കശ്മീർ ഡയറി
യാത്രകൾ
എന്നും ഒരു ലഹരിയാണ്. അതുകൊണ്ടുതന്നെയാണ് വളരെക്കാലമായി ആഗ്രഹിച്ചിരുന്ന കാശ്മീർ ട്രിപ്പ് തിരഞ്ഞെടുത്തത്. എപ്പോളത്തെയുംപോലെ ഒരു ട്രാവൽ കമ്പനിയുടെ പാക്കേജ് ആണ് എടുത്തത്. മുപ്പതിലധികം പേരുള്ള ഒരു ഗ്രൂപ്പ് ആയിരുന്നു ഞങ്ങളുടേത്. രാവിലെ 11 മണിക്കുള്ള
ഫ്ലൈറ്റ് ആണ് കൊച്ചിയിൽ നിന്ന്. അതുകൊണ്ടു തലേ ദിവസം തന്നെ എയർപോർട്ടിനടുത്തുള്ള ഒരു റൂം എടുത്തു താമസിച്ചു. കൊതുകുകളുടെ സംസ്ഥാന സമ്മേളനം നടക്കുന്ന ഒരു റൂമായിരുന്നു എന്റേത്. അല്പം പോലും ഉറങ്ങാൻ പറ്റിയില്ല. പുതപ്പിട്ടു മൂടിയാൽ ചൂട്. ശക്തമായ ഫാനിന്റെ കാറ്റിനെ അതിജീവിച്ചും കൊതുകുകൾ എന്നെ അക്രമിച്ചുകൊണ്ടിരുന്നു. കൊതുകു കുത്തുന്നിടം അസഹ്യമായ ചൊറിച്ചിൽ. അത് മാറ്റാൻ പാതിരാത്രിയിൽ രണ്ടു പ്രാവശ്യം എഴുന്നേറ്റു കുളിച്ചു.
ഒരുവിധം
നേരം വെളുപ്പിച്ചു. ഏഴരയോടെ ഞാൻ എയർപോര്ടിലെത്തി. മറ്റുള്ളവരൊക്കെ വന്നിട്ടുണ്ട്. ഓരോരുത്തരെയായി പരിചയപ്പെട്ടു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഉള്ളവരുണ്ട്. ഡൽഹിയിൽ എത്തിയിട്ട് അവിടെ നിന്നെ വേറെ ഫ്ലൈറ്റിൽ വേണം ശ്രീനഗറിലേക്കു പോകാൻ. ഞങ്ങൾ അകത്തേക്ക് നടന്നു. സെക്യൂരിറ്റി ചെക്കിങ് ഒക്കെ കഴിഞ്ഞു ഫ്ലൈറ്റിനുള്ളിൽ പ്രവേശിച്ചു. 11 മണിക്ക് ഞങ്ങളെയും വഹിച്ചു ഇൻഡിഗോ വിമാനം പറന്നു തുടങ്ങി. വിമാനത്തിലെ പകൽ യാത്രകൾ എന്നെ സംബന്ധിച്ചിടത്തോളം അപൂർവമായിരുന്നു. അതുകാരണം പുറത്തുള്ള പകൽ കാഴ്ചകൾ അങ്ങനെ
വിമാനത്തിലിരുന്നു കണ്ടിട്ടില്ല. ജോലിയോടുള്ള ബന്ധത്തിൽ ഖത്തർ യാത്രകൾ എന്നും രാത്രിയിലാണ്.
അതുകൊണ്ടു തന്നെ ആദ്യത്തെ കുറെ മിനിറ്റുകളിലെ പുറം കാഴ്ചകൾ ഞാൻ കഴിവതും ആസ്വദിച്ചു.
