Wednesday, October 3, 2018

കുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധിക്കണേ..

🐿🐿🐿🐿🐿🐿🐿🐿🐿🐿🐿

         *NEGATIVE PARENTING*
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

*കേരളത്തെ ഞെട്ടിക്കുന്ന വാർത്തയാണ് ചെങ്ങന്നൂരിൽ നിന്നു കേട്ടത്. ജോയിയെന്ന സ്വന്തം പിതാവിനെ മകൻ ഷെറിൻ മുളക്കുഴയിൽ കാറിൽ വച്ചു തലയ്ക്കു നേരെ നാലു റൗണ്ടു വെടി വച്ചു. അച്ഛന്റെ മൃതദേഹത്തിന്റെ ചിത്രം മൊബൈലിൽ പകർത്തിയ ശേഷം കത്തിക്കാൻ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് വെട്ടുകത്തി കൊണ്ട് കൈകളും കാലുകളും വെട്ടി മാറ്റി. തലയും ഉടലും വേർപെടുത്തി ഓരോ ചാക്കിലാക്കി. കൈകളും കാലുകളും പമ്പയിലും ഉടലും തലയും മറ്റു സ്ഥലങ്ങളിലും കൊണ്ടിട്ടു. കുഞ്ഞു നാളിൽ തന്നെ എടുത്തു കൊണ്ടു നടന്ന കൈകൾ വെട്ടിമാറ്റുമ്പോൾ ഷെറിന്റെ കൈകൾ വിറച്ചില്ല, പിതാവിന്റെ ശരീരം ആറു കഷ്ണങ്ങളാക്കി മുറിച്ചപ്പോൾ ഒരു തുള്ളി കണ്ണുനീർ പോലും പൊടിഞ്ഞുമില്ല. മനഃസാക്ഷി മരവിക്കുന്ന തരത്തിൽ പിതാവിന്റെ മൃതദേഹം വെട്ടിനുറുക്കാൻ ഷെറിന് ഒരു ലഹരിയുടെയും പിൻബലം വേണ്ടിവന്നില്ല. കാലങ്ങളായി മനസ്സിൽ കാത്തു വച്ച പക മുഴുവനും ജോയിയുടെ മൃതശരീരത്തോടു വീട്ടുകയായിരുന്നു മകൻ.*

*എന്ത് കൊണ്ട് ഇതു സംഭവിച്ചുവെന്നതിന്റെ മനഃശാസ്ത്ര വിശകലനത്തിനു മുമ്പ് ഇതുകൂടി വായിക്കുക.* *അറുപതു ലക്ഷം ജൂതരെ കൊന്നൊടുക്കുകയും രണ്ടാം ലോകമഹായുദ്ധത്തിനു തന്നെ കാരണക്കാരനാവുകയും ചെയ്ത ഹിറ്റ്‌ലറെ ലോകം കണ്ട വലിയ ദുഷ്ട പ്രതിഭയാക്കിയത് പിതാവാണെന്നാണ് ചരിത്രം. ഹിറ്റ്‌ലർ ഒരു സാധാരണ സർക്കാർ ജീവനക്കാരന്റെ മകനായിരുന്നു. മകൻ തന്നെപ്പോലെ ഒരു സർക്കാർ ഉദ്യോഗസ്ഥനാകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷേ, ചിത്രകലയിലായിരുന്നു ഹിറ്റ്‌ലറുടെ താൽപര്യം.* *ആ കഴിവിനെ അംഗീകരിക്കാൻ പിതാവ് തയ്യാറായില്ല. ഹിറ്റ്‌ലറുടെ കുട്ടിക്കാലത്ത് പിതാവ് ക്രൂര മർദനങ്ങൾ അഴിച്ചുവിട്ടു. ചാട്ടവാറു കൊണ്ട് നിർദയം പ്രഹരിച്ചു.* *പട്ടാളച്ചിട്ടയിലാണ് അദ്ദേഹം ഹിറ്റ്‌ലറെ വളർത്തിയത്. ഒരുദിവസം ക്ലാസിൽ കയറിയില്ല എന്ന കുറ്റത്തിന് ഒരു മരത്തോട് ചേർത്തു വരിഞ്ഞു കെട്ടി ബോധം കെടുന്നതുവരെ അപ്പൻ തല്ലുകയുണ്ടായി.* *കാലിൽ വീണു കേഴുകയും തറയിൽ കിടന്ന് മൂത്രമൊഴിക്കുകയും ചെയ്യും വരെ അദ്ദേഹം അവനെ മർദിക്കാറുണ്ടായിരുന്നു.*
*ലോകം കണ്ട ഏറ്റവും വിനാശകരമായ പുസ്തകം ഹിറ്റ്‌ലറുടെ ആത്മകഥയായ മെയ്ൻകാഫ് ആണെന്നാണു കരുതുന്നത്. ആ പുസ്തകത്തെ പ്രസിദ്ധ അമേരിക്കൻ പത്രാധിപരും നിരൂപകനുമായ നോർമൻ കസിൻസ് വിശേഷിപ്പിച്ചതിങ്ങനെ: 'ഓരോ വാക്കിലും നഷ്ടമായത് 12 ജീവിതങ്ങൾ. ഒരു പേജിന് 47,000 മരണം. ഓരോ അധ്യായത്തിനും 12,00,000 മരണം.*

*ഈ പുസ്തകത്തിൽ തന്റെ ബാല്യകാലാനുഭവങ്ങൾ വിവരിക്കുന്നുണ്ട്.* *ഹിറ്റ്‌ലറിന് അഞ്ചു വയസ്സായപ്പോൾ അമ്മ സ്വന്തം വീട് വിട്ട് എങ്ങോട്ടോ പോയി.* *അപ്പൻ തരുന്ന ചാട്ടവാറടി നിശ്ശബ്ദമായി നിന്നു ഹിറ്റ്‌ലർ എണ്ണിക്കൊണ്ടിരുന്നു.* *നായ്ക്കളെ വിളിക്കുന്ന മാതിരി വിരലുകൾ വായിൽ തിരുകി വിസിലടിച്ചാണ് ആ പിതാവ് അവനെ വിളിച്ചിരുന്നതുപോലും.* *അപ്പനോട് പകരം വീട്ടാനും പാഠം പഠിപ്പിക്കുവാനും കരുതിക്കൂട്ടി ഹിറ്റ്‌ലർ പഠനം ഉഴപ്പിയതായി ജീവിത ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.* *വേദനയും പ്രയാസവും പ്രകടിപ്പിക്കാൻ ബാല്യകാലത്ത് ഹിറ്റ്‌ലറിന് അനുവാദമുണ്ടായിരുന്നില്ല. പിന്നീട് ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതിയായി മാറിയപ്പോഴാകട്ടെ, തന്റെ കൊടും ക്രൂരതകൾ നിമിത്തം കൊടിയ ദുരിതവും കഷ്ടപ്പാടും അനുഭവിക്കേണ്ടിവന്ന മനുഷ്യരോട് അദ്ദേഹത്തിന് അനുകമ്പയോ ദയയോ തോന്നിയില്ല.*
*എന്നാൽ ഷെറിന്റെ ജീവചരിത്രം നോക്കൂ: പിതാവിനു നേരെ തോക്കുചൂണ്ടാൻ ഷെറിനെ പ്രേരിപ്പിച്ചതു ചെറുപ്പം മുതലുള്ള അടങ്ങാത്ത പകയാണത്രെ. പ്രായമേറുന്തോറും ജോയിയുടെ ഭാഗത്തു നിന്നുള്ള പീഡനവും ഷെറിന്റെ പകയും വളരുകയായിരുന്നു. പൊലീസിന്റെ വാർത്താ സമ്മേളനത്തിൽ അക്ഷോഭ്യനായി നിലകൊണ്ട ഷെറിൻ പിതാവിന്റെ പീഡനക്കാര്യം പറയുമ്പോൾ പല്ലിറുമ്മുന്നുണ്ടായിരുന്നു. ഇത്രയും പകയ്ക്കു കാരണം അച്ഛനും മകനും തമ്മിൽ ചെറുപ്പം മുതലുള്ള അകൽച്ചയായിരുന്നു. എയർഫോഴ്‌സ് ജീവനക്കാരനായിരുന്ന ജോയ് വീട്ടിൽ കർക്കശക്കാരനായിരുന്നു. ചെറുപ്പത്തിൽ ജോയ് ഷെറിനെ ക്രൂരമായി മർദിക്കുമായിരുന്നുവത്രെ. തന്നോളം വളർന്നിട്ടും ഷെറിനെ ജോയ് തല്ലുമായിരുന്നു. ചെറുപ്പം കഴിഞ്ഞതോടെ തർക്കം പണത്തിന്റെ പേരിലായി. തന്റെ സ്വത്തിൽ ഒരു ഭാഗം പോലും തരില്ലെന്നു ജോയ് ഷെറിനോടു പറഞ്ഞിരുന്നു. സ്വത്തുക്കൾ അനാഥാലയത്തിനു നൽകിയാലും നിനക്കു തരില്ല എന്നു ജോയ് ആവർത്തിച്ചപ്പോൾ ഷെറിന്റെ പക കൂടി. പലപ്പോഴും വീടിനു പുറത്തായിരുന്നു അവന്റെ സ്ഥാനം. അമ്മയും അനിയനും അമേരിക്കയിൽ നിന്നു വരുമ്പോൾ ചെങ്ങന്നൂരിലെ വീട്ടിൽ നിന്നു അവൻ മാറി താമസിക്കണമെന്നു ജോയ് നിർദേശിച്ചു. ഇതേ തുടർന്നു തിരുവല്ലയിലെ ഹോട്ടലിലായി ഷെറിന്റെ വാസം. വീട്ടിലെ മാനേജരിൽ നിന്നു വൗച്ചർ എഴുതി പണം വാങ്ങണമെന്നും ജോയ് നിർദേശിച്ചു. അതിനിടെ വാടക നൽകിയ ചെക്ക് തിരിച്ചു വന്നു. ഈ പണം കടക്കാരനിൽ നിന്നു ഷെറിൻ വാങ്ങിച്ചുവെന്നതാണ് അവസാനത്തെ തർക്കത്തിനു കാരണം.*

 *ഹിറ്റ്‌ലറോടും ഷെറിനോടും പിതാവ് കാണിച്ച രീതിയിലുള്ള സമീപനങ്ങൾ ഇന്ന് പല വീടുകളിലും മാതാപിതാക്കൾ തന്നെയും ചിലപ്പോൾ അവർ പുനർവിവാഹം ചെയ്തവരും മക്കളോട് കാണിക്കുന്നുണ്ട്. വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും ഇതിലുണ്ട്. മക്കൾ പഠനത്തിൽ മറ്റുള്ളവരെക്കാൾ മുന്നിലെത്തണമെന്ന അത്യാർത്തി മാതാപിതാക്കൾക്കുണ്ടാവുമ്പോഴും ഒരു മാർക്ക് കുറഞ്ഞുപോവുമ്പോഴും അക്ഷരങ്ങൾ തെറ്റുമ്പോഴും ക്രൂര പീഡനങ്ങൾ നടത്തുന്ന രക്ഷിതാക്കൾ പുതിയ ഹിറ്റ്‌ലർമാരെ സൃഷ്ടിക്കുകയാണെന്നറിയുന്നില്ല.*

*കുട്ടികളുടെ മനസ്സിൽ മുറിവുണ്ടാക്കിയാൽ വരുന്ന ഭവിഷ്യത്തും മുറിവുണ്ടാക്കുന്നവർ അതുണ്ടാക്കാനുള്ള കാരണവും മനഃശാസ്ത്രപരമായി നമുക്ക് വിലയിരുത്താം. ഒരു വ്യക്തിയുടെ ഉള്ളിലേറ്റ വൈകാരിക മുറിവ് ഉണങ്ങാത്തിടത്തോളം കാലം അയാൾ സ്വയം വേദനിച്ചോ മറ്റുള്ളവരെ വേദനിപ്പിച്ചോ കഴിയും. സാധാരണഗതിയിൽ ഒരാഴ്ചക്കുള്ളിലോ ഒരു മാസം കൊണ്ടോ ആ വേദനയുടെ അനുഭവം അവർ മറന്നേക്കാം. വേദനക്ക് അൽപമെങ്കിലും ആശ്വാസം കിട്ടണമെങ്കിൽ അവരതു മറന്നേ മതിയാവൂ. മനഃശാസ്ത്രജ്ഞന്മാർ ഇതിനെ അടിച്ചമർത്തൽ (Suppression) എന്നു പറയുന്നു. അടിച്ചമർത്തൽ യഥാർത്ഥത്തിൽ വേദനയെ ഇല്ലാതാക്കുകയോ വൈകാരിക മുറിവിനെ ഉണക്കുകയോ ചെയ്യുന്നില്ല. മറിച്ച് വേദനയുടെ ഓർമയെ ബോധ മനസ്സിൽ നിന്നു അകറ്റിനിർത്തുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാൽ ആ വേദന അബോധമനസ്സിൽ ഭവിക്കുകയും വ്യക്തിത്വത്തെ ദോഷകരമായി ബാധിക്കത്തക്ക വിധത്തിൽ അവരുടെ പെരുമാറ്റത്തെ വിവിധ തരത്തിൽ സ്വാധീനിച്ചുകൊണ്ടിരിക്കുകയും ചെയ്യും. കാനഡയിലെ ന്യൂറോ സർജനായിരുന്ന ഡോക്ടർ പെൻഫീൽഡ് തലച്ചോർ ശസ്ത്രക്രിയയ്ക്കു വിധേയമാകേണ്ടിയിരുന്ന ഏതാനും രോഗികളിൽ ചില പഠനങ്ങൾ നടത്തി. കുട്ടികൾ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമെല്ലാം തലച്ചോറിൽ ലിഖിതമാകുന്നു. തലച്ചോറിൽ റിക്കാർഡ് ചെയ്യുന്നവ പിന്നീട് അവന്റെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം കണ്ടെത്തി. കുട്ടിക്കാലത്തെ പീഡനങ്ങൾ കുട്ടികൾക്ക് വിവേചിച്ചറിയാൻ കഴിയാത്തതുകൊണ്ട് തന്നെ എത്ര നിസ്സാരമായ തിരിച്ചടിയും അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്നതാണ്.*

