Tuesday, January 21, 2020

യൂറോപ്പ് ഡയറി - 8 (പാരിസ്)

പാരീസ് - ഫാഷന്‍റെയും സുഗന്ധത്തിന്‍റെയും വിപ്ളവത്തിന്‍റെയും നാട്ടില്‍


രാവിലെ ഭക്ഷണശേഷം ഞങ്ങള്‍ പാരീസിലേക്ക് യാത്ര തിരിച്ചു. ഇരുവശവും കൃഷിയി‍ടങ്ങളും ഇടതൂര്‍ന്ന വൃക്ഷങ്ങളും.  ഒരു മഴക്കോളുണ്ട്. അന്തരീക്ഷം മൂടിനിനിലിരുവശവും ഫൈബര്‍ കൊണ്ടും ഗ്ലാസ്സ് ഷീറ്റുകൊണ്ടും മറച്ചിരിക്കുകയാണ്. ഇന്നത്തെ പുറത്തെ ചൂട് 10 ഡിഗ്രിയാണ്. നല്ല തണുപ്പുണ്ട്. ഇടയ്ക്കിടെ കുറെ വീടുകള്‍ അടങ്ങിയ ഗ്രാമങ്ങള്‍ കാണാം. അവിടെ ഒന്നിറങ്ങി അതൊക്കെ കാണണമെന്നുണ്ട്.പക്ഷേ നിവൃത്തിയില്ല. ഇടയ്ക്ക് ബസ് നിര്‍ത്താന്‍ പറ്റില്ല. വാഹനങ്ങള്‍ നിറഞ്ഞൊഴുകുന്ന റോഡ്. നല്ല സ്പീഡില്‍ ആണ് ഞങ്ങളുടെ ബസ് പായുന്നത്. ബല്‍ജിയത്തില്‍ നിന്ന് ഞങ്ങള്‍ ഫ്രാന്‍ന്‍സിലേക്ക് പ്രവേശിച്ചു.  റോഡിനിരുവശവും ചിലയി‍ടങ്ങളില്‍ വലിയ കാറ്റാടികളുണ്ട്.


ഉച്ചയ്ക്ക് 2 മണിക്ക് പാരീസിലെത്തി. ഫാഷന്‍ ലോകം, വിളക്കുകളുടെ നഗരം, ഫ്രഞ്ച് വിപ്ലവത്തിന്‍റെ നാട്. ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നത് പ്രശസ്തമായ ലോക്കല്‍ റെസ്റ്റോറന്‍റില്‍  ആയിരുന്നു. ഭക്ഷണം ലഭിക്കാന്‍ ക്യൂ നില്‍ക്കേണ്ടി വന്നു. അത്രയ്ക്കും തിരക്കാണ്.സാലഡും ബ്ര‍ഡും ചിക്കനും ചോറും പിന്നെ പേരറിയാത്ത ഒത്തിരി വിഭവങ്ങളും. വയറു നിറയെ ആഹാരം കഴിച്ചു.


