Thursday, October 10, 2019

യൂറോപ്പ് ഡയറി - 4

ജര്‍മ്മനി - നാസികളുടെ നാട്ടില്‍ (ഭാഗം - 2)


ഞങ്ങള്‍ യാത്ര തുടരുകയാണ്. അടുത്ത ലക്ഷ്യം റ്റിറ്റിസീ തടാകമാണ്. കുറെ നേരത്തെ ഓട്ടത്തിനു ശേഷം ബസ് ഒരു പാര്‍ക്കിങ്ങില്‍ എത്തി. അവിടെ നിന്ന് കുറച്ച് താഴേക്ക് നടക്കണം തടാകതീരത്തെത്താന്‍. ഇരു വശവും കടകളാണ്. എല്ലാം ടൂറിസ്റ്റുകളെ ഉദ്ദേശിച്ചുള്ളതാണ്. ഇന്നത്തെ ഉച്ചഭക്ഷണവും ഇവിടെയാണ് ക്രമീകരിച്ചിരിക്കുന്നത്. അല്പസമയത്തിനുശേഷം ഞങ്ങള്‍ തടാകത്തിനടുത്തെത്തി. സമയം അല്പം വൈകിയതിനാല്‍ ഭക്ഷണം കഴിച്ചാവാം തടാക സന്ദര്‍ശനം എന്ന് തീരുമാനിച്ചു. അടുത്തുള്ള ഇന്‍ഡ്യന്‍ റെസ്റ്റോറന്‍റിലേക്ക് നീങ്ങി. രുചികരമായ ഭക്ഷണം കഴിച്ചു അവര്‍ക്ക് ഒരു നന്ദിയും പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി.തടാകത്തിനടുത്തേക്ക നടന്നു.

ബ്ലാക്ക് ഫോറസ്റ്റിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിൽ ഒന്നാണ് ഈ മനോഹരമായ തടാകം. വനവും താഴ്ന്ന പർവതങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഈ സ്ഥലം മനോഹരമായ, പ്രകൃതിദത്തമായ ഒരു സ്ഥലത്ത് വിശ്രമിക്കാൻ പറ്റിയ സ്ഥലമാണ്. നല്ല തണുത്ത് കാറ്റ് വീശുന്നുണ്ട്.

ടിറ്റിസി തടാകം ഏകദേശം 2 കിലോമീറ്റർ (1 മൈലിന് മുകളിൽ) നീളുന്നു. ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ ധാരാളം ഉള്ള ഒരു ജനപ്രിയ റിസോർട്ട് സ്ഥാനമാണിത്. 1.3 കിലോമീറ്റർ (320 ഏക്കർ) വിസ്തൃതിയുള്ള ഇത് ശരാശരി 20 മീറ്റർ (66 അടി) ആഴത്തിലാണ്. സമുദ്രനിരപ്പിൽ നിന്ന് 840 മീറ്റർ (2,760 അടി) ഉയരത്തിലുള്ള തടാകത്തിന്റെ ഒഴുക്ക് ഗുട്ടാച്ച് നദിയാണ്. റോമൻ ജനറലായ ടൈറ്റസ് ടിറ്റിസിയുടെ പ്രദേശത്ത് തമ്പടിച്ചിരിക്കുമ്പോള്‍ തടാകം അദ്ദേഹത്തെ വളരെയധികം ആകർഷിക്കുകയും, അതിന് അദ്ദേഹം തന്‍റെ പേര് നല്‍കുകയും ചെയ്തു എന്നൊരു കഥയുണ്ട്.

ശൈത്യകാലത്ത് തടാകം തണുത്തുറയുകയും ശൈത്യകാലത്തുള്ള സ്പോര്‍ട്ട്സ് അതിനു മുകളില്‍ നടക്കുകയും ചെയ്യുന്നു. പണ്ട് ഇതിന് മുകളില്‍ 4 സീറ്റുള്ള ചെറിയ വിമാനം ലാന്‍റ് ചെയ്യുമായിരുന്നു. എന്നാല്‍ 1966 ല്‍ ഉണ്ടായ ഒരു അപകടത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ അവിടെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.1966 ജനുവരി 14 ന്‌, മഞ്ഞ്‌ നീക്കുന്ന ഒരു ട്രാക്ടർ‌ മഞ്ഞ്‌ പൊട്ടി ഡ്രൈവർ‌ വാൾ‌ട്ടർ‌ വൈൽ‌ഡിനോടൊപ്പം  തടാകത്തിന്റെ അടിയിൽ‌ മുങ്ങി. രണ്ടാഴ്ച കഴിഞ്ഞാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്.

