Thursday, March 31, 2022

 

ആനവണ്ടിയിൽ ഒരു ഗവി യാത്ര


വളരെ കാലമായി ആഗ്രഹിക്കുന്നതാണ് ഒരു ഗവി യാത്ര . ഓർഡിനറി എന്ന സിനിമ കണ്ടതിനു ശേഷമാണു ആഗ്രഹം കൂടിയത്. ഇതിനു മുൻപ് രണ്ടു പ്രാവശ്യം ജോലിയോടുള്ള ബന്ധത്തിൽ ഗവിയിൽ പോകാൻ അവസരം ലഭിച്ചിട്ടും അത് വേണ്ട എന്ന് വച്ച് ഞാൻ പോകാതിരുന്നതാണ്. കൊടും കാട്ടിൽ പോയി ഒരു ദിവസം കളയണ്ട എന്ന് കരുതി. പക്ഷെ പലരും പോയിട്ട് വന്നു അനുഭവങ്ങൾ പറഞ്ഞപ്പോൾ യാത്ര പ്രിയനായ എനിക്കും ഒന്ന് പോകണമെന്ന് തോന്നി . മാത്രമല്ല, ഒരു വ്ളോഗും ഇടാമല്ലോ എന്ന ഉദ്ദേശവും അതിന്റെ പിന്നിൽ ഉണ്ടായിരുന്നു .

അങ്ങനെ ഒരു ബുധനാഴ്ച ഉച്ചകഴിഞ്ഞു എന്റെ ബുള്ളറ്റിൽ പത്തനംതിട്ട ചെന്നു. റൂം മുൻകൂട്ടി ബുക്ക് ചെയ്തിരുന്നതിനാൽ എളുപ്പമായിരുന്നു. ബസ് രാവിലെ ആറരക്കാണ് പത്തനംതിട്ടയിൽ നിന്നും പുറപ്പെടുന്നത്. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറക്കാരനായ എനിക്ക് വേണമെങ്കിൽ രാവിലെ ഒരു നാലരക്ക് വീട്ടിൽ നിന്ന് പുറപ്പെട്ടാൽ സമയത്തു ബസ് സ്റ്റാൻഡിൽ എത്താവുന്നതേ ഉള്ളൂ. പക്ഷെ സീറ്റ് ഒക്കെ കിട്ടിയില്ലെങ്കിലോ എന്ന് കരുതി തലേ ദിവസം തന്നെ പത്തനംതിട്ടയിൽ വന്നു സ്റ്റേ ചെയ്തു .

റൂം ഒക്കെ നല്ലതായിരുന്നെങ്കിലും കൊതുകിന്റെ ശല്യം കൂടുതൽ ആയിരുന്നു. സി മുറിയായിട്ടും കൊതുകു എങ്ങനെ അകത്തു കടന്നുവന്നു മനസിലായില്ല. എന്തായാലും കിടന്നുറങ്ങി വെളുപ്പിന് ഉണർന്നു റെഡി ആയി ബസ് സ്റ്റാൻഡിലേക്ക് നടന്നു. ഹോട്ടലിന്റെ പാർക്കിങ്ങിൽ ബൈക്ക് വച്ചിട്ടാണ് പോയത്. പത്തനംതിട്ട കെ എസ ആർ ടി സി സ്റ്റാൻഡിൽ പണി നടക്കുന്നതിനാൽ പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നാണ് ബസുകൾ എല്ലാം ഓപ്പറേറ്റ് ചെയ്യുന്നത് . ആറേകാലിനു സ്റ്റാൻഡിൽ എത്തിയപ്പോളേക്കും ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്നു. പക്ഷെ എല്ലാ സൈഡ് സീറ്റുകളും ആളുകൾ കൈവശപ്പെടുത്തിയിരുന്നു. അവസാനത്തെ ഒരു നിരയിൽ ഒരു സൈഡ് സീറ്റ് കിട്ടി. ബസ് പുറപ്പെടാൻ ഇനിയും സമയമുണ്ട്. ഒരു ചായ കുടിക്കാം എന്ന് കരുതി ഞാൻ പുറത്തിറങ്ങി. ഡ്രൈവറുടെ എതിർവശത്തുള്ള സീറ്റ് ആയിരുന്നു എന്റെ ആഗ്രഹം. പക്ഷെ രണ്ടു ചേട്ടന്മാർ അവിടെ ഇരിപ്പുണ്ട്. ഒരു ചായ വാങ്ങിക്കൊണ്ടുവന്നു ഞാൻ ചേട്ടന്മാരോട് ചോദിച്ചു;

"ചേട്ടാ, ഗവിയിൽ ആണോ ഇറങ്ങുന്നത്?"

"അല്ല, ഞങ്ങൾ ആങ്ങമൂഴിയിൽ ഇറങ്ങും" അവർ മറുപടി പറഞ്ഞു.

അത് കേട്ട എനിക്ക് സന്തോഷമായി. കാരണം ആങ്ങമൂഴി കഴിഞ്ഞാണ് കാഴ്ചകൾ. അവിടെ എത്തുമ്പോൾ എന്തായാലും സീറ്റ് പിടിക്കാം. മനസ്സിൽ വിചാരിച്ചു. ആങ്ങമൂഴിയിലും ചിറ്റാറിലും സീതത്തോട്ടിലും ജോലി ചെയ്യുന്നവരാണ് ബസിലുള്ളവർ പലരും. പിന്നെ ഡെല്ഹിക്കാരിയായ ഭാര്യയോടൊപ്പം ഒരു തിരുവനന്തപുരത്തുകാരൻ ഉണ്ട്, വേറെ ഒരു ഫാമിലി, പിന്നെ പ്രായമായ മൂന്നു പേർ ഉണ്ട് .അങ്ങനെ കുറച്ചുപേരെ ഇന്നത്തെ യാത്രയിൽ ഗവിയിലേക്കും കുമളിയിലേക്കും ഉള്ളൂ. ബാക്കിയുള്ളവർ ഇടക്കിറങ്ങുന്നവരാണ്.

കൃത്യം ആറു മുപ്പതിന് ബസ് സ്റ്റാർട്ട് ചെയ്തു.   കണ്ടക്ടർ ബെല്ലടിച്ചു. ഫോറെസ്റ് റൈഡർ എന്ന് മുൻപിൽ പേരെഴുതിയ നമ്മുടെ ആനവണ്ടി പതിയെ സ്റ്റാൻഡിൽ നിന്ന് പുറത്തേക്കിറങ്ങി യാത്ര ആരംഭിച്ചു. കണ്ടക്ടറുടെയും ഡ്രൈവറുടെയും പേരുകൾ മനോജ് എന്നാണ് . ഞാൻ ടിക്കറ്റ് എടുത്തു. പത്തനംതിട്ടയിൽ നിന്നും ഗവി വരെ 137  രൂപ. എന്റെ ഒരു സുഹൃത്തിനെക്കൂടി ഞാൻ വിളിച്ചിട്ടുണ്ട്. അവൻ വടശ്ശേരിക്കരയിൽ നിന്നും കയറും.

മൈലപ്ര കഴിഞ്ഞു കുറച്ചു മുൻപോട്ടു ചെന്നപ്പോൾ ബസ് സൈഡിൽ ഒതുക്കി നിർത്തി. എന്താണ് കാര്യം എന്ന് ഞാൻ അന്വേഷിച്ചു. തിരുവനന്തപുരത്തുനിന്നും ഒരാൾ ബൈക്കിൽ വരുന്നുണ്ട്  ഗവിക്കു പോകാൻ. അയാളെകൂടി കൊണ്ടുപോകണം. അയാൾ പത്തനംതിട്ട എത്തിയതേ ഉള്ളൂ. സ്റ്റേഷൻ മാസ്റ്റർ വിളിച്ചറിയിച്ചതനുസരിച്ചു ബസ് നിർത്തിയതാണ്. ഗവി യാത്രക്കാർക്ക് മാക്സിമം സൗകര്യം ksrtc ചെയ്തുകൊടുക്കുന്നുണ്ട്. 10 മിനിറ്റിനുള്ളിൽ തിരുവനന്തപുരത്തുകാരൻ ഒരു ഓട്ടോ പിടിച്ചു വന്നെത്തി.

ഞങ്ങൾ വീണ്ടും യാത്ര തുടർന്നു

മണ്ണാറക്കുളഞ്ഞിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു ശബരിമല റൂട്ടിൽ ബസ് നീങ്ങി. തുടർന്ന് വടശേരിക്കര എത്തി. അവിടെ നിന്ന് എന്റെ സുഹൃത്ത് സാംജി കയറി. ഗവിക്കു ടിക്കറ്റ് എടുത്തപ്പോൾ തന്നെ കണ്ടക്ടർ എന്നോട് ചോദിച്ചു, ഉച്ചക്കുള്ള ഭക്ഷണം വേണോ എന്ന്. ഞാൻ പറഞ്ഞു രണ്ടു പേർക്ക് വേണം. ശരി ഞങ്ങൾ വിളിച്ചു പറഞ്ഞേക്കാം. കണ്ടക്ടർ പറഞ്ഞു. ഗവിയിൽ ഹോട്ടലുകൾ ഒന്നുമില്ല. മുൻകൂട്ടി പറഞ്ഞാൽ അവിടെ ഫുഡ് തയാറാക്കി തരും. ആനവണ്ടി ജീവനക്കാർ അങ്ങനെ നല്ല സഹായം യാത്രക്കാർക്ക് ചെയ്തു കൊടുക്കുന്നുണ്ട്. ഞങ്ങൾ രണ്ടുപേരും പിന്നെ ഡെല്ഹിക്കാരി  ചേച്ചിയും ഭർത്താവും മാത്രമേ ഗവിയിൽ ഇറങ്ങുന്നുള്ളൂ. ബാക്കിയുള്ളവർ കുമളിക്ക് പോകുന്നവരാണ്.

 

ബസ് പെരുനാട് കഴിഞ്ഞു കുറെ മുൻപോട്ടു ചെന്ന് ഇടത്തോട്ടുള്ള എസ്റ്റേറ്റ് വഴിയിലേക്ക് കയറി. ഇനി റോഡിൽ കൂടിയാണ് ചിറ്റാറിൽ എത്തുക. അല്പം മോശമായ റോഡ് ആണ് ഇത്. ളാഹ എസ്റ്റേറ്റ് റോഡ്ആണ് ഇതു . രാവിലെ ആയതുകൊണ്ട് ചെറിയ തണുപ്പുണ്ട് . ചിറ്റാറിൽ വഴി പോയിട്ടുള്ളതുകൊണ്ടു ഇവിടുത്തെ കാഴ്ചകൾ പരിചിതമാണ്. ചിറ്റാറിൽ സ്റ്റാൻഡിൽ എത്തി ബസ് തിരിച്ചു. അവിടെ നിന്നും കുറെയേറെ അതിഥി തൊഴിലാളികൾ കയറി. അവരുടെ കലപില വർത്തമാനത്തിൽ ബസിനുള്ളിൽ ശബ്ദം നിറഞ്ഞു. ഇതിനിടയിൽ ഞാൻ പുറത്തെയും അകത്തേയും കാഴചകൾ  എന്റെ ക്യാമെറയിൽ പകർത്തികൊണ്ടിരുന്നു.

ബസ് യാത്ര തുടർന്നു. സീതത്തോട് എത്തിയപ്പോൾ കുറച്ചുപേർ കയറുകയും ഇറങ്ങുകയും ചെയ്തു. ഇടക്കൊക്കെ ആൾക്കാർ കൈ കാണിക്കുമ്പോൾ ഡ്രൈവർ ബസ് നിർത്തികൊടുക്കുന്നുണ്ട്. ശബരിഗിരി ജലവൈദ്യുത പദ്ധതിയിയുടെ ഓഫീസിൽ ജോലി ചെയ്യുന്ന  സ്ഥിരം യാത്രക്കാരും ബസിനുള്ളിൽ  ഉണ്ട്.