തൂടര്‍ന്ന് ഞങ്ങള്‍ പെര്‍ഫ്യൂം മ്യുസിയത്തിലേക്ക് പോയി.   1860 ൽ നിർമ്മിച്ച നെപ്പോളിയൻ-III ‍ടൗണ്‍ ഹൗസിനുള്ളിലാണ് 1983 ൽ മ്യൂസിയം സ്ഥാപിച്ചത്. പുരാതന പെർഫ്യൂം കുപ്പികൾ, പാത്രങ്ങൾ, ടോയ്‌ലറ്ററി സെറ്റുകൾ, പെർഫ്യൂം എക്‌സ്‌ട്രാക്റ്റുകളുടെ നീരാവി വാറ്റിയെടുക്കുന്നതിനുള്ള സ്റ്റില്ലുകൾ എന്നിവയുൾപ്പെടെയുള്ള പീരിയഡ് ഫർണിച്ചറുകളും പെർഫ്യൂം എക്‌സിബിറ്റുകളും ഇതിന്റെ മുറികളിൽ കാണാം. ഇന്നത്തെ സുഗന്ധദ്രവ്യങ്ങൾ എങ്ങനെ നിർമ്മിക്കാമെന്ന് പ്രദർശിപ്പിക്കുകയും പെർഫ്യൂം നിർമ്മാണത്തിന്റെയും പാക്കേജിംഗിന്റെയും ചരിത്രം അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇവിടെ. പലതരം പെര്‍ഫ്യൂം കുപ്പികളും മറ്റും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. അവിടെയുണ്ടായിരുന്ന ആള്‍ പെര്‍ഫ്യൂം നിര്‍മ്മാണത്തിന്‍റെ എല്ലാ വശങ്ങളും ചരിത്രവും വിശദമായി പറഞ്ഞു തന്നു. പക്ഷേ വില കേട്ടപ്പോള്‍ പലര്‍ക്കും വാങ്ങാന്‍ തോന്നിയില്ല.


 തുടര്‍ന്ന് ഞങ്ങള്‍ പ്രശസ്തമായ സീന്‍ നദിയിലൂടെയുളള ക്രൂയിസ് സവാരിക്കാണ് പോയത്. പാരീസിന്‍റെ ഹൃദയഭാഗത്ത് കൂടിയാണ് ഈ നദി ഒഴുകുന്നത്. നിരവധി പാലങ്ങളാണ് സീന്‍  നദിക്ക് കുറുകെയുള്ളത്. ഇതില്‍ പ്രധാനപ്പെട്ട ഒരെണ്ണം ബര്‍ണാര്‍ഡ് ബ്രി‍ഡ്ജ് ആണ്.  എല്ലാ പാലങ്ങള്‍ക്കും നിരവധി ആര്‍ച്ചുകള്‍ ഉള്ളപ്പോള്‍ ഈ പാലത്തിന് ഒരു ആര്‍ച്ച് മാത്രമേ ഉള്ളൂ. നല്ല തണുത്ത കാറ്റടിക്കുന്നുണ്ട്. അപ്പര്‍ ഡെക്കിലും ലോവര്‍ ഡെക്കിലുമായി നടന്ന് ഞാന്‍ കാഴ്ചകള്‍ കണ്ടു. ഇരുവശവും മനോഹരമായ നിരവധി കെട്ടിടങ്ങള്‍ ഓരോന്നിനും ചരിത്രപ്രാധാന്യമുണ്ട്. അതോടൊപ്പം പ്രശസ്തമായ നോത്രദാം കത്തീഡ്രലും.. യാത്ര അവസാനിച്ചത് ഈഫല്‍ ഗോപുരത്തിന്‍റെ കാഴ്ചയിലാണ്. വിസ്മയകരമായ എഞ്ചിനീയറിംഗ്. എന്‍റെ ക്യാമറകള്‍ ഫോട്ടോകള്‍ ഒപ്പിയെടുത്തുകൊണ്ടിരുന്നു. ഞാന്‍ മാത്രമല്ല, യാത്രയിലുള്ള എല്ലാവരും. ഇതിനിടയില്‍ ഒരു ഫ്രഞ്ച് കുടുംബത്തെ പരിചയപ്പെട്ടു. ലൂയി. ഗബ്രിയേല എന്ന അവരുടെ രണ്ടു മക്കളുടെ പേരുകള്‍ മാത്രം ഓര്‍ക്കുന്നു. ബാക്കിയുള്ളവരും പേരുകള്‍ പറഞ്ഞെങ്കിലും അവരുടെ സംസാര ശൈലി കാരണം പേരുകള്‍ ഓര്‍മ്മയില്‍ നിന്നില്ല.


