Sunday, October 13, 2019

യൂറോപ്പ് ഡയറി - 5

ജര്‍മ്മനി -നാസികളുടെ നാട്ടില്‍ (ഭാഗം - 3)

കൊളോണ്‍ കത്തീഡ്രല്‍


മൊബൈലില്‍ അലാറം സെറ്റ് ചെയ്തിരുന്നെങ്കിലും അത് സമയത്ത് കേള്‍ക്കാതിരുന്നതിനാല്‍ താമസിച്ചാണ് എഴുന്നേറ്റത്. പ്രഭാതഭക്ഷണത്തിനു ശേഷം  ബസിലേക്ക്. ഇന്നത്തെ യാത്ര ആംസ്റ്റര്‍ഡാമിലേക്കാണ്.പോകുന്ന വഴി കൊളോണ്‍ കത്തീഡ്രല്‍ കാണണം.

ഇരുവശത്തുമുള്ള കാഴ്ചകള്‍ കണ്ടും ചിത്രങ്ങള്‍ പകര്‍ത്തിയും ഞങ്ങള്‍ യാത്ര തുടര്‍ന്നു. പുറകില്‍ ശങ്കറും വിഷ്ണുവും മമ്മൂട്ടിക്കയുമൊക്കെ തകര്‍ക്കുന്നുണ്ട്. ബസിന്‍റെ മുന്‍ഭാഗത്താണ്. അല്പം പ്രായമായവര്‍ സ്വസ്ഥമായി ഇരിക്കുന്നത്. എന്‍റെ മുന്‍സീറ്റില്‍ തിരുവനന്തപുരത്തുനിന്നുള്ള രാധാകൃഷ്ണന്‍ സാറും ഭാര്യ രമയുമാണ്. ഈ ട്രിപ്പിനുശേഷം അവര്‍ പാരീസില്‍ നിന്ന് ഡെന്‍മാര്‍ക്കിലേക്ക് പോകും. അവരുടെ മകളും കുടുംബവും അവിടെയാണ്. അവിടെ നിന്ന് കുറച്ചു ദിവസം കഴിഞ്ഞേ ഇന്‍ഡ്യയിലേക്ക് മടങ്ങൂ. പുറകില്‍ സുകുമാരന്‍ സാറും ഭാര്യയും അവരുടെ മകന്‍ സുജീഷുമുണ്ട്. ആര് ഫോട്ടോ എടുത്താലും ആ ഫ്രെയിമില്‍ ഓടിക്കയറി നില്‍ക്കുന്ന ആളാണ് സുജീഷ്. കൊച്ചുയാത്രികന്‍ റാഹേല്‍ എന്നോടൊപ്പം തന്നെയാണ്. കോഴിക്കോടുകാരന്‍ സദാനന്ദന്‍ സാറിന്‍റെയും അഞ്ജലിയുടെയും മകള്‍ തിരുവനന്തപുരം ടെക്കിയായ സ്മൃതി പലവട്ടം റാഹേലിനോട് കൂട്ടു കൂടാന്‍ ശ്രമിച്ചു. പക്ഷേ അവന്‍ എന്‍റെയിരികില്‍ തന്നെയാണ്. ആരുടെ കൂടെയും പോകുന്നില്ല. തിരുവനന്തപുരത്തു നിന്നു തന്നെയുള്ള വല്‍സലന്‍ സാറും ഭാര്യയും പൊതുവേ ശാന്തരായി ഇരിക്കയാണ്. പക്ഷേ എന്തെങ്കിലും സംസാരിക്കാന്‍ മൈക്ക് കൊടുത്താല്‍ സാര്‍ വിശദമായി സംസാരിക്കും. 