 *രണ്ടു വയസ്സിന് മുമ്പ് കുട്ടികളെ ശിക്ഷിക്കാത്ത രക്ഷിതാക്കൾ വിരളമാണ്. നിസ്സാര കാരണത്തിനുപോലും കൈ കൊണ്ടെങ്കിലും അടിച്ചിരിക്കും. സ്‌കൂൾ പഠനകാലമാകുമ്പോൾ വായിക്കാത്തതിനും എഴുതാത്തതിനും മാർക്ക് കുറഞ്ഞതിനും ശകാരവും ശിക്ഷയുമായി കുടുംബാന്തരീക്ഷം മലിനപ്പെടുന്നു.* *എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന പഠനം രക്ഷിതാക്കൾ നടത്തുന്നില്ല. കാരണം രക്ഷിതാവാകാനുള്ള പരിശീലനമോ വിദ്യാഭ്യാസമോ ലഭിക്കാതെയാണ് ഈ റോളിലേക്ക് വരുന്നത്. ഹിറ്റ്‌ലറിന് പോസിറ്റീവ് സ്‌ട്രോക്കല്ല, മറിച്ച് നെഗറ്റീവ് സ്‌ട്രോക്കായിരുന്നു ലഭിച്ചത്.*
 *പൊട്ടൻ, മരമണ്ടൻ, മന്ദബുദ്ധി, പിശാച്, ഇബ്‌ലീസ്, ജന്തു, പഹയൻ തുടങ്ങിയ പേരുകൾ കൊണ്ട് കുട്ടികളെ അഭിസംബോധനം ചെയ്യുന്നവർ ഓർക്കുക. ഭാവിയിൽ മറ്റൊരു ഹിറ്റ്‌ലറെ നിങ്ങൾ വാർത്തെടുക്കുകയാണ്. ഒരു വ്യക്തിയുടെ വാക്കിനാലും പ്രവൃത്തിയാലും മറ്റൊരു വ്യക്തിയുടെ മനസ്സിലുണ്ടാകുന്ന മുറിവ് നെഗറ്റീവ് സ്‌ട്രോക്കാണ്. ഇത്  വിപരീത ഫലം ഉളവാക്കും. ചെറുതും വലുതുമായ നിരവധി നെഗറ്റീവ് സ്‌ട്രോക്കുകൾ നാം മറ്റുള്ളവർക്ക് നൽകിക്കൊണ്ടിരിക്കുന്നു. ഒരു വസ്തുവിനെയും നിരാശപ്പെടുത്തരുത്. ശപിക്കരുത്, ആക്ഷേപിക്കരുത്. അത് മറ്റുള്ളവരെ അക്രമത്തിലേക്കും പകയിലേക്കും പിണക്കത്തിലേക്കും നയിക്കും. കുഞ്ഞുങ്ങളിൽ കാണുന്ന തെറ്റിനെ നിശിതമായി വിമർശിക്കുന്നതിനു പകരം ലളിത ശൈലിയിൽ  നന്നായിരിക്കും. ശപിക്കുന്നതും മറ്റും ഒരിക്കലും യോജിച്ചതല്ല. 1952-ൽ ന്യൂയോർക്കിലെ തെരുവുകളിലൂടെ ഒരു പന്ത്രണ്ടു വയസ്സുകാരൻ അലഞ്ഞു നടക്കുന്നത് ഒരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹമവനെ കൂടെ കൂട്ടി. അവനെ പുനരധിവസിപ്പിക്കാനായി അദ്ദേഹം പല സ്ഥാപനങ്ങളിലും ചെന്നു. പക്ഷേ, ആരും സ്വീകരിച്ചില്ല. നിർവാഹമില്ലാതെ അവൻ തെരുവിലേക്ക് തന്നെ മടങ്ങി. ആരുടെയും സ്‌നേഹം ലഭിക്കാതെ അനാഥനായി വളർന്ന ആ കുട്ടി എല്ലാ ദുഷ്ട സ്വഭാവങ്ങൾക്കും അടിമയായി. മോഷണവും പിടിച്ചുപറിയും നടത്തി ജീവിച്ചു. അവനാണ് അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കൊലയാളിയായ ലീഹാർവെ ഓസ്‌വാൾഡ്.*

 *കുട്ടികൾക്ക് കിട്ടുന്ന അവഗണനകൾ, നെഗറ്റീവ് സ്‌ട്രോക്കുകൾ നിരവധിയാണ്. മണ്ടൻ, പൊട്ടൻ, എന്തിനാണ് നീ സ്‌കൂളിൽ പോവുന്നത്? പോത്തുപോലെ കയറിവരുന്നു, എന്താടോ പഠിച്ചാല്? വല്ല ഹോട്ടൽ ജോലിക്കും പോയിക്കൂടായിരുന്നോ? പൊട്ടനെപ്പോലെ ഇരിക്കും, മനുഷ്യന്റെ സൈ്വര്യം കെടുത്തുന്നു, പറഞ്ഞാൽ തിരിയാത്ത ജന്തു, നീയൊന്നും പഠിച്ചിട്ട് കാര്യമില്ല, നിന്നെക്കൊണ്ടൊന്നും ആവില്ല, തിന്നാൻ മാത്രം അറിയാം! പത്താം ക്ലാസിൽ എത്തുന്നതിനു മുമ്പ് പലപ്പോഴും കുട്ടികൾക്ക് ലഭിക്കുന്ന നെഗറ്റീവ് സ്‌ട്രോക്കുകളാണിവ. ഇത് അവരുടെ ഉപബോധ മനസ്സിലേക്ക് തള്ളിവിടുന്നു. അതുപോലെ ആവാൻ ശ്രമിക്കുന്നു. അവരുടെ മനസ്സ് സ്‌കാൻ ചെയ്യാൻ രക്ഷിതാക്കൾ തയ്യാറാവുന്നുവെങ്കിൽ വായിച്ചെടുക്കാൻ ചില വാചകങ്ങളുണ്ടാകുമായിരുന്നു. ഇവരെയൊക്കെ ഒരു പാഠം പഠിപ്പിക്കണം, എനിക്ക് എന്തിനാണ് ഇവർ ജന്മം നൽകിയത്? മരിച്ചാൽ മതിയായിരുന്നു! നാട് വിട്ട് പോയാൽ കൊള്ളാം. തുടങ്ങിയവ അവരുടെ മനസ്സിൽ തിളച്ചു മറിയുന്നുണ്ടാകും.*

 *ഭക്ഷണവും വസ്ത്രവും മറ്റു കാര്യങ്ങളും കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നു. അതേ സ്ഥാനത്ത്, നെറ്റിയിൽ ഒരു ചുംബനം മാതാപിതാക്കളിൽ നിന്നു ലഭിക്കുന്നില്ല. പരീക്ഷയിൽ പാസായ വിവരം വന്നുപറയുമ്പോൾ ഒരു ഷൈക്ഹാൻഡ് കിട്ടുന്നില്ല. സ്ലേറ്റിൽ 'വലിയ ശരി' വാങ്ങി വരുന്ന കുഞ്ഞിനു  'വളരെ നന്നായിട്ടുണ്ട് മോനേ' എന്ന അംഗീകാരത്തിന്റെ വചനം ലഭിക്കുന്നില്ല. സ്റ്റേജിൽ കയറി ഗാനമാലപിച്ചു കഴിഞ്ഞ് ഇറങ്ങിവരുമ്പോൾ തോളിൽ തട്ടി 'ഇനിയും ഉഷാറാവണം, പാട്ട് ഞാൻ ആസ്വദിച്ചു' എന്ന അഭിനന്ദനം കുട്ടികളെ തേടിയെത്തുന്നില്ല. സ്‌നേഹ സ്പർശനവും നോട്ടവും ആലിംഗനവും തലോടലും പഞ്ചേന്ദ്രിയം ആഗ്രഹിക്കുന്നു. സ്‌നേഹത്തിന് ഓരോരുത്തരും ദാഹിക്കുന്നു. അതു ലഭിക്കാതിരിക്കുമ്പോൾ വികൃതിയിലൂടെ നെഗറ്റീവ് സ്‌ട്രോക്ക് ചോദിച്ചുവാങ്ങുന്നു.*

 *ശിശു ഒരു തൈച്ചെടിയാണ്. അതിന്റെ വളർച്ചയ്ക്ക് ആവശ്യമുള്ള വളവും വെള്ളവും മഞ്ഞും സൂര്യ പ്രകാശവുമെല്ലാം യഥാവസരം ലഭിക്കുന്നില്ലെങ്കിൽ ആ ചെടിനാമ്പ് കരിഞ്ഞ് ഉണങ്ങിപ്പോകും. നമ്മുടെ കുഞ്ഞുങ്ങൾ വളരുന്നത് എങ്ങനെയുള്ള മണ്ണിലാണ്? അവരുടെ വളർച്ചക്കാവശ്യമായ അനുകൂല സാഹചര്യങ്ങൾ ലഭിക്കുന്നുണ്ടോ? ചെടി നനയ്ക്കുന്നതിന് രണ്ട് രീതിയിൽ വെള്ളം ഒഴിക്കാം. ഒരു ബക്കറ്റ് നിറയെ വെള്ളം ചെടിയുടെ മുകളിൽ സാവധാനം ഒഴിച്ച് കൊടുക്കുന്നു. അത് ചെടിയുടെ വളർച്ചയ്ക്ക് സഹായകമാകും. അതേസ്ഥാനത്ത് വെള്ളം മുഴുവൻ ചെടിയുടെ മുകളിലൂടെ ശക്തിയിലൊഴിക്കുന്നുവെങ്കിലോ. ചെടി നശിക്കും. പരിലാളന കിട്ടുന്നില്ലെങ്കിൽ നട്ടെല്ല് ചുരുങ്ങിപ്പോകുമെന്ന പഴമൊഴി ഓർക്കുക.*

 *കുട്ടികളെ സ്‌നേഹിച്ചാൽ മാത്രം പോരാ, സ്‌നേഹിക്കപ്പെടുന്നുണ്ടെന്ന് അവർക്ക് ബോധ്യപ്പെടണം!* *സ്പർശനത്തിന്റെയും തഴുകലിന്റെയും തലോടലിന്റെയും ആലിംഗനത്തിന്റെയും ഭാഷ മാത്രമേ കുഞ്ഞുങ്ങൾക്ക് മനസ്സിലാകുകയുള്ളൂ. അത് ഇന്ന് പല കുഞ്ഞുങ്ങൾക്കും ലഭിക്കുന്നില്ല.* *ജനിച്ചയുടനെ കുഞ്ഞുങ്ങളോട് കാണിച്ച സമീപനമാണോ രണ്ടോ മൂന്നോ വയസ്സാകുമ്പോൾ നാം കാണിക്കുന്നത്?* *അവർക്ക് മാനസികോല്ലാസം ലഭിക്കുന്ന നല്ല കാര്യങ്ങളൊക്കെ ചെയ്യണം. അവരുടെ കുരുന്നു കരങ്ങളിൽ പോറലേൽക്കാതിരിക്കാൻ ശ്രമിക്കണം. സ്‌നേഹം നഷ്ടപ്പെടുന്നു എന്ന തോന്നൽ അവരിൽ സൃഷ്ടിക്കരുത്.* *അവരുടെ മനസ്സിൽ തന്നെ അവഗണിച്ചു എന്നു തോന്നാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.* *ചെറുപ്പത്തിലുള്ള ഈ പെരുമാറ്റമത്രയും അവരുടെ ഭാവി ജീവിതത്തെ സ്വാധീനിക്കുക തന്നെ ചെയ്യും.*
(കടപ്പാട് )

🐿🐿🐿🐿🐿🐿🐿🐿🐿🐿🐿

Sunday, September 30, 2018

അയ്യപ്പൻ (ശാസ്താവ് ) ഒരു അവലോകനം


ശാസ്താവ് എന്നാൽ ധമ്മം ശാസിക്കുന്നവൻ, അതായത് ബുദ്ധൻ. ധമ്മം എന്നാൽ സദാചാരം...