രണ്ട് മണിക്കൂറിലധികമുള്ള ക്രൂയിസ് യാത്രയ്ക്കു ശേഷം ഞങ്ങള്‍ അത്താഴം കഴിക്കാനായി ഒരു ഇന്‍‍ഡ്യന്‍ റസ്റ്റോറന്‍റിലേക്ക് പോയി.നല്ല രുചിയുള്ള ഭക്ഷണം. സപ്ളയറന്‍മാര്‍ തന്തൂരി റൊട്ടിയോക്കെ ആവശ്യം പോലെ കൊണ്ടു തരുന്നുണ്ട്. പക്ഷേ കടയുടമയായ സ്ത്രീയുടെ മുഖത്ത് യാതൊരു സൗമ്യ ഭാവവുമില്ല. അവര്‍ എല്ലാവരെയും ക്രുദ്ധിച്ചു നോക്കി റിസപ്ഷനില്‍ നില്‍ക്കുന്നു. ഇതിനിടയില്‍ ഞങ്ങളുടെ കൊച്ചുയാത്രികന്‍ മുഹമ്മദിന്‍റെ കൈ തട്ടി ഒരു ഗ്ലാസ്സ് നിലത്ത് വീണുടഞ്ഞു. അതിന് 5 യൂറോ അവര്‍ ഈടാക്കി.  ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ സപ്ളയറില്‍ ഒരാളെ വിളിച്ചു പറഞ്ഞു.


ഭക്ഷണം ഒക്കെ നന്നായിരുന്നു. പക്ഷെ നിങ്ങളുടെ മാ‍ഡത്തിന്‍റെ മുഖത്ത് അല്പം ചിരിയും സന്തോഷവും  വരുത്താന്‍ പറയണം.

അത് കേട്ട് അയാള്‍ ചിരിച്ചുകൊണ്ട് പോയി.

പാക്കേജിലുള്ള ഇന്നത്തെ പ്രോഗ്രാം അവസാനിച്ചു. അപ്പോള്‍ ടൂര്‍ ഗൈഡായ റിഥിന്‍ പറഞ്ഞ ഒരു കാര്യത്തിലേക്ക് നീങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നൈറ്റ് സിറ്റി ടൂര്‍. രാത്രിയിലെ പാരീസിന്‍റെ മനോഹാരിത കാണുകയാണ് ലക്ഷ്യം. അതിന് എക്സ്ട്രാ 650 യൂറോ കൊടുക്കേണ്ടി വന്നു. വിളക്കുകളുടെ നഗരം എന്നറിയപ്പെടുന്ന പാരീസിലെ പ്രധാനപ്പെട്ട സ്ഥലങ്ങളും കെട്ടിടങ്ങളും കണ്ട് ഞങ്ങള്‍ നീങ്ങി. ഓപ്പറ ഹൗസിന്‍റെയരികെ വാഹനം നിര്‍ത്തി ഞങ്ങള്‍ പുറത്തിറങ്ങി.


1861 മുതൽ 1875 വരെ പാരീസ് ഓപ്പറയ്ക്കായി നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയുടെ നിർദേശപ്രകാരം ഇത് നിർമ്മിക്കപ്പെട്ടു. തുടക്കത്തിൽ  ഇത് പുതിയ പാരീസ് ഓപ്പറ എന്ന് വിളിക്കപ്പെട്ടു, 1989 വരെ പാരീസ് ഒപെറയുടെയും അതുമായി ബന്ധപ്പെട്ട പാരീസ് ഓപ്പറ ബാലെയുടെയും പ്രാഥമിക തീയറ്ററായിരുന്നു ഇത്, പ്ലേസ് ഡി ലാ ബാസ്റ്റിലിൽ ഒരു പുതിയ ഓപ്പറ ഹൗസ്, ഒപെറാ ബാസ്റ്റില്ലെ തുറന്നു. കമ്പനി ഇപ്പോൾ പ്രധാനമായും ബാലെക്കായി പാലസ് ഗാർണിയർ ഉപയോഗിക്കുന്നു. 1923 മുതൽ ഫ്രാൻസിന്റെ സ്മാരക ചരിത്രമാണ് ഈ തിയേറ്റർ.

"ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഓപ്പറ ഹൗസ്, പാരീസിന്റെ പ്രതീകമായ നോട്രെ ഡാം കത്തീഡ്രൽ, ലൂവ്രെ, അല്ലെങ്കിൽ സാക്രെ കോയർ ബസിലിക്ക" എന്നാണ് പാലസ് ഗാർനിയർ എന്ന് വിളിക്കപ്പെടുന്നത്.  രണ്ടാമത്തെ സാമ്രാജ്യകാലത്ത് പാരീസിൽ നിർമ്മിച്ച കെട്ടിടങ്ങളിൽ ഏറ്റവും ചെലവേറിയതും  "ഒന്നാം റാങ്കിലെ ഒരു മാസ്റ്റർപീസ്" എന്നതും ഇതിനെ വിശേഷിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന ഘടകം. ഇരുപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് വാസ്തുശില്പിയായ ലെ കോർബ്യൂസിയർ ഒരിക്കൽ ഇതിനെ "ഒരു നുണ കല" എന്ന് വിശേഷിപ്പിക്കുകയും "ഗാർണിയർ പ്രസ്ഥാനം ശവക്കുഴിയുടെ അലങ്കാരമാണെന്ന്" വാദിക്കുകയും ചെയ്തു.



തൂടര്‍ന്ന് ഞങ്ങള്‍ ഈഫല്‍ ടവറിന്‍റെ രാത്രി കാഴ്ച കാണാനായി പോയി. ലൈറ്റുകളാല്‍ പ്രകാശമാനമായ ഈഫല്‍ ഗോപുരത്തിന്‍റെ രാത്രികാഴ്ച മനോഹരമാണ്. കൂടാതെ രാത്രി 10 മണിക്ക് ലൈറ്റ് ഗ്ലിറ്ററിംഗ് ഉണ്ട്. അനേകം ആളുകള്‍ ഈഫല്‍ ടവറിനെ‍റെ മാതൃകയും മറ്റും വില്‍ക്കാനായി കറങ്ങി നടക്കുന്നു. ഇവരെല്ലാം അനധികൃത കുടിയേറ്റക്കാരാണ്. ഇവരോട് അധികം അടുപ്പം കാണിക്കരുത് എന്ന് ഗൈഡ് മുന്നറിയിപ്പ് തന്നിരുന്നു.10 മണി ആയപ്പോള്‍ അനേകായിരം പൂത്തിരികള്‍  പൊട്ടിച്ചിതറുന്നതുപോലെ ലൈറ്റുകള്‍ ടവറില്‍ മിന്നി. നയനാനന്ദകരമായ കാഴ്ച. ഒടുവില്‍ 6 യൂറോക്ക് സാമാന്യം വലിപ്പമുള്ള ഒരു ഈഫല്‍ ടവര്‍ മാതൃക വാങ്ങി. തൂടര്‍ന്ന് ഇന്നത്തെ താമസ സ്ഥലമായ കോണ്‍കോര്‍ഡ് ഹോട്ടിലേക്ക് ഞങ്ങള്‍ നീങ്ങി.

2 comments:

  1. നല്ല വിവരണം....
    സന്തോഷ് കുളങ്ങരയുടെ സ്വാധീനം വരികളിൽ കാണുന്നുണ്ട്.

    ReplyDelete

അസർബെയ്ജാൻ യാത്ര - ബാക്കു നഗരകാഴ്ചകൾ

  ഇന്നത്തെ ഞങ്ങളുടെ ആദ്യ യാത്ര ബാക്കു നഗരകാഴ്ചകളിലേക്കാണ്. ഓൾഡ് സിറ്റിയിലേക്കായിരുന്നു ആദ്യ യാത്ര. പഴയകാല രീതിയിൽ കല്ലും ചെളിയും ഉപയോഗിച്ചുള...