ഏകദേശം 10.45 ന് ഞങ്ങള്‍ കോളോണിലെത്തി. മെയിന്‍ നദിയുടെ മുകളിലുള്ള പാലത്തില്‍ വച്ച് തന്നെ ഞങ്ങള്‍ ദൂരെ കത്തീഡ്രല്‍ കണ്ടു. എന്ത് തലയെടുപ്പാണ്. കുറച്ചു ദൂരം കൂടി ഓടിയശേഷം ബസ് റോഡരികില്‍ നിര്‍ത്തി . ഞങ്ങള്‍ എല്ലവരും ഇറങ്ങി. ഡ്രൈവര്‍ പാര്‍ക്കിങ്ങ് സ്ഥലം അന്വേഷിച്ച് വണ്ടിയുമായി പോയി. പതിയെ ഞങ്ങള്‍ റോഡ് മുറിച്ച് കടന്ന് പള്ളിക്ക് മുന്നിലെത്തി. നല്ല തിരക്കാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍.

ഇത് ജർമ്മനിയിലെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ കൊളോണിലെ ഒരു കത്തോലിക്കാ കത്തീഡ്രലാണ്. കൊളോൺ അതിരൂപതയുടെയും കൊളോൺ അതിരൂപതയുടെ ഭരണത്തിൻറെയും ഇരിപ്പിടമാണിത്. ജർമ്മൻ കത്തോലിക്കാസഭയുടെയും ഗോഥിക് വാസ്തുവിദ്യയുടെയും പ്രശസ്തമായ സ്മാരകമാണിത്. 1996 ൽ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടു. ജർമ്മനി ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന നാഴികക്കല്ലാണ് ഇത്, ഒരു ദിവസം ശരാശരി 20,000 ആളുകള്‍ ഇവിടം സന്ദര്‍ശിക്കുന്നു. നിലവിൽ 157 മീറ്റർ (515 അടി) ഉയരത്തിൽ ഏറ്റവും ഉയരമുള്ള ഇരട്ട-ഗോപുരമുള്ള ഈ പള്ളി, യൂറോപ്പിൽ രണ്ടാമതും ഉൽം മിനിസ്റ്ററിന് ശേഷം ലോകത്ത് മൂന്നാമതും ആണ്.

കൊളോൺ കത്തീഡ്രലിന്റെ നിർമ്മാണം 1248-ൽ ആരംഭിച്ചെങ്കിലും 1473-ൽ നിർത്തിവച്ചു. 1840 വരെ പണി പുനരാരംഭിച്ചില്ല, 1880 ൽ ഈ കെട്ടിടം അതിന്റെ യഥാർത്ഥ മധ്യകാല പദ്ധതിയിൽ പൂർത്തിയായി. വടക്കൻ യൂറോപ്പിലെ ഏറ്റവും വലിയ ഗോഥിക് ദേവാലയമാണ് രണ്ട് വലിയ ഗോപുരങ്ങൾ ഉള്ള ഈ കത്തീഡ്രൽ. ആയതുകൊണ്ട് തന്നെ ഇത്, കത്തീഡ്രലിന് ലോകത്തിലെ ഏത് പള്ളിയുടെയും ഏറ്റവും വലിയ മുഖം നൽകുന്നു.

കൊളോണിന്റെ മധ്യകാല നിർമ്മാതാക്കൾ മൂന്ന് രാജാക്കന്മാരുടെ ഭവനം സ്ഥാപിക്കുന്നതിനും വിശുദ്ധ റോമൻ ചക്രവർത്തിയുടെ ആരാധനാലയം എന്ന നിലയിൽ അതിന്റെ പങ്ക് ഉൾക്കൊള്ളുന്നതിനുമായി ഒരു മഹത്തായ ഘടന ആസൂത്രണം ചെയ്തിരുന്നു. മധ്യകാലഘട്ടത്തിൽ അപൂർണ്ണമായി അവശേഷിച്ചിട്ടും, കൊളോൺ കത്തീഡ്രൽ ക്രമേണ "അസാധാരണമായ ആന്തരിക മൂല്യത്തിന്റെ ഒരു മാസ്റ്റർപീസ്", "മധ്യകാലത്തെയും ആധുനിക യൂറോപ്പിലെയും ക്രിസ്തീയ വിശ്വാസത്തിന്റെ കരുത്തിനും സ്ഥിരതയ്ക്കും ശക്തമായ സാക്ഷ്യം" എന്നിവയായി ഏകീകരിച്ചു.