ശബരിമല ഒരു ഹിന്ദു ആരാധനാലയമല്ല. അയ്യപ്പൻ ഒരു ഹിന്ദു അല്ല. അത് ബുദ്ധവിഹാരയായിരുന്നു. 8000 ബുദ്ധ സന്യാസിമാരെ കുന്തത്തിൽ കോർത്ത് കൊന്നിട്ടാണ് ആര്യൻമാർ (ബ്രാഹ്മണർ) ശബരിമല പിടിച്ചടക്കിയതെന്ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ശിലയിൽ കൊത്തി വച്ചിട്ടുണ്ട് (ശിലാശാസനം). ആര്യാക്രമത്തിൽ പലായനം ചെയ്ത ബുദ്ധ സന്യാസിമാർ പമ്പാനദി നീന്തി മറുകര കേറി രക്ഷപെട്ടപ്പോൾ "പമ്പകടന്നു" എന്നൊരു പദവും മലയാളത്തിന് ലഭിച്ചു. ബുദ്ധമതത്തിൽ ജാതിയില്ല. നാനാജാതി മതസ്ഥർക്കും അവിടെ സ്ഥാനമുണ്ട്. അവിടെ ആർക്കും പോകാം. ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പോകാം. മത്സ്യ മാംസാദികൾ കഴിക്കാം. ഗോത്രാചാരം പിന്തുടരുന്ന ബുദ്ധിസ്റ്റ് പഗോഡയാണത്.

ചാലക്കയം പമ്പയിലെ ആദിവാസി ഊരുകാരോട് ചോദിച്ചാൽ അവർ പറയും അവിടെ അയ്യപ്പനല്ല പുത്തനാണെന്ന് (ബുദ്ധൻ). അപ്പോൾ ഒരു സംശയം തോന്നാം. ആരാണ് അയ്യപ്പന്‍? ശരിയായ ചില നിഗമനങ്ങളും ചരിത്രപരമായ തെളിവുകളിൽ ചിലവ കുറിക്കട്ടെ...

ഹിന്ദു ദേവന്മാരില്‍ സുപരിചിതനായ കഥാപാത്രമാണ് “ശാസ്താവ്”. ചാത്തന്‍, ചാത്തപ്പന്‍, അയ്യന്‍, അയ്യപ്പന്‍, അയ്യനാര്‍, ചേവകന്‍, വേട്ടക്കൊരുമകന്‍, നിലവയ്യന്‍, ഹരിഹരസുതന്‍ etc.. എന്നിങ്ങനെ ശാസ്താവിന് മറ്റ് നാമങ്ങളുണ്ട്. രസകരമായ ഒരു വസ്തുതയിതാണ്, വടക്കേ ഇന്ത്യയില്‍ ആയിരക്കണക്കിന് ഹിന്ദു ദേവി-ദേവന്മാരും ദൈവങ്ങളുടെയും പട്ടികയില്‍ ദക്ഷിണ ഇന്ധ്യയിലെ ‘ശാസ്താവിനെ’ മിക്കപേരും അറിയുന്നില്ല. ദക്ഷിണ ഇന്ധ്യയില്‍ പ്രത്യേകിച്ച് കേരളത്തിലുള്ളവര്‍ക്ക് ‘ശാസ്താവ്’ എന്ന നാമം സുപരിചിതമാണ്. പ്രചലിതമായിരിക്കുന്ന കെട്ടുകഥകളെയും പുരാണകഥളെയും മാറ്റിനിര്‍ത്തി പ്രാചീന ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ ‘ശാസ്താവ്’ എന്ന വാക്ക് പാലിയില്‍ നിന്നുള്ളതാണെന്ന് ധാരാളം തെളിവുകളുണ്ട്. ബുദ്ധന്‍റെ പല സുത്തങ്ങളിലും (discourses) നമുക്ക് കാണാനാകും. ബുദ്ധനെ വിളിച്ചിരുന്ന മറ്റൊരു പേരാണ് ശാസ്താവ്. ശാസ്താവിന്‍റെ അര്‍ത്ഥം ഉത്തമനായ അഥവാ ശ്രേഷ്ഠനായ ശിക്ഷകന്‍. ദക്ഷിണ ഇന്ധ്യയില്‍ ബുദ്ധിസ്സത്തിന്‍റെ വരവോടെ പാലിഭാഷയുടെ പ്രഭാവം വളരെയധികമുണ്ടായി.

ശാസ്താവിന് സമാനര്‍ത്ഥപദമാണ് ‘അയ്യന്‍’. പാലിയില്‍ ‘അയ്യാ’, സംസ്കൃതത്തില്‍ ‘ആര്യാ’ (പാലിയില്‍ ‘ര്‍’ ശബ്ദം ലോഭിക്കും) എന്നും പറയും. ബുദ്ധന്‍റെ ശ്രേഷ്ഠ സംഘത്തെ ‘അയ്യ സംഘം’ അഥവാ ‘ആര്യ സംഘം’ എന്ന് പറയപ്പെടുന്നു. തമിഴകത്ത് എല്ലായിപ്പോഴും ‘അപ്പന്’ വളരെ വലിയ സ്ഥാനമാണ് നല്‍കുന്നത്. ബുദ്ധിസ്സം വളരെ ആഴത്തില്‍ കേരളീയരുടെ മനസ്സിലും സംസ്കാരത്തിലും ഭാഷയിലും പ്രഭാവമുണ്ടാക്കിയിരുന്നു. അയ്യപ്പന്‍ എന്നാല്‍ ശ്രേഷ്ഠനായ അച്ഛന്‍. ബുദ്ധനെയും പ്രഗല്‍ഭരായ ബൗദ്ധ ശിക്ഷകന്മാരെയും വിളിക്കാന്‍ ഉപയോഗിച്ചിരുന്ന പദമായിരുന്നു ‘അയ്യപ്പന്‍’. ദക്ഷിണ ഇന്ത്യക്കാര്‍ ഇന്നും ആശ്ചര്യസൂചകമായി ‘അയ്യോ’, ‘അയ്യാ’ എന്നും, (പ്രതിവിപ്ലവത്തില്‍) negative പദമായി അതിനെ ‘അയ്യേ’, അയ്യം (അഴുക്ക) എന്നിങ്ങനെ ഉപയോഗിക്കുന്നു. 1930 കളില്‍ ചില ഉത്സവങ്ങളില്‍ ‘അരുംപോരുള്‍ അയ്യോ, ഹേ പുത്താ’ അതായത് ‘ശ്രേഷ്ഠനായ പിതാവേ, ഹേ ബുദ്ധാ’ എന്ന് വിളിക്കാറുണ്ടായിരുന്നു. പാലിയിലെ ബുദ്ധന്‍ എന്ന പദത്തെ പുത്തന്‍ (പുതിയ മനുഷ്യന്‍) എന്നും, ബുദ്ധനെ പുത്തനച്ചന്‍ എന്നും പറയുന്നു. ശാസ്താവ് എന്ന പദത്തെയും അതിന്‍റെ നാനാപദങ്ങളെയും ഇപ്രകാരം ചേരളരാജ്യത്ത് സാര്‍വത്രികമായി ഉപയോഗിച്ചിരുന്നു.

ശാസ്താവായ ബുദ്ധന്‍റെയും, സംഘത്തിന്‍റെ പ്രതീകമായ അവലോകീതീശ്വര ബുദ്ധന്‍റെയും വിഗ്രഹങ്ങള്‍ പത്മാസന, അര്‍ദ്ധപത്മാസന, ചിനമുദ്രകളില്‍ കാണാം. ശാസ്താംകോവിലുകളില്‍ ഏറ്റവും പ്രഥാനപ്പെട്ടതും പ്രാചീനവുമായ ശബരിമല (ശിബിര്‍ കേന്ദ്രം) പില്‍കാലത്ത് അത് തീര്‍ഥാടന കേന്ദ്രമായി മാറുകയായിരുന്നു. തീര്‍ഥാടനത്തിന് അനുയോജ്യമായ ധനു-മകര മാസങ്ങളില്‍ തീര്‍ഥാടകര്‍ എത്തുന്നത് വ്യക്തികളായും ഗ്രൂപ്പ്‌കളായുമായിരുന്നു. ഗ്രൂപ്പുകളെ നയിച്ചിരുന്നത് ഉപാദ്ധ്യന്മാരായിരുന്നു (preceptors). പഞ്ചശീലങ്ങള്‍ ആചരിച്ചും, കഠിന നിഷ്ഠയോടെ ലൌകിക സുഖങ്ങളെ ത്വേജിച്ചും അവിടേക്ക് ആയിരങ്ങള്‍ ബുദ്ധ-ധമ്മ-സംഘ ശരണംവിളികളോടെ ദക്ഷിണഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍ നിന്ന് എല്ലാ വര്‍ഷവും എത്തുന്നു. പത്താം നൂറ്റാണ്ടിന്‍റെ അവസാനം വരെ ശബരിമലയിലെ (പൊന്നമ്പലമേട് - മാളികപുറം) തീര്‍ഥാടന കേന്ദ്രത്തിന്‍റെ ചുമതല ശാസ്താവ് അഥവാ അയ്യപ്പന്‍ എന്ന് വിളിക്കപ്പെടുന്ന ബൗദ്ധ ശിക്ഷകര്‍ക്കായിരുന്നു.

ഇനി ശ്രീ അയ്യപ്പന്‍ ആരെന്ന് നോക്കാം.

ഹിന്ദു പുരാണകഥയില്‍ അയ്യപ്പനെ പരിചയപ്പെടുത്തുന്നത് ആ വ്യക്തിയെ തേജോവധം ചെയ്യുന്ന രീതിയിലാണ് കാണപ്പെടുന്നത്. ചുരുക്കി വിവരിക്കാം, പാലാഴിമഥനത്തില്‍ അസുരന്മാര്‍ കൈക്കലാക്കിയ ‘അമൃതിനെ’ ദേവന്മാര്‍ക്ക് വീണ്ടെടുത്തു നല്‍കാനായി വിഷ്ണു വിശ്വമോഹിനിയുടെ (അഭിസാരികയുടെ) രൂപത്തില്‍ അവതാരമെടുത്തു. വിശ്വമോഹിനിയുടെ (വിഷ്ണുവിന്‍റെ) വശ്യസുന്ദര രൂപത്തില്‍ ശിവന്‍ ആകര്‍ഷിക്കപ്പെട്ടു. വിശ്വമോഹിനിയുടെ തുടയില്‍ ശുക്ലസ്കലനം സംഭവിക്കുകയും അവിടെനിന്ന് ശിവനു ഒരു പുത്രന്‍ ജനിക്കുകയും ചെയ്തു. (ഹരിഹര പുത്രന്‍ എന്ന് വിളിക്കപെടുന്നു). തുടര്‍ന്ന് ശബരിമലയിലെ വനത്തില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചു. പന്തളം രാജാവിന്‍റെ വേട്ടയാടല്‍ പര്യടനത്തിനിടെ ആ ശിശുവിനെ കണ്ടെത്തുകയും വളര്‍ത്തുമകനായി സുശ്രുഷിക്കുകയും ധര്‍മ്മശാസ്താ രാജാവായി അവരോധിക്കുകയും ചെയ്തു... ശിവനും വിഷ്ണുവിനെ പോലെ ശക്തരായ ഹിന്ദു ദൈവങ്ങള്‍ക്ക് അനുയോജ്യമായ ലൈഗിക പങ്കാളിയെ ലഭിക്കാത്തതും (ലക്ഷ്മി, പാര്‍വതി ഉണ്ടായിട്ടും) അറപ്പും വെറുപ്പും ഉളവാക്കുന്ന യുക്തിക്ക് നിരക്കാത്ത തുടയില്‍ നിന്നുള്ള പുത്രജന്മം ഉച്ചത്തില്‍ പറയുന്നത്, ശൈവ-വൈഷ്ണവ cult കള്‍ കേരളത്തില്‍ ബുദ്ധിസ്സത്തിന് അധ:പതനം സംഭവിച്ചു തുടങ്ങിയ കാലഘട്ടത്തില്‍ ശബരിമല വിഹാരവും അവിടത്തെ വരുമാനവും കൈക്കലാക്കാനുള്ള പ്രയത്നങ്ങളുടെ കഥയാണ്‌. പിന്‍തലമുറകള്‍ ഈ കഥയുടെ ആധികാരികതയെ ചോദ്യംചെയ്യാതെ അംഗീകരിച്ചു വിശ്വസിച്ചു പോരുന്ന അജ്ഞതയെ കേരള ചരിത്രകാരന്‍ കെ. എന്‍. ഗോപാലന്‍ പിള്ളയുടെ കേരളമാഹാചരിത്രത്തില്‍ ഉപസംഹരിക്കുന്നത്‌ ഇങ്ങനെയാണ്.

ഇന്ന് ഹിന്ദു ഐതീഹങ്ങളില്‍ അയ്യപ്പനെ പരിചയപ്പെടുത്തുന്ന മ്ലേച്ചവും അപഹാസ്യവുമായ ഐതീഹ-കെട്ടുകഥകളില്‍ നിന്ന് ഭിന്നമായി ചരിത്രത്തില്‍ അദേഹത്തിന് വലിയ സ്ഥാനമുണ്ട്.

