Tuesday, October 8, 2019

യൂറോപ്പ് ഡയറി

സ്വിറ്റ്സര്‍ലന്‍ഡ് - ഭൂമിയിലെ സ്വര്‍ഗ്ഗം (ഭാഗം 1)

വളരെ നാളത്തെ ആഗ്രഹമായിരുന്നു യൂറോപ്പ്  സന്ദര്‍ശിക്കുക എന്നുള്ളത്. അതിന് പറ്റിയെ 8 ദിവസത്തെ ‍ഒരു പാക്കേജ് കിട്ടിയപ്പോള്‍ മറ്റൊന്നും നോക്കിയില്ല.അഡ്വാന്‍സ് കൊടുത്ത് ബുക്ക് ചെയ്തു. അങ്ങനെ യാത്രാ ദിവസമായ സെപ്തംബര്‍ 30 നു വേണ്ടി കാത്തിരുന്നു. 29 നു വൈകിട്ട് നെടുമ്പാശ്ശേരി എത്തി റൂമെടുത്ത് തങ്ങി. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ളവര്‍ ഈ യാത്രയിലുണ്ട്. യാത്ര ചെയ്യുന്നവരെ ഉള്‍പ്പെടുത്തി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നതുകാരണം ഓരോരുത്തരും വിവരങ്ങള്‍ ഗ്രൂപ്പില്‍ അയച്ചു കൊണ്ടിരുന്നു. 

സെപ്റ്റംബര്‍ 30 രാവിലെ 6.30 ന് തന്നെ എല്ലാവരും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ പില്ലര്‍ നമ്പര്‍ 5 ല്‍ ഒത്തുകൂടി. ടൂര്‍ മാനേജര്‍ റിതിന്‍ എല്ലാവരേയും ചിരിയോടെ സ്വീകരിച്ചു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഓരോരുത്തരും പരസ്പരം പരിചയപ്പെട്ടശേഷം ചെക്കിന്‍ ചെയ്യാന്‍ അകത്തേക്ക് നീങ്ങി. ചെക്കിങ്ങ് ഇന്നും എമിഗ്രേഷനും കഴിഞ്ഞ് ഗേറ്റിലേക്ക് നീങ്ങി. 9.50 ന്‍റെ ഒമാന്‍ എയറില്‍ മസ്ക്കറ്റിലേക്ക് പറന്നു. ഇതില്‍ എല്ലാവരും തന്നെ മുന്‍പും യാത്ര ചെയ്തിട്ടുള്ളവരാണ്. 12.15 ന് ഞങ്ങള്‍ മസ്ക്കറ്റ് എയര്‍പോര്‍ട്ടില്‍ എത്തി.

ഇനി സൂറിച്ചിലേക്കുള്ള  ഫ്ളൈറ്റ് 2.30 നാണ്. മിക്കവാറും എല്ലാവരും എയര്‍പോര്‍ട്ടിലെ ഫ്രീ വൈ ഫൈയിലേക്ക് തിരിഞ്ഞു. കുറെപ്പേര്‍ എയര്‍പോര്ട്ടിനെറെ ഭംഗിയും മറ്റ് കണ്ട് സമയം ചിലവഴിച്ചു. അത്യാവശ്യം ഭക്ഷണം ഞാന്‍ ഫുഡ് കോര്‍ട്ടില്‍ നിന്ന് കഴിച്ചു. ഫ്ളൈറ്റിലെ ഭക്ഷണം കഴിക്കാത്തുകാരണം എന്തെങ്കിലും കഴിച്ചില്ലെങ്കില്‍ ഇനി 7 മണിക്കൂര്‍ പറക്കേണ്ടതാണ്. കൃത്യം 2.40 ന് ഞങ്ങളെയും വഹിച്ച് സൂറിച്ചിലേക്കുള്ള ഒമാന്‍ എയര്‍ പറന്നുപൊങ്ങി. പകല്‍ ഉള്ള യാത്രയായതിനാല്‍ കുറച്ച് ആകാശ ദൃശ്യങ്ങല്‍ മൊബൈലില്‍ പകര്‍ത്താന്‍ പറ്റി. നീണ്ട യാത്രക്കുശേഷം പ്രാദേശിക സമയം 7.30 ന് സൂറിറ്റ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. എമിഗ്രേഷന്‍ കഴിഞ്ഞ് പുറത്തു വന്നപ്പോള്‍ ഞങ്ങള്‍ക്കുള്ള അടിപൊളി ബസ് റെഡി. ലഗേജ് എല്ലാം ഡ്രൈവര്‍ ബസിന്‍റെ ഡിക്കിയില്‍ അടുക്കി വച്ചു. ബസ് നേരെ ഞങ്ങള്‍ താമസിക്കാനുള്ള ഹോട്ടലിലേക്ക്. അവിടെയെത്തി ചെക്കിന്‍  ചെയ്ത് റൂമിലെത്തി ക്ഷീണം കാരണം കിടക്കയിലേക്ക് മറിഞ്ഞു.

