Wednesday, July 20, 2016

എന്റെ തായ്‌ലൻഡ് യാത്ര.... ഭാഗം 2


ഉച്ചഭക്ഷണം മലയാളിയുടെ റെസ്റ്റാറ്റ്നട് ആയ ഇൻഡിഗോയിൽ ആയിരുന്നു. വൈകുന്നേരം 4 മണിയോടെ ഞങ്ങൾ പ്രസിദ്ധമായ ആൾകാസർ ഷോയിലേക്കു പോയി. അവിടെ ചെന്നപ്പോൾ നല്ല തിരക്കായിരുന്നു. പല രാജ്യക്കാർ ആയ ആളുകൾ വിവിധ വസ്ത്രധാരണങ്ങൾ. ആ തീയേറ്ററിന് പുറത്തുനിന്നു കുറെ ഫോട്ടോകൾ എടുത്തു. ഞങ്ങളുടെ കൂടെ വന്ന couples വളരെ ആക്ടിവ് ആയി ഫോട്ടോസ് എടുത്തുകൊണ്ടിരുന്നു. എന്റെ കൂടെയുള്ള അധ്യാപകരും നല്ല മൂഡിലായിരുന്നു. ഞങ്ങളുടെ ഇന്നത്തെ ഗൈഡ് ആയ പഞ്ചാബുകാരൻ രാജേഷ് ടിക്കറ്റുമായി വന്നു. ഞങ്ങൾ അകത്തു കയറി.വെൽക്കം ഡ്രിങ്ക് എല്ലാവർക്കും ഫ്രീ ആയി കിട്ടും. ഇതു മദ്യമല്ല, കോള, പെപ്സി മുതലായവ ആണ്. അല്പസമയത്തിനുള്ളിൽ ഷോ ആരംഭിക്കാനുള്ള അന്നൗൺസ്‌മെന്റ് മുഴങ്ങി. ഇരുട്ടിൽ മുങ്ങിയ തീയേറ്ററിന്റെ സ്റ്റേജിൽ വർണവെളിച്ചങ്ങൾ തെളിഞ്ഞു. തിരശീല ഉയർന്നു. അർദ്ധനഗ്നരായ തരുണീമണികൾ ഇരുവശത്തുനിന്നും കടന്നു വന്നു നൃത്തച്ചുവടുകൾ വച്ചു. ഓരോ ഭാഷക്കാരുടെയും പാട്ടുകൾക്കനുസരിച്ചു മനോഹരമായ നൃത്തങ്ങൾ. നമ്മുടെ ഹിന്ദിയിലും ഒരു പാട്ടുണ്ടായിരുന്നു. സ്റ്റേജിന്റെ നടുക്ക് നിന്നു സുന്ദരിമാർ ഭൂമിക്കടിയിൽ നിന്നും ഉയർന്നു വന്നു. ഓരോ പാട്ടിനും സെറ്റുകൾ മാറിക്കൊണ്ടിരുന്നു. കൊട്ടാരവും പൂന്തോട്ടവും, വിവിധ രാജ്യങ്ങളുടെ സംസ്കാരവും സ്റ്റേജിൽ വന്നു പൊയ്ക്കൊണ്ടിരുന്നു. ഇടക്ക് തമാശ അവതരിപ്പിക്കാനുള്ള ആളുകളും വന്നു അവർക്കുള്ള പങ്കു നിർവഹിച്ചുകൊണ്ടിരുന്നു. ഷോ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആ സുന്ദരിമാർ എല്ലാം അതേ വേഷത്തിൽ പുറത്തു നിൽപ്പുണ്ടായിരുന്നു. ആറു ചെറിയ തുക