Sunday, April 23, 2017

Wayanadan Ormakal

Download Youtube video with 

Saturday, April 22, 2017

വയനാടൻ ഡയറി


അപ്രതീക്ഷിതമായാണ് കഴിഞ്ഞ ദിവസം വയനാട് യാത്രചെയ്യാൻ അവസരം ലഭിച്ചത്. ഒരു ഫാമിലി ടൂറിൽ അംഗമാകാൻ എനിക്കും അവസരം ലഭിച്ചു. അവിസ്മരണീയമായ 3 ദിവസങ്ങൾ... ശനിയാഴ്ച രാത്രിയിൽ വെച്ചൂച്ചിറയിൽ നിന്നും തിരിച്ചു എരുമേലിയിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നും സഹയാത്രികരെ കൂട്ടി യാത്ര ആരംഭിച്ചു. ഞായറാഴ്ച വെളുപ്പിന് 3 മണിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി. അവിടെ റൂം എടുത്തു ഫ്രഷ് ആയി കുറച്ചുപേർ ക്ഷേത്ര ദർശനം നടത്തി. തുടർന്ന് ഞങ്ങളുടെ വയനാടൻ യാത്ര ആരംഭിച്ചു. ഭക്ഷണം ഉണ്ടാക്കി കഴിക്കാനുള്ള പത്രങ്ങളും സ്റ്റവും മറ്റു സാധനങ്ങളും കരുതിയിരുന്നതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഭക്ഷണം ഉണ്ടാക്കി കഴിച്ചത് യാത്രയുടെ ആസ്വാദ്യത വർദ്ധിപ്പിച്ചതോടൊപ്പം യാത്ര ചിലവും ഗണ്യമായി കുറയുവാൻ ഇടയാക്കി. അടിവാരത്തെത്തി ഉച്ചഭക്ഷണം ഉണ്ടാക്കാൻ ആരംഭിച്ചു. ആ സമയം ഞങ്ങൾ അടുത്ത് നടന്നുകൊണ്ടിരുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കാണാൻ പോയി. കാൽപന്തുകളിയുടെ സൗന്ദര്യം ഒരു മണിക്കൂർ ആസ്വദിച്ചു. അപ്പോഴേക്കും ഭക്ഷണം റെഡി ആയി. കഴിച്ചതിനു ശേഷം വീണ്ടും യാത്ര തുടർന്നു. വയനാടൻ ചുരത്തിന്റെ മനോഹാരിത ആസ്വദിച്ചുള്ള കയറ്റം. ഇടയ്ക്കു വ്യൂ പോയിന്റിൽ വാഹനം നിർത്തി കാഴ്ചകൾ കാണുകയും ഫോട്ടോ എടുക്കുകയും ചെയ്തു. പിന്നീട് പൂക്കോട് തടാകം സന്ദർശിച്ച ശേഷം യാത്രതുടർന്നു പടിഞ്ഞാറത്തറയിൽ എത്തി ബുക്ക് ചെയ്തിരുന്ന ലോഡ്ജിൽ വിശ്രമം... അടുത്ത ദിവസം രാവിലെ ഭക്ഷണത്തിനു ശേഷം ബാണാസുര സാഗർ അണക്കെട്ടു സന്ദർശിച്ചു. വെള്ളം കുറവാണെങ്കിലും മനോഹാരിതയ്‌ക്കു കുറവുണ്ടായിരുന്നില്ല. ചിൽഡ്രൻസ് പാർക്കിൽ കുറെ സമയം ചിലവഴിച്ച ശേഷം തിരുനെല്ലി ക്ഷേത്രത്തിലേക്ക്..... വഴിയിൽ കാട്ടുപോത്തുകളും മാൻകൂട്ടവും ആനയുമെല്ലാം ഞങ്ങൾക്ക് ദര്ശനമേകുകയും ഞങ്ങളുടെ ഫോട്ടോഗ്രാഫ്യ്ക്ക്‌ പോസ് ചെയ്യുകയും ചെയ്തു. യാത്ര ആസ്വദിച്ചു ക്ഷേത്രത്തിൽ എത്തി. കാടിനുള്ളിലെ ക്ഷേത്രം എന്ന എന്റെ സങ്കല്പം പൊളിച്ചെഴുതി യഥാർത്ഥ ക്ഷേത്രം. ചുറ്റുമുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിലാണ് ക്ഷേത്രം. സന്ധ്യയോടെ അവിടെ നിന്നും തിരിച്ചു സുൽത്താൻ ബത്തേരിക്ക് വന്നു. ഇടയ്ക്കു ഒരു പിടിയനായും കുട്ടിയും വഴിയരികിൽനിൽക്കുന്നു. അവർ റോഡ് മുറിച്ചു കടക്കാൻ നിൽക്കുകയാണെന്ന് തോന്നി. അവരെ അധികം ശല്യപ്പെടുത്താതെ കുറച്ചു ചിത്രങ്ങളെടുത്തു ഞങ്ങൾ യാത്ര തുടർന്ന് ബത്തേരിയിൽ എത്തി ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ വിശ്രമിച്ചു.... മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര മുത്തങ്ങയിലേക്കും എടക്കൽഗുഹയിലേക്കുമായിരുന്നു. മുത്തങ്ങയിൽ പ്രവേശനം ഇല്ലാതിരുന്നതുകൊണ്ടു എടക്കൽ ഗുഹ കാണാൻ വച്ച് പിടിച്ചു. എന്റെ സങ്കൽപ്പത്തിന് അപ്പുറമായിരുന്നു ഗുഹയിലേക്കുള്ള നടന്നുള്ള യാത്ര. ക്ഷീണം വക വയ്ക്കാതെ ഞങ്ങൾ മല കയറി. ചരിത്രമുറങ്ങുന്ന ശിലാലിഖിതങ്ങളും ഗുഹയുടെ മനോഹാരിതയും മുകളിൽ നിന്നുള്ള പ്രകൃതിയുടെ ദൃശ്യവും ആവോളം ആസ്വദിച്ചു. കയറുന്നതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു തിരിച്ചുള്ള ഇറക്കം. തിരിച്ചു പോരാൻ മടി കാണിച്ച മനസ്സിനെ അടക്കി ഞങ്ങൾ അവിടെ നിന്നും മടക്കയാത്ര ആരംഭിച്ചു. വഴിയരികിൽ കിട്ടിയ തണലുള്ള വിശാലമായ സ്ഥലത്തു വാഹനം ഒതുക്കി ഞങ്ങൾ ഉച്ചയൂണ് ആസ്വദിച്ചു. രാവിലെ പുറപ്പെടുന്നതിനു മുൻപ് തയ്യാറാക്കിയ ചോറും, മീൻ വറുത്തതും സലാഡും അച്ചാറും പയര് തോരനുമെല്ലാം കൂട്ടിയുള്ള ആസ്വാദ്യകരമായ ഭക്ഷണം. യാത്രയെ ആസ്വാദ്യമാക്കാൻ ഇടയ്ക്കു അന്താക്ഷരി മത്സരവും, ജനറൽ ക്വിസുമെല്ലാം നടത്തി സമ്മാനങ്ങൾ നൽകി. ഓരോരുത്തരും യാത്രയെ അങ്ങേയറ്റം ആസ്വദിച്ചു. കൂടാതെ ഡിജെ മ്യൂസിക്കിൽ എല്ലാവരും ചേർന്ന് നൃത്തവും നടത്തി. മടക്കയാത്രയിൽ മാനാഞ്ചിറ ബീച്ചിൽ എത്തി കുറെ സാമ്യം ചിലവഴിച്ചശേഷം മടക്ക യാത്ര തുടർന്നു . അത്താഴത്തിനു ശേഷവും ഡാൻസ് പാർട്ടി തുടർന്നു. മനോഹരമായ ഒട്ടേറെ നിമിഷങ്ങൾ സമ്മാനിച്ചതും കുറെയേറെ പുതിയ സുഹൃത്തുക്കളെ ലഭിച്ചതുമായ ഈ യാത്ര ഒരിക്കലും മറക്കാൻ പറ്റാത്ത വിധത്തിലുള്ളതായിരുന്നു. അടുത്ത് തന്നെ വീണ്ടും യാത്ര നടത്തണമെന്നുള്ള തീരുമാനത്തോടെ ഞങ്ങൾ ബുധനാഴ്ച രാവിലെ വീടുകളിൽ എത്തി ചേർന്നു. *****ഞങ്ങളുടെ വയനാട് യാത്രയിൽ കർണാടക അതിർത്തിയിൽ എത്തിയപ്പോൾ കർണാടക ഫോറെസ്റ് ജീവനക്കാരായ രണ്ടുപേർ വന്ന് 200 രൂപ കൈക്കൂലി ചോദിച്ചു. 200 രൂപ കൊടുത്താൽ ബസ് ചെക്ക് പോസ്റ്റിൽ നിന്നും കടത്തി വിടാം എന്ന് പറഞ്ഞു. പെർമിറ്റ് ആവശ്യപ്പെട്ടതേ ഇല്ല.അവർക്കു പണം കൊടുത്തു അകത്തു കടന്നാൽ അടുത്ത ചെക്ക് പോസ്റ്റിൽ നിന്നും ഉഗ്രൻ പണി കിട്ടും.. അതുകൊണ്ടു യാത്രക്കാർ ആരും അങ്ങനെയുള്ളവരുടെ പ്രലോഭനങ്ങളിൽ വീഴാതെ ആവശ്യമായ എല്ലാ രേഖകളുമായി യാത്രചെയ്യുക.*****

കശ്മീർ ഡയറി -3

  സോനാമാർഗ് & സീറോ പോയിന്റ് മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു . സോന...