Sunday, July 24, 2011

ശീലം......

മിസ്സിസ് മാലതി ഷോപ്പിംഗ്‌ മാളിലെ ഷെല്‍ഫുകളില്‍ സാധനങ്ങള്‍ പരതി കൊണ്ടിരുന്നു. വീട്ടിലേക്കവശ്യമായ സാധനങ്ങള്‍ ഓരോന്നും പെറുക്കി ബാഗില്‍ ഇട്ടു. കാഷ് കൌന്റെരിലേക്ക് നടക്കുന്നതിനിടയില്‍ ഷെല്‍ഫില്‍ ഇരിക്കുന്ന മനോഹരമായ പെര്‍ഫ്യൂം കണ്ണിലുടക്കി. ആരും കാണാതെ അത് തന്റെ ഹാന്‍ഡ്‌ ബാഗിലോതുക്കി . ഹാ, എന്ത് രസം, ആരും കാണാതെ സാധനങ്ങള്‍ അടിച്ചു മാറ്റുന്നതില്‍ ഒരു പ്രത്യേക സുഖം. ഇങ്ങനെ അടിച്ചു മാറ്റിയ എത്ര ചെറിയ സാധനങ്ങള്‍ ആണ് വീട്ടിലെ തന്റെ അലമാരയുടെ തട്ടുകളെ അലങ്കരിക്കുന്നത്. പുതിയ മാള്‍ തുടങ്ങിയിട്ട് ഇപ്പോളാണ് ഇവിടെ ഒന്ന് വരാന്‍ തോന്നിയത്. ഭര്‍ത്താവ് സര്‍ക്കാര്‍ വകുപ്പില്‍ ഉയര്‍ന്ന നിലയിലുള്ള ജീവനക്കാരന്‍. മക്കള്‍ എന്ജിനീയരിങ്ങിനും മെഡിസിനും പഠിക്കുന്നു. സമൂഹത്തില്‍ നല്ല വിലയും, നിലയും ഉള്ള കുടുംബമാണ്. പക്ഷെ, ഈ സ്വഭാവത്തില്‍ മിസ്സിസ് മാലതി പ്രത്യേക സുഖം കണ്ടെത്തുന്നു. ഇത് വരെ പിടിക്കപ്പെട്ടില്ല എന്ന ആശ്വാസം വീണ്ടും വീണ്ടും ഇത് ചെയ്യുവാന്‍ അവരെ പ്രേരിപ്പിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു.
അവര്‍ കാഷ് കൌന്ടെരിലെതി. പണം അടച്ചു പുറത്തേക്കു നടന്നു. വാതില്‍ക്കല്‍ നിന്നും പുറത്തേക്കു നടക്കുന്നതിനിടയില്‍ ഒരു ജീവനക്കാരന്‍ വന്നു മനജേര്‍ വിളിക്കുന്നു എന്ന് പറഞ്ഞു മാലതിയെ അകത്തേക്ക് നയിച്ചു. നിമിഷങ്ങള്‍കുള്ളില്‍ ഭര്‍ത്താവായ പ്രേമചന്ദ്രന്റെ മൊബൈലിലേക്ക് വിളി പോയി. പെട്ടെന്ന് മാളിലേക്ക് വരണം ഭാര്യ ഇവിടെയുണ്ട് എന്ന് മാത്രം ആണ് അവര്‍ പറഞ്ഞത്. ഓഫീസില്‍ നിന്ന് ഇറങ്ങാനുള്ള സമയം ആകുന്നത്തെ ഉള്ളൂ... എന്താണ് കാര്യം എന്നറിയാതെ പ്രേമചന്ദ്രന്‍ അങ്കലാപ്പിലായി. കീഴ് ജീവനക്കാരനോട് പറഞ്ഞിട്ട് പെട്ടെന്നിറങ്ങി. കാര്‍ ഓടിക്കുമ്പോഴും മനസ് നിറയെ ആശങ്കയായിരുന്നു. എന്തായിരിക്കും കാര്യം. കാര്‍ പുറത്തു നിര്‍ത്തി അകത്തു ചെന്ന പ്രേമചന്ദ്രനെ സെക്യൂരിറ്റി ജീവനക്കാരന്‍ മാനേജരുടെ കാബിനിലേക്ക്‌ നയിച്ചു. അവര്‍ക്ക് പ്രേമചന്ദ്രനെ നല്ല പരിചയമുണ്ടായിരുന്നു. കാര്യം അവര്‍ വിശദീകരിച്ചു. അത് കേട്ട പ്രേമചന്ദ്രന് തന്റെ ഭാര്യയുടെ പ്രവര്‍ത്തിയില്‍ ലജ്ജ തോന്നി.
" ദയവായി ഇത് പുറത്താരും അറിയരുത്? പ്രേമചന്ദ്രന്‍ മാനേജരോട് പറഞ്ഞു.
"ഇല്ല സര്‍, കാഷ് അടച്ചാല്‍ മതി, പിന്നെ മിസ്സിസിനെ ഒന്ന് ഉപദേശിക്കണം" അയാള്‍ മറുപടിയായി പറഞ്ഞു.
ഇതൊക്കെ നടക്കുമ്പോഴും മിസ്സിസ് മാലതി ഒന്നും സംഭവിക്കാത്തത് പോലെ നിന്നു. കൌന്റെരില്‍ പണം അടച്ചു ഭാര്യയയൂം കൂട്ടി വീട്ടിലേക്കു കാര്‍ ഓടിക്കുമ്പോള്‍ അയാള്‍ അവരോടു പറഞ്ഞു.
"മാലതീ നിനക്ക് ലജ്ജയില്ലേ ഇങ്ങനെ ചെയ്യാന്‍? സമൂഹത്തിലെ നമ്മുടെ വിലയും നിലയും നീ ഓര്‍ക്കണ്ടേ?"
ഞാനൊന്നും ചെയ്തില്ല എന്ന മട്ടില്‍ അവര്‍ മറുപടി പറയാതെ ഇരുന്നു.
വീട്ടിലെത്തി കാര്‍ പാര്‍ക്ക്‌ ചെയ്തു. ബെഡ് റൂമിലെത്തി വസ്ത്രം മാറുന്നതിനിടയില്‍ പോക്കെറ്റില്‍ നിന്നും താഴെ വീണ ഒരു സിഗരറ്റ് ലൈറ്റര്‍ കയ്യിലെടുത്തു പ്രേമചന്ദ്രന്‍ അതിന്റെ ഭംഗി ആസ്വദിച്ചു, അയാളുടെ ചുണ്ടില്‍ ഒരു ഗൂഡ മന്ദസ്മിതം വിടര്‍ന്നു. കുറച്ചു മുന്‍പ് വരെ ആ ലൈറ്റര്‍ മാളിലെ മാനേജരുടെ മേശപ്പുറത്തു ആയിരുന്നു.
അയാളും ഭാര്യയുടെ ശീലത്തിലേക്ക് നടന്നു തുടങ്ങിയിരുന്നു.........

No comments:

Post a Comment

കശ്മീർ ഡയറി -3

  സോനാമാർഗ് & സീറോ പോയിന്റ് മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു . സോന...