Sunday, July 31, 2016

എന്റെ തായ്‌ലൻഡ് യാത്ര - ഭാഗം 5

എന്റെ തായ്‌ലൻഡ് യാത്ര - ഭാഗം 5 രാവിലെ തെന്നെ എഴുന്നേറ്റു റെഡി ആയി. ഇൻഡിഗോയിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങളുടെ പുതിയ ഡ്രൈവർ ജാക്ക് ഒരു പജേറോയുമായി വന്നു. ജാക്ക് ഈ നാട്ടുകാരനാണ്. കോളേജ് തലം വരെ പഠിച്ച ആൾ ആണ്. അതുകൊണ്ടു കുറച്ചു ഇംഗ്ലീഷ് സംസാരിക്കും. പട്ടയയോട് യാത്ര പറഞ്ഞു ബാങ്കോക്കിലേക്കു. ഇന്നലെ കാണാൻ പോയ ഒരു സ്ഥലത്തെ പറ്റി എഴുതാൻ ഞാൻ മറന്നു. ജെംസ് ഗാലറി. കാണേണ്ടത് തന്നെയാണ്. അവിടെ എത്തിയപ്പോൾ ഞങ്ങൾക്കെല്ലാം ഓരോ വിസിറ്റർ ടാഗ് തന്നു. അത് ധരിച്ചുകൊണ്ട് അകത്തു കയറിയപ്പോൾ തന്നെ സൂട് ധരിച്ച ഒരാൾ ഞങ്ങളെ അസ്സിസ്റ് ചെയ്യാൻ വന്നു. പാകിസ്താനി ആണ് ആൾ. പക്ഷെ ഫിലിപ്പൈൻസ്കാരിയെ വിവാഹം കഴിച്ചു അവിടെയാണ് താമസിക്കുന്നത്. അയാൾ ഞങ്ങളെ ഓരോ സ്ഥലത്തും കൊണ്ടുപോയി എല്ലാം വിശദമായി പറഞ്ഞു തന്നു. വിവിധ താരം കല്ലുകൾ, രത്നങ്ങൾ, അവ കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ശില്പങ്ങൾ, എല്ലാം വളരെ മനോഹരമാണ്. എല്ലാം വിലയേറിയവ ആണ്. തുടർന്ന് ഞങ്ങൾ മുത്തുകളുടെ ശേഖരത്തിലെത്തി. വിവിധ താരം മുത്തുകൾ, പവിഴങ്ങൾ, അവ കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ആഭരണങ്ങൾ, എന്റെഎ കൂടെയുള്ളവർ ചില മാലകളും മറ്റും വാങ്ങി. ബുക്കിങ്ങിനു 100 ബാത് കൊടുത്താൽ മതി, സാധനം അവർ നമ്മുടെ ഹോട്ടലിൽ എത്തിച്ചു തരും. അപ്പോൾ പണം കൊടുത്താൽ മതി. വെട്ടിപ്പും തട്ടിപ്പുമില്ലാത്ത മാന്യമായ ബിസിനസ്. ആഭരങ്ങൾ ധരിക്കാത്തതുകൊണ്ടു ഞാൻ ഒന്നും വാങ്ങിയില്ല. ഞങ്ങളുടെ കാര് യാത്ര തുടരുകയാണ്. ജാക്ക് അത്യാവശ്യം കാര്യങ്ങൾ ഞങ്ങളോട് സംസാരിക്കുന്നുണ്ട്. കേരളത്തിലേതുപോലെയുള്ള, കൃഷിസ്ഥലങ്ങളും പാടങ്ങളുമൊക്കെ യാത്രയിലുടനീളം കാണാം. 110 കിലോമീറ്റര് സ്പീഡിൽ കാര് പായുന്നു. നല്ല റോഡ്. അപ്പോളാണ് നമ്മുടെ നാട്ടിലെ റോഡുകളുടെ ദുരവസ്ഥ ഓർത്തത്. 8 വരി പാതയാണ് റോഡ്. ഇന്നത്തെ ഞങ്ങളുടെ സന്ദർശന സ്ഥലം സഫാരി പാർക്ക് ആണ്. നേരത്തെ ചെന്നാലേ എല്ലാം കാണാൻ കഴിയൂ. ഞങ്ങൾ 4 പേര് മാത്രമാണ് ഈ കാറിൽ. മറ്റുള്ളവർ വേറൊരു വാഹനത്തിൽ ഞങ്ങളുടെ പുറകെ ഉണ്ട്. അതിലാണ് ഞങ്ങളുടെ പഞ്ചാബുകാരനായ ഗൈഡ് രാജേഷ്. 9 മണിയോടെ സഫാരി പാർക്കിനു മുൻപിലെത്തി. വിശാലമായ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്തു ഞങ്ങൾ പുറത്തിറങ്ങി. വിവിധ രാജ്യക്കാരായ അനേകം പേര് പ്രവേശനത്തിനായി കാത്തു നിൽക്കുന്നു. അൽപ സമയത്തിനകം രാജേഷ് ഞങ്ങൾക്കുള്ള ടിക്കറ്റുമായി എത്തി. ആൾക്കൂട്ടത്തിലലിഞ്ഞു ഞങ്ങൾ ഉള്ളിലേക്ക് നടന്നു. ഒരു വനത്തിനുള്ളിൽ പ്രവേശിച്ച പ്രതീതിയാണ്. എല്ലാം കാണണമെങ്കിൽ ഒരു ദിവസം കൊണ്ട് തീരില്ല. കുറച്ചു ഷോ ഉണ്ട് അത് കാണണം എന്നാണ് രാജേഷ് പറഞ്ഞത്. മുതലകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം കടന്നു ഞങ്ങൾ മുൻപോട്ടു നീങ്ങി. ആദ്യം കാണേണ്ടത് ഒറാങ്-ഉട്ടാങ് ഷോ ആണ്. തിരക്കിനിടയിൽ കയറി കുറച്ചു മുൻപിലായി ഒരു സീറ്റ് ഒപ്പിച്ചു. ഷോ തുടങ്ങി. കുറെ ഒറാങ്-ഉടങ്ങുകളുടെ വിവിധ പരിപാടികൾ, പരിശീലകൻ പറയുന്നതിനും ചെയ്യുന്നതിനും അനുസരിച്ചു എല്ലാം ചെയ്യുന്നു, ഇടയ്ക്കു കാണികളെ ചിരിപ്പിക്കാനുള്ള തമാശയും ഉണ്ട്. 2 പേരുടെ ബോക്സിങ് ആയിരുന്നു ഷോയിൽ പ്രധാനം. കാണികളായി കുറെ ഒറാങ്-ഉട്ടാങ് ഇരിക്കുകയും തോൽക്കുന്ന ആളിനെ നേരെ കുപ്പികൾ അവ വലിച്ചെറിയുന്നതുമൊക്കെ വളരെ രസമുള്ള കാഴ്ചകളായിരുന്നു. അടുത്ത് സീൽ ഷോ ആണ്. അതിനായി നടക്കുമ്പോൾ വിവിധ തരത്തിലുള്ള, ചെമ്പംൻസിഎ, കുരങ്ങു, മലമ്പാമ്പ്, ഫ്ലാമിങ്ങോ പക്ഷികൾ, അങ്ങനെ പലതിനെയും കാണാം. എല്ലാത്തിനെയും വിശാലമായ സ്ഥലത്താണ് പാർപ്പിച്ചിരിക്കുന്നത്. അവയുടെ ആവാസ വ്യവസ്ഥക്കൊത്താണ് എല്ലാം