അടുത്ത ദിവസം രാവിലെ എല്ലാവരും റെഡിയായി. ഹോട്ടലിലെ പ്രഭാതഭക്ഷണത്തിനു ശേഷം ബസിലേക്ക്. ഇന്നത്തെ യാത്ര മൗണ്ട് ടിറ്റ്ലിസിലേക്കാണ്. യാത്രയിലുടനീളം റിതിന്‍ ഓരോ സ്ഥലത്തെപ്പറ്റിയുമുള്ള ചരിത്രങ്ങള്‍ വിശദീകരിച്ചു തന്നുകൊണ്ടിരുന്നു. റോഡിനിരുവശവും മനോഹരമായ പുല്‍മേടുകള്‍. അതില്‍ പശുക്കള്‍ മേയുന്നു. ഇടയ്ക്കിടെയുള്ള ചെറുഗ്രാമങ്ങള്‍ അതീവസുന്ദരമാണ്. വീടുകള്‍ എല്ലാം ഒരേ ആകൃതിയിലുള്ളവയാണ്.. മഞ്ഞിനെ പ്രതിരോധിക്കാനായ് വളരെ ചരിഞ്ഞ മേല്‍ക്കൂരയാണ് എല്ലാ വീടുകള്‍ക്കും. തടിയാണ് വീടുകള്‍ക്ക് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഒരേ നിറമാണ് മിക്ക വീടുകള്‍ക്കും.ബസ് യാത്ര അവസാനിച്ചത് എംഗല്‍ബര്‍ഗ് എന്ന  സുന്ദരമായ കൊച്ചു പട്ടണത്തിലാണ്. ഇത് ഒരു താഴ്വരയാണ്. ചുറ്റും മലമടക്കുകള്‍. മലമുകളിലേക്ക് അനേകം കേബിള്‍ കാറുകള്‍ നീങ്ങുന്നുണ്ട്. മലമുകളില്‍ നിന്ന് പാരാഗ്ളൈഡിംഗ് നടത്തുന്നവരെയും കാണാന്‍ പറ്റി. മനോഹരമായ കാഴ്ച. ഈ സ്ഥലം വളരെ മനോഹരമാണ്. താഴ്വരയിലും മലമടക്കിലും അനേകം മനോഹരമായ വീടുകള്‍ കാണാം. ഇവിടെയങ്ങാനും ഒരു വീടെടുത്ത് താമസിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി.


