Wednesday, January 22, 2020

യൂറോപ്പ് ഡയറി - 9 (പാരിസ്)

പാരീസിലെ എഞ്ചിനീയറിംഗ് വിസ്മയം - ഈഫല്‍ ടവര്‍



രാവിലെ ഹോട്ടലിലെ പ്രഭാതഭക്ഷണത്തിനു ശേഷം ഞങ്ങള്‍ ഈഫല്‍ ടവര്‍ കാണാനായി പുറപ്പെട്ടു. മഴ പെയ്യാന്‍ തുടങ്ങിയിരുനു. നല്ല മൂടല്‍ മഞ്ഞുമുണ്ട്. കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ ടവറിലേക്ക് പ്രവേശനം ലഭിക്കില്ല. പാരീസില്‍ വന്നിട്ട് ഈഫല്‍ ടവറില്‍ കയറാന്‍ പറ്റിയില്ലെങ്കില്‍ ആ യാത്രകൊണ്ട് പ്രയോജനമില്ല. എല്ലാവരുടെയും ഉള്ളില്‍ നേരിയ ആശങ്കയുണ്ടായിരുന്നു.പക്ഷേ ഞാന്‍ ശുഭാപ്തി വിശ്വാസത്തിലായിരുന്നു.


ദൂരെ നിന്നേ ടവറിന്‍റെ കാഴ്ച മനസ്സിനെ ആനന്ദിപ്പിച്ചു. ബസ് പാര്‍ക്കിങ്ങില്‍ ഇട്ട് ഞങ്ങള്‍ ക്യൂവില്‍ എത്തി നിന്നു. ഞങ്ങളുടെ ഗൈഡ് റിഥിന്‍ ടിക്കറ്റുകളുമായി വന്നു. ക്യൂ നിന്നതിനടുത്തായി ഉണ്ടായിരുന്ന മേപ്പിള്‍ മരത്തില്‍ മനോഹരമായ ഒരു കിളിക്കൂട് കണ്ടു. ക്യൂ മുന്നോട്ട് നീങ്ങി. ആദ്യം ഒരു സെക്യൂരിറ്റി ചെക്കിങ്ങ് ഉണ്ട്. ഞങ്ങളുടെ കൂടെയുള്ള നവദമ്പതികളായവിനീതും മൊണാര്‍ക്കും അവരുടെ വിവാഹ വസ്ത്രങ്ങളിലാണ് വന്നത്. അവര്‍ക്ക് ഇവിടെ ഫോട്ടോ ഷൂട്ട് അറേഞ്ച് ചെയ്തിട്ടുണ്ട്. എല്ലാവരുടെയും ശ്രദ്ധ അവരിലാണ്.  ആ വേഷത്തില്‍ രണ്ടുപേരും വളര ആകര്‍ഷണീയരായിരുന്നു. ഞങ്ങളും അവരോടൊപ്പം ചേര്‍ന്ന് ഫോട്ടോകള്‍ എടുത്തു. സെക്യൂരിറ്റി ചെക്കിങ്ങ് കഴിഞ്ഞ് അകത്തു കയറിയപ്പോഴേക്കും മഴ ശക്തി പ്രാപിച്ചു. ടവറിലേക്ക് കയറാനുള്ള ക്യൂവില്‍ ഞങ്ങള്‍ സ്ഥാനം പിടിച്ചു. കുടയില്ലാത്തവരൊക്കെ നനഞ്ഞു. പുറത്ത് 5 യൂറോക്ക് കുട വില്‍ക്കുന്നുണ്ടായിരുന്നു. എന്തായാലും ടവറിലേക്കുള്ള സ്റ്റെപ്പിനടുത്ത് എത്തിയപ്പോഴേക്കും മഴ മാറി. അന്തരീക്ഷം തെളിഞ്ഞു തുടങ്ങി. ഞാന്‍ ദൈവത്തിന് നന്ദി പറഞ്ഞു.


പാരീസിലെ ചാംപ് ഡി മാഴ്സില്‍ നിർമ്മിച്ചിരിക്കുന്ന ഉരുക്ക് ലാറ്റിസ് ടവറാണ് ഈഫൽ ടവർ.  ടവർ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച എഞ്ചിനീയർ ഗുസ്താവ് ഈഫലിന്റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്.