ഏകദേശം ഒന്നരയോടെ
വിമാനം ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. ഇതിനി വേറെ ടെര്മിനലിലാണ്
അടുത്ത വിമാനം. അതിനുവേണ്ടി ഒരു ബസിൽ പോകണം. പ്രൈവറ്റ് സ്റ്റാൻഡിൽ ഒക്കെ ആളുകളെ വിളിച്ചു
കയറ്റുന്നതുപോലെ ഒരാൾ നിന്ന് ബസിൽ ആളുകളെ വിളിച്ചു കയറ്റുന്നു. വെറുതെയല്ല, അടുത്ത
ടെർമിനലിൽ എത്താൻ ഒരാൾക്ക് 40 രൂപയുടെ ടിക്കറ്റ് എടുക്കണം. അത് എന്തുകൊണ്ടാണെന്ന് മനസിലായില്ല,
വിമാനക്കമ്പനികൾ തന്നെയല്ലേ ഈ സംവിധാനം ഒരുക്കേണ്ടത്. വിമാനത്താവളത്തിന് പുറത്തു കടന്നു
ബസ് കുറെ ദൂരം ഓടിയാണ് അടുത്ത ടെർമിനലിൽ പ്രവേശിച്ചത്. വിമാനത്താവളത്തിനുള്ളിൽ മുഴുവൻ അറ്റകുറ്റ പണികൾ നടക്കുകയാണ്. കണ്ടാൽ ഒരു
വൃത്തിയുമില്ല.
ഞങ്ങൾ അകത്തേക്ക്
നടന്നു. വീണ്ടും സെക്യൂരിറ്റി ചെക്ക് ചെയ്യേണ്ടി വന്നു. കാരണം പുറത്തിറങ്ങിയാണല്ലോ
ഇവിടെ എത്തിയത്. കേരളത്തിലെ വിമാനത്താവളത്തിലെപോലെയുയുള്ള സൗകര്യങ്ങൾ ഇല്ല. തിങ്ങിനിറഞ്ഞ
ഇടങ്ങൾ. സ്ഥല സൗകര്യം വളരെ കുറവ്. ഭക്ഷണം ഒന്നും കരുതിയിട്ടില്ലായിരുന്നു ഞാൻ, കൂടെയുള്ളവരൊക്കെ
ലഘു ഭക്ഷണം കൊണ്ടുവന്നിരുന്നു. അതൊക്കെ കഴിച്ചശേഷം വിമാനത്തിലേക്ക് പ്രവേശിച്ചു.
കൃത്യസമയത്തു
തന്നെ വിമാനം ടേക്ക് ഓഫ് ചെയ്തു. ഡൽഹിയുടെ ആകാശകാഴ്ചകൾ കണ്ടു പതിയെ ഞങ്ങൾ നീങ്ങി. ഒരു
മണിക്കൂറിൽ ശ്രീനഗറിൽ എത്തും. പതിയെ ഒരു ചെറിയ മയക്കത്തിലേക്ക് ഞാൻ വഴുതി വീണു.
ക്യാപ്റ്റന്റെ
ലാൻഡിങ്ങിന്റെ അന്നൗൺസ്‌മെന്റ് കേട്ടാണ് കണ്ണ് തുറന്നതു. ഒരു പതിനഞ്ചു മിനിറ്റുനുള്ളിൽ
ലാൻഡ് ചെയ്യും. വിമാനത്തിന്റെ ജനാലയിലൂടെ മനോഹരമായ പർവത നിരകൾ കാണാം. പെട്ടെന്ന്.വലിയൊരു
പൊട്ടിത്തെറിയുടെ ശബ്ദവും തീ കത്തുന്നതുപോലെയും ഇടതു വശത്തു കേട്ട് ഞാൻ ഞെട്ടി. യാത്രക്കാർ
എല്ലാവരും ഭയന്നു. എന്താണെന്നു ആർക്കും മനസിലായില്ല.
ആരോ പറഞ്ഞു, ഇടി വെട്ടിയതാണെന്നു. എയർ ഹോസ്റ്റസ്
എല്ലാവരും വിമാനത്തിന്റെ മുൻ വശത്തേക്കു പോയിരുന്നു. എന്താണെന്നു ചോദിക്കാനും അവരെ
കിട്ടിയില്ല. വിമാനത്തിന്റെ എൻജിനിൽ എന്തോ പൊട്ടിത്തെറിയും തീ പിടിത്തവും ഉണ്ടായി എന്നുതന്നെ
ഞാൻ കരുതി. മാസത്തിൽ രണ്ടു പ്രാവശ്യം വിമാനയാത്ര ചെയ്യുന്ന ഞാൻ ഒരിക്കലും ഇത്രയും ഭയന്നിട്ടില്ല.
