Wednesday, October 9, 2019

യൂറോപ്പ് ഡയറി - 2

സ്വിറ്റ്സര്‍ലന്‍റ് - ഭൂമിയിലെ സ്വര്‍ഗ്ഗം (ഭാഗം- 2)

ലുസേണിലേക്കുള്ള ഞങ്ങളുടെ യാത്രയാരംഭിച്ചു. ഇരുവശങ്ങളിലുമുള്ള പച്ചപ്പുല്‍പ്പാടങ്ങളും ബാര്‍ലിപ്പാടങ്ങളും ആപ്പിള്‍ മരങ്ങളും മുന്തിരിത്തോട്ടങ്ങളുമെല്ലാം കണ്ടാണ് യാത്ര. ഇടയ്ക്കെവിടെയെങ്കിലും ബസ് ഒന്ന് നിര്‍ത്തി ഈ സ്ഥലത്തിന്‍റെ ഭംഗി ഒന്നാസ്വദിച്ച് പോകാനുള്ള ആഗ്രഹം കൊണ്ട് ഞാന്‍ റിതിനോട് ചോദിച്ചു.

വണ്ടി ഒന്ന് നിര്‍ത്തി നമുക്ക് സ്ഥലം കണ്ടിട്ട് പോകാന്‍ പാടില്ലേ"?. ഏതെങ്കിലും ഗ്രാമത്തില്‍ വണ്ടി നിര്‍ത്തിയാല്‍ നന്നായിരുന്നു"

പക്ഷേ റിതിന്‍റെ മറുപടി എന്നെ മാത്രമല്ല, എല്ലാവരെയും നിരാശപ്പെടുത്തുന്നതായിരുന്നു.

"ഇവിടെ ബസ് എങ്ങും നിര്‍ത്താന്‍ പറ്റില്ല സര്‍, ഫൈന്‍ ഉണ്ടാകും"

സ്വിറ്റ്സര്‍ലന്‍റിലെ നിയമത്തെക്കുറിച്ചുള്ള എന്‍റെ അജ്ഞത കാരണം റിതിന്‍ പറഞ്ഞത് വിശ്വസിച്ച് മുന്നോട്ട് പോകുകയേ എനിക്ക് മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. അപ്പോള്‍ ഗാന്ധിജി പറഞ്ഞ വാക്യം ഓര്‍ത്ത് നിരാശപ്പെടാനേ എനിക്ക് കഴിഞ്ഞുള്ളൂ. "രാജ്യത്തിന്‍റെ ആത്മാവ് കുടി കൊള്ളുന്നത് ഗ്രാമങ്ങളിലാണ്". പക്ഷേ സ്വിറ്റ്സര്‍ലന്‍റിന്‍റെ ആത്മാവ് ഗാന്ധിജി പറഞ്ഞ രീതിയില്‍ കാണാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല.

ആരെയും വശീകരിക്കുന്ന സൗന്ദര്യം വാരിക്കോരി നല്‍കി പ്രകൃതി അനുഗ്രഹിച്ച രാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ് . സംസ്‌കാരം കൊണ്ടും നന്മ കൊണ്ടും ഭാവന കൊണ്ടും ആ സൗന്ദര്യത്തെ ഇരട്ടിപ്പിക്കുന്ന ജനങ്ങള്‍. സ്വിറ്റ്‌സര്‍ലന്‍ഡ് ഭൂമിയിലെ സ്വര്‍ഗമാകുന്നത് മറ്റെവിടെയും ശരിയാവാത്ത ഈ അനുപാതം എങ്ങിനെയോ ശരിയായി വന്നതു കൊണ്ടാവണം. ഇന്ന് ലോകത്തെ എല്ലാ സഞ്ചാരികളുടെയും ലക്ഷ്യം ഒരിക്കലെങ്കിലും സ്വിറ്റ്‌സര്‍ലന്‍ഡ് കാണുക എന്നതായിരിക്കുന്നു. അതില്‍ അത്ഭുതമില്ല, സഞ്ചാരികളുടെ പറുദീസ എന്നൊക്കെ എല്ലാ രാജ്യങ്ങളും അവകാശപ്പെടുന്ന ബഹുമതിയാണെങ്കിലും അതിന് എല്ലാം കൊണ്ടും അര്‍ഹതയുള്ള രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡ് തന്നെയാണ്. 