കൊടുത്താൽ അവരോടൊപ്പം നിന്നു ഫോട്ടോ എടുക്കാം. വളരെ ആളുകൾ അതു ചെയ്യുന്നുണ്ടായിരുന്നു. റൂമിൽ തിരികെ ചെന്നതിനു ശേഷം 9 .30 ന് ഭക്ഷണം കഴിക്കാൻ പോയി. ചോറ് , നാൻ,ചിക്കൻ, വെജിറ്റബിൾ കറി , സലാഡ്, ഐസ് ക്രീം എല്ലാമടങ്ങിയ രുചികരമായ ഭക്ഷണം. റെസ്റ്റാറ്റാന്റിലെ ഹിന്ദിക്കാരായ 2 പെൺകുട്ടികൾ നമ്മളെ സന്തോഷിപ്പിക്കാൻ സംസാരിച്ചുകൊണ്ടേ ഇരുന്നു. ഹിന്ദി അറിയാവുന്നത് കാരണം ഞാൻ അവിടെ ഹീറോ ആയി. കൂടെയുള്ളവർക്ക് ഹിന്ദി അറിയാത്തതുകൊണ്ട് അവർ പറയുന്ന കാര്യം എന്താണെന്നു കൂടെയുള്ളവർക്ക് പറഞ്ഞു കൊടുക്കേണ്ട ചുമതലയും എനിക്കായി. തുടർന്നു ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്ന വോക്കിങ് സ്ട്രീറ്റിലേക്കു പോയി. രാത്രി 10 മണി മുതലാണ് ഈ തെരുവ് സജീവമാകുന്നത്. ഡാൻസ് ബാറുകൾ, മസ്സാജ് പാർലറുകൾ, ഭക്ഷണശാലകൾ എല്ലാം നിറഞ്ഞ സ്ഥലമാണിത്. എന്നാൽ കൂടുതലായും പെൺശരീരങ്ങൾ ആണ് ഇവിടെ വിൽക്കപ്പെടുന്നത് . വിവിധ രാജ്യക്കാരായ സുന്ദരിമാരും, ലേഡി ബോയ്‌സും ധാരാളം... അവർ നമ്മളെ മാടിവിളിച്ചുകൊണ്ടിരിക്കും. കൂടാതെ ധാരാളം ബ്രോക്കേഴ്‌സ് ചിത്രങ്ങളും റേറ്റുമായി നമ്മളെ സമീപിക്കും. നാമമാത്ര വസ്ത്രധാരികളായ പെൺകുട്ടികൾ ഓരോ കടയുടെ മുൻപിലും നിരന്നു നിൽക്കും. ഇതു സർക്കാർ അനുവദിച്ചതാകയാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല. കുറച്ചു പോലീസുകാർ അവിടെ കസേരകളിൽ ഇരിപ്പുണ്ട്. പക്ഷെ യാതൊരു പ്രശ്നങ്ങളും അവിടെ കാണാനില്ല. ഇവിടുത്തെ പ്രലോഭനങ്ങളിൽ വീഴാതിരിക്കണമെങ്കിൽ അപാരമായ ആത്മ സംയമനം വേണം എന്നു ഓർമ്മിപ്പിച്ചു കൊള്ളുന്നു. ഒരു കിലോമീറ്ററിലധികം ദൂരമുള്ള ഈ തെരുവിൽ നടന്നിട്ടു ഞങ്ങൾ ഉറക്കത്തിനായി ഹോട്ടലിലേക്ക് പോയി...