ആങ്ങമൂഴി എത്തിയപ്പോൾ ബസ് സൈഡിൽ ചേർത്ത് നിർത്തി. എല്ലാവര്ക്കും ഭക്ഷണം കഴിക്കാനുള്ള സമയം ഉണ്ട്. കണ്ടക്ടർ പറഞ്ഞു.  ഡ്രൈവറിന്റെ എതിർവശത്തിരുന്നവർ ഇറങ്ങിയിരുന്നു. ഞാൻ ബാഗ് കൊണ്ട് സീറ്റിൽ വച്ചിട്ട് ഭക്ഷണം കഴിക്കാൻ പുറത്തേക്കിറങ്ങി. ഭക്ഷണം കഴിച്ചു വന്നപ്പോളേക്കും കുറെ ആളുകൾ കയറിയിരുന്നു. മിക്കവാറും സ്ഥിരം യാത്രക്കാരാണ്. ബസ് നീങ്ങി തുടങ്ങി. ഇനിയുള്ള കാഴ്ചകൾ  നഷ്ടമാവാതെ കാണണം.

കുറച്ചു ദൂരം കൂടി ഇരുവശങ്ങളിലും വീടുകൾ ഉണ്ട്. ഇടയ്ക്കു പലരും കയറുന്നുണ്ട്. പതിയെ ബസ് വനത്തിലേക്ക് കടന്നു. ഇരു വശങ്ങളിലും ഈറ്റക്കാടുകൾ റോഡിലേക്ക് പടർന്നു നിൽക്കുന്നു. അത് ബസിന്റെ ഗ്ലാസിൽ വന്നു മുട്ടുമ്പോൾ ഞാൻ മുഖം വെട്ടിച്ചു. കാരണം ഏറ്റവും മുൻപിൽ ഇരിക്കുന്നതുകൊണ്ടു  അവ എന്റെ എന്റെ മുഖത്ത് വന്നു തട്ടുമോ എന്ന് എന്ന് എനിക്ക് തോന്നി. ഇടയ്ക്കു ഒരു ആദിവാസ വിഭാഗത്തിലുള്ള ഒരു യുവാവ് ബസിൽ കയറി അപ്പോൾ എന്റെ അടുത്തിരിക്കുന്ന ചേട്ടൻ പറഞ്ഞു, അയാൾ കാട്ടിനുള്ളിൽ വഷണപ്പൂ ശേഖരിക്കാൻ പോവുകയാണ് എന്ന്. ഇറച്ചിമസാലയിലൊക്കെ ഉപയോഗിക്കുന്ന ഒരു സുഗന്ധ വസ്തുവാണ് അത്. അല്ലെങ്കിൽ കുമ്പിൾ എന്ന് പറയുന്ന മരത്തിന്റെ പൂ. ഈ കുമ്പിൾ മരത്തിന്റെ ഇലയിലാണ് കുമ്പിളപ്പം ഉണ്ടാക്കുന്നത്. ഇത് പറഞ്ഞ ചേട്ടനും കാട്ടിൽ ഈറ്റ വെട്ടുന്ന ജോലിക്കു പോവുകയാണ് .

കുറെ ചെന്നപ്പോൾ ആദിവാസി  വിഭാഗത്തിലുള്ള കുറേപ്പേർ ബസിൽ കയറാൻ നിൽക്കുന്നു. അവരുടെ പക്കൽ കുറെ ഭാണ്ഡക്കെട്ടും കുറച്ചു പാത്രങ്ങളും പടുതയുമൊക്കെയുണ്ട്. അവർ അടുത്ത സ്ഥലത്തേക്ക് പോകയാണ്. സ്ഥിരമായൊരു താവളം അവർക്കില്ല. ഓരോ സ്ഥലത്തു ചെന്ന് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി അതിനുള്ളിലാണ് അവരുടെ താമസം. വനവിഭവങ്ങൾ ശേഖരിച്ചു തുച്ഛമായ വിലക്ക് വിറ്റു അരിയും മറ്റും വാങ്ങുന്നു. വനത്തിൽ നിന്ന് ലഭിക്കുന്ന കിഴങ്ങുകളും മറ്റും ആഹാരമാക്കുന്നുമുണ്ട്. സർക്കാർ ഇവരുടെ പേരിൽ കോടികൾ ചിലവാക്കുന്നുണ്ട്. പക്ഷെ അതൊക്കെ എവിടെ പോകുന്നു എന്നറിയില്ല. കോൺക്രീറ്റ് വീടുകൾ നിർമ്മിച്ച് അതിൽ അവരെ പാർക്കാൻ നിര്ബന്ധിക്കുകയാണ് പതിവ്. പക്ഷെ അവർക്കു അതിൽ താമസിക്കാൻ ഇഷ്ടമില്ല, പ്രകൃതിയോടിണങ്ങി കാട്ടിൽ ജീവിക്കുന്നതാണ് അവർക്കു ഇഷ്ടം. അതിനു അവരെ അനുവദിക്കയാണ് വേണ്ടത്. ആവശ്യമായ മറ്റു സൗകര്യങ്ങളും സഹായങ്ങളും മറ്റും സർക്കാർ അവർക്കു ചെയ്തു കൊടുക്കുകയാണ് വേണ്ടത്. ഞങ്ങളുടെ ഈ യാത്രയിൽ പലയിടത്തും ഒരു ചെറിയ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി അതിനു കീഴെ താമസിക്കുന്ന കുടുംബങ്ങളെ കണ്ടു, മൂന്നും നാലും കുട്ടികളുണ്ടാകും അതിൽ, അവരെല്ലാം വലിയ പ്രായവ്യത്യാസമില്ലാത്തവരാണ്, നാമ മാത്രമായ വസ്ത്രം മാത്രം, ചിലർ പൂർണ നഗ്നർ ആണ്. അവർക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും വസ്ത്രവുമൊക്കെ എത്തിച്ചുകൊടുക്കേണ്ടത് സർക്കാരിന്റെ കടമയാണ്.

