Sunday, July 31, 2011

കുരിശിന്‍ നിഴലായി ഞാന്‍....

http://www.blogger.com/img/blank.gif

രക്ഷകന്‍



പെണ്‍കുട്ടി വേഗത്തില്‍ നടന്നു. വിജനമായ ഇടവഴിയാണ്. പരിചയക്കാരെ ആരെയും കാണുന്നില്ലല്ലോ, അവള്‍ തെല്ലു ഭയപ്പെട്ടു. കാലുകള്‍ക്ക് കുറച്ചുകൂടി വേഗം കൂടി. ഇരുവശവും ഇടതൂര്‍ന്ന വൃക്ഷങ്ങളാണ്. വിളിച്ചാല്‍ പോലും കേള്‍ക്കാന്‍ ആരുമില്ല. ഓരോ ദിവസവും പത്രത്തിലും മറ്റും വരുന്ന വാര്‍ത്തകള്‍ അവള്‍ക്കു ഓര്‍മ്മ വന്നു.
പെട്ടെന്ന് എവിടെ നിന്നെന്നറിയാതെ ഒരാള്‍ പിന്പില്‍ നിന്നും അവളെ കടന്നുപിടിച്ചു. അവള്‍ ഞെട്ടിപ്പോയി. അയാളുടെ കയ്യില്‍ നിന്നും രക്ഷപെടാന്‍ അവള്‍ കുതറി.
"അയ്യോ രക്ഷിക്കണേ" അവള്‍ തന്നാലാവും വിധത്തില്‍ വിളിച്ചുകൂവി.
പെട്ടെന്ന് മുന്‍പില്‍ നിന്നും ഒരാള്‍ വേഗത്തില്‍ കടന്നുവരുന്നതും തന്നെ കടന്നു പിടിച്ചവനെ ആക്രമിച്ചു കീഴ്പെടുതുന്നതും അവള്‍ കണ്ടു. അയാളുടെ അടിയേറ്റു അവന്‍ ഞരങ്ങിക്കൊണ്ട് നിലത്തു വീണു.
"കുട്ടി വരൂ" അയാള്‍ പറഞ്ഞു.
ദൈവദൂതനെ പോലെ വന്നു തന്നെ രക്ഷിച്ച അയാളുടെ പിന്‍പേ അവള്‍ നടന്നു.
അയാള്‍ വൃക്ഷങ്ങല്‍ക്കിടയിലുള്ള ഒരു പഴയ കെട്ടിടതിലെക്കാന് അവളെ നയിച്ചത്. അവള്‍ക്കു വീണ്ടും പേടി തോന്നി.
"പേടിക്കേണ്ട വരൂ" അയാളുടെ ശബ്ദത്തില്‍ ഒരു ആജ്ഞാശക്തി ഉണ്ടായിരുന്നു.
അകത്തേക്ക് നടന്ന അവള്‍ എല്ലാം നഷ്ടപ്പെട്ടവള്‍ ആയി ആണ് പുറത്തേക്കു വന്നത്.
വേദന നിറഞ്ഞ ശരീരവും മനസുമായി നടക്കുമ്പോള്‍ അവള്‍ തന്റെ മുത്തശ്ശി പറഞ്ഞ ഒരു കഥ ഓര്‍ത്തു.
കുറുക്കന്റെ കയ്യില്‍ അകപ്പെട്ട മാന്കുട്ടിയെ രക്ഷപെടുത്തിയ സിംഹത്തിന്റെ കഥ....

Monday, July 25, 2011

വില...?