1889 ലെ ലോക മേളയുടെ പ്രവേശന കവാടമായി നിർമ്മിച്ച ഇത് തുടക്കത്തിൽ ഫ്രാൻസിലെ ചില പ്രമുഖ കലാകാരന്മാരും ബുദ്ധിജീവികളും വിമര്‍ശനത്തിന് പാത്രമായെങ്കിലും പിന്നീട് ഫ്രാൻസിന്റെ ആഗോള സാംസ്കാരിക ചിഹ്നമായി മാറി. ലോകത്തിലെ ഏറ്റവും തിരിച്ചറിയാവുന്ന നിര്‍മ്മിതികളിലൊന്നാണിത് . ലോകത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്മാരകമാണ് ഈഫൽ ടവർ; 2015 ൽ 6.91 ദശലക്ഷം ആളുകൾ ഇതില്‍ കയറി.


324 മീറ്റർ (1,063 അടി) ഉയരമുള്ള ഈ ഗോപുരത്തിന് 81 നില കെട്ടിടത്തിന്റെ അതേ ഉയരമുണ്ട്. പാരീസിലെ ഏറ്റവും ഉയരം കൂടിയ നിര്‍മ്മിതിയുമാണ് ഇത്. അതിന്റെ അടിഭാഗം ചതുരമാണ്, ഓരോ വശത്തും 125 മീറ്റർ (410 അടി) നീളമുണ്ട്. നിർമ്മാണ വേളയിൽ, ഈഫൽ ടവർ വാഷിംഗ്ടൺ സ്മാരകത്തെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത ഘടനയായി മാറി, ന്യൂയോർക്ക് നഗരത്തിലെ ക്രിസ്ലർ കെട്ടിടം 1930 ൽ പൂർത്തിയാകുന്നതുവരെ 41 വർഷക്കാലം ഈ പദവി വഹിച്ചിരുന്നത് ഈഫല്‍ ടവറായിരുന്നു. ഇത് ആദ്യമായി നിര്‍മ്മിച്ചപ്പോള്‍ 300 മീറ്റർ ഉയരമായിരുന്നു. 1957 ൽ ഗോപുരത്തിന്റെ മുകളിൽ ഒരു പ്രക്ഷേപണ ഏരിയൽ ചേർത്തതിനാൽ, ഇപ്പോൾ ക്രിസ്ലർ കെട്ടിടത്തേക്കാൾ 5.2 മീറ്റർ (17 അടി) ഉയരമുണ്ട്. മില്ലാവു വയഡാക്റ്റിന് ശേഷം ഫ്രാൻസിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ സ്വതന്ത്ര ഘടനയാണ് ഈഫൽ ടവർ.


സന്ദർശകർക്കായി ടവറിന് മൂന്ന് ലെവലുകൾ ഉണ്ട്, ഒന്നും രണ്ടും ലെവലിൽ റെസ്റ്റോറന്റുകൾ ഉണ്ട്. മുകളിലെ നിലയുടെ മുകളിലെ പ്ലാറ്റ്ഫോം തറയില്‍ നിന്നും 276 മീ (906 അടി) ഉയരെ ആണ് - യൂറോപ്യൻ യൂണിയനിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാവുന്ന ഏറ്റവും ഉയർന്ന നിരീക്ഷണ ഡെക്ക് ആണിത്. പടികൾ കയറുന്നതിനോ ഒന്നാമത്തെയും രണ്ടാമത്തെയും നിലകളിലേക്ക് എത്തുന്നതിനോ ടിക്കറ്റുകൾ വാങ്ങാം. തറനിരപ്പിൽ നിന്ന് ആദ്യ നിലയിലേക്കുള്ള കയറ്റം 300 പടികളില്‍ കൂടുതലാണ്. മുകളിലത്തെ നിലയിലേക്ക് ഒരു ഗോവണി ഉണ്ടെങ്കിലും, ഇത് സാധാരണയായി ലിഫ്റ്റ് വഴി മാത്രമേ ആക്സസ് ചെയ്യാൻ കഴിയൂ.