തടാകസന്ദര്‍ശനത്തിനുശേഷം ഞങ്ങള്‍ കുറച്ച് ഷോപ്പിംഗ് നടത്തി. സ്വിസ്സിനേക്കാള്‍  വിലക്കുറവ് ഇവിടെ അനുഭവപ്പെട്ടു. ചെറിയ ചാറ്റല്‍ മഴ വീണ്ടും തുടങ്ങി. ഞങ്ങള്‍ പെട്ടെന്ന് ബസ്സിനുള്ളില്‍ എത്തി. യാത്ര വീണ്ടും തുടര്‍ന്നു. ഫ്രാങ്ക്ഫര്‍ട്ടിലേക്ക് ഇനിയും അഞ്ച് മണിക്കൂര്‍ യാത്ര ഉണ്ട്. ഇടയ്ക്ക് ബസ് നിര്‍ത്തി ഡ്രൈവര്‍ വിശ്രമം എടുത്തു. ഇവിടുത്തെ നിയമം അതാണ്. തുടര്‍ച്ചയായി 4 മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ വിശ്രമം എടുത്ത ശേഷം മാത്രമേ വീണ്ടും യാത്ര തുടരാവൂ. അടുത്തുള്ള കടകള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. ഒന്ന് മൂത്രം ഒഴിക്കണമെങ്കില്‍ 75 സെന്‍റ് (ഏകദേശം  55 രൂപ) നല്‍കണം. തുടര്‍ന്ന് കടയില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ ആ ടിക്കറ്റ് മടക്കി നല്‍കിയാല്‍ 50 സെന്‍റ് ഇളവ് ലഭിക്കും. അതുപോലെ ഒഴിഞ്ഞ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ തിരികെ നല്‍കിയാലും 25 സെന്‍റ് ലഭിക്കും. പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കാനും അനാവശ്യമായി വലിച്ചെറിയാതിരിക്കാനുമായി ആണ് ഈ രീതി. അത് കേരളത്തില്‍ ഒന്ന് വന്നെങ്കില്‍ നമുക്കൊക്കെ എത്ര രൂപ ഉണ്ടാക്കാമായിരുന്നു. ഇവിടുത്തെ സ്ഥലങ്ങളുടെ വൃത്തി പ്രത്യേകം എടുത്തു പറയേണ്ടതാണ്. നമ്മുടെ ഒരു നല്ല പാര്‍ക്ക് പോലും ഇവിടുത്തെ ഒരു തെരുവ് പോലെ നമുക്ക് സംരക്ഷിക്കുവാന്‍ കഴിയുന്നില്ല എന്നുള്ളതാണ് സത്യം. ഞങ്ങള്‍ വിശ്രമശേഷം വീണ്ടും യാത്ര തുടര്‍ന്നു.

റോഡിലെ ബ്ലോക്ക് കാരണം ഉദ്ദേശിച്ചതിലും താമസിച്ചാണ് ഫ്രാങ്ക്ഫര്‍ട്ടിലെത്തിയത്. ഭക്ഷണം ക്രമീകരിച്ചിരുന്നത് ഒരു ചൈനീസ് റെസ്റ്റോറന്‍റിലായിരുന്നു. പുതിയതരം പല ഭക്ഷണവും കഴിച്ചു. പലതും പകുതി വേവിച്ചവയാണ്. കൂടാതെ പാചകം ചെയ്യാത്ത മീനും ഞണ്ടും തവളയും കണവയും അങ്ങനെ പലതും വച്ചിട്ടുണ്ട്. ആവശ്യത്തിന് അത് എടുത്ത്  നമ്മുടെ ഡൈനിംഗ് ടേബിളില്‍ വച്ചിരിക്കുന്ന ഹീറ്ററിനു മുകളിലുള്ള സൂപ്പ് തിളയ്ക്കുന്ന പാത്രത്തില്‍ ഇട്ട് വേവിച്ച് കഴിക്കാവുന്നതാണ്. പരീക്ഷണത്തിനൊന്നും ഞാന്‍ മുതിര്‍ന്നില്ല. കഴിക്കാന്‍ പറ്റുന്നവ മാത്രം കഴിച്ച് പുറത്തിറങ്ങി. അതിന്ശേഷം ഹോട്ടലിലെത്തി വിശ്രമത്തിലേക്ക് തിരിഞ്ഞു. (തുടരും)

No comments:

Post a Comment

അസർബെയ്ജാൻ യാത്ര - ബാക്കു നഗരകാഴ്ചകൾ

  ഇന്നത്തെ ഞങ്ങളുടെ ആദ്യ യാത്ര ബാക്കു നഗരകാഴ്ചകളിലേക്കാണ്. ഓൾഡ് സിറ്റിയിലേക്കായിരുന്നു ആദ്യ യാത്ര. പഴയകാല രീതിയിൽ കല്ലും ചെളിയും ഉപയോഗിച്ചുള...