
പലവിധ ഹോബികള്‍ ഉള്ളവരാണ് പലരും. എന്നാല്‍ തുളസി എന്നാ തുളസീധരന്റെ ഹോബി വളരെ വ്യത്യസ്തമായിരുന്നു.
മറ്റുള്ളവര്‍ക്കില്ലാത്ത എന്തെങ്കിലും ഹോബി വേണം, കൂടാതെ ആളുകള്‍ അറിയുകയും വേണം.
ആ ചിന്താഗതി തുളസിയെ കൊണ്ടെത്തിച്ചത് വ്യത്യസ്തമായ ഹോബിയിലെക്കായിരുന്നു. അങ്ങനെ അയാള്‍ പുതിയ ഹോബി ആരംഭിച്ചു. കറന്‍സി നോട്ടുകളുടെ വെളുത്ത ഭാഗത്ത് തന്റെ വിലാസം എഴുതി വിടുക. പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുകയും ചെയ്യാം, മറ്റുള്ളവര്‍ തന്നെ അറിയുകയും ചെയ്യും. ഇതായിരുന്നു തുളസിയുടെ ചിന്ത.
തന്റെ കയ്യില്‍ കിട്ടുന്ന നോട്ടുകളിലോക്കെ അയാള്‍ അയാള്‍ മനോഹരമായ കയ്യക്ഷരത്തില്‍ തന്റെ വിലാസം എഴുതി വിടാന്‍ തുടങ്ങി. അതില്‍ എന്തെങ്കിലും അപാകത ഉണ്ടെന്നോ നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടെന്നോ അയാള്‍ ചിന്തിച്ചതെ ഇല്ല.
അങ്ങനെയിരിക്കെ ചില കത്തുകള്‍ ഒക്കെ വരാന്‍ തുടങ്ങി. തുളസിയുടെ സൗഹൃദം ഇഷ്ടപ്പെട്ടുകൊണ്ടാണ് പലരും കത്തയക്കുന്നത്. അയാള്‍ ഏറെ സന്തോഷിച്ചു. പുതിയ കൂട്ടുകാര്‍. കത്തുകളില്‍ കൂടെ പലരുമായും സൗഹൃദം നീണ്ടു. പുതിയ ഹോബിയെ അയാള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു തുടങ്ങി.
അങ്ങനെയിരിക്കെ ഒരു ദിവസം അയാള്‍ക്ക് ഒരു കത്ത് ലഭിച്ചു. ഫ്രം അഡ്രെസ്സ് ഒന്നുമില്ല. പുതിയ ഏതോ സുഹൃത്താവും. അയാള്‍ കരുതി.
അയാള്‍ കത്ത് പൊട്ടിച്ചു വായിച്ചു.. അതിന്റെ തുടക്കം ഇങ്ങനെ ആയിരുന്നു..
"തുളസി പെണ്ണാണെങ്കില്‍" പിന്നീട് കത്ത് തുടരുന്നു...
പ്രിയപ്പെട്ട തുളസിക്ക്
എന്റെ പൊന്നെ നിന്നെ ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്നു.
കണ്ടിട്ടില്ലെങ്കിലും നിന്ന്നെ ഞാന്‍ എന്നും സ്വപ്നത്തില്‍ കാണും പ്രിയപ്പെട്ടവളെ.
എന്നാണ് നിന്നെ എനിക്ക് നേരില്‍ കാണാന്‍ കഴിയുക?
നമ്മള്‍ ഒന്നിക്കുന്ന ആ ദിനം എന്നാണ്?
അതിനായി ഞാന്‍ കാത്തിരിക്കുന്നു.
എന്ന് നിന്റെ മാത്രമായ ഒരു ആരാധകന്‍.
ഇത്രയും വായിച്ചപ്പോളെക്കും തുളസിയുടെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു.
അതിനു ശേഷം മറുപുറം കാണുക എന്നെഴുതിയിരുന്നതിനാല്‍ അയ്യാള്‍ കത്തിന്റെ മറുവശം നോക്കി.
അവിടെ ഇങ്ങനെ എഴുതിയിരുന്നു
"തുളസി ആണാണെങ്കില്‍"
കഴ്വര്ട മോനെ,
നോട്ടിന്റെ പുറത്തു അഡ്രെസ്സ് എഴുതി കളിയ്ക്കാന്‍ റിസര്‍വ് ബാങ്ക് നിന്റെ അപ്പന്റെ വകയാണോടാ. മേലാല്‍ ഇത്തരം പണി കാണിക്കരുത്. ഇനി നീ നോട്ടിന്റെ പുറത്തു അഡ്രെസ്സ് എഴുതിയാല്‍ നിന്റെ കൈ ഞാന്‍ വെട്ടും. സൂക്ഷിച്ചോ.
എന്ന് നിന്റെ അന്തകന്‍.
കത്ത് വായിച്ച തുളസി ചിരിക്കണോ അതോ കരയണോ എന്നറിയാതെ നിന്നു. പക്ഷെ പിന്നെടയാല്‍ തന്റെ വ്യത്യസ്തമായ ഹോബി തുടര്‍ന്നില്ല.