Tuesday, May 29, 2018

മാതാപിതാക്കളോടൊപ്പം ഒരു സിങ്കപ്പൂർ യാത്ര-1


ഓയിൽ ഫീൽഡിൽ ജോലി ചെയ്യുന്ന എന്റെ മാസമാസമുള്ള ആകാശ യാത്രക്ക് എയർപോർട്ടിൽ കൊണ്ടുവിടുമ്പോളും തിരികെ വിളിക്കാൻ വരുമ്പോളുമുള്ള മാതാപിതാക്കളുടെ ആകാംക്ഷയും അമ്പരപ്പും കാണുമ്പോളൊക്കെ അവരെ ഒരിക്കൽ ഫ്ലൈറ്റ് യാത്ര ചെയ്യിക്കണമെന്നു മനസ്സിൽ കരുതിയിരുന്നു. ഒരു ചുമട്ടു തൊഴിലാളി ആയിരുന്ന പിതാവിന് ആകാശയാത്ര ഒരിക്കലും സ്വപ്നത്തില്പോലുമില്ലായിരുന്നു. അമ്മ രണ്ടു തവണ ആകാശയാത്ര ചെയ്തിട്ടുണ്ട് എങ്കിലും വീട്ടമ്മയായി ഒതുങ്ങി കൂടുകയായിരുന്നു. കൊച്ചിയിൽ നിന്നുള്ള ടൂർ ഏജൻസിൻസിയോടൊപ്പമായിരുന്നു യാത്ര. ആകെ 41 പേര് അടങ്ങിയ ഗ്രൂപ്പ്. മെയ് 17 നു രാത്രി 1 .30 നു കൊച്ചിയിൽ നിന്നും ഫ്ലൈറ്റ് പറന്നുയർന്നു. അകെ ആമ്പരപ്പിലായിരുന്നു പിതാവ്. അമ്മയെ സംബന്ധിച്ചിടത്തോളം വലിയ ടെൻഷൻ ഒന്നുമില്ലായിരുന്നു. ഫ്ലൈറ്റിലെ ഫുഡും മറ്റും പ്രതീക്ഷിച്ച പിതാവിന് ബജറ്റ് ഫ്ലൈറ്റ് ആയതിനാൽ അതൊന്നും ലഭ്യമാകയില്ല എന്നറിഞ്ഞപ്പോൾ ചെറിയ നിരാശ തോന്നി. എങ്കിലും ആകാശയാത്രയിലെ അമ്പരപ്പും എയർ പോക്കറ്റിൽ വീഴുമ്പോളുണ്ടായ ഭയവുമൊക്കെ തന്നോടൊപ്പമുണ്ടായിരുന്നു. ഇതൊന്നും പേടിക്കേണ്ട കാര്യമില്ല എന്ന് ഞാൻ ഇടയ്ക്കിടെ ഓർപ്പിച്ചുകൊണ്ടിരുന്നു. പുലർച്ചെ 6.30 ഫ്ലൈറ്റ് സിംഗപ്പൂർ എയർപോർട്ടിൽ ലാൻഡ് ചെയ്തു. ഐര്പോര്ടിലെ നടപടിക്രമങ്ങൾക്ക് ശേഷം അവിടെ തന്നെ എല്ലാവരും ഫ്രഷ് ആയി. ഞങ്ങൾക്കുള്ള ഹോട്ടലിൽ 3 മണിക്കേ ചെക് ഇൻ ചെയ്യാൻ പറ്റുകയുള്ളൂ. ഉടൻതന്നെ ഞങ്ങളുടെ ഗൈഡ് മിസ്സിസ് ശബ്നം എത്തി. ബോംബെക്കാരായ മാതാപിതാക്കളുടെ മകളായി സിംഗപ്പൂരിൽ ജനിച്ചു വളര്ന്ന 50 വയസിനുമേൽ പ്രായമായ മാന്യയായ വനിത. ഞങ്ങളെ എല്ലാവരെയും പരിചയപ്പെട്ടതോടൊപ്പം അവർ തന്നെത്തന്നെ ഞങ്ങൾക്കും പരിചയപ്പെടുത്തി. തുടർന്ന് 10 മണിയോടുകൂടി ഞങ്ങൾ ഐര്പോര്ടിനു പുറത്തിറങ്ങി. അപ്പോഴേക്കും ഞങ്ങളുടെ ലഗ്ഗേജ് കൊണ്ടുപോകാനുള്ള വാഹനവും യാത്ര ചെയ്യാനുള്ള വാഹനവും എത്തിയിരുന്നു. ബാഗുകൾ എല്ലാം തന്നെ ലഗ്ഗേജ് വാനിൽ കയറ്റിയശേഷം ഞങ്ങൾ യാത്ര ചെയ്യാനുള്ള കോച്ചിൽ കയറി. സിറ്റി ടൂറിനുള്ള യാത്ര ആരംഭിച്ചു. മനോഹരവും വൃത്തിയുള്ളതുമായ റോഡുകൾ. എങ്ങും മാലിന്യങ്ങളോ ഇവിടുത്തെപ്പോലെ വഴിനീളെ പോസ്റ്ററുകളോ ഒന്നും കാണാനില്ല. ശബ്നം ഞങ്ങൾക്ക് അവിടുത്തെ മാലിന്യനിർമ്മാർജ്ജനത്തെ പറ്റിയും വൃത്തിയെപ്പറ്റിയുമെല്ലാം വിശദമായി പറഞ്ഞു തന്നു. അതോടൊപ്പം സിംഗപ്പൂരിന്റെ ചരിത്രവും വിശദമായി പറഞ്ഞു തന്നു . വഴിയരികിലെ ഓരോ കെട്ടിടങ്ങളെപ്പറ്റിയും വിശദമായ വിവരണം അവർ നൽകി കൊണ്ടിരുന്നു. ആദ്യ ദിവസം തന്നെ അവർ ഞങ്ങളിൽ ഒരാളായി മാറിക്കഴിഞ്ഞിരുന്നു. സൗമ്യമായ സംസാരവും ആരെയും ആകർഷിക്കുന്ന വ്യക്തിത്വത്തുനുടമയുമായിരുന്നു ശബ്നം. കുറച്ചു സമയത്തിന് ശേഷം ഞങ്ങൾക്ക് ഉച്ച ഭക്ഷണം ക്രമീകരിച്ചിരുന്നു ഹോട്ടലിൽ എത്തി. വടക്കേ ഇന്ത്യൻ ശൈലിയിലുള്ള ഭക്ഷണം ആയിരുന്നു. പ്രഭാത ഭക്ഷണം കഴിച്ചിട്ടില്ലാതിരുന്നതിനാൽ എല്ലാവരും നന്നായി കഴിച്ചു. തുടർന്ന് വീണ്ടും സിറ്റി ടൂറിനു പുറപ്പെട്ടു. സിംഗപ്പൂരിന്റെ ചരിത്രം നിറഞ്ഞ കെട്ടിടങ്ങളും വഴിയോരങ്ങളുമെല്ലാം ഞങ്ങൾ കണ്ടുകൊണ്ടു മുന്നോട്ടു നീങ്ങി. വൈകിട്ട് 5 മണിക്ക് സിറ്റി ടൂറിനു ശേഷം ഞങ്ങളുടെ ഹോട്ടലിൽ എത്തി . വൃത്തിയുള്ള ഹോട്ടൽ. പക്ഷെ ചെറിയ മുറികളാണ്. ഇന്നിനി മറ്റു പരിപാടികളില്ല . എല്ലാവരും കുളിയും മറ്റും കഴിഞ്ഞ ശേഷം ചുട്ടു പാടുമൊക്കെ കറങ്ങി. ഇന്ത്യയിലെ വില അനുസരിച്ചു നോക്കിയാൽ അതിന്റെ മൂന്ന് നാല് ഇരട്ടി വില എങ്കിലും കൊടുക്കാനും സിംഗപ്പൂരിൽ പല സാധനങ്ങൾക്കും. അടുതുള്ള ഒരു തമിഴ് റെസ്റ്റോറന്റ് ശബ്നം ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു. അവിടെ ചായ ഒരു ഡോളറിനു ലഭിക്കും. പക്ഷെ ഒരു ചായ എന്ന് പറഞ്ഞാൽ മൂന്നു പേർക്ക് കുടിക്കാൻ ആവശ്യമുള്ള ചായ ഉണ്ട്. തുടർന്നുള്ള ദിവസങ്ങളിലെ എന്റെയും മാതാപിതാക്കളുടെയും പ്രഭാത ഭക്ഷണം ആ റെസ്റ്റോറന്റിലെ രുചിയുള്ള ദോശയും വടയുമായിരുന്നു. താമസിക്കുന്ന ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വെസ്റ്റേൺ ശൈലിയിലുള്ള പ്രഭാത ഭക്ഷണം മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അത്ര സ്വീകാര്യമല്ലായിരുന്നു. ഇന്ത്യയേക്കാൾ രണ്ടര മണിക്കൂർ മുൻപിലാണ് സിംഗപ്പൂർ സമയം. വൈകുന്നേരം ഭക്ഷണത്തിനു ശേഷം എല്ലാവരും ഹോട്ടലിൽ എത്തി ഉറക്കത്തിലേക്കു വീണു. (തുടരും)