ഈഫൽ ടവറിന്റെ രൂപകൽപ്പനയ്ക്ക് കാരണം കോംപാഗ്നി ഡെസ് എറ്റാബ്ലിസ്മെൻറ് ഈഫലിനായി ജോലി ചെയ്ത രണ്ട് മുതിർന്ന എഞ്ചിനീയർമാരായ മൗറീസ് കൊച്ച്ലിൻ, എമൈൽ നൗഗിയർ എന്നിവരാണ്. ഫ്രഞ്ച് വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിനുള്ള ലോക മേളയായ 1889 ലെ എക്‌സ്‌പോസിഷൻ യൂണിവേഴ്‌സെല്ലിന് അനുയോജ്യമായ ഒരു കേന്ദ്രഭാഗത്തെക്കുറിച്ച് ചർച്ച ചെയ്ത ശേഷമാണ് ഇത് വിഭാവനം ചെയ്തത്. 1853 ൽ ന്യൂയോർക്ക് സിറ്റിയിൽ നിർമ്മിച്ച ലാറ്റിംഗ് ഒബ്സർവേറ്ററിയാണ് ഈ ടവറിന് പ്രചോദനമായതെന്ന് ഈഫൽ പരസ്യമായി സമ്മതിച്ചു. 1884 മെയ് മാസത്തിൽ, വീട്ടിൽ ജോലിചെയ്യുമ്പോൾ, കൊച്ച്ലിൻ അവരുടെ ആശയത്തിന്റെ ഒരു രേഖാചിത്രം തയ്യാറാക്കി, "ഒരു വലിയ പൈലോൺ" എന്ന് അദ്ദേഹം അതിനെ വിശേഷിപ്പിച്ചു, അതിൽ നാല് ലാറ്റിസ് ഗർഡറുകൾ അടിവശം നിൽക്കുകയും മുകളിൽ ഒരുമിച്ച് വരികയും ചെയ്യുന്നു, കൃത്യമായ ഇടവേളകളിൽ മെറ്റൽ ട്രസ്സുകൾ ചേർന്നു". തുടക്കത്തിൽ ഈഫൽ വലിയ ഉത്സാഹം കാണിച്ചില്ല, പക്ഷേ അദ്ദേഹം കൂടുതൽ പഠനത്തിന് അംഗീകാരം നൽകി, തുടർന്ന് രണ്ട് എഞ്ചിനീയർമാരും കമ്പനിയുടെ വാസ്തുവിദ്യാ വിഭാഗം മേധാവി സ്റ്റീഫൻ സാവെസ്ട്രെയോട് ഡിസൈനിന് സംഭാവന നൽകാൻ ആവശ്യപ്പെട്ടു. ഗോപുരത്തിന്റെ അടിത്തട്ടിൽ അലങ്കാര കമാനങ്ങളും ഒന്നാം നിലയിലേക്ക് ഒരു ഗ്ലാസ് പവലിയനും മറ്റ് അലങ്കാരങ്ങളും സാവെസ്ട്രെ ചേർത്തു.


ആദ്യത്തെ ലിഫ്റ്റില്‍ കയറി ഞങ്ങള്‍ ടവറിന്‍റെ സെക്കന്‍റ്  ലെവലിലെത്തി. അവിടെ നിന്നും കുറെ ചിത്രങ്ങള്‍ എടുത്ത ശേഷം അടുത്ത ലിഫ്റ്റില്‍ കയറി ഞങ്ങള്‍ ഏറ്റവും മുകളിലേക്ക് നീങ്ങി. ഈ യാത്ര ഒരു പ്രത്യേക അനുഭവമാണ്. ഇവിടെ നിന്നുള്ള പാരീസ് നഗരത്തിന്‍റെ ദൃശ്യങ്ങല്‍ വളരെ മനോഹരമാണ്. താഴെ സീന്‍ നദിയിലൂടെ ബോട്ടുകള്‍ പോകുന്നു. വാഹനങ്ങള്‍ റോഡിലൂടെ പോകുന്ന കാഴ്ചയും മനോഹരമാണ്. 360 ഡിഗ്രിയില്‍ പാരീസ് മുഴുവന്‍ കാണാനാകും ഈഫല്‍ ടവറില്‍ നിന്നും. ഒരേ നിറത്തിലുള്ള കെട്ടിടങ്ങള്‍ അടങ്ങിയ പാരീസ് വളരെ സുന്ദരിയാണ്.