ഇവിടെ മിക്കകെട്ടിടങ്ങളിലും വീടുകളിലും സ്വിസ്സ് പതാക കാണാം. സമചതുരാകൃതിയിലുള്ള  പതാകയാണ് സ്വിസ്സിന്‍റേത്.ചുവന്നസമചതുരത്തില്‍ നടുക്ക് ഒരു ക്രോസ്സ് ചിഹ്നം.
ഞങ്ങളുടെ ഡ്രൈവര്‍ വളരെ മനോഹരമായാണ് ബസ് ഓടിക്കുന്നത്.  വഴി നീളെ തുരങ്കങ്ങളുള്ള  പാതയിലൂടെയായിരുന്നു യാത്ര. തുരങ്കങ്ങളുടെ ഒരു രാജപാത എന്നു തോന്നിക്കുന്ന റോഡ് തന്നെ വലിയ അനുഭവമാണ്. മലകളൊന്നും ഇടിച്ച നിരപ്പാക്കാതെ പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിലാണ് ഇവിടുത്തെ റോ‍ഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചെറിയ തുരങ്കങ്ങള്‍ മുതല്‍ 16 കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ വരെയുണ്ട് ഇവിടെ. നദികളുടെയും കായലുകളുടെയും നാടായ ഇവിടെ പ്രകൃതിക്കോ പരിസ്ഥിതിക്കോ കോട്ടം വരുത്താത്ത വിധമാണ് എല്ലാ പദ്ധതികളും ആവിഷ്‌കരിച്ചിരിക്കുന്നത്. ഒഴുകുന്ന വെള്ളത്തില്‍പ്പോലും ജലവൈദ്യുത പദ്ധതികള്‍ കാണാം. അവിടത്തെ ഊര്‍ജ്ജോത്പാദനത്തിന്റെ 60 ശതമാനവും ഇത്തരം ചെറിയ ജലവൈദ്യുതപദ്ധതികളിലൂടെയാണ്. പുരോഗമനോന്മുഖമായ ഒരു വികസന സങ്കല്‍പ്പം അവര്‍ക്കുണ്ട് എന്ന് സൂചിപ്പിക്കുന്നവയാണ് ഓരോ പദ്ധതികളും.

ഗ്രാമങ്ങളെയും സമതലങ്ങളെയും പിന്നിട്ട് ഞങ്ങള്‍ ലുസേണ്‍ നഗരത്തിലേക്ക് പ്രവേശിച്ചു. 