രണ്ടാം ദിവസത്തെ ഞങ്ങളുടെ യാത്ര കോറൽ ഐലണ്ടിലേക്കായിരുന്നു. താമസിക്കുന്ന ഹോട്ടലിൽ കോംപ്ലെമെന്ററി ആയി ബ്രേക്‌ഫാസ്റ് കിട്ടുന്നതിനാൽ അവിടുന്നായിരുന്നു പ്രഭാത ഭക്ഷണം. മെനുവില് ഒരു ഐറ്റം ഓർഡർ ചെയ്യാം. പിന്നെ ബ്രെഡ്, ജാം, ബട്ടർ, കോഫി, ടീ, പഴങ്ങൾ,മുതലായവ ബുഫേ ആയി ഉണ്ട്. ന്യായമായ രീതിയിൽ ഭക്ഷണം കഴിച്ചു ഞങ്ങൾക്കായി തയ്യാർ ചെയ്ത പജേറോയിൽ യാത്ര ആരംഭിച്ചു. കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളൂ ബോട്ടിലേക്ക്. ബീച്ചിൽ മുകളിലായി വലിയതായി പട്ടായ എന്നു ഇംഗ്ലീഷിൽ കോൺക്രീറ്റ് ചെയ്തു വച്ചിട്ടുണ്ട്. വളരെ ദൂരെ നിന്നു നോക്കിയാലും ഇതു കാണാം. അതു പശ്ചാത്തലമാക്കി എല്ലാവരും കുറെ ഫോട്ടോസ് എടുത്തു. രാത്രിയിൽ ഇതു വിവിധ നിറങ്ങളിലുള്ള ലൈറ്റുകളാൽ പ്രകാശമാനമാകും. ബോട്ടിലേക്ക് നടക്കാനുള്ള കോൺക്രീറ്റ് പാതയിൽ ഒരു യുവതി എല്ലാവരുടെയും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്കുവേണ്ടിയുള്ള ബോട്ടിൽ കയറി. അപ്പർ ഡെക്കിൽ ചെന്നു . കുറെ ഫോട്ടോസ് എടുത്തു. വേറെ ചില ഗ്രൂപ്പും ഞങ്ങളോടൊപ്പം ബോട്ടിൽ യാത്രക്കായി ചേർന്നു. ഒരു നോർത് ഇന്ത്യൻകാരന്റെയാണ് ബോട്ട് . അടിപൊളി ഹിന്ദി ഗാനങ്ങൾ ബോട്ടിനുള്ളിൽ അലയടിച്ചു. ആർക്കും ചെയ്യണമെന്ന് അപ്പോൾ തോന്നിപ്പോകും, കൂടാതെ മുകളിൽ നിന്നും പത (foam) ഒരു മെഷീനിൽ കൂടി വന്നുകൊണ്ടിരുന്നു. ഡാൻസ് ചെയ്യാൻ വേണ്ടിയാണ്. പക്ഷെ ആരും ഇറങ്ങിയില്ല. ബോട് നീങ്ങിത്തുടങ്ങി. 15 -20 മിനിറ്റിൽ കടലിൽ കുറെ ഉള്ളിലെത്തി.അവിടെ ബോട് നങ്കൂരമിട്ടു, അതിനടുത്തായി പാരാ സെയ്‌ലിംഗ് നടക്കുന്നുണ്ട്. അതിനു വേണ്ടിയുള്ളവരെ ഒരു ചെറിയ ബോട്ടിൽ കയറ്റി അങ്ങോട്ടു കൊണ്ടുപോയി. ഉയരങ്ങൾ പേടിയുള്ളതു കൊണ്ടു ഞാൻ പോയില്ല, എന്റെ കൂടെയുള്ള ഒരു അധ്യാപകൻ അതിനു വേണ്ടി പോയി. ബാക്കിയുള്ള ഞങ്ങൾ പാരാസെയ്‌ലിംഗ് നടക്കുന്നത് നോക്കി ബോട്ടിൽ ഇരുന്നു. ഒരു സ്പീഡ് ബോട്ടിൽ കെട്ടിയ പാരച്ചൂടിൽ ആണ് ആളുകളെ connect ചെയ്യുന്നത്. സ്പീഡിനനുസരിച്ചു ഇവർ ഉയർന്നുപോകും. വൈദഗ്ധ്യമുള്ള ബോട് ഡ്രൈവർ ആളുകളെ കടൽ വെള്ളത്തിൽ കൊണ്ടുവന്നു മുട്ടിച്ചു ഉടനെ ഉയർത്തുന്നത് കാണാമായിരുന്നു. അതിൽ കയറുന്നതിലും രസകരമായി എനിക്കു തോന്നിയത് അതു കണ്ടുകൊണ്ടിരിക്കുന്നതായിരുന്നു. ഒരു മണിക്കൂർ അവിടെ ചിലവഴിച്ചശേഷം ഞങ്ങൾകോറൽ ഐലണ്ടിലേക്ക് നീങ്ങി. കരയോടടുത്തു ബോട് അടുക്കാത്തതിനാൽ ഒരു ചെറിയ വള്ളത്തിൽ ഞങ്ങളെ കയറ്റി കരയിലേക്ക് കൊണ്ടുപോയി. മിക്കവരും അവിടെ കടലിൽ കുളിക്കയും,അവിടെയുള്ള കടകളിൽ ഷോപ്പിംഗ് നടത്തുകയും ചെയ്തു .