1164-ൽ കൊളോണിലെ അതിരൂപത, ഡാസലിലെ റെയ്നാൾഡ്, മൂന്ന് രാജാക്കന്മാരുടെ തിരുശേഷിപ്പുകൾ സ്വന്തമാക്കി. വിശുദ്ധ റോമൻ ചക്രവർത്തിയായ ഫ്രെഡറിക് ബാർബറോസ ഇറ്റലിയിലെ മിലാനിലെ സാന്റ് യൂസ്റ്റോർജിയോയിലെ ബസിലിക്കയിൽ നിന്ന് എടുത്തതാണ്. (അവശിഷ്ടങ്ങളുടെ ഭാഗങ്ങൾ മിലാനിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.) അവശിഷ്ടങ്ങൾക്ക് വലിയ മത പ്രാധാന്യമുണ്ട്, ക്രൈസ്‌തവലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ ഇത് ആകർഷിച്ചു. പള്ളിയിലെ ഉദ്യോഗസ്ഥരെ ശരിയായി പാർപ്പിക്കേണ്ടത് പ്രധാനമായിരുന്നു, അതിനാൽ ഗോഥിക് വാസ്തുവിദ്യയുടെ പുതിയ ശൈലിയിൽ ഒരു കെട്ടിട പരിപാടി ആരംഭിച്ചു, പ്രത്യേകിച്ചും ഫ്രഞ്ച് കത്തീഡ്രൽ ഓഫ് ആമിയൻസിനെ അടിസ്ഥാനമാക്കി.

1248 ഓഗസ്റ്റ് 15 ന് ആർച്ച് ബിഷപ്പ് കൊൻറാഡ് വോൺ ഹോച്ച്സ്റ്റാഡൻ ശിലാസ്ഥാപനം നടത്തി. മാസ്റ്റർ ഗെർഹാർഡിന്റെ നിർദേശപ്രകാരം കിഴക്കൻ ഭുജം പൂർത്തീകരിച്ചു, 1322-ൽ ഇതിനെ വിശുദ്ധമാക്കി ഒരു താൽക്കാലിക മതിൽ ഉപയോഗിച്ച് അടച്ചു. പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പടിഞ്ഞാറൻ ഗ്രൗണ്ടിലെ ജോലികൾ മാസ്റ്റർ മൈക്കിളിന്റെ കീഴിൽ ആരംഭിച്ചു. ഈ പ്രവർത്തനം 1473-ൽ അവസാനിച്ചു, തെക്കൻ ഗോപുരം ബെൽഫ്രി നിലയിലേക്ക് പൂർത്തീകരിച്ചു, ഒരു വലിയ ക്രെയിൻ കൊണ്ട് കിരീടധാരണം ചെയ്തു, ഇത് 400 വർഷമായി കൊളോൺ സ്കൈലൈനിന്റെ ഒരു അടയാളമായി നിലകൊള്ളുന്നു.  ചില ജോലികൾ ഇപ്പോഴും തുടരുന്നു.