വെയിലിന്റെ ശക്തി കുറഞ്ഞ സായാഹ്നം. പതിവുപോലെ മിസ്സിസ് മേനോന്‍ കടല്‍ത്തീരത്ത്‌ നടക്കാനിറങ്ങി. വീട്ടില്‍ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ ബീച്ചിലേക്ക്. ഉച്ചമയക്കത്തിന് ശേഷം ഉണര്‍ന്നു വീട്ടുജോലികള്‍ ഒക്കെ ഒതുക്കി ബാക്കി പണികള്‍ ജോലിക്കാരിയെ ഏല്‍പ്പിച്ചു എന്നും അര മണിക്കൂര്‍ ബീച്ചില്‍ കൂടി നടത്തം പതിവാണ് മിസ്സിസ് മേനോന്. പല വിധ ആള്‍ക്കാര്‍. ഒറ്റക്കായും കൂട്ടമായും കടലിന്റെ ഭംഗി ആസ്വദിക്കുന്നു. പലവിധ കച്ചവടക്കാര്‍. എല്ലാം പതിവ് കാഴ്ചകള്‍ തന്നെ. അപ്പോഴാണ് പതിവില്ലാത്ത ഒരു കച്ചവടക്കാരനെ മിസ്സിസ് മേനോന്‍ കണ്ടത്. പന്ത്രണ്ടു വയസോളം വരുന്ന ഒരു കുട്ടി. അവന്‍ കുറെ ചൂലുമായി വില്പനയ്ക്കിരിക്കുന്നു. പാറിപ്പറന്ന മുടി. പത്തു പതിനഞ്ചു ചൂലുകള്‍ കാണും. വലിയ വില്പന ഒന്നും നടന്നിട്ടില്ല എന്ന് തോന്നുന്നു. വില കുറച്ചു കിട്ടിയാല്‍ ഒരെണ്ണം വാങ്ങാം എന്ന് കരുതി മിസ്സിസ് മേനോന്‍ അവന്റെ അരികിലേക്ക് ചെന്നു. രാവിലെയും ഭര്‍ത്താവിനോട് പറഞ്ഞതാണ്‌ വ്യ്കിട്ടു ജോലി കഴിഞ്ഞു വരുമ്പോള്‍ ഒരു ചൂല്‍ വാങ്ങി കൊണ്ട് വരണം എന്ന്.
"എന്താ ചൂലിന്റെ വില?" മിസ്സിസ് മേനോന്‍ ചോദിച്ചു
"പത്തു രൂപയെ ഉള്ളൂ അമ്മാ, രണ്ടെണ്ണം എടുക്കട്ടെ?" പ്രതീക്ഷയോടെ പയ്യന്‍ ചോദിച്ചു.
"ങേ, പത്തു രൂപയോ? ഇത് വെറും സാധാരണ പുല്ചൂലല്ലേ? അഞ്ചു രൂപ തരാം."
"അഞ്ചു രൂപയ്ക്ക് തന്നാല്‍ നഷ്ടമാണ് അമ്മാ, പത്തു രൂപ വേണം" പയ്യന്റെ ദൈന്യത നിറഞ്ഞ ഉത്തരം..
"വേണ്ട അഞ്ചു രൂപയ്കാണെങ്കില്‍ മതി" അത് പറഞ്ഞു മിസ്സിസ് മേനോന്‍ മുന്‍പോട്ടു നടന്നു. അഞ്ചു രൂപയ്ക്ക് കൊടുക്കാന്‍ പറ്റാത്തത് കൊണ്ടായിരിക്കണം അവന്‍ പിന്നീട് നിര്‍ബന്ധിച്ചില്ല. അടുത്ത ആളിനായി അവന്‍ കാത്തു.
അപ്പോളാണ് ഒരാള്‍ വന്നു അവനോടു ചൂല്‍ മുഴുവനായും വാങ്ങികൊണ്ട് പോകുന്നത് മിസ്സിസ് മേനോന്‍ കണ്ടത്. ഏഴു രൂപ വച്ച് ആ ചൂല്‍ മുഴുവനും അവന്‍ അയാള്‍ക്ക് വിറ്റു. അപ്പോള്‍ ചെറിയ ഒരു നഷ്ടബോധം മിസ്സിസ് മേനോന് തോന്നി. നല്ല ചൂല്‍ ആയിരുന്നു, പത്തു രൂപ കൊടുത്താലും സാരമില്ലായിരുന്നു. പക്ഷെ ഫുട് പത്തിലും വഴി വക്കിലുമുള്ള കച്ചവടക്കരോട് വില പേശാതെ വാങ്ങുന്നത് എങ്ങനെ എന്ന മലയാളിയുടെ ദുരഭിമാനം മിസ്സിസ് മേനോനെയും കീഴടക്കി.
"ആ സാരമില്ല നാളെയാനെന്കിലും വാങ്ങാം, അവന്‍ നാളെയും വരുമായിരിക്കും" അങ്ങനെ സ്വയം സമാധാനിച്ചു അവര്‍ വീട്ടിലേക്കു നടന്നു.
കുറച്ചു ഇരുട്ടിയാണ് ഭര്‍ത്താവു ജോലി കഴിഞ്ഞു വന്നത്. വീട്ടിലെകവശ്യമായ ചില സാധനങ്ങള്‍ അയാള്‍ വാങ്ങി കൊണ്ട് വന്നിരുന്നു. അതോടൊപ്പം ഒരു ചൂലും ഉണ്ടായിരുന്നു. മിസ്സിസ് മേനോന്‍ ചൂലിന്റെ പുറത്തിട്ടിരുന്ന ടാഗ് നോക്കി. പട്ടണത്തിലെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കെടിന്റെ പേരും അതിന്റെ താഴെ മുപ്പത്തിയഞ്ചു രൂപ വിലയും. അതിലേറെ അവര്‍ ഞെട്ടിയത് ആ ചൂല്‍ തുറന്നു കണ്ടപ്പോളയിരുന്നു. ബീച്ചില്‍ താന്‍ വില പേശി ഉപേക്ഷിക്കുകയും മറ്റൊരാള്‍ മൊത്തമായി വാങ്ങുകയും ചെയ്ത ആ പുല്ചൂല്‍ തന്നെയായിരുന്നു അത്.