എങ്ങനെയെങ്കിലും ഒന്ന് ലാൻഡ് ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. എന്തായാലും വിമാനം
പറക്കുന്നുണ്ട്. ആടിയുലയുന്നൊന്നുമില്ല. അത് ചെറിയ ഒരു ആശ്വാസം നൽകി. കുറച്ചു സമയത്തിന് ശേഷം വിമാനം ശ്രീനഗർ മിലിറ്ററി
എയർപോർട്ടിൽ ലാൻഡ് ചെയ്തു. ഇറങ്ങാൻ നേരം ഒരു
എയർ ഹോസ്റ്റസിനോട് എന്താണ് സംഭവിച്ചത് എന്ന് ഞാൻ ചോദിച്ചു. ഇടിവെട്ടിയതായിരുന്നു എന്ന്
അവർ മറുപടി നൽകി. മിലിറ്ററി എയർപോർട്ട് ആയതുകൊണ്ട്
ഫോട്ടോസ് ഒന്നും എടുക്കരുതെന്ന് ക്യാപ്റ്റൻ അന്നൗൻസ് ചെയ്തിരുന്നു.
കാശ്മീരിനെപ്പറ്റിയുള്ള
കുറെയേറെ മുൻ വിധികളോടെയും ചെറിയ ഭയത്തോടെയും പുറത്തിറങ്ങി. എപ്പോൾ വേണമെങ്കിലും ഒരു
വെടിവെപ്പോ പൊട്ടിത്തെറിയോ ഉണ്ടാകാം എന്നായിരുന്നു എന്റെ മനസിലെ ചിന്ത. ചെക്കിങ് ഒക്കെ
കഴിഞ്ഞു luggage എടുത്തു പുറത്തിറങ്ങി. ഇതൊരു മിലിറ്ററി എയർപോർട്ട് ആയതുകൊണ്ട് തന്നെ
പരിമിതമായ സൗകര്യങ്ങൾ മാത്രമേയുള്ളൂ. എല്ലാവരും പുറത്തെത്തി ഒന്നിച്ചുകൂടിയപ്പോൾ ഞങ്ങളുടെ
ടൂർ കോർഡിനേറ്റർസ് ആയ വിഷ്ണുവും ജോബീഷും എത്തി. ഇനി ഹോട്ടലിലേക്ക് കുറച്ചു ദൂരം ഉണ്ട്.
നല്ല തണുപ്പ് ഉണ്ട്. ഞങ്ങൾക്ക് പോകാനായി 3
വാഹനങ്ങൾ ആണ്. വലിയ ബസുകൾ ഇവിടെ കിട്ടാനില്ല, അത്കൊണ്ട് രണ്ടു ടെമ്പോ ട്രാവെലറും
ഒരു ടവേര ജീപ്പുമാണ് അറേഞ്ച് ചെയ്തിട്ടുള്ളത്. ഞാൻ ട്രാവലറിൽ കയറി.
ഞങ്ങളുടെ
വാഹനങ്ങൾ ഹോട്ടലിനെ ലക്ഷ്യമാക്കി നീങ്ങി. പുറത്തുള്ള കശ്മീരിന്റെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഞങ്ങൾ ഇരുന്നു. ഞങ്ങളുടെ ഡ്രൈവർ ആയ ഇമ്രാൻ വളരെ
വേഗതയിലാണ് വണ്ടി ഓടിക്കുന്നത്. മാത്രമല്ല യാത്രക്കാരുടെ സൗകര്യത്തെപ്പറ്റി ആലോചിക്കുന്നു പോലുമില്ല. പോയ വഴിയിൽ വിഷ്ണു പല സ്ഥലങ്ങളെപ്പറ്റിയും അതിന്റെ പ്രാധാന്യത്തെ
പറ്റിയും വിശദീകരിച്ചു. ഒരു വലിയ മല മുകളിലുള്ള ക്ഷേത്രം
കാണിച്ചിട്ട് വിഷ്ണു പറഞ്ഞു.
ഇത്
ശങ്കരാചാര്യർ വന്നിരുന്ന സ്ഥലമാണ്. ശങ്കരാചാര്യ ക്ഷേത്രം. ഇരുനൂറിലേറെ പടികൾ കയറി വേണം അവിടെ എത്താൻ.