ഞങ്ങളുടെ ബസ് യാത്ര തുടർന്ന് മൂഴിയാർ ഡാമിലെത്തി. നമ്മുടെ യാത്രയിലെ ആദ്യത്തെ ഡാം  ആണ് മൂഴിയാർ. കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ്  മൂഴിയാർ അണക്കെട്ട്. ശബരിഗിരി എച്ച്.ഇ.പിയുടെ ടെയിൽറേസിന് താഴെയുള്ള മൂഴിയാർ തോടിന് കുറുകെ അണക്കെട്ട് നിർമ്മിച്ച് സൃഷ്ടിച്ച മൂഴിയാർ റിസർവോയറിൽ നിന്നാണ് പദ്ധതിക്കാവശ്യമായ വെള്ളം എടുക്കുന്നത്. ശബരിഗിരി എച്ച്.ഇ.പി.യുടെ വെള്ളം മൂഴിയാർ റിസർവോയറിൽ സംഭരിച്ചിരിക്കുന്ന ജലം അവിടെ നിന്ന് കക്കാട് ആറിന്റെ ഇടതുകരയിൽ സ്ഥിതി ചെയ്യുന്ന കക്കാടുള്ള പവർ സ്റ്റേഷനിലേക്ക് തിരിച്ചുവിടുന്നു. കക്കാട് ആറിന്റെ കൈവഴിയായ വെളുത്തോട് തോടിന് കുറുകെ ഒരു ഡൈവേർഷൻ ഡാമും ഉണ്ട്, ഇത് മൂഴിയാർ റിസർവോയറിൽ നിന്ന് കക്കാട് പവർ സ്റ്റേഷനിലേക്കുള്ള വാട്ടർ കണ്ടക്ടർ സംവിധാനത്തിലേക്ക് വെള്ളം തിരിച്ചുവിടുന്നു.

നിങ്ങൾ വനത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, ഹോൺ മുഴക്കുന്നതോ മ്യൂസിക് സിസ്റ്റം ഓണാക്കുന്നതോ ആയ റോഡ് ശീലങ്ങൾ ഉപേക്ഷിക്കുക. പകരം ഒരു കാട്ടു ആനയോ കാട്ടുപോത്തോ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കാൻ നിങ്ങളുടെ മനസ്സും കണ്ണും കേന്ദ്രീകരിക്കുക. കാടുകളിൽ ഒരു പുള്ളിപ്പുലിയെ പോലും നിങ്ങൾ കണ്ടേക്കാം. തൂങ്ങിക്കിടക്കുന്ന മരക്കൊമ്പുകൾ ഒരു പർവത അണ്ണാൻ ആതിഥേയത്വം വഹിക്കുന്നുണ്ടാകാം അല്ലെങ്കിൽ ഭാഗ്യമുണ്ടെങ്കിൽ, സിംഹവാലൻ മക്കാക്കിന്റെ ഒരു നോട്ടം പോലും നിങ്ങൾ കണ്ടേക്കാം. കടന്നുപോകുന്ന വേഴാമ്പലിന്റെ വിളി കാടിനുള്ളിൽ പ്രതിധ്വനിക്കും

ഇവിടെ നിന്ന് ഇനി നമ്മൾ കയറുന്നതു പത്തനംതിട്ടയിലെ ഏറ്റവും ഉയരം കൂടിയ മലയാണ്. ഡ്രൈവർ മനോജ് ചേട്ടൻ പറഞ്ഞു . ഏകദേശം പതിനാറു കിലോമീറ്റര് കയറ്റം. മല  മുഴുവൻ കയറുന്നില്ല. കാറ്റാടിക്കുന്നു എന്നാണ് ഈ മലയുടെ പേര്. വീതി കുറവാണെങ്കിലും ഇപ്പോൾ റോഡ് നല്ലതാണു . മുൻപ് ഇത് പൊട്ടിപ്പൊളിഞ്ഞ റോഡ് ആയിരുന്നു. ഇപ്പോൾ നന്നായി ടാർ ചെയ്തിട്ടുണ്ട്. കൊടുംവളവുകൾ നിറഞ്ഞ , ഇരുവശങ്ങളിലും വൃക്ഷങ്ങൾ റോഡിലേക്ക് പടർന്ന റോഡിലൂടെ മനോജേട്ടൻ സമർത്ഥമായി വണ്ടി ഓടിച്ചു കൊണ്ടിരുന്നു. ഇടയ്ക്കു ഓരോ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു തന്നു കൊണ്ടിരുന്നു. കുറെ മുകളിൽ ചെന്നപ്പോൾ താഴെ മൂഴിയാർ ഡാമിന്റെ വിദൂര ദൃശ്യം കാണാം. ഇനി എപ്പോൾ വേണമെങ്കിലും കുമളിയിൽ നിന്നുള്ള ബസ് നമ്മളെ മറികടക്കാം. പത്തനംതിട്ടയിൽ നിന്ന് ആറരക്ക് ബസ് പുറപ്പെടുമെങ്കിലും കുമളിയിൽ നിന്ന് പത്തനംതിട്ടയ്ക്കുള്ള ബസ് രാവിലെ അഞ്ചരയ്ക്കാണ് പുറപ്പെടുന്നത്. മൂഴിയാർ കഴിഞ്ഞുള്ള കയറ്റം കയറുമ്പോൾ രണ്ടു വണ്ടികളും പരസ്പരം മറികടക്കും. കുമളി വണ്ടിയെ കത്ത് ഞാൻ കാമറ ഓൺ ആക്കി ഇരുന്നു. പക്ഷെ ഏറെ നേരം കാത്തിട്ടും ബസ് കാണുന്നില്ല, അപ്പോൾ ഡ്രൈവർ പറഞ്ഞു, എവിടെയെങ്കിലും മരം ഒടിഞ്ഞു വീണിട്ടുണ്ടാകും, അങ്ങനെയാണെങ്കിൽ നമുക്കും പോകാൻ പറ്റില്ല, ഫോറെസ്റ് ആൾക്കാർ എത്തി അത് മുറിച്ചു നീക്കിയാലേ പോകാൻ പറ്റൂ. എന്തായാലും നമ്മുടെ ആനവണ്ടി മുൻപോട്ടു നീങ്ങി കൊണ്ടിരുന്നു. ഇടയ്ക്കു വഴിയിൽ ധാരാളം കാട്ടുകോഴികളെ കണ്ടു. വലിപ്പം കുറവാണെങ്കിലും അതിന്റെ ഭംഗി വളരെ നല്ലതാണു. മഴവില്ലഴകുപോലെ വർണങ്ങൾ വാരി വിതറിയ തൂവലുകൾ. നല്ല സ്പീഡിൽ ഓടിപ്പോകാൻ കഴിവുള്ളവയാണ് കാട്ടുകോഴികൾ, ഭാരം കുറവായതുകൊണ്ട് നന്നായി പറക്കാനും പറ്റും. ഇടയ്ക്കു ഒരു മ്ലാവിനെ കണ്ടു. വഴിനീളെ ആനപ്പിണ്ടം കണ്ടെങ്കിലും ഇതുവരെ ഒരു ആനയെ കാണാൻ പറ്റിയില്ല. ഇടക്കെല്ലാം ആനത്താരകൾ ആണ്. വശങ്ങളിലേക്ക് നോക്കിയിരുന്നോളൂ, ആനയെ കാണാം എന്ന് ഡ്രൈവർ പറഞ്ഞു. അദ്ദേഹവും ആനയുണ്ടോ എന്ന് നോക്കുന്നുണ്ട്.  