ക്രമീകരിച്ചിരിക്കുന്നത്. സീൽ ഷോക്കും ധാരാളം ആളുകൾ ഉണ്ടായിരുന്നു. വിശ്വസിക്കാൻ പ്രയാസമുള്ള രീതിയിലാണ് സീലുകളെ പരിശീലിപ്പിച്ചിരിക്കുന്നതു. മൂക്കിൽ ബോൾ ബാലൻസ് ചെയ്യുക, റിങ് കറക്കുക എല്ലാം കാണുമ്പോൾ അവിശ്വസനീയമായി തോന്നും. അവസാനം ഫോട്ടോ എടുക്കാൻ താല്പര്യമുള്ളവർക്ക് ഫോട്ടോ എടുക്കാം. ബാത് കൊടുക്കണം എന്ന് മാത്രം. സീൽ നമ്മുടെ കവിളിൽ ഉമ്മവച്ചുകൊണ്ടു നിൽക്കും. അടുത്ത ഷോ സ്റ്റണ്ട് ഷോ ആണ്. അമേസിങ് എന്ന് വേണം ഇതിനെ പറയാൻ. ഒരു ഇംഗ്ലീഷ് കൗബോയ് സിനിമ നേരിട്ട് കാണുന്ന പ്രതീതി. കുതിരയോട്ടം, വെടിവെപ്പ്, ബോംബിങ്, ജമ്പിങ്, റോപ്പ്‌വേ കിണറിൽ വീഴൽ എല്ലാം തൊട്ടുമുന്നിൽ, സമയം പോകുന്നതേ അറിയില്ല. അതിനെ ശേഷം ഞങ്ങൾ ഭക്ഷണം കഴിക്കാനായി പോയി. വിശാലമായ ഹാൾ. ഇന്ത്യൻ ഫുഡ് പ്രത്യേകം ഒരുക്കിയിരിക്കുന്നു. ബുഫേ സിസ്റ്റം ആണ്. ചോറ്, പൂരി, ചിക്കെൻ, മീൻ, പരിപ്പ്, പപ്പടം, സാലഡ്, ഫ്രുഇറ്സ്, ഐസ് ക്രീം എല്ലാമടങ്ങിയ വിഭവ സമൃദ്ധമായ ഭക്ഷണം. അത് കഴിഞ്ഞു പുറത്തു വിവിധയിനം തത്തകളെ കണ്ടു, ഒരു സ്ഥലത്തു തത്തകൾക്കു ഭക്ഷണം കൊടുക്കാനുള്ള അവസരം ഉണ്ട്. 50 ബാത്ത് കൊടുത്താൽ ചോളമണികൾ അടങ്ങിയ ഒരു പാക്കറ്റ് കിട്ടും. അത് കൊടുക്കുമ്പോൾ തത്തകൾ നമ്മുടെ കയ്യിൽ വന്നിരുന്നു അത് തിന്നും. പക്ഷെ മലയാളിയുടെ കൂർമ്മ ബുദ്ധിയും പിശുക്കും ഞാനും കാണിച്ചു. നിലത്തു നിന്ന് ചോളമണികൾ പെറുക്കി തത്തക്കു കൊടുത്തു. തടാകത്തിനു കുറുകെയുള്ള പാലത്തിൽ നിന്നും മറ്റും കുറെ ഫോട്ടോസ് എടുത്തു. അടുത്ത ഷോ കാണാനായി നീങ്ങി.. ഡോൾഫിൻ ഷോ. നല്ല തിരക്കായിരുന്നു. മുൻവറിയിൽ തന്നെ സീറ്റ് കണ്ടെത്തി ഞാൻ ഇരുന്നു. ചില സിനിമകളിലും മറ്റും മാത്രം കണ്ടിട്ടുള്ള ഡോള്ഫിനുകളുടെ അതിശയ പ്രകടനം. എഴുന്നേറ്റുനിന്നു കയ്യടിച്ചു പോകും, സമയം പോകുന്നതറിഞ്ഞില്ല. അവിടെ നിന്നും പുറത്തിറങ്ങി. ഇനി