വാഹനം
ദാൽ തടാകത്തിന്റെ കരയിലൂടെ ഓടാൻ തുടങ്ങി. മനോഹരമായ ദാൽ തടാകം. പഴയപോലെ പൂക്കളും പഴങ്ങളും വിൽക്കുന്ന കച്ചവടക്കാരെ തടാകത്തിൽ കാണാനില്ല. ശിക്കാര വള്ളങ്ങൾ തടാകത്തിലുടനീളം കാണാം. കിലോമീറ്ററുകൾ ദൂരമുണ്ട് ദാൽ തടത്തിന്റെ ചുറ്റും.
പ്രത്യേകം
എടുത്തു പറയേണ്ട കാര്യം, എല്ലാസ്ഥലങ്ങളിലും മിലിറ്ററി ഉണ്ട്. മെഷീൻ ഗണ്ണുമായി നിൽക്കുന്ന
പട്ടാളക്കാരെ ഓരോ 100 മീറ്ററിലും കാണാം. കൂടാതെ പോലീസും. ഇടക്കെല്ലാം മിലിറ്ററി വാഹനങ്ങൾ കോൺവോയ് ആയി ഓടുന്നത് കാണാം.
ഞങ്ങൾ
ഹോട്ടലിൽ എത്തി. ഒരു പുതിയ ഹോട്ടൽ ആണ് ഇത്. ദാൽ തടാകത്തിലേക്ക് ഇവിടെ നിന്ന് നടന്നുപോകാനുള്ള ദൂരമേയുള്ളൂ. ഇന്ന് മറ്റു പരിപാടികൾ ഒന്നുമില്ലാത്തതിനാൽ റൂമിലെത്തി കുളി കഴിഞ്ഞു അടുത്തുള്ള ജംഗ്ഷനിലേക്കു നടന്നു. നോമ്പ് സമയം ആയതുകൊണ്ട് കടകൾ എല്ലാം അടഞ്ഞുകിടക്കുന്നു. നോമ്പുതുറക്കാനുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്ന തട്ടുകടകൾ പോലെയുള്ള രണ്ടു മൂന്നു കടകൾ പ്രവർത്തിക്കുന്നുണ്ട്. പലതരം പലഹാരങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നു. ആളുകൾ വന്നു അത് വാങ്ങി കൊണ്ട് പോകുന്നു. കുറച്ചു നേരം അത് നോക്കി നിന്ന ശേഷം ഞാൻ അതിൽ മിക്കവയും കുറേശ്ശേ വാങ്ങി. ഉച്ചഭക്ഷണം കഴിക്കാത്തതുകൊണ്ടു നല്ല വിശപ്പുണ്ട്. ഹോട്ടലിലെ ഡിന്നർ ലഭിക്കാൻ 8 .30 ആകും. തല്ക്കാലം പലഹാരങ്ങൾ കുറച്ചു കഴിച്ചു വിശപ്പടക്കാം എന്ന് കരുതി.
. അത്രക്കും
രുചികരമായി തോന്നിയില്ല, വാങ്ങിയതിൽ കൂടുതൽ ഭാഗവും വേസ്റ്റ് ബി ന്നിൽ ഇടേണ്ടി
വന്നു.
എട്ടര
കഴിഞ്ഞപ്പോൾ ഡിന്നർ ലഭിച്ചു. ചപ്പാത്തി, ചോറ്, വെജിറ്റബിൾ കറി, ചിക്കൻ കറി തുടങ്ങിയവയൊക്കെ അടങ്ങിയ ഫുഡ്. കുഴപ്പമില്ല. ഉച്ചക്കത്തെ വിശപ്പുകൂടി ഉണ്ടായിരുന്നതിനാൽ നന്നായി ഭക്ഷണം കഴിച്ചു. രാവിലെ യാത്ര ഉള്ളതിനാൽ നേരത്തെ കിടക്കാമെന്നു കരുതി കിടക്കയിലേക്ക് വീണു. യാത്രാക്ഷീണം കാരണം നന്നായി ഉറങ്ങി. (തുടരും)
No comments:
Post a Comment