അങ്ങനെ ഞങ്ങൾ മൂഴിയാറിലേക്കു പോകുന്ന പൈൻ സ്റ്റോക്ക് പൈപ്പുകൾ ക്രോസ്സ്  ചെയ്യുന്ന സ്ഥലത്തെത്തി. വലിയ വ്യാസമുള്ള മൂന്നു  പൈപ്പുകൾ താഴേക്ക് പോകുന്നു. ഇവയിൽകൂടി വെള്ളം മൂഴിയാർ പവർ ഹൗസിൽ സ്ഥാപിച്ചിരിക്കുന്ന ജനറേറ്ററിന്റെ പ്രൊപ്പെല്ലറിനെ കറക്കുന്നു. താഴെയെത്തുമ്പോളേക്കും പൈപ്പിന്റെ വ്യാസം കുറയുന്നുണ്ട്. അപ്പോൾ വെള്ളത്തിന്റെ മർദ്ദം കൂടും. കൂടുതൽ ശക്തിയോടെ വെള്ളം പ്രൊപ്പെല്ലറിന്മേൽ പതിക്കും.

ബസ് ഇപ്പോൾ കക്കിഡാമിന്റെ റിസെർവോയർ ഭാഗത്തു എത്തി. നിരപ്പായസ്ഥലത്തു ഓരം ചേർത്ത് ബസ് നിർത്തി. എല്ലാവര്ക്കും ഇവിടെയിറങ്ങി ഫോട്ടോ ഒക്കെ എടുക്കാം എന്ന് ബസ് ജീവനക്കാർ പറഞ്ഞു. സൈഡിൽ റോഡിൽ നിൽക്കുമ്പോൾ തന്നെ വിശാലമായ റിസെർവോയർ കാണാം മനോഹരമായ കാഴ്ച. റോഡിനു മുകൾ ഭാഗം പുൽമേട് ആണ്. ഞങ്ങൾ കുറച്ചു താഴോട്ടിറങ്ങി ദൃശ്യങ്ങൾ പകർത്തി. അവിടെയും ആനപ്പിണ്ടം ധാരാളം കിടപ്പുണ്ട്. ആനത്താരയാണ് ഇത്. പുൽമേട്ടിൽനിന്നും ആനകൾ വെള്ളത്തിലേക്കിറങ്ങുന്ന  വഴിയാണ്. 5  മിനിറ്റ് അവിടെ ചിലവഴിച്ചശേഷം യാത്ര തുടർന്നു. കക്കിഡാമിന്റെ മുകളിൽ കൂടിയുള്ള യാത്ര മനോഹരമാണ്. ഇടതു വശത്തേക്ക് നോക്കുമ്പോൾ ഡാമിന്റെ ആഴം ഊഹിക്കാൻ പറ്റും. വളരെ ആഴമാണ്. കാക്കി ഡാമിനെ പറ്റിയും അതിന്റെ നിര്മാണക്കലത്തെ ചരിത്രവുമൊക്കെ ഡ്രൈവർ ഞങ്ങൾക്ക് പറഞ്ഞു തന്നുകൊണ്ടിരുന്നു. ആധുനിക സംവിധാനങ്ങളൊന്നുമില്ലാതിരുന്ന കാലത്തു മനുഷ്യ ശക്തി മാത്രം ഉപയോഗിച്ചാണ് നിർമാണ സാമഗ്രികൾ ഇവിടെ എത്തിച്ചതും ഇതിന്റെ പണി നടത്തിയതും. 3000 ഇത് അധികം ആൾക്കാർ അന്ന് ഇവിടെ പണിയെടുത്തിരുന്നു. പലരുടെയും ജീവൻ ഇവിടെ നഷ്ടപ്പെട്ടിട്ടുണ്ട്.

പെരിയാർ ദേശീയ ഉദ്യാനത്തോട് ചേർന്നുള്ള വനപ്രദേശത്താണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി 1966 ലാണ് ഇത് നിർമ്മിച്ചത്. പമ്പ അണക്കെട്ടിൽ നിന്നും കക്കി നദിയിൽ നിന്നുമാണ് അണക്കെട്ടിന്റെ ജലസ്രോതസ്സുകൾ. പമ്പ, കക്കി എന്നിങ്ങനെ രണ്ട് ജലസംഭരണികൾ സൃഷ്ടിച്ച് ഇവയെ ബന്ധിപ്പിച്ച് ഒരൊറ്റ ജലസ്രോതസ്സായി മാറുന്നതാണ് ശബരിഗിരി പദ്ധതി. 3.21 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കത്തിലൂടെയാണ് പമ്പ ജലസംഭരണിയിൽ നിന്നുള്ള വെള്ളം കക്കി റിസർവോയറുമായി ബന്ധിപ്പിക്കുന്നത്. കക്കി റിസർവോയറിൽ നിന്നാണ് ശബരിഗിരി പവർഹൗസ് വെള്ളം എടുക്കുന്നത്. 336 മീറ്റർ (1,102 അടി) നീളവും 116 മീറ്റർ (381 അടി) ഉയരവുമുള്ള അണക്കെട്ട് സമുദ്രനിരപ്പിൽ നിന്ന് 981.45 മീറ്റർ (3,220.0 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. റാന്നി, കോന്നി, കോഴഞ്ചേരി, തിരുവല്ല, ചെങ്ങന്നൂർ, കുട്ടനാട്, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലൂടെ ഒഴുകുന്ന ഇതിലെ വെള്ളം  വേമ്പനാട്ട് കായലിലേക്ക് എത്തിച്ചേരുന്നു.