യഥാർത്ഥ സഫാരി പാർക്കിലേക്ക്..... ഇനിയുള്ള യാത്ര കാറിലാണ്. പുറത്തിറങ്ങാൻ പറ്റില്ല. കാരണം മൃഗങ്ങളെയെല്ലാം തുറന്നു വിട്ടിരിക്കുന്ന സ്ഥലം ആണ്. കാറിന്റെ ഗ്ലാസ് താഴ്ത്താൻ പറ്റില്ല. എല്ലാത്തിനെയും അടുത്ത് കാണാം. പതിയെ വാഹനങ്ങൾ വരിവരിയായി നീങ്ങി കൊണ്ടിരുന്നു. എല്ലാത്തരം മൃഗങ്ങളും ഉണ്ട്. ടിവിയിൽ മാത്രം കണ്ടിട്ടുള്ള വൈൽഡ് ബീസ്റ്റിനെ ആദ്യമായാണ് ഞാൻ കണ്ടത്. പെലിക്കൻ തുടങ്ങിയ പക്ഷികൾ ഒരു തടാകത്തോട് ചേർന്നുള്ള മരക്കൊമ്പിൽ കൂടു വച്ചിരിക്കുന്നു. വിവിധ താരം മാനുകൾ, കരടികളെ, കാട്ടുപോത്തും, തുടർന്ന് ഒരു ഇരുമ്പു ഗേറ്റ് തുറന്നു അകത്തേക്ക് വാഹനം പ്രവേശിച്ചു. റോഡിന്റെ സൈഡിൽ ഗാംഭീര്യത്തോടെ കടുവകൾ നിൽക്കുന്നു. ഓരോ കോർനേരിലും ഗാർഡുകൾ വാഹനത്തിൽ ഇരിപ്പുണ്ട്. എന്തെങ്കിലും അപകടം സംഭവിച്ചാൽ സഹായിക്കാനും, വാഹനത്തിന്റെ ഗ്ലാസ് തുറന്നു ആണോ യാത്ര ചെയ്യുന്നതെന്ന് ശ്രദ്ധിക്കാനുമാണ്. ഒരു മണിക്കൂറിലധികം നേരം ഈ യാത്ര തുടർന്ന് ഞങ്ങൾ പുറത്തെത്തി. മറക്കാനാവാത്ത കാഴ്ചകൾ... ഇനി ഹോട്ടലിലേക്ക്... തിരക്കേറിയ സൺ‌ഡേ മാര്കെറ്റിനടുത്തായിരുന്നു ഞങ്ങളുടെ ഹോട്ടൽ. നല്ല ഹോട്ടൽ. ഉടമ ഒരു പഞ്ചാബിയാണെന്നാണ് അറിയാൻ കഴിഞ്ഞത്. 12 നിലയിലധികമുള്ള ഹോട്ടൽ. കുളിയും അല്പം വിശ്രമവും കഴിഞ്ഞു ഞങ്ങൾ നഗരത്തിന്റെ രാത്രി കാഴ്ചകളിലേക്കിറങ്ങി.... റോഡിൽ കൂടി കുറെ നടന്നു. പ്രശസ്തമായ ഒരു മാളിൽ കയറി കുറെ കറങ്ങി. 10 മണിക്ക് മാൾ അടക്കും. അപ്പോഴേക്കും പുറത്തിറങ്ങി. മെട്രോ ട്രെയിനുകൾ മുകളിലൂടെ പായുന്നു. ക്ഷീണിച്ചു തുടങ്ങി... ഒന്ന് കിടക്കണം... ഭക്ഷണം ബുക്ക് ച്യ്തിരുന്നത് ഒരു പഞ്ചാബി റെസ്റ്റാറ്റാന്റിൽ ആയിരുന്നു. അവിടെ നിന്നും ഭക്ഷണം കഴിച്ചു റൂമിലെത്തി. കുറച്ചു ഫോട്ടോസ് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തു... പിന്നെ ഉറക്കത്തിലേക്കു വീണു....