കൂടുതലും തുണിത്തരങ്ങളാണ്. പിന്നെ തായ് ഭക്ഷണവും. മീനും, ചിക്കനും, ബീഫുമെല്ലാം,കനലിൽ ചുട്ടു തരുന്നു. പക്ഷെ ഞാൻ ഒന്നും രുചിച്ചു നോക്കിയില്ല, കൂടാതെ നമ്മുടെ നാട്ടിൽ കിട്ടാത്ത പല പഴവർഗ്ഗങ്ങളും വില്പനയ്ക്കുണ്ട്. ഒന്നര മണിക്കൂറിനു ശേഷം ഞങ്ങൾ തിരിച്ചു ബോട്ടിലെത്തി. വിശപ്പു അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. ബോട്ടിലായിരുന്നു ഉച്ചഭക്ഷണം. ചോറു, ചപ്പാത്തി, പരിപ്പുകറി , പപ്പടം, സാലഡുകൾ,മറ്റു ചില കറികൾ എന്നിവ ചേർന്ന ഭക്ഷണം രുചികരമായിരുന്നു. ഭക്ഷണ ശേഷം തിരികെ കരയിലേക്ക് ബോട് നീങ്ങി. പാട്ടുകൾ ഉച്ചസ്ഥായിയിലായി,മെഷീനിൽ നിന്നു പത ചാടിക്കൊണ്ടിരുന്നു. ആരും ഡാൻസ് ചെയ്യാൻ വരുന്നില്ല, എന്റെ കൺട്രോൾ പോയി. ഞാൻ ഉടനെ ഞാൻ പാതയുടെ കൂമ്പാരത്തിലേക്കു ചാടിയിറങ്ങി ഡാൻസ് ചെയ്യാൻ തുടങ്ങി. നാട്ടിൽ ഒരു ഗാനമേള കാണാൻ പോയാൽ പോലും അനങ്ങാതിരിക്കുന്ന ഞാൻ എങ്ങനെയാണ് അതു ചെയ്‌തത്‌ എന്നു എനിക്കു ഇന്നും അറിയില്ല. ഉടനെ തന്നെ പലരും എന്നോടൊപ്പം ചേർന്നു. അല്പസമയത്തിനുശേഷം മിക്കവാറും പേര് ഞങ്ങളോടൊപ്പം ചേർന്നിരുന്നു. മറക്കാനാവാത്ത നിമിഷങ്ങൾ ആയിരുന്നു അതു. കണ്ട സിനിമാഗാനങ്ങളിലെ ചുവടുകൾ അനുകരിക്കാൻ ഒരു ശ്രമം ആണ് ഞാൻ നടത്തിയത്. പക്ഷെ പിന്നീട് പലരും എന്നെ ആ ഡാൻസിന്റെ പേരിൽ അഭിനന്ദിച്ചു എന്നുള്ളതാണ് സത്യം. കരയിലെത്തിയ ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടു ഞങ്ങളുടെ മനോഹരമായ ഫോട്ടോ ഫ്രെമിൽ വച്ചു ഫോട്ടോ എടുത്ത യുവതി കാത്തിരിപ്പുണ്ടായിരുന്നു. 100 ബാത്ത് കൊടുത്തു ഫോട്ടോ വാങ്ങി. ൪ മണി കഴിഞ്ഞപ്പോൾ റൂമിലെത്തി കുളി കഴിഞ്ഞു വിശ്രമിച്ചു. തുടർന്നു അന്നത്തെ കുറെ ഫോട്ടോസ് fb യിൽ അപ്‌ലോഡ് ചെയ്തു. രാത്രി ഭക്ഷണത്തിനുശേഷം വീണ്ടും വോക്കിങ് സ്ട്രീറ്റിൽ പോയി. 12 മണി കഴിഞ്ഞു റൂമിൽ എത്തി ഉറക്കത്തിലേക്കു വീണു.

No comments:

Post a Comment

കശ്മീർ ഡയറി -3

  സോനാമാർഗ് & സീറോ പോയിന്റ് മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു . സോന...