അതിമനോഹരമായ സ്ഥലമാണ് ലുസേണ്‍. നീലത്തടാകങ്ങള്‍, പച്ച പുതച്ച താഴ്‌വരകള്‍, ചുറ്റും മഞ്ഞുമലകള്‍. പ്രകൃതി വരച്ച ഏറ്റവും റൊമാന്‍റിക്കായ ചിത്രം പോലെ. തടാകവും മഞ്ഞുമലകളും മുട്ടിയുരുമ്മുന്ന സ്വര്‍ഗീയസൗന്ദര്യം വഴിയുന്ന ഭൂമി. 2010-ൽ ട്രിപ്‌അഡ്‌വൈസർ എന്ന സൈറ്റ്‌ അഞ്ചാമത്തെ വലിയ ടൂറിസം ഡെസ്‌റ്റിനേഷനായി തെരഞ്ഞെടുത്ത നഗരം. നഗരവീഥികൾ ആൽപ്‌സ്‌ പർവതത്തിലെ മൗണ്ട്‌ പിലാറ്റസിനെ ചുംബിച്ചു നിൽക്കുകയാണ്‌. എവിടെ നോക്കിയാലും ജലപാതങ്ങള്‍. വിനോദ സഞ്ചാരികളുടെ മനം കവരുന്ന നാടാണ് സ്വിറ്റ്സര്‍ലണ്ടിലെ ലുസേണ്‍ തടാകം . സെന്‍ട്രല്‍ സ്വിറ്റ്സര്‍ലന്‍റിലെ ഏറ്റവും ജനസംഖ്യയുള്ള ലുസേണ്‍ നഗരത്തിലാണ് ലുസേണ്‍ തടാകം . ഇവിടെ മൂന്ന് മുനിസിപ്പാലിറ്റികളും മൂന്ന് പട്ടണങ്ങളും സ്ഥിതി ചെയ്യുന്നു. ലുസേണിന്‍റെ ഔദ്യോഗിക ഭാഷ ജര്‍മനാണ് . നിരവധി തടാകങ്ങള്‍ കൂടി കലര്‍ന്ന് കിടക്കുന്നതിനാല്‍ ലുസേണ്‍ തടാകത്തിന്‍റെ രൂപം സങ്കീര്‍ണമാണ് . മലകള്‍ക്കിടയിലായി കാണുന്ന ലുസേണ്‍ തടാകത്തിലെ ബോട്ടിങ് മറ്റൊരു പ്രത്യേകതയാണ്.

ലുസേൺ നഗരത്തിൽ 14-​‍ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട മരത്തില്‍‍  തീർത്ത ചാപ്പൽ (കാപ്പല്‍) ബ്രിഡ്‌ജിനു മുകളിലൂടെ ഞങ്ങൾ നടന്നു. ബ്രിഡ്‌ജിനുള്ളിൽ 17-‍ാം നൂറ്റാണ്ടിലെ ചരിത്രം ചിത്രീകരിക്കുന്ന പെയിന്‍റിങ്ങുകൾ. പണ്ടുണ്ടായ ഒരു തീപിടുത്തില്‍ ചിത്രങ്ങള്‍ ഏറെയും നഷ്ടപ്പെട്ടു. കുറച്ചു ചിത്രങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പാലത്തിലൂടെ ഞങ്ങള്‍ അക്കരെയെത്തി. ഈ പാലം ലൂസേണിലെ ഒരു പ്രധാന ലാൻഡ്‌മാർക്ക്‌ ആണ്‌. ഇതിനടുത്തുള്ള സെൻ്‍റ് പീറ്റേഴ്സ് ചര്‍ച്ചിലേക്ക് ആളുകള്‍ക്ക് വരാനായി ആണ് ഈ പാലം പണിതത്. പാലത്തിന്‍റെ ഇരുവശങ്ങളിലും പൂക്കള്‍ നിറഞ്ഞ ചെടികള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു.
തടാകത്തില്‍  അനേകം അരയന്നങ്ങള്‍ നീന്തിത്തുടിക്കുന്നു. തടാകക്കരയിലെ കെട്ടിടങ്ങളുടെ പ്രതിബിംബങ്ങള്‍ വെള്ളത്തില്‍ പ്രതിബിംബിക്കുന്നത് കാണാന്‍ ഒരു പ്രത്യേക ഭംഗിയാണ്. പലപ്പോഴും കലണ്ടറിലുും പോസ്റ്റ് കാര്‍ഡിലുമാണ്  ചിത്രങ്ങള്‍ കണ്ടിട്ടുള്ളത്. പാലത്തിന് സമീപമായി വെള്ളത്തില്‍ ഒരു ഗോപുരം കാണാം. പണ്ട് ഇതിനുള്ളില്‍ കുറ്റവാളികളെ പീഡിപ്പിച്ചിരുന്നുവത്രെ. ഇവിടെയുള്ള കെട്ടിടങ്ങളെല്ലാം ഏകദേശം ഒരേ രീതിയില്‍ പണികഴിപ്പിച്ചവയാണ്. ഗോഥിക് ശൈലിയില്‍ പണികഴിപ്പിച്ചിട്ടുള്ള ധാരാളം പള്ളികളും കാണാം.