റിഥിന്‍ ഞങ്ങള്‍ക്കുള്ള ടിക്കറ്റുമായി വന്നു. ഓരോരുത്തരായി കേബിള്‍ കാറിലേക്ക് നീങ്ങി. ആനന്ദം പകരുന്ന യാത്ര. കേബിള്‍ കാറില്‍ നിന്ന് പുറത്തേക്കുള്ള കാഴ്ച വളരെ മനോഹരമാണ്. ചുറ്റും ആല്‍പ്സ്  പര്‍വ്വത നിരയാണ്. ഇടയ്ക്ക  മല മടക്കുകളില്‍ മനോഹരമായ ഒരു തടാകം കാണാം. പച്ച നിറത്തിലാണ് അതിലുള്ള വെള്ളം. മുകളിലെ  മലകളിലെ മ‌ഞ്ഞുരുകിയാണ് ഈ വെള്ളം നിറയുന്നത്. അതുകൊണ്ടാണ് പച്ചനിറം. കേബിള്‍ കാറില്‍ ഞങ്ങള്‍ രണ്ടാമത്തെ സ്റ്റോപ്പില്‍ ഇറങ്ങി. ഇവിടെ നിന്ന് റോട്ടയര്‍ എന്ന വലിയ വാഹനത്തിലാണ് മുകളിലേക്ക്  പോകേണ്ടത്. ഇതില്‍ കുറെയേറെ ആള്‍ക്കാര്‍ക്ക് കയറാം. റോട്ടയര്‍ മുകളിലേക്ക് നീങ്ങുന്നതോടോപ്പം 360 ഡിഗ്രിയില്‍ ചെരുതായി തിരിയുന്നുമുണ്ട്. അതുകോണ്ട് ചുറ്റുമുള്ള കാഴ്ചകള്‍ എല്ലാവര്‍ക്കും കാണാം. മുകളിലെത്തി ലെവല്‍ 5ല്‍ ഇറങ്ങി പുറത്തേക്ക് നടന്നാല്‍ വിശാലമായ മഞ്ഞിന്‍റെ മൈതാനമാണ്. സമുദ്രനിരപ്പില്‍ നിന്ന് 10000 അടി ഉയരെയാണ് ഈ സ്ഥലം. സ്വിറ്റ്സര്‍ലന്‍റിന്‍റെ മനോഹാരിത ഇന്ത്യാക്കാരെ ഏറ്റവും നന്നായി കാണിച്ചിട്ടുള്ളത് യാഷ് ചോപ്രയുടെ സിനിമകളിലാണ്. ഇവിടയും ദില്‍വാലേ ദുലനിയാ ലേ ജേയേംഗേ എന്ന ഫിലിമിലെ ഷാരൂക്കിന്‍റെയും കാജലിന്‍റെയും ഒരു കട്ടൗട്ട് വച്ചിട്ടുണ്ട്. മാത്രമല്ല, ഇവിടുത്തെ ഇന്‍ര്‍ലേകേകണ്‍ എന്ന നഗരത്തിലെ ഒരു തെരുവിന് യാഷ് ചോപ്ര സ്ട്രീറ്റ് എന്ന് പേരും നല്‍കിയിട്ടുണ്ട് അവര്‍.


ഞങ്ങള്‍ മഞ്ഞിന്‍റെ കുളിരിലേക്കിറങ്ങി. സിനിമയിലും ചിത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള മഞ്ഞിന്‍റെ ഭംഗി മതിയാവോളം ആസ്വദിച്ചു. പരസ്പരം മഞ്ഞ് വാരിയെറിഞ്ഞു. മഞ്ഞില്‍ കിടന്നുരുണ്ടു. മതിയാവോളം ഫോട്ടോകള്‍ എടുത്തു. ഈ യാത്രയ്ക്കുവേണ്ടി ഞാന്‍ ഒരു ഗോപ്രോ ക്യാമറ വാങ്ങിയിരുന്നു. അതുകാരണം അവിടുത്തെ ദൃശ്യഭംഗിയെല്ലാം ഒപ്പിയെടുക്കാന്‍ കഴിഞ്ഞു. വിവിധപ്രായക്കാരാണ് ഞങ്ങളുടെ ഗ്രൂപ്പിലുള്ളത്. രണ്ടരവയസുകാരന്‍ റാഹേല്‍ (പേര് കേട്ട് തെറ്റിദ്ധരിക്കണ്ട, ആണ്‍കുട്ടിയാണ്), മൂന്ന് വയസ്സുകാരന്‍ മാമു എന്ന മുഹമ്മദ്, പിന്നെ ചെറുപ്പക്കാരും മധ്യവയസ്ക്കരും റിട്ടയര്‍ ചെയ്തവരും എല്ലാമുണ്ട്. പുതുമണവാളനും മണവാട്ടിയുമായ വിനീതും മൊണാര്‍ക്കും ഹണിമൂണ്‍ ആഘോഷിക്കാനാണ് ഈ യാത്ര.