ബസ് യാത്ര തുടർന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ ജീവനക്കാർക്കും ഫോറെസ്റ് ജീവനക്കാർക്കും ഉള്ള ദിനപ്പത്രം എത്തുന്നത് ബസിലാണ്. ഏകദേശം പത്തര ആകാതെ അവർക്കു പത്രം ലഭിക്കില്ല. എന്റെ വീട്ടിൽ രാവിലെ അഞ്ചരക്ക് പത്രം എത്തുന്നുണ്ട്.

അങ്ങനെ ഞങ്ങൾ ആനത്തോട് ഡാമിലെത്തി. പമ്പ നദിയുടെ കൈവഴിയായ ആനത്തോട് നദിയിലാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.പമ്പാനദിയുമായി സംഗമിക്കുന്നതിന് മുമ്പ് കക്കി അണക്കെട്ടിന് താഴെയായി കക്കി നദിയുമായി ചേരുന്ന അരുവിയാണ് ആനത്തോട്. അണക്കെട്ട് കക്കിയുമായി ഒരു പൊതു ജലസംഭരണി ഉണ്ടാക്കുന്നു. ആനത്തോട് ഫ്ലാങ്കിംഗ് ഡാമിന്റെ വശത്താണ് റിസർവോയർ കോംപ്ലക്സിന്റെ സ്പിൽവേ സ്ഥിതി ചെയ്യുന്നത്. രണ്ട് അണക്കെട്ടുകൾ ചേർന്ന് രൂപം കൊണ്ട ജലസംഭരണികൾ സ്വാഭാവിക താഴ്വരയിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. കക്കി, ആനത്തോട് ഡാമുകൾ റോഡ് മാർഗം ഏകദേശം 4 കിലോമീറ്റർ അകലെയാണ്. റാന്നി, കോന്നി, കോഴഞ്ചേരി, തിരുവല്ല, ചെങ്ങന്നൂർ, കുട്ടനാട്, മാവേലിക്കര, കാർത്തികപ്പള്ളി എന്നിവയാണ് ഇതിലെ വെള്ളം ഒഴുകിച്ചെല്ലുന്ന താലൂക്കുകൾ. ഡാമിൽ മീൻ വളർത്തുന്നുണ്ട് .

വനത്തിന്റെ ഭംഗിയും കിളികളുടെ കളകളാരവവും ശുദ്ധവായുവും ശ്വസിച്ചു ഞങ്ങൾ യാത്ര തുടർന്നു. അടുത്തതു പമ്പ ഡാമാണ്. ഡാമിന്റെ മുകളിൽ കൂടി നമ്മൾ യാത്ര ചെയ്യുന്നില്ല. സൈഡിൽ കൂടിയാണ് റോഡ്. വാഹനം നിർത്തി ഡാം കാണാൻ ഉള്ള സൗകര്യം ഡ്രൈവർ നൽകി. പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയാണ് ശബരിഗിരി ജലവൈദ്യുത പദ്ധതി (340MW). പദ്ധതിയിൽ മൂന്ന് അണക്കെട്ടുകൾ ഉൾപ്പെടുന്നു, ഒന്ന് പമ്പ നദിക്ക് കുറുകെയും മറ്റുള്ളവ അതിന്റെ പോഷകനദികളായ കക്കി, ആനത്തോട് എന്നിവയ്ക്ക് കുറുകെയുമാണ്. പമ്പ റിസർവോയറിൽ നിന്നുള്ള വെള്ളം ഇന്റർ കണക്ടിംഗ് ടണൽ വഴി കക്കി റിസർവോയറിൽ എത്തിക്കുന്നത് അവിടെ നിന്ന് മൂഴിയാറിലെ പവർ ഹൗസിലേക്ക് എത്തിക്കുന്നു.

ഇനി കൊച്ചുപമ്പയും ഉണ്ട്. ഞങ്ങളുടെ യാത്ര തുടർന്ന് കൊണ്ടിരുന്നു. തിരികെ വരുമ്പോൾ ആനയെ കാണാം എന്ന് ഡ്രൈവർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ആനയെ കണ്ട സ്ഥലങ്ങൾ ഒക്കെ അദ്ദേഹം ഞങ്ങൾ കാണിച്ചു തന്നു. കുറച്ചു കഴിഞ്ഞപ്പോൾ ബസ് റോഡിൽ നിർത്തി റോഡരികിലുള്ള ഒരു വലിയ വൃക്ഷം അദ്ദേഹം  ചൂണ്ടി കാണിച്ചു തന്നിട്ട് പറഞ്ഞു.

"ഇതാണ് ബൈബിളിൽ പറഞ്ഞിരിക്കുന്ന നോഹയുടെ പെട്ടകം പണിയാനുപയോഗിച്ച ഗോഫർ മരം. മുൻപ് രണ്ടെണ്ണം ഉണ്ടായിരുന്നു. ഒരെണ്ണം നശിച്ചുപോയി."

വലിയ വലിപ്പമുള്ള ഒരു വൃക്ഷം ആണിത്.

"ആളുകൾ ഇതിനെ കപ്പൽ മരം എന്നാണ് വിളിക്കുന്നത്. ഏഷ്യയിൽ ഒരെണ്ണം മാത്രമേയുള്ളൂ. ഇനി ഒരെണ്ണം ഉള്ളത് ഓസ്ട്രിയയിൽ ആണ്. " ഡ്രൈവർ തുടർന്നു.

ഗോഫർ മരത്തെപ്പറ്റി ബൈബിളിൽ വായിച്ചിട്ടുണ്ടെങ്കിലും അത് നേരിൽ കാണാൻ കഴിഞ്ഞത് സന്തോഷമായി. കുറെ ഫോട്ടോയും വിഡിയോയും എടുത്ത ശേഷം ഞാൻ ങ്ങൾ യാത്ര തുടർന്നു.