നല്ല തണുത്ത കാറ്റ് വീശിത്തുടങ്ങി. മഴ നനഞ്ഞതുകാരണം നല്ലതുപോലെ തണുക്കുന്നുണ്ട്. എല്ലാവരും ഫോട്ടോയും വീഡിയോയും എടുക്കുന്നതിന്‍റെ തിരക്കിലാണ്.. തിരുവല്ലക്കാരന്‍ മാത്യു അച്ചായന്‍ ഓടി നടന്ന് ഫോട്ടോ എടുക്കുന്നുണ്ട്. ഞാനും ഒട്ടും കുറച്ചില്ല, എന്‍റെ ഗോപ്രോയും മൊബൈലും ഉപയോഗിച്ച് ഞാനും മാക്സിമം കവര്‍ ചെയ്തു. ഞങ്ങളുടെ കൂടെയുള്ള യുവദമ്പതികളായ ആദര്‍ശും നീനയും കയ്യില്‍ രണ്ട് ഷാംപെയ്ന്‍ ഗ്ലാസ്സുകളുമായി വന്നു. രണ്ട് പേരും ഇന്‍ഡ്യന്‍ റെയില്‍വേ ജീവനക്കാരാണ്. അവരുടെ കുറെ ഫോട്ടോസ് ഞാന്‍ എടുത്തു കൊടുത്തു. അതിലൊരു ഗ്ലാസ്സ് വാങ്ങി ഞാനും ഫോട്ടോയ്ക്ക് പോസ്സ് ചെയ്തു. ഈ മൂന്നാം നിലയില്‍ ഒരു ഷാംപെയ്ന്‍ കട ഉണ്ട്. അത് വാങ്ങി എല്ലാവരും ഇവിടെ ഫോട്ടോ എടുക്കാറുണ്ട്. 12.30 ന് താഴെ എത്തണമെന്ന് റിഥിന്‍ പറഞ്ഞതിനാല്‍ ഞങ്ങള്‍ 12.15 ന് താഴേക്കിറങ്ങി. ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി...


താഴെ എത്തിയപ്പോള്‍ ഈഫല്‍ ടവറിന്‍റെ മാതൃകയും കീചെയിനും മറ്റും വില്‍ക്കുന്നവര്‍ ഞങ്ങളെ പൊതിഞ്ഞു. കൂടുതലും അനധികൃത കുടിയേറ്റക്കാരായ കറുത്ത വംശജരാണ്. കുറെ വിലപേശി അവരോട് ചില സാധനങ്ങള്‍ വാങ്ങി. വില പേശലിനെയോര്‍ത്ത് ഞാന്‍ പിന്നീട് പശ്ചാത്തപിച്ചു. അവര്‍ അതിജീവനത്തിനുവേണ്ടിയുള്ള ഓട്ടമാണ്. സ്വന്തമായി വീടോ ജോലിയോ ഒന്നുമില്ലാത്തവരാണ്. പോലീസിനെ കണ്ടാല്‍ ഓടിയൊളിക്കേണ്ടവര്‍. ഇന്ത്യയിലെ പുതിയ പൗരത്വ നിയമമൊക്കെ നമ്മള്‍ ചിന്തിക്കേണ്ടതാണ്.


തുടര്‍ന്ന് ഭക്ഷണത്തിനായി ഒരു ഇന്ഡ്യന്‍ റെസ്റ്റോറന്‍റിലേക്ക് നീങ്ങി. രുചികരമായ ഭക്ഷണം. അവിടെ വച്ച് ഞങ്ങളുടെ ലോക്കല്‍ ഗൈഡായ പട്രീഷ്യ ഞങ്ങളോടൊപ്പം ചേര്‍ന്നു. സുന്ദരിയും മിടുക്കിയുമായ ഒരു ഗൈഡ്. ഭക്ഷണശേഷം അവരോടൊപ്പം ഞങ്ങള്‍ സിറ്റി ടൂറിനായി നീങ്ങി.