തുര്‍ന്ന് ഞങ്ങള്‍ ലയണ്‍ മോണുമെന്‍റ് കാണാന്‍ പോയി. ഒരു വലിയ പാറയില്‍ കൊത്തിയിരിക്കുന്ന കുന്തം തറക്കപ്പെട്ടുകിടക്കുന്ന ഒരു സിംഹത്തിന‍റെ ശില്പമാണ് ഇത്. അതോടൊപ്പം സ്വിസ്സ് പടയാളികളുടെ പരിചയുമുണ്ട്. ഫ്രഞ്ച് വിപ്ലവസമയത്തുള്ള സ്വിസ്സ് ആര്‍മിയുടെ വിശ്വസ്തതയുടെയും ധീരതയുടെയും ഓര്‍മ്മയ്ക്കായി ആണ് 1820 ല്‍ ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ദുഃഖകരമായ കല്ല് എന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്.
തുടര്‍ന്ന് ഞങ്ങള്‍ ചെറിയ ഷോപ്പിംഗ് നടത്തി. ഇവിടുത്തെ പശുക്കളുടെ കഴുത്തില്‍ കെട്ടുന്ന ഒരു പ്രത്യേകതരം മണിയുണ്ട്. അതിന്‍റെ ചെറിയ വലിപ്പത്തില്‍ ഉള്ളത് രണ്ടെണ്ണം വാങ്ങി.  സ്വിസ്സ് ബെല്‍ എന്നാണ് ഇതറിയപ്പെടുന്നത്. ഒന്നിനും വില കുറവില്ല എന്നുള്ളതാണ് സത്യം. മാത്രമല്ല, യൂറോയെ ഇന്‍ഡ്യന്‍ രൂപയിലേക്ക് കണ്‍വര്‍ട്ട് ചെയ്തു നോക്കുന്ന മലയാളികളുടെ ആ മനസ്സ് കാണാതെ പോകരുത്. 

ഇവിടുത്തെ ചില ബസുകളുടെ പ്രത്യേകത എടുത്തുപറയേണ്ടതാണ്. നമ്മടുെ നാട്ടിലെ ഇലക്ട്രിക് ട്രെയിന്‍ ഓടുന്നതുപോലെ ഇലക്ട്രിക് ലൈനുകളിലാണ്  ഇവ ഓടുന്നത്. മൂന്ന് ബസുകള്‍ ചേരുന്ന വലിപ്പമുണ്ട് ഇവയ്ക്ക്. ഇടയ്ക്ക് മൂന്നിനെയും ബന്ധിപ്പിക്കുന്ന ഒരു ഭാഗവുമുണ്ട്. ആര്‍ ബസ് എന്ന് ഇതില്‍ എഴുതിയിട്ടുണ്ട്. കൂടാതെ ട്രാം സര്‍വ്വീസുമുണ്ട്. എങ്കിലും ആളുകള്‍ കൂടുതലായി സൈക്കിള്‍ ഉപയോഗിക്കുന്നുണ്ട്.

വൈകിട്ടത്തെ ഭക്ഷണം മഹാറാണി എന്ന ഇന്‍ഡ്യന്‍ റെസ്റ്റോറൻ്‍റില്‍ ആയിരുന്നു. ഭക്ഷണശേഷം ഹോട്ട
ലിലെത്തി കുറെ ഫോട്ടോകള്‍ മുഖപുസ്തകത്തില്‍ ഇട്ടശേഷം ഉറക്കത്തിലേക്ക് വഴുതി വീണു. (തുടരും)
(കടപ്പാട് - റിഥിന്‍ റോയിയും ഗൂഗിളമ്മാവനും)



No comments:

Post a Comment

കശ്മീർ ഡയറി -3

  സോനാമാർഗ് & സീറോ പോയിന്റ് മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു . സോന...