ഇനി ശാസ്താവ് എന്ന അയ്യപ്പനെ ചരിത്രത്തിലൂടെ നോക്കാം.

മധുരയിലെ പ്രാചീന പാണ്ട്യന്‍ വംശാവലിയിലെ അംഗമായ പന്തളം രാജവിന്‍റെ മൂലവംശം വസിച്ചിരുന്നത് കുറ്റാലം എന്ന പ്രദേശത്തായിരുന്നു. 856 AD യില്‍ ശിവകാശിയിലെ മറവ അധികാരികളും ശിവഗംഗയും ബലാത്ക്കാരമായി അവിടെന്നിന്ന് ആട്ടിയോടിക്കുകയും, തുടക്കത്തില്‍ സഹ്യപര്‍വ്വത്തില്‍ റാന്നി ഭാഗത്തായി (150 വര്‍ഷങ്ങളോളം ഏതാണ്ട് 1006 AD വരെ) അഭയാര്‍ത്തികളായി കുടിയേറുകയും, പില്‍ക്കാലത്ത് പന്തളം കേന്ദ്രികരിച്ച് നാട്ടുരാജ്യആസ്ഥാനം പണിയുകയുമായിരുന്നു. പി. ആര്‍. രാമ വര്‍മ്മയുടെ ‘അയ്യപ്പ ചരിത്രത്തില്‍’ പറയുന്നത്, ശാസ്താവ് അയ്യപ്പന്‍ ജനിച്ചത് 1006 AD ക്ക് ശേഷമാകാം. പൊന്നമ്പലമേട്ടിലെ മഹായാന സമ്പ്രദായത്തിലെ അനുയായിയായിരുന്ന വിഹാഹിതനായ യോഗിക്ക് ജനിച്ച പുത്രനായിരുന്നു അയ്യപ്പന്‍. ആയോധനകലകള്‍ അഭ്യസിച്ച അയ്യപ്പനെ പന്തളം രാജാവിന്‍റെ സൈന്യത്തില്‍ സേവനമനുഷ്ഠിക്കാന്‍ അയക്കുകയായിരുന്നു.

അയ്യപ്പനെ ചേകവന്‍ എന്ന് വിളിക്കുന്നതില്‍ കേരളത്തിലെ ഈഴവ സമൂഹവുമായി വളരെ അടുത്ത ബന്ധമുണ്ട്. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ടും ചെറിയ ചെറിയ എതിരാളി ഗ്രൂപ്പുകളുമായി സംഘട്ടനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒറ്റക്കൊറ്റക്കോ കൂട്ടമായോ അംഗംവെട്ടുന്നവരായിരുന്നു (ഈഴവ പയറ്റു ആയോധനകല) ചേകവന്മാര്‍. അയ്യപ്പനെ ഈഴവപയറ്റു അഭ്യസിപ്പിച്ചിരുന്നത് തണ്ണീര്‍മുക്കം ചിറപ്പാഞ്ചിറയിലെ ആശാനായിരുന്നു (മൂപ്പില്‍). ചെമ്പകശേരിയില്‍ മൂപ്പില്‍ ഗുരുക്കന്മാര്‍ക്ക് ഒട്ടേറെ കളരിപുരങ്ങള്‍ ഉണ്ടായിരുന്നു. പല നാട്ടുരാജ്യങ്ങളുടെ സൈന്യത്തിന് മൂപ്പില്‍ ആശാനായിരുന്നു, തന്നയുമല്ല അവര്‍ സാമ്പത്തികമായും ശക്തരുമായിരുന്നു.

മൂപ്പില്‍ അയ്യപ്പന്‍റെ സന്തത സഹാവാസിയായിരുന്നു. അദ്ദേഹം അയ്യപ്പനെ മറ്റ് യോദ്ധാക്കളോടൊപ്പം പരീക്ഷണപോരിന് കളത്തില്‍ ഇറക്കിയിരുന്നില്ല. കാരണം, അക്കാലത്ത് മറവന്മാര്‍ ശബിരമല ആക്രമിച്ച് സമ്പത്ത് കൊള്ളയടിക്കുന്നതിനെ നേരിടാനും ശബരിമലയെ തിരിച്ചുപ്പിടിക്കാനും അയ്യപ്പന് ശക്തി സംഗ്രഹിക്കാന്‍ മൂപ്പില്‍ തല്‍പ്പരനായിരുന്നു. അതിനിടക്ക് മൂപ്പിലിന്‍റെ സുന്ദരിയായ മകള്‍ പൊന്‍കുടിയുമായി അയ്യപ്പന്‍ പ്രണയത്തിലായി. അവള്‍ അയ്യപ്പന്‍റെ കായിക ബലത്തിലല്ല ആകൃഷ്ടയായത്‌, മറിച്ച് ശബരിമല കേന്ദ്രത്തെ തിരിച്ചുപിടിക്കാനുള്ള ദൗത്യവും അദ്ദേഹത്തിന്‍റെ ധാര്‍മിക അന്വേഷണത്തിലുമായിരുന്നു പൊന്‍കുടിക്ക് താല്‍പര്യം തോന്നിയത് എന്ന് പറഞ്ഞു. അവരുടെ പ്രേമബന്ധത്തെ കുറിച്ച് ‘ഇഴോത്തിശേഷം’ (ഇഴവ പെണ്‍കൊടിയുമായുള്ള തുടര്‍സംഭവങ്ങള്‍) എന്ന് ശീര്‍ഷകത്തില്‍ അനവധി പാട്ടുകളില്‍ കാണപ്പെടുന്നു. ആ പ്രണയനന്തരം മൂപ്പിലും തന്‍റെ യോദ്ധാക്കളും അയ്യപ്പനിലൂടെ കണ്ട ദൌത്യം ഉപേക്ഷിച്ചു. എന്നാല്‍ അയ്യപ്പന്‍ തന്‍റെ തരുണിയോടുള്ള പ്രതിജ്ഞ ത്വേജിച്ച്കൊണ്ട്, പ്രതിജ്ഞാബദ്ധതയോടെ എരുമേലിയിലെക്ക് തന്‍റെ സൈന്യവുമായി പ്രയാണം ചെയ്തു.

എരുമേലിയില്‍ കോട്ടപ്പടി എന്ന സ്ഥലത്ത് തന്‍റെ ഉറ്റ ചങ്ങാതിയായ അലിക്കുട്ടിയുടെയും ഫാത്തിമയുടെയും (പാത്തുമ്മ) മകനായ ബാബര്‍ (വാവര്‍) റിനെ കാണാന്‍ പോയി. അവിടെ യുദ്ധത്തിന് ആവശ്യമായ സന്നാഹങ്ങള്‍ വാവരും സംഘവും ഒരുക്കിയിട്ടുണ്ടായിരുന്നു. (അതിനുമുമ്പ് അവിടത്തെ മലനിരകളില്‍ വാവര്‍ കവര്‍ച്ചാസംഘത്തിന്‍റെ നേതാവും അറബ് വ്യാപാരികളുമായി ബന്ധമുള്ള ആളായിരുന്നു. ഒരിക്കല്‍ വാവരും അയ്യപ്പനും യുദ്ധത്തിന് വെല്ലുവിളിക്കുകയും, ദ്വന്ദയുദ്ധത്തിനോടുവില്‍ അവര്‍ വിശ്വസ്തരായ ചങ്ങാതിമാരാകുകയും ചെയ്തു. അങ്ങനെ അയ്യപ്പനും, മൂപ്പിലും, വാവരും സഖ്യ ചേര്‍ന്ന് ശബരിമല കേന്ദ്രത്തിനെ നിയന്ത്രിച്ചിരുന്ന മറവന്മാരുടെ തമിഴ് പ്രദേശത്തിലുള്ള അഴുതക്ക് സമീപം ഇഞ്ചിപാറയിലെ കോട്ട വളയുകയും ഓര്‍ക്കാപുറത്തുള്ള ആക്രമണത്തിലൂടെ മരവന്മാരെ കീഴ്പ്പെടുത്തി അവരെ തുരത്തിയോട്ടിച്ചു. അതില്‍പിന്നെ അയ്യപ്പന്‍ ശരംകുത്തി എന്ന് പറയപ്പെടുന്ന സ്ഥലത്ത് ഒരു ആലിന്‍റെ ചുവട്ടില്‍ ആയുധം വെച്ചുപേക്ഷിക്കുകയും, ശബരിമല കേന്ദ്രത്തിലേക്ക് നടന്നുനീങ്ങി. പന്തളം രാജാവിന്‍റെ ഭരണസമതിക്ക് അതിന്‍റെ ചുമതല ഏല്‍പ്പിക്കുകയും, കുറേനാള്‍ അവിടെ ചിലവഴിക്കുകയും ചെയ്തു.

ആ അവസരത്തില്‍ പൊന്‍കുടി തന്‍റെ ചെറിയ സൈന്യവുമായി അയ്യപ്പനെ തേടിയെത്തിയപ്പോള്‍ ഒരക്ഷരം പോലും ഉരിയാടാതെ ധ്യാനാവസ്ഥയില്‍ ഇരിക്കുന്ന അയ്യപ്പനെയാണ് കണ്ടത്. ആത്മീയ പങ്കാളിത്തം മാത്രം പ്രതിജ്ഞ ചെയ്തിരുന്ന പൊന്‍കുടിയെ പൊന്നമ്പലമേട്ടിലെ ഭിക്ഷുണി സംഘത്തിന്‍റെ മടത്തിലെക്ക് അയ്യപ്പന്‍ അയക്കുകയായിരുന്നു ചെയ്തത്. അവര്‍ അപ്രകാരം അത് അനുസരിക്കുകയും, അതിന്‍റെ സൂചകമായി എല്ലാ വര്‍ഷവും മകരമാസം ഒന്നാംതിയതി ദീപം കത്തിക്കുകയും, അത് പില്‍ക്കാലത്ത് ഒരു ആചാരമായി രൂപപ്പെടുകയും ചെയ്തു.

അയ്യപ്പന്‍ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയും, പടച്ചട്ട മാറ്റി ഭിക്ഷു വേഷത്തില്‍ അവിടെ എത്തുയും ചെയ്തു. ചില കഥകളില്‍ പറയുന്നത് അദ്ദേഹം അവിടെ ഒരു രാജകുടുംബത്തിലെ യുവറാണിയെ വിവാഹം ചെയ്തുവെന്നും, പിന്നീട് നിര്‍വാണ പ്രാപ്തിക്കായി പ്രതിജ്ഞ എടുക്കുകയും ഒരു ബ്രഹുത്തായ വിഹാറിലേക്ക് പോകുകയും ചെയ്തുവെന്നാണ്.

ബുദ്ധന്‍റെ 18 നാമങ്ങളില്‍ ഒന്നാണ് ‘ശാസ്താവ്’. ബുദ്ധനെ തന്നെയാണ് അയ്യപ്പന്‍ എന്ന് പറയുന്നതും. എന്നാല്‍ ഇവിടെ പറയുന്ന അയ്യപ്പന്‍ ഒരു യോദ്ധാവായായ മനുഷന്‍റെ പേര് മാത്രമാണ്. അദ്ദേഹം ശബരിമലയും പൊന്നമ്പലമേടും തിരിച്ചുപിടിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുകയും ബൗദ്ധ ധാര്‍മിക ജീവിതത്തിലേക്ക് പ്രവേശിച്ച വ്യക്തിയുമായിരുന്നു. ജാതിയുടെയോ മതത്തിന്‍റെയോ വേര്‍തിരിവില്ലാതെ വാവരുമായുള്ള സൗഹൃദവും നല്ല ഉദ്ദേശത്തോടെയുള്ള യുദ്ധവും തികഞ്ഞ ബൗദ്ധ മനസ്സിനെയാണ് ചൂണ്ടികാണിക്കുന്നത്.

1950 കളില്‍ ടി. കെ. നാരായണ പിള്ളയുടെ ദുസ്സഹമായ ഭരണ സമയത്ത്, ചില ഗൂഡാലോചനയുടെ ഭാഗമായി ശിഷിക്കില്ലെന്ന ഉറപ്പുനല്‍കി കൊണ്ട് ചില ക്രിസ്ത്യന്‍ മതഭ്രാന്തന്മാരാല്‍ പുരാതന ക്ഷേത്രത്തെ കത്തിച്ച് നശിപ്പിക്കുകയും അതിനുള്ളിലെ ശാസ്താ വിഗ്രഹത്തെ അടിച്ചുതകര്‍ക്കുകയും ചെയ്യിച്ചു. പിന്നീട് ക്ഷേത്രത്തിന്‍റെ രൂപകല്‍പന തന്നെ മുഴുവനായി മാറ്റുകയും, പുതുതായി സ്ഥാപിച്ച ശാസ്തവിഗ്രഹിത്തിന് പഴയതിന്‍റെ ഏകദേശ രൂപം മാത്രമേ നല്‍കിയുള്ളൂ. അയ്യപ്പന്‍ എന്നാല്‍ ബുദ്ധ ബോധിസത്വനായാണ്‌ മഹായാനികള്‍ പരിഗണിക്കുന്നത്. അത് അര്‍ദ്ധ പത്മാസന മുദ്രയിലുള്ളതും, അവലോകീതീശ്വരയുടെ വലതുകൈ ചിന്നമുദ്രയും, ഇടതുകൈലെ നാല് വിരളുകള്‍ നാല് ‘അയ്യ സത്യ’ങ്ങളെ സൂചിപ്പിക്കുന്നു. ബുദ്ധിസ്സത്തിന്‍റെ വിദ്യാര്‍ഥിയും സോഷിയോ–അന്ത്രോപോളജിസ്റ്റ് കൂടിയായ ഡോ. എ. അയ്യപ്പന്‍ ശബരിമലയിലെ ശാസ്ത വിഗ്രഹത്തെ തിരിച്ചറിഞ്ഞത് ‘സാമന്തഭദ്ര ബോധിസത്വ’ (സംരക്ഷകന്‍) രൂപവുമായി സാദൃശ്യമുണ്ടെന്നാണ്. കേസരി ബാലകൃഷ്ണ പിള്ളയുടെ അഭിപ്രായത്തില്‍ ശാസ്താവിനു അവലോകീതേശ്വര ബോധിസത്വനില്‍ ‘മഹാ-സത്വ ബോധിസത്വന്‍’ (എല്ലാ ബോധിസത്വന്മാരെയും സംരക്ഷിക്കുന്നവന്‍) എന്ന് നാമമാണുള്ളത്. ധര്‍മ്മശാസ്താവ് എന്നാല്‍ ‘ധമ്മത്തെ സംരക്ഷിക്കുന്നവന്‍’ എന്ന അര്‍ത്ഥം കൂടിയുണ്ട്.

ഇന്ന് നടമാടുന്ന തീര്‍ഥാടന പര്യടനം ബ്രഹ്മാണാധിപത്യത്തിന്‍റെ മൂര്‍ച്ചവസ്ഥയില്‍ ഏകദേശം 250 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിവെച്ചവയാണ്. വാവരുടെ പിന്‍ഗാമികള്‍ക്ക് തങ്ങളുടെ പള്ളിയില് ആരാധന നടത്താനുള്ള അവകാശം ഉണ്ടെന്ന് കാണിക്കാന്‍ 1708 AD യിലെ ചില തെളിവികള്‍ കേരള ഹൈകോടതിയിലും തുടര്‍ന്ന് സുപ്രീംകോടതിയില്‍ നിന്ന് ചില വിശിഷ്ട്ട ബഹുമതി സൂചകമായ ആചാരങ്ങള്‍ നടത്താനുള്ള അനുമതിയും വാങ്ങിയിട്ടുണ്ട്.

സന്നിധാനത്തെ പ്രതീതാത്മക 18 പടികള്‍ സൂചിപ്പിക്കുന്നത്, നാല് അയ്യ സത്യങ്ങള്‍, 8 അഷ്ട്ടാഗ മാര്‍ഗ്ഗങ്ങള്‍, ത്രിരത്നങ്ങള്‍ (ബുദ്ധ-ധമ്മ-സംഘ), മൂന്ന് ചിത്ത ഭാവനകള്‍ (കരുണ-മോധിത-മൈത്രി) എന്നിങ്ങനെ. (ഹിന്ദുക്കള്‍ ഇന്ന് 18 പടികള്‍ക്ക് നല്‍കുന്ന അര്‍ത്ഥങ്ങള്‍ തട്ടികൂട്ടി ഉണ്ടാക്കിയവയാണെന്ന് പരിശോധിച്ചാല്‍ മനസ്സിലാകും). ബുദ്ധന്‍റെ 18 പേരുകളെയും അത് സൂചിപ്പിക്കുന്നു. അയ്യപ്പനെ ക്ഷത്രീയനാക്കിയും ഓരോ ചിന്നങ്ങളും അടയാളങ്ങളും നാമങ്ങളും പുനര്പ്രതിഷ്ട്ടിച്ചും ചേതിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും ചരിത്രസത്യത്തെ തിരിച്ചറിയാനോ കണ്ടെത്താനോ സാധിക്കാത്ത വിധത്തില്‍ കാര്യങ്ങളെ മാറ്റപ്പെട്ടിരിക്കുന്നു, പൊതുജനം തങ്ങളുടെ കാര്യങ്ങളെ മാറ്റപ്പെട്ടിരിക്കുന്നു, പൊതുജനം തങ്ങളുടെ അജ്ഞതയാല്‍ ബ്രാഹ്മണിക്കല്‍-സവര്‍ണ്ണ വ്യവസ്ഥയെ പരിപാലിച്ചു പോരുകയാണ്...

(കടപ്പാട്)

Monday, July 9, 2018

റോസ്മലയിലെ നിധി തേടി......