പള്ളിക്ക് ചുറ്റും നടന്ന് ഞാന്‍ ചിത്രങ്ങള്‍ പകര്‍ത്തി. വലത് വശത്ത് ഒരു മ്യൂസിയമുണ്ട്. അതില്‍ പള്ളി പണിക്കുപയോഗിച്ച് പല തരത്തിലുള്ള കല്ലുകളും മാര്‍ബിളുമൊക്കെ കൊത്തുപണികളോടെ വച്ചിരിക്കുന്നു. പുറത്ത് ഒരു വശത്ത് 3 പേര്‍  വിവിധ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് സംഗീതമാലപിക്കുന്നു. അവരുടെ മുന്പില്‍ ഒരു ചെറിയ പെട്ടി വച്ചിരിക്കുന്നു. ചിലയാളുകള്‍ അതിലേക്ക് ചെറിയ തുകകകള്‍ ഇടുന്നുണ്ട്. കുറച്ചു നേരം ഞാന്‍ ഈ സംഗീതം ആസ്വദിച്ചു നിന്നു 5 യൂറോയുടെ ഒരു നോട്ട് അതില്‍ നിക്ഷേപിച്ച് ഞാന്‍ പള്ളിയുടെ മുന്‍ ഭാഗത്തേക്ക് നടന്നു. അവിടെ ഒരാള്‍ തറയില്‍ എല്ലാ രാജ്യങ്ങളുടെയും പതാകകള്‍ നിറമുള്ള ചോക്കുകള്‍ കൊണ്ട് വരയ്ക്കുന്നു. കാഴ്ചക്കാരില്‍ ചിലര്‍ അവരുടെ രാജ്യത്തിനെ‍റെ പതാകയുടെമേല്‍ നാണയങ്ങള്‍ ഇട്ട്കൊടുത്ത് അയാളെ സഹായിക്കുന്നുണ്ട്. ഇന്‍ഡ്യയുടെ പതാക അതുവരെ അയാള്‍ വരച്ചില്ല. ഞാന്‍ കുറെനേരം അത് നോക്കിനിന്നു. ഇന്‍ഡ്യന്‍ പതാക കാണാന്‍. 

സമയം പോകുന്നു. പള്ളിയുടെ മുന്‍ വശത്തുള്ള മീറ്റിംഗ് പോയിൻ്‍റില്‍ ഞാന്‍ എത്തി. ഞങ്ങളുടെ ഗ്രൂപ്പിലെ ആരെയും കാണാനില്ല. ഞാന്‍ അവിടെയെല്ലാം നോക്കി. ആരുമില്ല എല്ലാവരും പോയി. ബസ് കിടക്കുന്ന സ്ഥലം ശരിക്കറിയില്ല.എങ്ങനെ അവരെ കണ്ടുപിടിക്കും. ഞാന്‍ പതിയെ റോഡിലേക്കിറങ്ങി. അപ്പോള്‍ സുജീഷും വിഷ്ണുവും ഞങ്ങളുടെ ഗ്രൂപ്പിന്‍റെ പതാകയും ഉയര്‍ത്തി എന്നെ അന്വേഷിച്ച് വരുന്നു. ഓ, ആശ്വാസമായി. ഞാന്‍ ഓടിച്ചെന്ന് അവരോടൊപ്പം ചേര്‍ന്നു. ഉച്ചഭക്ഷണം ഇവിടെ നിന്ന് പായ്ക് ആക്കി കിട്ടിയിട്ടുണ്ട്. പോകുന്ന വഴിക്ക് അത് കഴിക്കണം. ഞങ്ങള്‍ ബസ് വരാനായി കാത്തുനിന്നു. അപ്പോള്‍ വീണ്ടും ഒരിക്കല്‍കൂടി ഞാന്‍ കൊളോണ്‍ കത്തീഡ്രലിലേക്ക് തിരിഞ്ഞുനോക്കി. അതിന്‍റെ ഭംഗി ഒന്നുകൂടി ആസ്വദിക്കാന്‍. ......

No comments:

Post a Comment

അസർബെയ്ജാൻ യാത്ര - ബാക്കു നഗരകാഴ്ചകൾ

  ഇന്നത്തെ ഞങ്ങളുടെ ആദ്യ യാത്ര ബാക്കു നഗരകാഴ്ചകളിലേക്കാണ്. ഓൾഡ് സിറ്റിയിലേക്കായിരുന്നു ആദ്യ യാത്ര. പഴയകാല രീതിയിൽ കല്ലും ചെളിയും ഉപയോഗിച്ചുള...