കൊച്ചുപമ്പ ചെക്ക് പോസ്റ്റിൽ വണ്ടി നിർത്തി. അവിടെ വാഹനത്തിന്റെ വിവരങ്ങൾ രെജിസ്റ്ററിൽ എഴുതിയ ശേഷമേ മുന്നോട്ടു പോകാൻ പറ്റൂ. കണ്ടക്ടർ ഇറങ്ങിരെജിസ്റ്ററിൽ എഴുതിയശേഷം മടങ്ങി വന്നു ഞങ്ങൾ യാത്ര തുടർന്ന്..ഇപ്പോൾ തൊഴിലാളി ലയങ്ങൾ കണ്ടു തുടങ്ങി. പശുവും ആടുകളുമൊക്കെ റോഡിൽ കൂടി പോകുന്നുണ്ട്. ഇടയ്ക്കിടെ ആളുകൾ ബസിൽ കയറുന്നു. കുമളിയിൽ പോയി സാധനങ്ങൾ വാങ്ങി വരാനുള്ള യാത്രയാണ്. ഇന്നാട്ടുകാരുടെ ഏക ആശ്രയമാണ് ബസ്. അല്ലെങ്കിൽ അധികം പണം കൊടുത്തു ജീപ്പിലോ റിക്ഷയിലോ പോകണം

ഗവിക്കു അര കിലോമീറ്റർ മുൻപുള്ള വെയ്റ്റിംഗ് ഷെഡിന്റെ എതിർവശത്തുള്ള ഒരു വീട് ചൂണ്ടികാണിച്ചിട്ടു ഡ്രൈവർ എന്നോട് പറഞ്ഞു,

"നിങ്ങൾക്കുള്ള ഭക്ഷണം അവിടെയാണ് പറഞ്ഞിരിക്കുന്നത്, ഒരു മണിയാകുമ്പോളേക്കും ചെന്ന് കഴിച്ചാൽ മതി."

അല്പം മുന്നോട്ടു ചെന്നപ്പോൾ ഗവി ഡാമിന് മുൻപായി ബസ് നിർത്തി.  

ഇവിടെയാണ് ഇറങ്ങേണ്ടത്. ഇതാണ് ഗവി.  കണ്ടക്ടർ പറഞ്ഞു. ഞങ്ങൾ നാല് പേരും ഇറങ്ങി. അവിടെ നിന്നും ഒന്നോ രണ്ടുപേർ കയറിയതിനുശേഷം ബസ് കുമളിയിലേക്കു പുറപ്പെട്ടു.

ഇനി ബസ് തിരികെ വരുന്നത് 3  മണിയോടടുത്താണ്. അതിൽ വേണം തിരികെ പോകാൻ. അതുവരെ ഇവിടെ സമയം ചിലവഴിക്കണം. റോഡിനു താഴെ ഡാമിൽ ബോട്ടിംഗ് ഒക്കെ ഉണ്ട്. റോദിനോട് ചേർന്ന് പൂന്തോട്ടവും റെസ്ടാഉറന്റും ഒക്കെ കാണാം. അതിന്റെ ഗേറ്റിനു മുൻപിൽ നിന്ന ആളിനോട് ഞാൻ ചോദിച്ചു.

"ഇവിടെ കാണാൻ എന്തൊക്കെയാണ് ഉള്ളത്?"

"ഇവിടുത്തെ പാക്കേജ് എടുത്താൽ മാത്രമേ ഇവിടെ പ്രവേശനമുള്ളൂ, അങ്ങനെയുള്ളവർക്ക് ജീപ്പ് സഫാരി, ബോട്ടിംഗ്, മറ്റു ആക്ടിവിറ്റീസ്, ഫുഡ് ആൻഡ് അക്കോമോഡേഷൻ എല്ലാം കിട്ടും. ഒരാൾക്ക് 3300 രൂപയാണ് ഒരു ദിവസത്തെ താമസത്തിന്." അദ്ദേഹം മറുപടി പറഞ്ഞു.

എന്തായാലും ഇവിടെ സ്റ്റേ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അടുത്ത ബസിനു മടങ്ങി പോകേണ്ടതാണ്. റോഡിൽ കൂടി നടക്കുകയെ മാർഗമുള്ളൂ. ഗവി ഡാമിന്റെ അപ്പുറത്തേക്ക് പോകാൻ ഇവർ സമ്മതിക്കുന്നില്ല. അല്ലെങ്കിൽ അവിടെയുള്ള കാഴ്ചകൾ നടന്നു കാണാമായിരുന്നു.

ഞങ്ങൾ പതിയെ പിന്നിലേക്ക് നടന്നു. ഭക്ഷണം പറഞ്ഞിരിക്കുന്ന വീടിന്റെ അവിടെയെത്തി. ഒരു ചെറിയ കടയും അതോടൊപ്പം ഉണ്ട്. ആചേട്ടനോട് രണ്ടു ചായ പറഞ്ഞു. പക്ഷെ പാൽ ഇല്ലാത്തതിനാൽ കട്ടൻ ചായ മാത്രം. അത് കുടിച്ചു റോഡിലേക്കിറങ്ങി. അപ്പോൾ ഡെല്ഹിക്കാരി ആന്റിയും ഭർത്താവും വന്നു. അവരും നിരാശരാണ്. ഒന്നും കാണാൻ വനത്തിന്റെ ഉള്ളിലേക്ക് കയറാൻ പറ്റുന്നില്ല. ഞങ്ങൾ റോഡിന്റെ സൈഡിലൂടെ ഡാം റിസെർവോയറിലേക്കിറങ്ങി. അവിടെ നിന്ന് കുറെ ചിത്രങ്ങൾ എടുത്തു. മുകളിലുള്ള മരങ്ങൾ നിറയെ കരിങ്കുരങ്ങുകളാണ്. അവ തമ്മിൽ തല്ലുകയും, ഉറക്കെ ശബ്ദമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾ വീണ്ടും കടയുടെ അടുത്ത് ചെന്നു. അപ്പോൾ ഒരു ചാനലിന്റെ വാഹനത്തിൽ കുറച്ചുപേർ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു അവിടെ ഉണ്ടായിരുന്നു. ഒരു ടീവി നടിയും ഉണ്ട്. അവരോടു ചോദിച്ചപ്പോൾ ടൂറിസം പ്രൊമോഷന്റെ ഒരു വീഡിയോ ചിത്രീകരിക്കാൻ വന്നതാണ് എന്ന് പറഞ്ഞു . ആ നടിയോടൊപ്പം ഒരു സെൽഫി എടുത്തു. കുറച്ചുനേരം അവരുടെ ഷൂട്ടിംഗ് കണ്ടു നിന്നു. അവർ ഇടയ്ക്കു അനുവാദം ചോദിച്ചിട്ടു ഞങ്ങളെയും ക്യാമെറയിൽ ആക്കി.

പന്ത്രണ്ടര ആയപ്പോൾ ഞങ്ങൾ ആ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു. ആ വീട്ടിലെ മരുമകൾ ആണ് അതെല്ലാം തയ്യാറാക്കി തന്നത്. അവരുടെ ഭർത്താവിന് അവിടെ പ്ലാനറ്റേഷനിലാണ് ജോലി. നല്ല രുചികരമായ ആഹാരം. അവരെ അഭിനന്ദിച്ചു. കുറച്ചു പണം അധികമായും കൊടുത്തു. വീണ്ടും റോഡിലിറങ്ങി വെയ്റ്റിംഗ് ഷെഡിൽ കാത്തിരുന്നു. ബസ് വരൻ ഇനിയും മണിക്കൂറുകൾ ഉണ്ട്. വണ്ടിപ്പെരിയാറിൽ നിന്നും ആളുകൾ സാധനങ്ങൾ വാങ്ങി ഓട്ടോയിൽ വരുന്നുണ്ട്. രണ്ടും മൂന്നും പേര് ചേർന്ന് ഓട്ടോ പിടിച്ചാണ് വരുന്നത്.

വാഹനങ്ങൾ അധികമില്ലെങ്കിലും കൂടുതൽ ആളുകൾ ഇല്ലെങ്കിലും ഒരു കാര്യത്തിൽ ഇവിടെയുള്ളവർ ഭാഗ്യവാന്മാരാണ്. നല്ല ശുദ്ധവായു ശ്വസിക്കാം, വഴക്കും ബഹളവുമില്ല, സമാധാനത്തോടെ ജീവിക്കുന്ന ഒരു കൂട്ടം ആൾക്കാർ.

ഇവിടെ നിന്ന് വലത്തേക്ക് ഒരു റോഡുണ്ട്. അതിലെ പോയാൽ ഒരു ചെക്ക് ഡാമിലെത്തും എന്ന് ഒരാൾ പറഞ്ഞു. പക്ഷെ ഞങ്ങൾ പോയില്ല. കടയിലെ ചേട്ടൻ മുൻപ് പറഞ്ഞാരുന്നു. ഇവിടെ കടുവ ഇറങ്ങാറുണ്ട്. കഴിഞ്ഞ ദിവസവും ഒരു പശുക്കിടാവിനെ കൊണ്ടുപോയി എന്ന്. ഇത് പെരിയാർ ടൈഗർ റീസെർവ് ആണ്.  വിജനമായ വഴിയിൽ കൂടി പോകുന്നില്ല എന്ന്  തീരുമാനിച്ചു. BSNL മൊബൈലിൽ മാത്രമാണ് അല്പമെങ്കിലും റേഞ്ച് കിട്ടുന്നത്. വേറൊന്നുമില്ല.

കുറച്ചു കഴിഞ്ഞു നല്ല മഴ പെയ്യാൻ തുടങ്ങി. വനത്തിലെ മഴയ്ക്ക് ഒരു പ്രത്യേക ഭംഗിയും താളവും ആണ്. ഒടുവിൽ കത്ത് കാത്തിരുന്ന് അപ്പുറത്തെ വളവിൽ  ഞങ്ങളുടെ ബസ് പ്രത്യക്ഷപ്പെട്ടു. ഡെല്ഹിക്കാരി ചേച്ചിയും ഭർത്താവും നടന്നു കുറെ പോയിരിക്കുകയാണ്. അവരെ വഴിയിൽ കാണുമായിരിക്കും. ബസ് വന്നു നിർത്തി മഴ നനഞു അതിൽ കയറി ഒരു സൈഡ് സീറ്റിൽ ഇരുന്നു. പതിയെ ഞങ്ങളുടെ മടക്ക യാത്ര ആരംഭിച്ചു.

5  കിലോമീറ്റര് കഴിഞ്ഞപ്പോഴാണ് ചേച്ചിയെയും ഭർത്താവിനെയും കണ്ടത്. അവർ കൊച്ചു പമ്പയിൽ നിന്ന് കയറി. മഴ പ്രശ്നമാകും. മരം വല്ലതും ഒടിഞ്ഞുവീണാൽ യാത്ര തടസ്സപ്പെടും എന്ന് ഡ്രൈവർ പറഞ്ഞു. കുറെ കഴിഞ്ഞപ്പോൾ മഴ ഇല്ല. എന്തായാലും മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ യാത്ര തുടർന്ന്. ഏഴേകാൽ ആയപ്പോൾ ബസ് പത്തനംതിട്ട എത്തി. താമസിച്ചിരുന്ന ഹോട്ടലിൽ എത്തി ബൈക്ക് എടുത്തു ഞാൻ വീട്ടിലേക്കു തിരിച്ചു. അങ്ങനെ മനോഹരമായ ഒരു ദിനം ഗവി യാത്രയിൽ ലഭിച്ചു.


https://youtu.be/YuEbfA4YILo

No comments:

Post a Comment

അസർബെയ്ജാൻ യാത്ര - ബാക്കു നഗരകാഴ്ചകൾ

  ഇന്നത്തെ ഞങ്ങളുടെ ആദ്യ യാത്ര ബാക്കു നഗരകാഴ്ചകളിലേക്കാണ്. ഓൾഡ് സിറ്റിയിലേക്കായിരുന്നു ആദ്യ യാത്ര. പഴയകാല രീതിയിൽ കല്ലും ചെളിയും ഉപയോഗിച്ചുള...