ജോലി സ്ഥലത്തായിരുന്നപ്പോഴാണ് നാട്ടിലുള്ള സുഹൃത്തായ റിനു ഒരു യാത്രയെപ്പറ്റിയുള്ള വിവരങ്ങള്‍ അയച്ചു തന്നത്. വിവരങ്ങള്‍ വായിച്ചപ്പോള്‍ തന്നെ എങ്ങനെയും ഈ യാത്രയില്‍ പങ്കാളിയാകണമെന്ന് തീരുമാനിച്ചു. ജോലി സ്ഥലമായ ഖത്തറിലിരുന്നുകൊണ്ട് തന്നെ സുഹൃത്തായ അജുവിനെക്കൊണ്ട് രജിസ്റ്റര്‍ ചെയ്യിപ്പിച്ചു. ആ യാത്രയുടെ ആവേശത്തോടെതന്നെ നാട്ടില്‍ വന്നു. ആദ്യം തന്നെ യാത്രയുടെ നിമിഷങ്ങള്‍ പകര്‍ത്താന്‍ ഒരു ആക്ഷന്‍ കാമറ ആമസോണില്‍ ഓര്‍ഡര്‍ചെയ്തു. യാത്രക്ക് രണ്ട് ദിവസം മുന്പ് തന്നെ സാധനം കയ്യിലെത്തി. മഴ നനഞ്ഞുള്ള യാത്രയാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് പുതിയ റെയിന്‍കോട്ടും ഗ്ളവുസും വാങ്ങി. എന്‍റെ സഹയാത്രികനായ റോയല്‍ എന്‍ഫീല്‍ഡ് ഡസര്‍ട്ട് സ്റ്റോം ബുള്ളറ്റിനെ ഒന്ന് വര്‍ക്ക് ഷോപ്പില്‍ കയറ്റി ചെക്കപ്പ് ചെയ്തു. ആദ്യമായാണ് ഇങ്ങനെ ഒരു സാഹസിക യാത്ര. അതിന്‍റെ ആശങ്കകള്‍ കുറെ ഉണ്ടായിരുന്നു. മെക്കാനിക്കിന്‍റെ നിര്‍ദ്ദേശപ്രകാരം ഒരു സ്പെയര്‍ ക്ളച്ച് കേബിള്‍ വാഹനത്തില്‍ കരുതി. എന്റെ ബാക്ക് പാക്കില്‍ അത്യാവശ്യം വേണ്ട വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും നിറച്ചു. യാത്രയുടെ ആരംഭം ഇടുക്കി ജില്ലയിലെ ഏലപ്പാറയില്‍ നിന്നാണ് ആരംഭിക്കുന്നത്. പക്ഷേ എന്‍റെ നാട്ടിലുള്ള പെരുന്തേനരുവിയും യാത്രാ റൂട്ടില്‍ ഉള്‍പ്പെട്ടതായതുകൊണ്ട് അവിടെ നിന്നും ജോയിന്‍ ചെയ്യാം എന്ന് ഞാന്‍ കരുതി സുഹൃത്തിനെ അറിയിച്ചു. പക്ഷേ അവന്‍ നിര്‍ബ്ബന്ധിച്ചു, എല്ലാവരും ഒരിടത്തുനിന്ന് തുടങ്ങുന്നതാണ് നല്ല്ത് അതു കൊണ്ട് ഏലപ്പാറയില്‍ എത്തണമെന്ന്. ഒടുവില്‍ ഞാന്‍ സമ്മതിച്ചു. യാത്ര എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് ഗ്രീന്‍ റിബണ്‍റൈഡ് 2018 എന്ന ഈ യാത്ര സംഘടിപ്പിച്ചത്. ഇതിന് മുന്പ് വേറൊരു യാത്രാ ഗ്രൂപ്പിന്‍റെ ഒരു ചെറിയ യാത്രയില്‍ പങ്കെടുത്തിട്ടുള്ളതുകൊണ്ട് എനിക്ക് കുറെ മുന്‍വിധികള്‍ ഉണ്ടായിരുന്നു. പക്ഷേ യാത്ര ആരംഭിച്ചു കഴിഞ്ഞപ്പോള്‍ അതൊക്കെ എനിക്ക് മാറ്റേണ്ടി വന്നു എന്നുള്ളതാണ് സത്യം. ജൂലൈ 7 ശനിയാഴ്ച രാവിലെ ബാഗ് ബുള്ളറ്റിന്‍റെ പുറകില്‍ കെട്ടിവച്ച് പോളിത്തീന്‍ ഷീറ്റ് കൊണ്ട് കവര്‍ ചെയ്തു. 7 മണിക്ക് വീട്ടില്‍ നിന്നും പുറപ്പെട്ട് എരുമേലി-മുണ്ടക്കയം-കുട്ടിക്കാനം വഴി 9 മണിക്ക് ഏലപ്പാറയില്‍ എത്തി. റോഡരികില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ തന്നെ അവിടെ നിന്ന് ചായ കുടിച്ചുകൊണ്ടിരുന്ന ഒരാള്‍ എന്നോട് യാത്രാംഗങ്ങള്‍ താമസിക്കുന്ന ഹോംസ്റ്റേയിലേക്കുള്ള വഴി പറഞ്ഞ് തന്നു. പിന്നീടാണ് മനസ്സിലായത് അത് ഞങ്ങളുടെ യാത്രാംഗമായ എറണാകുളം സ്വദേശി കിച്ചി ആയിരുന്നുവെന്ന്. ദൂരെ നിന്നുള്ളവര്‍ എല്ലാം തലേന്ന് തന്നെ ഏലപ്പാറയില്‍ എത്തിയിരുന്നു. നനുത്ത മഞ്ഞും നൂല്‍ മഴയും എപ്പോഴും പെയ്തുകൊണ്ടിരിക്കുന്ന ഏലപ്പാറയിലെ കുളിരില്‍ യാത്ര ആരംഭിക്കുവാന്‍ ഞങ്ങള്‍ ലൈനപ്പ് ചെയ്തു. കാസര്‍കോട് മുതല്‍ കൊല്ലംവരെയുള്ള ജില്ലകളില്‍ നിന്നുള്ളവരായിരുന്നു യാത്രാംഗങ്ങള്‍. കണ്ണൂരില്‍നിന്നുള്ള 17 വയസ്സുകാരന്‍ ജുനൈദ് ആയിരുന്നു ഏറ്റവും പ്രായം കുറഞ്ഞ ആള്‍. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയത്, ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ ആള്‍ ആയ 65 വയസ്സുള്ള പെരുമ്പാവൂരുകാരന്‍ ജസ്റ്റസ് ചേട്ടനായിരുന്നു. ഈ പ്രായത്തിലും അദ്ദേഹത്തിന് യാത്രയോട് ആവേശമാണ്. ഒരു ചെറിയ മീറ്റിംഗിലൂടെ ലീഡേഴ്സ് വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നു. അങ്ങനെ പത്ത് മണിയോടുകൂടി യാത്ര ആരംഭിച്ചു. മൂന്ന് കാറുകള്‍, ബുള്ളറ്റുകള്‍, ബൈക്കുകള്‍... ലീഡേഴ്സിന്‍റെ നിര്‍ദ്ദേശാനുസരണം എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ച് ലിമിറ്റഡ് സ്പീഡിലായിരുന്നു യാത്ര. അവര്‍ ഓരോരുത്തരും ഇടക്കിടക്ക് വന്ന് വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നുകൊണ്ടിരുന്നു. അരമണിക്കൂറിനുള്ളില്‍ ‍ഞങ്ങള്‍ ആദ്യത്തെ സന്ദര്‍ശന സ്ഥലമായ കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരത്തില്‍ എത്തി. ഒരു സിനിമയുടെ ഷൂട്ടിംഗിനുവേണ്ടി അവിടെ സെറ്റിന്‍റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കയായതിനാല്‍ ഉള്ളില്‍ പ്രവേശിക്കുവാന്‍ ഞങ്ങള്‍ക്ക് അനുവാദം ലഭിച്ചില്ല. എങ്കിലും ചുറ്റുപാടും പുറം കാഴ്ചകളും മൊബൈലില്‍ പകര്‍ത്തി. തിരുവിതാംകൂര്‍ രാജ്ഞിയുടെ വേനല്‍ക്കാല വസതിയായിരുന്നു അമ്മച്ചിക്കൊട്ടാരം. തിരുവിതാംകൂറില്‍ തായ് വഴി ഭരണകാലത്ത് റാണി പദവി രാജാവിന്‍റെ സഹോദരിക്കായിരുന്നു. രാജാവിന്‍റെ പത്നിക്ക്‌ അമ്മച്ചി പദവിയും. അങ്ങനെയാണ് രാജാവിന്‍റെ പത്നി താമസിക്കുന്ന കൊട്ടാരത്തിനു അമ്മച്ചി കൊട്ടാരം എന്നു പേര് വന്നത്. ജെ.ഡി. മണ്‍റോ സായിപ്പാണ്‌ കൊട്ടാരം നിര്‍മിച്ചതെന്ന് പറയപ്പെടുന്നു. ചെറിയ അകത്തളങ്ങള്‍, മൂന്നു കിടപ്പുമുറികള്‍, രണ്ട് ഹാളുകള്‍, സ്വീകരണമുറി, ഊണുമുറി, അടുക്കള, രണ്ട് രഹസ്യ ഇടനാഴികള്‍ എന്നിവയാണ് കൊട്ടാരത്തിലുള്ളത്. ഇടനാഴികളില്‍ ഒരെണ്ണം കൊട്ടാരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും രണ്ടാമത്തേത് പീരുമേട്ടിലെ ക്ഷേത്രത്തിലേക്കും നയിക്കുന്നു. കൊട്ടാരം ഇന്ന് ഒരു ഐടി കമ്പനിയുടെ ഉടമസ്ഥതയിലാണെങ്കിലും ഇവിടുത്തെ പ്രകൃതി സൗന്ദര്യം അനുഭവിക്കാന്‍ മലകയറുന്നവര്‍ നിരവധിയാണ്. അല്പസമയത്തിനകം ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. അടുത്ത സ്ഥലമായ പെരുന്തേനരുവിയിലേക്ക്. വളഞ്ഞുപുളഞ്ഞ കെ. കെ. റോഡില്‍കൂടിയുള്ള വാഹനയാത്ര സുഖകരമാണ്. റോഡിന്‍റെ ഒരു വശം മലനിരകളും മറുവശം അഗാധമായ കൊക്കയുമാണ്. ഭാരം നിറച്ച ചരക്കുവാഹനങ്ങള്‍ കയറ്റം കയറി വരുന്നുണ്ട്. തമിഴ്നാട്ടിലേക്കുള്ളവ. അതുപോലെ മധുരയില്‍ നിന്നും കമ്പത്തുനിന്നുമെല്ലാമുള്ള വാഹനങ്ങള്‍ താഴേക്ക് പോകുന്നുമുണ്ട്. മിക്കവാറും സമയങ്ങളില്‍ കൂട്ടുകാരുമാത്ത് ഞാന്‍ പോകാറുള്ള സ്ഥലങ്ങളാണ് കുട്ടിക്കാനവും പീരുമേടും സമീപമുള്ള പരുന്തുംപാറയുമെല്ലാം. മുണ്ടക്കയം കഴിഞ്ഞ് എരുമേലിയില്‍ എത്താതെ മുക്കൂട്ടുതറ വെച്ചൂച്ചിറ വഴി ഞങ്ങള്‍ പെരുന്തേനരുവിയിലേക്കുള്ള യാത്രയിലാണ്. നല്ല മഴയുള്ളതുകാരണം കഴിഞ്ഞ ആഴ്ച വരെ അരുവിയില്‍ നല്ല വെള്ളച്ചാട്ടം ആയിരുന്നു. പത്തനംതിട്ടയിൽ നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. ഇത് പത്തനംതിട്ടജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. പശ്ചിമഘട്ടത്തിലെ മലനിരകളിൽ പമ്പാനദിയുടെ ഒരു പോഷകനദിയായ പെരുന്തേനരുവിയിലാണ് ഈ വെള്ളച്ചാട്ടം. പമ്പാനദിയിൽത്തന്നെ പെരുന്തേനരുവിയ്ക്കു കുറച്ചു മുകൾ ഭാഗത്തായി പനംകുടുന്ത അരുവിയും ഒഴുകുന്നു. വളരെ മനോഹരമായ പാറക്കെട്ടുകൾ ഇവിടെയുണ്ട്. സീതയും ശ്രീരാമനും രഥത്തിൽ പോയി എന്നു പഴമക്കാർ പറയുന്ന ചില അടയാളങ്ങൾ ഈ പാറക്കെട്ടുകളിൽ ചിലതിൽ ഉണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലാണ് പെരുന്തേനരുവി. അനേകം വിനോദ സഞ്ചാരികൾ ഇവിടം കാണാൻ എത്താറുണ്ട്. പരിചയമില്ലാത്തവർക്ക് ഇവിടെ അപകടം പറ്റാൻ സാധ്യതയുണ്ട്. പാറകള്‍ക്കിടയിലെ വലിയ കുഴികളാണ് ശ്രദ്ധിക്കേണ്ടത്. വലിയ ആഴത്തിലുള്ള ഇതില്‍ വീണാല്‍ രക്ഷപ്പെടാന്‍ പ്രയാസം. നിരപ്പ് പ്രതലമെന്ന് കരുതി നടന്നുപോയാല്‍ അപകടത്തില്‍പ്പെടാം. വെള്ളച്ചാട്ടത്തിലും കരുതല്‍ വേണം. പാറയില്‍ വഴുക്കലുണ്ട്. മെയിന്‍ റോഡില്‍ നിന്നും അരുവിയിലേക്കുള്ള റോഡിന്‍റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ആവഴി പോകാന്‍ കഴിഞ്ഞില്ല. നാട്ടുകാരനായതിനാല്‍ മറ്റൊരു വഴിയേ ഞാന്‍ ടീമംഗങ്ങളെ അരുവിയിലേക്ക് നയിച്ചു. ദുര്‍ഘടമായ വഴികളില്‍ കൂടി അരുവിയിലെത്തിയപ്പോള്‍ വലിയ നിരാശയാണ് എനിക്കുണ്ടായത്. കാരണം, അരുവിയില്‍ നീരൊഴുക്കില്ല. മഴ മാറിയതിനാല്‍ മുകളില്‍ പണിതിരിക്കുന്ന ചെക്ക് ഡാമില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പവര്‍ ഹ‌‍ൗസിലേക്കാണ് ജലം ഒഴുകുന്നത്. നിറഞ്ഞ പാറക്കെട്ടുകള്‍ മാത്രം. അവിടെ നിന്നും മുകളിലുള്ള ഡാമിന് മുകളില്‍കൂടി അക്കരെ വനത്തില്‍ കടന്ന് 5 കിലോമീറ്റര്‍ വനത്തില്‍ കൂടിയുള്ള ചെറിയ ഓഫ് റോഡ് യാത്ര. തുടര്‍ന്ന് ഞങ്ങള്‍ അത്തിക്കയത്തെത്തി ഭക്ഷണത്തിനായി ഒരു ഹോട്ടലില്‍ കയറി. ചെറിയ ഹോട്ടല്‍ ആയിരുന്നുവെങ്കിലും രുചികരമായ ഭക്ഷണമാണ് ലഭിച്ചത്. അല്പസമയത്തെ വിശ്രമത്തിനുശേഷം വീണ്ടും യാത്ര തുടര്‍ന്നു. പാലരുവിയിലേക്ക്. പത്തനംതിട്ട എത്തുന്നതിനു മുന്പേ മഴ പെയ്യാന്‍ തുടങ്ങി. മുന്പിലുണ്ടായിരുന്ന യാത്രാലീഡര്‍ നാസര്‍ ഭായ് വാഹനം സൈഡിലൊതുക്കാനുള്ള സിഗ്നല്‍ തന്നു. എല്ലാവരും വാഹനങ്ങള്‍ നിര്‍ത്തി മഴക്കോട്ടുകള്‍ അണിഞ്ഞ ശേഷം യാത്ര പുനരാരംഭിച്ചു. ആനക്കൂടുള്ള കോന്നി വഴി പുനലൂരെത്തി കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കടന്നു യാത്ര തുടര്‍ന്നു. തെന്മലക്ക് മുന്പുള്ള വ്യൂ പോയിന്‍റായ ലുക്കൗട്ടില്‍ വാഹനം നിര്‍ത്തി താഴെയുള്ള ചെക്ക് ഡാമും പരിസരവും ക്യാമറയിലാക്കി തുടര്‍ന്ന് തെന്മലയിലെത്തി ചായ കുടിച്ചു. അല്പസമയത്തിനുശേഷം യാത്ര തിരിച്ച് ‍ഞങ്ങള്‍ക്ക് താമസിക്കാനുള്ള പാലരുവി റിസോര്‍ട്ടില്‍ എത്തി. ഒരു സി. എം. ഐ. പാതിരി സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിച്ചതിനു ശേഷം ആരംഭിച്ചതായിരുന്നു ഈ റിസോര്‍ട്ട്. പക്ഷേ ഒരു ആശ്രമമാണ് അദ്ദേഹം തുടങ്ങിയത്. പിന്നീട് അദ്ദേഹത്തിന്‍റെ സുഹൃത്തും ഇപ്പോഴത്തെ ഉടമയുമായ സുരേഷ് മാത്യു അത് വാങ്ങി റിസോര്‍ട്ട് ആരംഭിച്ചു. റിസോര്‍ട്ടിനെക്കുറിച്ചു പറയുകയാണെങ്കില്‍ വെള്ളച്ചാട്ടത്തില്‍ നിന്നും 4 കിലോമീറ്റര്‍ മാറി കാട്ടിനുള്ളില്‍ റോഡ് സൈഡില്‍ ആണ് ഇതു. റിസോര്‍ട്ടിന് അരികിലായി അരുവി, എതിര്‍ വശത്ത്‌ ഒരു വലിയ മല. ഏസീ റെസ്റ്റോറന്റ്, ഔട്‌ഡോര് റെസ്റ്റോറന്റ് എല്ലാം കൊണ്ടും നല്ല അന്തരീക്ഷം. ഒന്ന് കുളിച്ച് ഫ്രഷ് ആയിക്കഴിഞ്ഞ് വേള്‍ഡ് കപ്പ് മത്സരം വീക്ഷിച്ചുകൊണ്ടിരുന്നു ഞാന്‍. കുറച്ചുപേര്‍ താഴെയുള്ള അരുവിയില്‍ കുളി ആണ്. കുറച്ചു കഴിഞ്ഞപ്പോള്‍ അത്താഴം തയ്യാറായി എന്നറിയിച്ചു. രുചികരമായ ചിക്കന്‍ കറിയും ചപ്പാത്തിയും. ഭക്ഷണത്തിനുശേഷം എല്ലാവരും ഹാളില്‍ ഒരുമിച്ച് കൂടി പരസ്പരം പരിചയപ്പെടുത്തി. തുടര്‍ന്ന് പാട്ടും മേളവുമായി മനോഹര നിമിഷങ്ങള്‍. കുരെ സമയങ്ങള്‍ക്കു ശേഷം ‍ഞാന്‍ റൂമിലെത്തി ഉറക്കത്തിലേക്ക് വഴുതി വീണു. അപ്പോഴും ഹാളില്‍ പാട്ടും മേളവും തുടരുന്നുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ തന്നെ ഉണര്‍ന്ന് പ്രഭാത ഭക്ഷണത്തിനുശേഷം പാലരുവിയിലേക്ക് പോകാന്‍ എല്ലാവരും റെഡിയായി. രുചികരമായ പൂരിയും കിഴങ്ങ്കറിയും ഞാന്‍ വയറു നിറയെ കഴിച്ചു. നമ്മുടെ വാഹനങ്ങള്‍ പാലരുവിയിലേക്ക് കടത്തി വിടില്ല. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ബസിലാണ് കൊണ്ടുപോകുന്നത്. കുറെബസുകള്‍ ആള്‍ക്കാരെയും കൊണ്ട് അങ്ങോട്ട് പോകുകയും തിരിച്ചു വരികയുമുണ്ടായിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും. ഇവിടെ വന്ന് വെള്ളച്ചാട്ടത്തിനു കീഴെ കുളിക്കുന്നത് അവര്‍ക്ക് വലിയ ഇഷ്ടമാണ്. അവിടുത്തെ ജല ദൗര്‍ലഭ്യമായിരിക്കാം അതിന് കാരണം. എന്തായാലും ‍ഞങ്ങള്‍ ടിക്കറ്റ് കൗണ്ടറിനടുത്തെത്തി.ബസില്‍ കയറാന്‍ നീണ്ട നിരയാണ്. അതിന്‍റെ പുറകില്‍ ഞങ്ങളും സ്ഥാനം പിടിച്ചു. കുറച്ചു സമയത്തിനുശേഷം വന്ന ബസില്‍ കയറി പാലരുവിയിലെത്തി. ഞാന്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ മനോഹരിയായിരുന്നു പാലരുവി. പെരുന്തേനരുവിയില്‍ വെള്ലമില്ലാഞ്ഞതുകൊണ്ട് ഇവിടെയും അങ്ങനെ ആയിരിക്കും എന്നാണ് കരുതിയത്. പക്ഷേ വെള്ളമുണ്ടായിരുന്നു. എന്തൊരു തിരക്ക്‌, വെള്ളച്ചാട്ടം മുഴുവന്‍ ആളുകള്‍. മേലെ കല്‍മണ്ടപത്തില്‍ കേറി കുറച്ചു ഫോട്ടോ എടുത്തു. പണ്ട് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ നീരാട്ടിനായി വരാറുണ്ടായിരുന്നത്രേ ഇവിടേക്കു. കുറച്ച് സമയങ്ങള്‍ക്കു ശേഷം തിരിച്ച് വീണ്ടും റിസോര്‍ട്ടിലെത്തി. ഇനിയാണ് ഞങ്ങളുടെ ഫൈനല്‍ ഡസ്റ്റിനേഷന്‍ ആയ റോസ് മലയിലേക്കുള്ള യാത്ര. 12 കിലോമീറ്റര്‍ വനത്തില്‍കൂടിയുള്ള ഓഫ് റോ‍ഡ് യാത്ര. വലിയ ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ റിസ്ക്ക് എടുക്കുന്നില്ല എന്ന് മനസ്സില്‍ വിചാരിച്ചു. പക്ഷേ ടീം ലീഡേഴ്സിന്‍റെ കെയറിങ്ങും സപ്പോര്‍ട്ടും കണ്ടപ്പോള്‍ ആ ചിന്ത മാറ്റി അവരോടൊപ്പം ചേര്‍ന്നു. അങ്ങനെ റോസ് മലയിലെ നിധി തേടിയുള്ള യാത്ര ആരംഭിച്ചു. റോസാദളങ്ങള്‍ പോലെയുള്ള മലനിരകളുള്ളതു കൊണ്ടാണ് റോസ് മല എന്നു പേരു കിട്ടിയതെന്നും റോസ് മല എന്നു പേരു കിട്ടിയതെന്നും അതല്ല, ഇവിടെ എസ്‌റ്റേറ്റ് സ്ഥാപിച്ച ബ്രിട്ടിഷ് പ്ലാന്ററുടെ പത്നി റോസ്‌ലിന്റെ പേരാണ് അതെന്നും രണ്ടഭിപ്രായമുണ്ട്... ഞങ്ങൾ കാടു കേറാൻ തുടങ്ങി. ആദ്യം ഒരു കിലോമീറ്റർ വലിയ കുഴപ്പമില്ല, ടാർ റോഡ് ആണ്. റോസ്മല ഗ്രാമത്തിലേക്ക് രാവിലെയും വൈകിട്ടും കെഎസ്ആർടിസി ബസ്സ് സര്‍വീസുണ്ട്. ടാർ റോഡ് കഴിഞ്ഞതോടെ റോഡിന്റെ കാര്യം കഷ്ടമായി. ചെങ്കുത്തായ കയറ്റം. ഉരുളൻകല്ലുകളും അവിടവിടെയായി പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റുമായി ദുർഘടമായ വഴിയിലൂടെയാണ് യാത്ര. ചെളി നിറഞ്ഞ വഴിയിലൂടെ ചെങ്കുത്തായ ഇറക്കം ഇറങ്ങുമ്പോൾ പലപ്പോഴും ബ്രേക്ക് കിട്ടുന്നില്ല, വണ്ടി തെന്നി നീങ്ങിപ്പോകുന്നു. ക്ഷമയെന്താണെന്ന് ഈ ഓഫ് റോഡിലൂടെ മനസ്സിലായി. ഗീയർ മാറ്റുന്നത് ഫസ്റ്റും സെക്കൻഡും മാത്രം. ധാരാളം യുവാക്കൾ അതിലേ ബൈക്കിൽ പോകുന്നു. സത്യം പറഞ്ഞാൽ, ശ്രദ്ധ റോഡിൽ മാത്രമായതു കൊണ്ട് കാടിന്റെ ഭംഗി ആസ്വദിക്കാൻ പറ്റിയില്ല.. ... പാതി വഴി എത്തിയപ്പോൾ ഉരുളൻ കല്ലു നിറഞ്ഞ ഒരു ചപ്പാത്ത്‌. മഴയായതു കൊണ്ട് വെള്ളമുണ്ട്. ഓരോരുത്തരായി ചപ്പാത്ത് മുറിച്ചു കടന്നു. സൈലൻസറിൽ വെള്ളം കയറാതിരിക്കാൻ ഗിയർ ഫസ്റ്റിലിട്ടു മുന്നോട്ടെടുത്തു. നേരത്തെ കയറിപ്പോയവർ അപ്പുറത്തു മൊബൈലിൽ ഫോട്ടോയും വിഡിയോയും എടുക്കുന്നു. എങ്ങനെയൊക്കെയോ ഒരു വിധത്തിൽ വണ്ടി മാറ്റി മുന്നോട്ടെടുത്തു അക്കരെയെത്തി.വണ്ടി മുന്നിലേക്ക് മാറ്റി നിർത്തി മൊബൈലും എടുത്ത് പുറകെ വരുന്ന ആൾക്കാരുടെ ഫോട്ടോ പിടിക്കാനോടി. എല്ലാവരും വലിയ കുഴപ്പമൊന്നുമില്ലാതെ ഇക്കരെയെത്തി. ലീഡേഴ്സ് വെള്ളത്തില്‍ ഇറഞ്ഞി നിന്ന് വേണ്ട സഹായങ്ങള്‍ ചെയ്തു. വീണ്ടും വരിവരിയായി മുന്നോട്ട്. കുറേ ചെല്ലുമ്പോൾ വഴി രണ്ടായി പിരിയുന്നു. റോസ് മലയിലേക്കു പോകുന്ന വഴി ഒരു ചപ്പാത്തു കൂടി കടന്ന് വനംവകുപ്പ് ഓഫിസിനു മുന്നിലെത്തി. അവിടെ എല്ലാവരും പേരും വണ്ടി നമ്പരും ഫോൺ നമ്പരും സമയവും എഴുതിക്കൊടുക്കണം. അവിടെനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അപ്പുറത്താണ് റോസ് മല ഗ്രാമം. രണ്ടു മൂന്നു കടകളുള്ള ചെറിയ ഒരു കവല, അങ്ങിങ്ങായി വീടുകൾ, ശാന്തമായ പ്രദേശം. അവിടെയൊരു വാച്ച് ടവറുണ്ട്. അങ്ങോട്ടാണ് ഞങ്ങളുടെ യാത്ര. വഴി തെറ്റി കുറച്ച് മുന്പിലേക്ക് പോയപ്പോഴേക്കും വഴിയരികിലെ വീട്ടില്‍ നിന്നും ഒരു ചേച്ചി വഴി പറഞ്ഞുതന്നു..ഒരു വിധത്തിൽ വാച്ച് ടവറിനു താഴെയുള്ള റോഡ് വരെ വണ്ടി എത്തിച്ചു. കൂട്ടത്തിലുള്ളവര്‍ അതിനു മുകളിലുള്ള റോഡിലേക്ക് കുത്തനെയുള്ള കയറ്റം വണ്ടി ഓടിച്ചുകയറ്റി. ഞാന്‍ നടന്നു മുകളിൽ എത്തി, .ടവറിൽ കയറാൻ അവിടെയുള്ള കൗണ്ടറിൽനിന്ന് ടിക്കറ്റെടുക്കണം. ടിക്കറ്റെടുത്തു വാച്ച് ടവറിലേക്ക്. പാറപ്പുറത്തുകൂടി വലിഞ്ഞു മുകളിലേക്ക് കയറി. മുകളിൽ എത്തിയതോടെ നല്ല അടിപൊളി വ്യൂ. താഴെ തെൻമല ഡാം റിസർവോയറിന്റെ മനോഹരമായ കാഴ്ച. റോസാദളങ്ങള്‍ പോലെയുള്ള മലനിരകൾ. എല്ലാവരും മൊബൈൽ എടുത്ത് സെൽഫി എടുക്കാനും ഗ്രൂപ്പ് ഫോട്ടോ എടുക്കാനും മൽസരം. കുറച്ചു കഴിഞ്ഞപ്പോൾ പെട്ടെന്ന് മഴ തുടങ്ങി എല്ലാവരും മഴ നനയാതിരിക്കാൻ ടവറിന്റെ താഴെയുള്ള കൂടാരത്തില്‍ കയറി നിന്നു. അപ്പോഴാണ് കൂടെയുള്ളവരിലൊരാളുടെ കാലില്‍ നിന്നും ചോരയൊലിക്കുന്നത് കണ്ടത്. നോക്കിയപ്പോള്‍ രക്തം കുടിച്ചു വീര്‍ത്ത അട്ട. പെട്ടെന്ന് ഞാനും വെറുതെ ജീന്‍സ് മുകളിലേക്ക് ഉയര്‍ത്തി നോക്കി. സംശയം വെറുതെയായില്ല. എന്‍റെ ബി പോസിറ്റീവ് ഗ്രൂപ്പ് രക്തം കുടിച്ചു വീര്‍ത്ത അട്ട. പെട്ടെന്ന് അത് താഴെ വീണു. സര്‍വ്വ ദേഷ്യവും തീര്‍ത്ത് ഞാന്‍ അതിനെ ഷൂസിട്ട കാലുകൊണ്ട് ചവിട്ടിയരച്ചു. മഴ ശമിച്ചപ്പോള്‍ മടക്കയാത്ര ആരംഭിച്ചു. മഴപെയ്തകാരണം തിരിച്ചുള്ള യാത്ര ബുദ്ധിമുട്ടാകും. റോഡില്‍ തെന്നിവീഴാന്‍ സാദ്ധ്യത ഉണ്ട്. വന്നവഴിയെല്ലാം തന്നെ തിരിച്ച് ഇറങ്ങണമെന്ന് ഓര്‍ത്തപ്പോള്‍ ഒരു വൈക്ളബ്യം. എങ്കിലും നമ്മുടെ സാഹസികത കാണിക്കണമല്ലോ എന്നോര്‍ത്ത് മലയിറങ്ങിത്തുടങ്ങി. പോയതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നു മടക്കയാത്ര. മഴയും കോടയും കൂടി ആയതോടെ റിസ്ക് കൂടി. എങ്കിലും ആ സാഹസികതയൊക്കെ ആസ്വദിച്ച് തിരിച്ച് റിസോര്‍ട്ടിലെത്തി വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചു. ഭക്ഷണത്തിന്‍റെ കാര്യത്തില്‍ അവിടെയുള്ളവരെ പ്രശംസിക്കാന്‍ ഞാന്‍ മടി കാണിച്ചില്ല.. അനേകം വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഭക്ഷണം. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്തു. മടക്കയാത്രക്ക് ഒരുങ്ങി. കണ്ണൂര്‍ വരെ എത്തേണ്ടവരുണ്ട്. മഴയും തുടങ്ങി. പരസ്പരം ഫോണ്‍ നന്പരുകള്‍ കൈമാറി. അടുത്ത യാത്രയില്‍ കാണാം എന്ന് പറഞ്ഞ് യാത്ര സൈന്‍ ഓഫ് ചെയ്തു. ഇത്രയും ഓര്‍ഗനൈസ്ഡ്ആയ ഒരു യാത്രയില്‍ പങ്കെടുക്കാന്‍ സാധിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. പുതിയ ആള്‍ക്കാരെ പരിയപ്പെടുവാനും സൗഹൃദം സ്ഥാപിക്കുവാനും കഴിഞ്ഞു. ടീം ഇന്‍സ്‍ട്രക്ടര്‍മാരുടെ കരുതലും സപ്പോര്‍ട്ടും പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു. മടക്കയാത്രയില്‍ 13 കണ്ണറ പാലത്തിനടുത്ത് നിന്ന് കുറെ ഫോട്ടോയെടുത്തശേഷം വീട്ടിലേക്കുള്ള യാത്ര തുടര്‍ന്നു. എട്ടരയോടെ വീട്ടില്‍ എത്തി. വീട്ടിലെത്തി ആലോചിച്ചപ്പാഴാണ് എനിക്ക് റോസ്മലയിലെ ആ നിധിയെപ്പറ്റി മനസ്സിലായത്. ആ നിധി റോസ് മലയിലായിരുന്നില്ല. റോസ് മലയിലേക്കുള്ള സാഹസികമായ ഓഫ് റോഡ് യാത്രയായിരുന്നു ആ അമൂല്യമായ നിധി....