Wednesday, May 9, 2018

യേശുദാസും ഒരു സെൽഫിയും


തന്റെ സെല്ഫിയെടുത്ത ആളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ആ ഫോട്ടോ ഡിലീറ്റ് ചെയ്യുന്ന ഗായകൻ യേശുദാസിസ്ന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കയാണല്ലോ. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല അഭിപ്രായങ്ങളും പലരും സോഷ്യൽ മീഡിയയിൽ കൂടി പങ്കു വയ്ക്കുന്നുണ്ട്. അതിനെക്കുറിച്ചു ചില കാര്യങ്ങൾ. യേശുദാസിനോടുള്ള ആരാധനയാണ് ആ ചെറുപ്പക്കാരനെ ആ "സാഹസത്തിനു" പ്രേരിപ്പിച്ചത്. നിർദോഷമായ ഒരു കാര്യം. ജനക്കൂട്ടത്തിനിടയിലൂടെ ഇറങ്ങി വരുന്ന ഗായകൻ തന്റെ അടുത്തെത്താറായപ്പോൾ തന്നോടൊപ്പം അദ്ദേഹത്തെയും ഫ്രെയിമിലാക്കി ഒരു ഫോട്ടോ എടുത്തു എന്ന കുറ്റമേ അയാൾ ചെയ്തുള്ളൂ. പക്ഷെ അപ്പോൾ യേശുദാസ് ചെയ്ത പ്രവർത്തി തീർത്തും താരംതാണതായിപ്പോയി. ആ ജനമധ്യേ ആ ചെറുപ്പക്കാരനെ പരസ്യമായി അപമാനിക്കുകയാണ് അദ്ദേഹം ചെയ്തത്. ഒരു ഫോട്ടോ എടുക്കുന്നത് ഇത്ര വലിയ കുറ്റമാണോ? പത്രക്കാരൊക്കെത്തന്നെ അപ്പോൾ അദ്ദേഹത്തിന്റെ വിഡിയോയും ഫോട്ടോയുമൊക്കെ എടുത്തുകൊണ്ടിരിക്കയായിരുന്നു. അപ്പോൾ ആ ചെറുപ്പക്കാരൻ ഒരു ഫോട്ടോ എടുത്തത് അത്ര വലിയ തെറ്റാണോ? ആ ഒരു നിമിഷം കൊണ്ട് യേശുദാസിനു ജനങ്ങളുടെ ഇടയിലുള്ള സകല ബഹുമാനവും നഷ്ടപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തി. അല്പം അഹംഭാവം അല്ലെ അദ്ദേഹത്തിന്റെ ആ പ്രവർത്തിയിൽ ദൃശ്യമായത്? യേശുദാസിനു ദൈവം നൽകിയ വരദാനമായ സംഗീതത്തിലൂടെ അദ്ദേഹം വളരെ താഴെക്കിടയിൽ നിന്നും ഉയർന്നു വന്നയാളാണ്. അങ്ങനെയുള്ള ഒരു കലാകാരൻ കുറച്ചു എളിമയുള്ളവൻ ആയിരിക്കണം. വന്ന വഴിയെ മറക്കയോ തന്റെ സമൂഹത്തിലുള്ള സ്ഥാനം മനസ്സിലാക്കാതിരിക്കയോ ചെയ്യരുത്. തന്റെ ഉയർച്ചക്കുവേണ്ടി പലരുടെയും അവസരങ്ങൾ നഷ്ടപ്പെടുത്തിയിട്ടുള്ള ആളാണ് യേശുദാസ് എന്ന്‌ പല ആരോപണങ്ങളും ഉയർന്നിട്ടുള്ളതാണ്. പക്ഷെ ആരും പരസ്യമായി അത് പറഞ്ഞു അദ്ദേഹത്തിന് മാനക്കേട് വരുത്തിയിട്ടില്ലായിരുന്നു. എന്നാൽ ഈ ഒരു വിഷയം കൊണ്ട് തന്റെ ജീവിതത്തിലെ പല കാര്യങ്ങളും തുറന്നു പറയാൻ പലർക്കും അവസരമായി എന്നുള്ളത് സത്യമാണ്. കഴിഞ്ഞ എഴുപതിലധികം വര്ഷം തൻ നേടിയ എല്ലാ ബഹുമാനവും നഷ്ടപ്പെടുത്താൻ ഒരു നിമിഷം കൊണ്ട് അദ്ദേഹത്തിന് സാധിച്ചു. സമൂഹത്തിലെ ഉന്നത സ്ഥാനത്തുള്ളവർ ഇങ്ങനെയുള്ള കാര്യങ്ങളിൽ കുറെ കൂടി ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. ഇതൊക്കെ കാണുന്ന മറ്റുള്ളവരെങ്കിലും ഇങ്ങനെയുള്ള അവസരങ്ങളിൽ കുറേക്കൂടി ശ്രദ്ധാപൂർവം കാര്യങ്ങൾ കൈകാര്യം ചെയ്യും എന്ന് പ്രതീക്ഷിക്കാം . അല്ലെങ്കിൽ ജനങ്ങളുടെ മനസ്സിലുള്ള വിഗ്രഹങ്ങളൊക്കെ വീണുടയാൻ ഒരു നിമിഷം മാത്രം മതി.

കശ്മീർ ഡയറി -3

  സോനാമാർഗ് & സീറോ പോയിന്റ് മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു . സോന...