ഞായറാഴ്ച ആയതിനാല്‍ കടകള്‍ മിക്കതും തുറന്നിട്ടില്ല. പക്ഷേ റോഡില്‍ തിരക്കിന് കുറവില്ല. ഓരോ കെട്ടിടത്തെപ്പറ്റിയുമുള്ള വിശദ വിവരങ്ങള്‍ പട്രീഷ്യ വിവരിച്ചു കൊണ്ടിരുന്നു. കൂടാതെ ചരിത്രങ്ങളും. കോണ്‍കോര്‍ സ്ക്വയറിലെത്തി ഞങ്ങള്‍ പുറത്തിറങ്ങി ചിത്രങ്ങള്‍ എടുത്തു. തുടര്‍ന്ന് സീന്‍ നദിക്കരയിലൂടെ ഞങ്ങളുട ബസ് മുന്നോട്ട് നീങ്ങി. ഇരുവശത്തുമുള്ള മനോഹരമായ കാഴ്ചകള്‍ കണ്ടും ഗൈഡിന്‍റെ വിവരണങ്ങള്‍ ശ്രദ്ധിച്ചും ഞങ്ങള്‍ യാത്ര തുടര്‍ന്നു.


ഞങ്ങള്‍ നെപ്പോളിയന്‍റെ ശവകുടീരമായ ഇന്‍വാലിഡ്സിന് മുന്നില്‍ എത്തി. ഇതൊരു പള്ളി ആയിരുന്നു. അവിടെയാണ് നെപ്പോളിയനെ അടക്കിയിരിക്കുന്നത്. തുടര്‍ന്ന് ഓപ്പറ ഹൗസിന്‍റെ മുന്നിലെത്തി. അതിന്‍റെ ചരിത്രമൊക്കെ പട്രീഷ്യ വിവരിച്ചു തന്നു.  കുറച്ചുനാള്‍ മുമ്പ് തീപിടുത്തമുണ്ടായ നോത്ര് ദാം കത്തീഡ്രലിന്‍റെ മുന്‍പില്‍ കൂടി കടന്നുപോയി. ഇപ്പോള്‍ അകത്തേയ്ക്ക് അവിടെ പ്രവേശനമില്ല. പണികള്‍ നടന്നുകൊണ്ടിരിക്കയാണ്. 4 മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ആർക്ക് ഡി ട്രയോമ്പിന്‍റെ മുന്പിലെത്തി.


ഫ്രഞ്ച് വിപ്ലവ, നെപ്പോളിയൻ യുദ്ധങ്ങളിൽ ഫ്രാൻസിനായി യുദ്ധം ചെയ്യുകയും മരിക്കുകയും ചെയ്തവരോടുള്ള ബഹുമാനാര്‍ത്ഥമാണ് ആർക്ക് ഡി ട്രയോമ്പ് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ ഫ്രഞ്ച് വിജയങ്ങളുടെയും ജനറലുകളുടെയും പേരുകൾ അതിന്റെ ആന്തരികവും ബാഹ്യവുമായ പ്രതലങ്ങളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധത്തിൽ നിന്നുള്ള അജ്ഞാത സൈനികരുടെ ശവകുടീരം അതിന്റെ നിലവറയുടെ ചുവട്ടിലുണ്ട്. എന്നും വൈകിട്ട് പട്ടാളക്കാരുടെ ഒരു ചെറിയ പരേഡ് ഇവിടെ നടക്കാറുണ്ട്.

അവിടെ അടുത്തുള്ള കടകളില്‍ നിന്നും ചില സാധനങ്ങള്‍ വാങ്ങിയശേഷം 5. 30 ന് എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. ഇന്ന് പാരിസിനോട് വിട പറയുകയാണ്. 8 ദിവസത്തെ മനോഹരമായ യൂറോപ്യന്‍ ട്രിപ്പിന്‍റെ പര്യവസാനം.......

No comments:

Post a Comment

അസർബെയ്ജാൻ യാത്ര - ബാക്കു നഗരകാഴ്ചകൾ

  ഇന്നത്തെ ഞങ്ങളുടെ ആദ്യ യാത്ര ബാക്കു നഗരകാഴ്ചകളിലേക്കാണ്. ഓൾഡ് സിറ്റിയിലേക്കായിരുന്നു ആദ്യ യാത്ര. പഴയകാല രീതിയിൽ കല്ലും ചെളിയും ഉപയോഗിച്ചുള...