Tuesday, May 29, 2018

മാതാപിതാക്കളോടൊപ്പം ഒരു സിങ്കപ്പൂർ യാത്ര-1


ഓയിൽ ഫീൽഡിൽ ജോലി ചെയ്യുന്ന എന്റെ മാസമാസമുള്ള ആകാശ യാത്രക്ക് എയർപോർട്ടിൽ കൊണ്ടുവിടുമ്പോളും തിരികെ വിളിക്കാൻ വരുമ്പോളുമുള്ള മാതാപിതാക്കളുടെ ആകാംക്ഷയും അമ്പരപ്പും കാണുമ്പോളൊക്കെ അവരെ ഒരിക്കൽ ഫ്ലൈറ്റ് യാത്ര ചെയ്യിക്കണമെന്നു മനസ്സിൽ കരുതിയിരുന്നു. ഒരു ചുമട്ടു തൊഴിലാളി ആയിരുന്ന പിതാവിന് ആകാശയാത്ര ഒരിക്കലും സ്വപ്നത്തില്പോലുമില്ലായിരുന്നു. അമ്മ രണ്ടു തവണ ആകാശയാത്ര ചെയ്തിട്ടുണ്ട് എങ്കിലും വീട്ടമ്മയായി ഒതുങ്ങി കൂടുകയായിരുന്നു. കൊച്ചിയിൽ നിന്നുള്ള ടൂർ ഏജൻസിൻസിയോടൊപ്പമായിരുന്നു യാത്ര. ആകെ 41 പേര് അടങ്ങിയ ഗ്രൂപ്പ്. മെയ് 17 നു രാത്രി 1 .30 നു കൊച്ചിയിൽ നിന്നും ഫ്ലൈറ്റ് പറന്നുയർന്നു. അകെ ആമ്പരപ്പിലായിരുന്നു പിതാവ്. അമ്മയെ സംബന്ധിച്ചിടത്തോളം വലിയ ടെൻഷൻ ഒന്നുമില്ലായിരുന്നു. ഫ്ലൈറ്റിലെ ഫുഡും മറ്റും പ്രതീക്ഷിച്ച പിതാവിന് ബജറ്റ് ഫ്ലൈറ്റ് ആയതിനാൽ അതൊന്നും ലഭ്യമാകയില്ല എന്നറിഞ്ഞപ്പോൾ ചെറിയ നിരാശ തോന്നി. എങ്കിലും ആകാശയാത്രയിലെ അമ്പരപ്പും എയർ പോക്കറ്റിൽ വീഴുമ്പോളുണ്ടായ ഭയവുമൊക്കെ തന്നോടൊപ്പമുണ്ടായിരുന്നു. ഇതൊന്നും പേടിക്കേണ്ട കാര്യമില്ല എന്ന് ഞാൻ ഇടയ്ക്കിടെ ഓർപ്പിച്ചുകൊണ്ടിരുന്നു. പുലർച്ചെ 6.30 ഫ്ലൈറ്റ് സിംഗപ്പൂർ എയർപോർട്ടിൽ ലാൻഡ് ചെയ്തു. ഐര്പോര്ടിലെ നടപടിക്രമങ്ങൾക്ക് ശേഷം അവിടെ തന്നെ എല്ലാവരും ഫ്രഷ് ആയി. ഞങ്ങൾക്കുള്ള ഹോട്ടലിൽ 3 മണിക്കേ ചെക് ഇൻ ചെയ്യാൻ പറ്റുകയുള്ളൂ. ഉടൻതന്നെ ഞങ്ങളുടെ ഗൈഡ് മിസ്സിസ് ശബ്നം എത്തി. ബോംബെക്കാരായ മാതാപിതാക്കളുടെ മകളായി സിംഗപ്പൂരിൽ ജനിച്ചു വളര്ന്ന 50 വയസിനുമേൽ പ്രായമായ മാന്യയായ വനിത. ഞങ്ങളെ എല്ലാവരെയും പരിചയപ്പെട്ടതോടൊപ്പം അവർ തന്നെത്തന്നെ ഞങ്ങൾക്കും പരിചയപ്പെടുത്തി. തുടർന്ന് 10 മണിയോടുകൂടി ഞങ്ങൾ ഐര്പോര്ടിനു പുറത്തിറങ്ങി. അപ്പോഴേക്കും ഞങ്ങളുടെ ലഗ്ഗേജ് കൊണ്ടുപോകാനുള്ള വാഹനവും യാത്ര ചെയ്യാനുള്ള വാഹനവും എത്തിയിരുന്നു. ബാഗുകൾ എല്ലാം തന്നെ ലഗ്ഗേജ് വാനിൽ കയറ്റിയശേഷം ഞങ്ങൾ യാത്ര ചെയ്യാനുള്ള കോച്ചിൽ കയറി. സിറ്റി ടൂറിനുള്ള യാത്ര ആരംഭിച്ചു. മനോഹരവും വൃത്തിയുള്ളതുമായ റോഡുകൾ. എങ്ങും മാലിന്യങ്ങളോ ഇവിടുത്തെപ്പോലെ വഴിനീളെ പോസ്റ്ററുകളോ ഒന്നും കാണാനില്ല. ശബ്നം ഞങ്ങൾക്ക് അവിടുത്തെ മാലിന്യനിർമ്മാർജ്ജനത്തെ പറ്റിയും വൃത്തിയെപ്പറ്റിയുമെല്ലാം വിശദമായി പറഞ്ഞു തന്നു. അതോടൊപ്പം സിംഗപ്പൂരിന്റെ ചരിത്രവും വിശദമായി പറഞ്ഞു തന്നു . വഴിയരികിലെ ഓരോ കെട്ടിടങ്ങളെപ്പറ്റിയും വിശദമായ വിവരണം അവർ നൽകി കൊണ്ടിരുന്നു. ആദ്യ ദിവസം തന്നെ അവർ ഞങ്ങളിൽ ഒരാളായി മാറിക്കഴിഞ്ഞിരുന്നു. സൗമ്യമായ സംസാരവും ആരെയും ആകർഷിക്കുന്ന വ്യക്തിത്വത്തുനുടമയുമായിരുന്നു ശബ്നം. കുറച്ചു സമയത്തിന് ശേഷം ഞങ്ങൾക്ക് ഉച്ച ഭക്ഷണം ക്രമീകരിച്ചിരുന്നു ഹോട്ടലിൽ എത്തി. വടക്കേ ഇന്ത്യൻ ശൈലിയിലുള്ള ഭക്ഷണം ആയിരുന്നു. പ്രഭാത ഭക്ഷണം കഴിച്ചിട്ടില്ലാതിരുന്നതിനാൽ എല്ലാവരും നന്നായി കഴിച്ചു. തുടർന്ന് വീണ്ടും സിറ്റി ടൂറിനു പുറപ്പെട്ടു. സിംഗപ്പൂരിന്റെ ചരിത്രം നിറഞ്ഞ കെട്ടിടങ്ങളും വഴിയോരങ്ങളുമെല്ലാം ഞങ്ങൾ കണ്ടുകൊണ്ടു മുന്നോട്ടു നീങ്ങി. വൈകിട്ട് 5 മണിക്ക് സിറ്റി ടൂറിനു ശേഷം ഞങ്ങളുടെ ഹോട്ടലിൽ എത്തി . വൃത്തിയുള്ള ഹോട്ടൽ. പക്ഷെ ചെറിയ മുറികളാണ്. ഇന്നിനി മറ്റു പരിപാടികളില്ല . എല്ലാവരും കുളിയും മറ്റും കഴിഞ്ഞ ശേഷം ചുട്ടു പാടുമൊക്കെ കറങ്ങി. ഇന്ത്യയിലെ വില അനുസരിച്ചു നോക്കിയാൽ അതിന്റെ മൂന്ന് നാല് ഇരട്ടി വില എങ്കിലും കൊടുക്കാനും സിംഗപ്പൂരിൽ പല സാധനങ്ങൾക്കും. അടുതുള്ള ഒരു തമിഴ് റെസ്റ്റോറന്റ് ശബ്നം ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു. അവിടെ ചായ ഒരു ഡോളറിനു ലഭിക്കും. പക്ഷെ ഒരു ചായ എന്ന് പറഞ്ഞാൽ മൂന്നു പേർക്ക് കുടിക്കാൻ ആവശ്യമുള്ള ചായ ഉണ്ട്. തുടർന്നുള്ള ദിവസങ്ങളിലെ എന്റെയും മാതാപിതാക്കളുടെയും പ്രഭാത ഭക്ഷണം ആ റെസ്റ്റോറന്റിലെ രുചിയുള്ള ദോശയും വടയുമായിരുന്നു. താമസിക്കുന്ന ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വെസ്റ്റേൺ ശൈലിയിലുള്ള പ്രഭാത ഭക്ഷണം മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അത്ര സ്വീകാര്യമല്ലായിരുന്നു. ഇന്ത്യയേക്കാൾ രണ്ടര മണിക്കൂർ മുൻപിലാണ് സിംഗപ്പൂർ സമയം. വൈകുന്നേരം ഭക്ഷണത്തിനു ശേഷം എല്ലാവരും ഹോട്ടലിൽ എത്തി ഉറക്കത്തിലേക്കു വീണു. (തുടരും)

Wednesday, May 9, 2018

യേശുദാസും ഒരു സെൽഫിയും


തന്റെ സെല്ഫിയെടുത്ത ആളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ആ ഫോട്ടോ ഡിലീറ്റ് ചെയ്യുന്ന ഗായകൻ യേശുദാസിസ്ന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കയാണല്ലോ. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല അഭിപ്രായങ്ങളും പലരും സോഷ്യൽ മീഡിയയിൽ കൂടി പങ്കു വയ്ക്കുന്നുണ്ട്. അതിനെക്കുറിച്ചു ചില കാര്യങ്ങൾ. യേശുദാസിനോടുള്ള ആരാധനയാണ് ആ ചെറുപ്പക്കാരനെ ആ "സാഹസത്തിനു" പ്രേരിപ്പിച്ചത്. നിർദോഷമായ ഒരു കാര്യം. ജനക്കൂട്ടത്തിനിടയിലൂടെ ഇറങ്ങി വരുന്ന ഗായകൻ തന്റെ അടുത്തെത്താറായപ്പോൾ തന്നോടൊപ്പം അദ്ദേഹത്തെയും ഫ്രെയിമിലാക്കി ഒരു ഫോട്ടോ എടുത്തു എന്ന കുറ്റമേ അയാൾ ചെയ്തുള്ളൂ. പക്ഷെ അപ്പോൾ യേശുദാസ് ചെയ്ത പ്രവർത്തി തീർത്തും താരംതാണതായിപ്പോയി. ആ ജനമധ്യേ ആ ചെറുപ്പക്കാരനെ പരസ്യമായി അപമാനിക്കുകയാണ് അദ്ദേഹം ചെയ്തത്. ഒരു ഫോട്ടോ എടുക്കുന്നത് ഇത്ര വലിയ കുറ്റമാണോ? പത്രക്കാരൊക്കെത്തന്നെ അപ്പോൾ അദ്ദേഹത്തിന്റെ വിഡിയോയും ഫോട്ടോയുമൊക്കെ എടുത്തുകൊണ്ടിരിക്കയായിരുന്നു. അപ്പോൾ ആ ചെറുപ്പക്കാരൻ ഒരു ഫോട്ടോ എടുത്തത് അത്ര വലിയ തെറ്റാണോ? ആ ഒരു നിമിഷം കൊണ്ട് യേശുദാസിനു ജനങ്ങളുടെ ഇടയിലുള്ള സകല ബഹുമാനവും നഷ്ടപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തി. അല്പം അഹംഭാവം അല്ലെ അദ്ദേഹത്തിന്റെ ആ പ്രവർത്തിയിൽ ദൃശ്യമായത്? യേശുദാസിനു ദൈവം നൽകിയ വരദാനമായ സംഗീതത്തിലൂടെ അദ്ദേഹം വളരെ താഴെക്കിടയിൽ നിന്നും ഉയർന്നു വന്നയാളാണ്. അങ്ങനെയുള്ള ഒരു കലാകാരൻ കുറച്ചു എളിമയുള്ളവൻ ആയിരിക്കണം. വന്ന വഴിയെ മറക്കയോ തന്റെ സമൂഹത്തിലുള്ള സ്ഥാനം മനസ്സിലാക്കാതിരിക്കയോ ചെയ്യരുത്. തന്റെ ഉയർച്ചക്കുവേണ്ടി പലരുടെയും അവസരങ്ങൾ നഷ്ടപ്പെടുത്തിയിട്ടുള്ള ആളാണ് യേശുദാസ് എന്ന്‌ പല ആരോപണങ്ങളും ഉയർന്നിട്ടുള്ളതാണ്. പക്ഷെ ആരും പരസ്യമായി അത് പറഞ്ഞു അദ്ദേഹത്തിന് മാനക്കേട് വരുത്തിയിട്ടില്ലായിരുന്നു. എന്നാൽ ഈ ഒരു വിഷയം കൊണ്ട് തന്റെ ജീവിതത്തിലെ പല കാര്യങ്ങളും തുറന്നു പറയാൻ പലർക്കും അവസരമായി എന്നുള്ളത് സത്യമാണ്. കഴിഞ്ഞ എഴുപതിലധികം വര്ഷം തൻ നേടിയ എല്ലാ ബഹുമാനവും നഷ്ടപ്പെടുത്താൻ ഒരു നിമിഷം കൊണ്ട് അദ്ദേഹത്തിന് സാധിച്ചു. സമൂഹത്തിലെ ഉന്നത സ്ഥാനത്തുള്ളവർ ഇങ്ങനെയുള്ള കാര്യങ്ങളിൽ കുറെ കൂടി ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. ഇതൊക്കെ കാണുന്ന മറ്റുള്ളവരെങ്കിലും ഇങ്ങനെയുള്ള അവസരങ്ങളിൽ കുറേക്കൂടി ശ്രദ്ധാപൂർവം കാര്യങ്ങൾ കൈകാര്യം ചെയ്യും എന്ന് പ്രതീക്ഷിക്കാം . അല്ലെങ്കിൽ ജനങ്ങളുടെ മനസ്സിലുള്ള വിഗ്രഹങ്ങളൊക്കെ വീണുടയാൻ ഒരു നിമിഷം മാത്രം മതി.

കശ്മീർ ഡയറി -3

  സോനാമാർഗ് & സീറോ പോയിന്റ് മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു . സോന...