പ്രായഭേദമന്യേ എല്ലാവരും മഞ്ഞിന്‍റെ മാറിലലിഞ്ഞു. വിട്ടുപോകാന്‍ മടി തോന്നുന്ന സ്ഥലം. അതിനടുത്തു തന്നെ ഒരു തൂക്കുപാലമുണ്ട്. താഴെ അഗാധമായ ഗര്‍ത്തമാണ്. തേഴേക്ക് നോക്കിയാല്‍ പേടിയാകും. ഞാന്‍ പതിയെ അതില്‍ കയറി അക്കരക്കു നടന്നുതുടങ്ങി. പാലം നന്നായി  ആടുന്നുണ്ട്. താഴേക്ക് നോക്കാന്‍ ഞാന്‍ പേടിച്ചു. തിരികെ നടക്കണോ എന്നുപോലും ആലോചിച്ചു. എന്തായാലും കയറിയതല്ലേ. യാത്ര പൂര്‍ത്തിയാക്കാം. പതിയെ ഹാന്‍ഡ് റെയിലില്‍ പിടിച്ച് ഞാന്‍ പതിയെ അക്കരെയെത്തി. ധാരാളം ആള്‍ക്കാര്‍ അതില്‍ കൂടി നടക്കുന്നുണ്ട്. ഒരു ആന്ധ്രാ സംഘത്തിന്‍റെ കയ്യില്‍ ഇന്‍ഡ്യന്‍ പതാക കണ്ടു. അവരോട് അത് വാങ്ങി കയ്യില്‍ പിടിച്ച് അവിടെ വച്ച് ഞാന്‍ ഭാരതത്തെ ഉയര്‍ത്തി.
പാലത്തിന്‍റെ അക്കരെയെത്തിയപ്പോള്‍ ദൂരെയുള്ള കാഴ്ച അതീവമനോഹരം. മഞ്ഞില്‍ കുളിച്ച ആല്പ്സ് പര്‍വ്വത നിരകള്‍ വെയിലേറ്റ് വെട്ടിത്തിളങ്ങുന്നു. അതിനെ പശ്ചാത്തലമാക്കി കുറെ ചിത്രങ്ങളും വീഡിയോയും എടുത്തു.

അവിടെ നിന്നും താഴേക്ക് ഇറങ്ങുമ്പോള്‍ ഗ്ളേസിയര്‍ കേവിലേക്കുള്ള കവാടം കാണാം. മ‍ഞ്ഞ് പാളികള്‍ തുരന്നുണ്ടാക്കിയ ഒരു ഗുഹ ആണിത്. അതില്‍ കൂടി നടന്ന് നമുക്ക് അപ്പുറത്തെത്താം.  ഞങ്ങള്‍ അതിലേക്ക് പ്രവേശിച്ചു.. ജാക്കറ്റ് ധരിച്ചിട്ടും നല്ല തണുപ്പ്. സ്വഭാവികമായ മഞ്ഞാണിത്. സൂക്ഷിച്ചു നടന്നില്ലെങ്കില്‍ തെന്നി വീഴും. മഞ്ഞ് പാളികള്‍ ഗുഹയിലൂടനീളം കാണാം. ചെറിയ ലൈറ്റുകളുടെ വെളിച്ചം മഞ്ഞിന്‍ പാളികളെ കൂടുതല്‍ സുന്ദരമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഈ മഞ്ഞുപാളികളെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. അവ ഉരുകിത്തുടങ്ങിയിട്ടുണ്ട്. അപ്പുറം കടന്ന് ഞങ്ങള്‍ മുകളിലേക്ക് കയറി. നാലാം നിലയിലാണ് ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ഹോട്ടല്‍. ചൈനീസ് റെസ്റ്റോറന്‍റാണിത്. നന്നായി സെറ്റ് ചെയ്ത ഭക്ഷണ മേശ. ആദ്യം സൂപ്പ് വിളമ്പി. പിന്നീട് ചോറും ചിക്കനും നൂഡില്‍സും പോര്‍ക്ക് സോസേജും സലാഡുമടങ്ങിയ രുചികരമായ ഭക്ഷണം. അവസാനം തേങ്ങാപ്പാല്‍ ചേര്‍ത്ത മധുരമുള്ള ഒരു വിഭവവും വിളമ്പി. വയറു നിറയെ ഭക്ഷണം കഴിച്ച് ഞങ്ങള്‍ താഴേക്കുള്ള മടക്കയാത്ര റോട്ടയറില്‍ തുടങ്ങി. താഴെ ചെന്നിട്ട് അടുത്ത സ്ഥലമായ ലുസേണിലേക്ക് പോകണം.










താഴെ ചെന്നിട്ട് അടുത്ത സ്ഥലമായ ലുസേണിലേക്ക് പോകണം. 

4 comments:

  1. Fantastic Renji. Waiting to read part 2.

    ReplyDelete
  2. Renjiyetta ningal oru sambhavam thanne........... thangal oronnum notepadil ezhuthikondirunapol njan chodichichirinnu ellam ezhuthivaikukaya alle enne. Epol manasilayi puli pathugunath olikan alla kuthikan aanu enne.......... super super super

    ReplyDelete

കശ്മീർ ഡയറി -3

  സോനാമാർഗ് & സീറോ പോയിന്റ് മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു . സോന...