Sunday, July 24, 2011

ശീലം......

മിസ്സിസ് മാലതി ഷോപ്പിംഗ്‌ മാളിലെ ഷെല്‍ഫുകളില്‍ സാധനങ്ങള്‍ പരതി കൊണ്ടിരുന്നു. വീട്ടിലേക്കവശ്യമായ സാധനങ്ങള്‍ ഓരോന്നും പെറുക്കി ബാഗില്‍ ഇട്ടു. കാഷ് കൌന്റെരിലേക്ക് നടക്കുന്നതിനിടയില്‍ ഷെല്‍ഫില്‍ ഇരിക്കുന്ന മനോഹരമായ പെര്‍ഫ്യൂം കണ്ണിലുടക്കി. ആരും കാണാതെ അത് തന്റെ ഹാന്‍ഡ്‌ ബാഗിലോതുക്കി . ഹാ, എന്ത് രസം, ആരും കാണാതെ സാധനങ്ങള്‍ അടിച്ചു മാറ്റുന്നതില്‍ ഒരു പ്രത്യേക സുഖം. ഇങ്ങനെ അടിച്ചു മാറ്റിയ എത്ര ചെറിയ സാധനങ്ങള്‍ ആണ് വീട്ടിലെ തന്റെ അലമാരയുടെ തട്ടുകളെ അലങ്കരിക്കുന്നത്. പുതിയ മാള്‍ തുടങ്ങിയിട്ട് ഇപ്പോളാണ് ഇവിടെ ഒന്ന് വരാന്‍ തോന്നിയത്. ഭര്‍ത്താവ് സര്‍ക്കാര്‍ വകുപ്പില്‍ ഉയര്‍ന്ന നിലയിലുള്ള ജീവനക്കാരന്‍. മക്കള്‍ എന്ജിനീയരിങ്ങിനും മെഡിസിനും പഠിക്കുന്നു. സമൂഹത്തില്‍ നല്ല വിലയും, നിലയും ഉള്ള കുടുംബമാണ്. പക്ഷെ, ഈ സ്വഭാവത്തില്‍ മിസ്സിസ് മാലതി പ്രത്യേക സുഖം കണ്ടെത്തുന്നു. ഇത് വരെ പിടിക്കപ്പെട്ടില്ല എന്ന ആശ്വാസം വീണ്ടും വീണ്ടും ഇത് ചെയ്യുവാന്‍ അവരെ പ്രേരിപ്പിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു.
അവര്‍ കാഷ് കൌന്ടെരിലെതി. പണം അടച്ചു പുറത്തേക്കു നടന്നു. വാതില്‍ക്കല്‍ നിന്നും പുറത്തേക്കു നടക്കുന്നതിനിടയില്‍ ഒരു ജീവനക്കാരന്‍ വന്നു മനജേര്‍ വിളിക്കുന്നു എന്ന് പറഞ്ഞു മാലതിയെ അകത്തേക്ക് നയിച്ചു. നിമിഷങ്ങള്‍കുള്ളില്‍ ഭര്‍ത്താവായ പ്രേമചന്ദ്രന്റെ മൊബൈലിലേക്ക് വിളി പോയി. പെട്ടെന്ന് മാളിലേക്ക് വരണം ഭാര്യ ഇവിടെയുണ്ട് എന്ന് മാത്രം ആണ് അവര്‍ പറഞ്ഞത്. ഓഫീസില്‍ നിന്ന് ഇറങ്ങാനുള്ള സമയം ആകുന്നത്തെ ഉള്ളൂ... എന്താണ് കാര്യം എന്നറിയാതെ പ്രേമചന്ദ്രന്‍ അങ്കലാപ്പിലായി. കീഴ് ജീവനക്കാരനോട് പറഞ്ഞിട്ട് പെട്ടെന്നിറങ്ങി. കാര്‍ ഓടിക്കുമ്പോഴും മനസ് നിറയെ ആശങ്കയായിരുന്നു. എന്തായിരിക്കും കാര്യം. കാര്‍ പുറത്തു നിര്‍ത്തി അകത്തു ചെന്ന പ്രേമചന്ദ്രനെ സെക്യൂരിറ്റി ജീവനക്കാരന്‍ മാനേജരുടെ കാബിനിലേക്ക്‌ നയിച്ചു. അവര്‍ക്ക് പ്രേമചന്ദ്രനെ നല്ല പരിചയമുണ്ടായിരുന്നു. കാര്യം അവര്‍ വിശദീകരിച്ചു. അത് കേട്ട പ്രേമചന്ദ്രന് തന്റെ ഭാര്യയുടെ പ്രവര്‍ത്തിയില്‍ ലജ്ജ തോന്നി.
" ദയവായി ഇത് പുറത്താരും അറിയരുത്? പ്രേമചന്ദ്രന്‍ മാനേജരോട് പറഞ്ഞു.
"ഇല്ല സര്‍, കാഷ് അടച്ചാല്‍ മതി, പിന്നെ മിസ്സിസിനെ ഒന്ന് ഉപദേശിക്കണം" അയാള്‍ മറുപടിയായി പറഞ്ഞു.
ഇതൊക്കെ നടക്കുമ്പോഴും മിസ്സിസ് മാലതി ഒന്നും സംഭവിക്കാത്തത് പോലെ നിന്നു. കൌന്റെരില്‍ പണം അടച്ചു ഭാര്യയയൂം കൂട്ടി വീട്ടിലേക്കു കാര്‍ ഓടിക്കുമ്പോള്‍ അയാള്‍ അവരോടു പറഞ്ഞു.
"മാലതീ നിനക്ക് ലജ്ജയില്ലേ ഇങ്ങനെ ചെയ്യാന്‍? സമൂഹത്തിലെ നമ്മുടെ വിലയും നിലയും നീ ഓര്‍ക്കണ്ടേ?"
ഞാനൊന്നും ചെയ്തില്ല എന്ന മട്ടില്‍ അവര്‍ മറുപടി പറയാതെ ഇരുന്നു.
വീട്ടിലെത്തി കാര്‍ പാര്‍ക്ക്‌ ചെയ്തു. ബെഡ് റൂമിലെത്തി വസ്ത്രം മാറുന്നതിനിടയില്‍ പോക്കെറ്റില്‍ നിന്നും താഴെ വീണ ഒരു സിഗരറ്റ് ലൈറ്റര്‍ കയ്യിലെടുത്തു പ്രേമചന്ദ്രന്‍ അതിന്റെ ഭംഗി ആസ്വദിച്ചു, അയാളുടെ ചുണ്ടില്‍ ഒരു ഗൂഡ മന്ദസ്മിതം വിടര്‍ന്നു. കുറച്ചു മുന്‍പ് വരെ ആ ലൈറ്റര്‍ മാളിലെ മാനേജരുടെ മേശപ്പുറത്തു ആയിരുന്നു.
അയാളും ഭാര്യയുടെ ശീലത്തിലേക്ക് നടന്നു തുടങ്ങിയിരുന്നു.........

കശ്മീർ ഡയറി -3

  സോനാമാർഗ് & സീറോ പോയിന്റ് മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു . സോന...