരു കട്ടൗട്ട് വച്ചിട്ടുണ്ട്. മാത്രമല്ല, ഇവിടുത്തെ ഇന്‍ര്‍ലേകേകണ്‍ എന്ന നഗരത്തിലെ ഒരു തെരുവിന് യാഷ് ചോപ്ര സ്ട്രീറ്റ് എന്ന് പേരും നല്‍കിയിട്ടുണ്ട് അവര്‍.


ഞങ്ങള്‍ മഞ്ഞിന്‍റെ കുളിരിലേക്കിറങ്ങി. സിനിമയിലും ചിത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള മഞ്ഞിന്‍റെ ഭംഗി മതിയാവോളം ആസ്വദിച്ചു. പരസ്പരം മഞ്ഞ് വാരിയെറിഞ്ഞു. മഞ്ഞില്‍ കിടന്നുരുണ്ടു. മതിയാവോളം ഫോട്ടോകള്‍ എടുത്തു. ഈ യാത്രയ്ക്കുവേണ്ടി ഞാന്‍ ഒരു ഗോപ്രോ ക്യാമറ വാങ്ങിയിരുന്നു. അതുകാരണം അവിടുത്തെ ദൃശ്യഭംഗിയെല്ലാം ഒപ്പിയെടുക്കാന്‍ കഴിഞ്ഞു. വിവിധപ്രായക്കാരാണ് ഞങ്ങളുടെ ഗ്രൂപ്പിലുള്ളത്. രണ്ടരവയസുകാരന്‍ റാഹേല്‍ (പേര് കേട്ട് തെറ്റിദ്ധരിക്കണ്ട, ആണ്‍കുട്ടിയാണ്), മൂന്ന് വയസ്സുകാരന്‍ മാമു എന്ന മുഹമ്മദ്, പിന്നെ ചെറുപ്പക്കാരും മധ്യവയസ്ക്കരും റിട്ടയര്‍ ചെയ്തവരും എല്ലാമുണ്ട്. പുതുമണവാളനും മണവാട്ടിയുമായ വിനീതും മൊണാര്‍ക്കും ഹണിമൂണ്‍ ആഘോഷിക്കാനാണ് ഈ യാത്ര.



പ്രായഭേദമന്യേ എല്ലാവരും മഞ്ഞിന്‍റെ മാറിലലിഞ്ഞു. വിട്ടുപോകാന്‍ മടി തോന്നുന്ന സ്ഥലം. അതിനടുത്തു തന്നെ ഒരു തൂക്കുപാലമുണ്ട്. താഴെ അഗാധമായ ഗര്‍ത്തമാണ്. തേഴേക്ക് നോക്കിയാല്‍ പേടിയാകും. ഞാന്‍ പതിയെ അതില്‍ കയറി അക്കരക്കു നടന്നുതുടങ്ങി. പാലം നന്നായി  ആടുന്നുണ്ട്. താഴേക്ക് നോക്കാന്‍ ഞാന്‍ പേടിച്ചു. തിരികെ നടക്കണോ എന്നുപോലും ആലോചിച്ചു. എന്തായാലും കയറിയതല്ലേ. യാത്ര പൂര്‍ത്തിയാക്കാം. പതിയെ ഹാന്‍ഡ് റെയിലില്‍ പിടിച്ച് ഞാന്‍ പതിയെ അക്കരെയെത്തി. ധാരാളം ആള്‍ക്കാര്‍ അതില്‍ കൂടി നടക്കുന്നുണ്ട്. ഒരു ആന്ധ്രാ സംഘത്തിന്‍റെ കയ്യില്‍ ഇന്‍ഡ്യന്‍ പതാക കണ്ടു. അവരോട് അത് വാങ്ങി കയ്യില്‍ പിടിച്ച് അവിടെ വച്ച് ഞാന്‍ ഭാരതത്തെ ഉയര്‍ത്തി.
പാലത്തിന്‍റെ അക്കരെയെത്തിയപ്പോള്‍ ദൂരെയുള്ള കാഴ്ച അതീവമനോഹരം. മഞ്ഞില്‍ കുളിച്ച ആല്പ്സ് പര്‍വ്വത നിരകള്‍ വെയിലേറ്റ് വെട്ടിത്തിളങ്ങുന്നു. അതിനെ പശ്ചാത്തലമാക്കി കുറെ ചിത്രങ്ങളും വീഡിയോയും എടുത്തു.

അവിടെ നിന്നും താഴേക്ക് ഇറങ്ങുമ്പോള്‍ ഗ്ളേസിയര്‍ കേവിലേക്കുള്ള കവാടം കാണാം. മ‍ഞ്ഞ് പാളികള്‍ തുരന്നുണ്ടാക്കിയ ഒരു ഗുഹ ആണിത്. അതില്‍ കൂടി നടന്ന് നമുക്ക് അപ്പുറത്തെത്താം.  ഞങ്ങള്‍ അതിലേക്ക് പ്രവേശിച്ചു.. ജാക്കറ്റ് ധരിച്ചിട്ടും നല്ല തണുപ്പ്. സ്വഭാവികമായ മഞ്ഞാണിത്. സൂക്ഷിച്ചു നടന്നില്ലെങ്കില്‍ തെന്നി വീഴും. മഞ്ഞ് പാളികള്‍ ഗുഹയിലൂടനീളം കാണാം. ചെറിയ ലൈറ്റുകളുടെ വെളിച്ചം മഞ്ഞിന്‍ പാളികളെ കൂടുതല്‍ സുന്ദരമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഈ മഞ്ഞുപാളികളെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. അവ ഉരുകിത്തുടങ്ങിയിട്ടുണ്ട്. അപ്പുറം കടന്ന് ഞങ്ങള്‍ മുകളിലേക്ക് കയറി. നാലാം നിലയിലാണ് ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ഹോട്ടല്‍. ചൈനീസ് റെസ്റ്റോറന്‍റാണിത്. നന്നായി സെറ്റ് ചെയ്ത ഭക്ഷണ മേശ. ആദ്യം സൂപ്പ് വിളമ്പി. പിന്നീട് ചോറും ചിക്കനും നൂഡില്‍സും പോര്‍ക്ക് സോസേജും സലാഡുമടങ്ങിയ രുചികരമായ ഭക്ഷണം. അവസാനം തേങ്ങാപ്പാല്‍ ചേര്‍ത്ത മധുരമുള്ള ഒരു വിഭവവും വിളമ്പി. വയറു നിറയെ ഭക്ഷണം കഴിച്ച് ഞങ്ങള്‍ താഴേക്കുള്ള മടക്കയാത്ര റോട്ടയറില്‍ തുടങ്ങി. താഴെ ചെന്നിട്ട് അടുത്ത സ്ഥലമായ ലുസേണിലേക്ക് പോകണം.










താഴെ ചെന്നിട്ട് അടുത്ത സ്ഥലമായ ലുസേണിലേക്ക് പോകണം. 

കശ്മീർ ഡയറി -3

  സോനാമാർഗ് & സീറോ പോയിന്റ് മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു . സോന...