Wednesday, July 20, 2016

എന്റെ തായ്‌ലൻഡ് യാത്ര - ഭാഗം 4


മൂന്നാം ദിവസത്തെ ഞങ്ങളുടെ ആദ്യ യാത്ര അണ്ടർവാട്ടർ അക്വാറിയത്തിലേക്കായിരുന്നു. ഞങ്ങളുടെ അന്നത്തെ ഡ്രൈവർ പഞ്ചാബി ആയിരുന്നു. കാർ പാർക് ചെയ്തിട്ടു ഡ്രൈവർ ടിക്കറ്റ് എടുത്തുകൊണ്ടു വന്നു. ഞങ്ങൾ അകത്തേക്ക് കയറി. മീനിന് നിപ്പിൾ കൂടി ഫീഡ് ചെയ്യുന്നതാണ് ആദ്യം കണ്ടത്. അൻപതു ബാത് കൊടുത്താൽ നമുക്കും മീനിനെ ഫീഡ് ചെയ്യാം. മനോഹരമായ വര്ണമത്സ്യങ്ങൾ.. തുടർന്നു ഉള്ളിലേക്ക് നടന്നു. മനോഹരമായ മൽസ്യങ്ങൾ ചില്ലുകൂട്ടിൽ കിടക്കുന്നതു കണ്ടു. തുടർന്നു ഇരുട്ടു നിറഞ്ഞ വഴിയിലൂടെ എത്തിച്ചേർന്നത് കടലിനടിയിൽ ആണോ എന്നു ഞാൻ സംശയിച്ചു. ഗ്ലാസ്സ് ടണലിലൂടെ നടന്നു. ചുറ്റും തലയ്ക്കു മീതെയും വിവിധ മൽസ്യങ്ങൾ നീന്തി നടക്കുന്നു. സ്രാവ്, തിരണ്ടി എല്ലാമുണ്ട്, ജീവിതത്തിൽ ആദ്യമായാണ് അവിടുത്തെ പല മൽസ്യങ്ങളെയും കാണുന്നത് . ഒരു പ്രത്യേക ലോകത്തിലെത്തിയ പ്രതീതി. ചിത്രങ്ങൾ പകർത്തിക്കൊണ്ടു ഞങ്ങൾ ജേലി ഫിഷുകളുടെ അടുത്തെത്തി. വിവിധ വർണങ്ങളിലുള്ള ലൈറ്റുകൾ തെളിയുകയും അണയുകയും ചെയ്യുമ്പോൾ വിവിധ വർണങ്ങളിൽ ജേലി ഫിഷിനെ കാണാം. ഇതൊന്നും നമ്മുടെ നാട്ടിൽ എന്തു കൊണ്ടു ഇല്ല എന്നു ഞാൻ ആലോചിച്ചു.ഗോവ പോലെയുള്ള കടൽത്തീര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇതു നമുക്കും തുടങ്ങാവുന്നതല്ലേ?1 മണിക്കൂർ അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ ഫ്‌ളോട്ടിങ് മാർക്കറ്റിലേക്ക് യാത്ര ആയി. ഡ്രൈവർ ടിക്കറ്റ് എടുത്തു ഒരു സ്റ്റിക്കർ ഞങ്ങളുടെമേൽ പതിപ്പിച്ചു. തുടർന്നു ഒരു വള്ളത്തിൽ കയറ്റി. ആ ജലാശയത്തിൽ കൂടി നാട്ടുകാരനായ തോണിക്കാരൻ തുഴഞ്ഞു നീങ്ങി. പരമ്പരാഗതമായ തൊപ്പിയും ഞങ്ങൾ ധരിച്ചു. അരികിൽ കൂടി പല വള്ളങ്ങളും കടന്നുപോകുന്നു. ചുറ്റുമുള്ള കടകളിൽ ആളുകൾ ഷോപ്പിംഗ് നടത്തുന്നു. ഈ കടകൾ എല്ലാം വെള്ളത്തിലാണ് പണിതിരിക്കുന്നത്. വള്ളത്തിൽ സാധനങ്ങൾ കൊണ്ടുവന്നു ധാരാളം പേര് വില്പന നടത്തുന്നു. ഭക്ഷണ സാധനങ്ങൾ, പഴങ്ങൾ, കര കൗശല വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എല്ലാമുണ്ട്. അവസാനം വള്ളം ഞങ്ങളെ മാര്കെറ്റിന്റെ അവസാന ഭാഗത്തു ഇറക്കി. അവിടെ നിന്നു ഇനിയും കടകൾ ഒക്കെ സന്ദർശിച്ചു നടന്നു തുടങ്ങിയ സ്ഥലത്തു എത്തണം. ഞങ്ങൾ നടത്തം ആരംഭിച്ചു. മനോഹരമായ കാഴ്ചകൾ നിറഞ്ഞ കടകൾ. ഇടക്ക് ഒരു കടയിൽ നിന്നു ഞാൻ കഴിക്കാനുള്ള ഒരു സാധനം വാങ്ങി. തേങ്ങയും പഞ്ചസാരയും ചേർത്ത അപ്പം പോലെയുള്ള വസ്തു. പക്ഷെ രുചികരമായിരുന്നു. 20 ബാത് ആണ് വില. പല കടകളിലും വില ഒക്കെ ചോദിച്ചെങ്കിലും കാര്യമായി സാധനങ്ങൾ വാങ്ങിയില്ല, മലയാളിയുടെ പിശുക്കും ബാർഗൈനിങ്ങും ആയിരുന്നു കാരണം. പല ഫ്ളവറിൽ ഉള്ള ചോക്ലേറ്സ് കണ്ടു. കുറെ വാങ്ങി. 20 ബാത്. ആയിരുന്നു വില, ഡുറിയാൻ , ചോക്ലേറ്റ്,coconut പല രുചികളിലുമുള്ളവ വാങ്ങി. എല്ലാ കടകളും സന്ദർശിക്കാൻ പോയാൽ സമയം പോകും. ഞങ്ങൾ വേഗം നടന്നു ഒരു സൈഡിലുള്ള കടകൾ മാത്രം സന്ദർശിച്ചു കാറിനരുകിലെത്തി. വീണ്ടും യാത്ര തുടർന്നു. അടുത്ത സ്ഥലം ബിഗ് ബുദ്ധ ആയിരുന്നു. ദൂരെ നിന്നെ ആ മല കാണാമായിരുന്നു. പറ പൊട്ടിച്ച ഒരു വലിയ മാല. നമ്മുടെ നാട്ടിലെ കരിങ്കൽ ക്വാറി തന്നെ. അതിൽ ബുദ്ധന്റെ ചിത്രം സ്വർണം കൊണ്ടു ആലേഖനം ചെയ്തിരിക്കുന്നു. ഒരു ബുദ്ധ ക്ഷേത്രം പ്രവേശനത്തിങ്കൽ തന്നെ ഉണ്ട്. ധാരാളം ചൈനീസ്, ജാപ്പനീസ്, വിറ്റ്നാമീസ്, സഞ്ചാരികൾ ഉണ്ട്. അവരൊക്കെ ക്ഷേത്രത്തിൽ പ്രാര്ഥിക്കുന്നുണ്ടായിരുന്നു. ഇവിടെ ഒരു സെക്യൂരിറ്റി പോലും ഇല്ല എന്നുള്ളതാണ് സത്യം. നമ്മുടെ നാട്ടിലായിരുന്നെങ്കിൽ, ആ കരിങ്കൽ പോലും കാണില്ലായിരുന്നു. അവിടെ വച്ചു ഒരു ചൈനീസ് കുട്ടിയെ കണ്ടു അവനോടൊപ്പം ചിത്രമെടുത്തു. അവന്റെ പേര് ചോദിച്ചെങ്കിലും ചൈനീസ് അല്ലാതെ ഒന്നും ആ കുട്ടിക്കറിയില്ലായിരുന്നു എന്നു തോന്നുന്നു. ആൽ മരങ്ങളും ക്ഷേത്ര പരിസരത്തുണ്ട്. കുറെ സമയം അവിടെ ചിലവഴിച്ച ശേഷം വീണ്ടു അടുത്ത സ്ഥലമായ സിൽവർ ലേക്കിലേക്കു യാത്രയായി. അവിടെ നിന്നും കുറച്ചു ദൂരമേയുള്ളായിരുന്നു സിൽവർ ലേക്കിലേക്കു, മനോഹരമായ ഉദ്യാനം. താഴെ മുന്തിരിത്തോട്ടങ്ങൾ. കുറച്ചു ദൂരെ പേരിനെ അന്വർത്ഥമാക്കുന്ന സിൽവർ ലാകെ കാണാം. കുറച്ചു ദൂരെ ഒരു തെയിം പാർക്. അവിടെ നിന്നു കുറെ ചിത്രങ്ങളെടുത്തു. വിയറ്റ്നാംകാരനായ ഒരു കുട്ടിയെ പരിചയപ്പെട്ടു.അവൻ പേര് പറഞ്ഞെങ്കിലും ഓർത്തിരിക്കാൻ എനിക്കു കഴിഞ്ഞില്ല, കാരണം ആ പേര് ഉച്ചരിക്കാൻ തന്നെ പാടായിരുന്നു. 5 മണിയോടെ ഞങ്ങൾ തിരിച്ചു ഹോട്ടലിലേക്ക് യാത്ര തിരിച്ചു. ഇൻഡിഗോ റെസ്റ്റാറ്റാന്റിൽ നിന്നു ഭക്ഷണം കഴിച്ചു റൂമിലെത്തി. 8 മണിയോടെ വീണ്ടും നഗര തിരക്കിലേക്കിറങ്ങി. ഫ്രൂട് മാർക്കറ്റ് സന്ദർശിച്ചു കുറെ സാധനങ്ങൾ വാങ്ങി. പിന്നീട് ബീച് റോഡിൽ പോയി. അവിടെ റോഡരികിലെല്ലാം സുന്ദരികൾ ഉടുത്തൊരുങ്ങി നിൽക്കുന്നു, ശരീരങ്ങൾ ആവശ്യമുള്ളവരെ കാത്തു. കുറെ നേരത്തെ കറക്കത്തിനൊടുവിൽ വീണ്ടും ഹോട്ടലിലേക്ക് നടന്നു. പാട്ടായയിലെ അവസാന രാത്രി ആണ്. സുഖമായി ഉറങ്ങി നാളെ ബാങ്കോക്കിലേക്കു പുറപ്പെടണം. ഗൂഡ നൈറ്റ് .

എന്റെ തായ്‌ലൻഡ് യാത്ര.... ഭാഗം 2


ഉച്ചഭക്ഷണം മലയാളിയുടെ റെസ്റ്റാറ്റ്നട് ആയ ഇൻഡിഗോയിൽ ആയിരുന്നു. വൈകുന്നേരം 4 മണിയോടെ ഞങ്ങൾ പ്രസിദ്ധമായ ആൾകാസർ ഷോയിലേക്കു പോയി. അവിടെ ചെന്നപ്പോൾ നല്ല തിരക്കായിരുന്നു. പല രാജ്യക്കാർ ആയ ആളുകൾ വിവിധ വസ്ത്രധാരണങ്ങൾ. ആ തീയേറ്ററിന് പുറത്തുനിന്നു കുറെ ഫോട്ടോകൾ എടുത്തു. ഞങ്ങളുടെ കൂടെ വന്ന couples വളരെ ആക്ടിവ് ആയി ഫോട്ടോസ് എടുത്തുകൊണ്ടിരുന്നു. എന്റെ കൂടെയുള്ള അധ്യാപകരും നല്ല മൂഡിലായിരുന്നു. ഞങ്ങളുടെ ഇന്നത്തെ ഗൈഡ് ആയ പഞ്ചാബുകാരൻ രാജേഷ് ടിക്കറ്റുമായി വന്നു. ഞങ്ങൾ അകത്തു കയറി.വെൽക്കം ഡ്രിങ്ക് എല്ലാവർക്കും ഫ്രീ ആയി കിട്ടും. ഇതു മദ്യമല്ല, കോള, പെപ്സി മുതലായവ ആണ്. അല്പസമയത്തിനുള്ളിൽ ഷോ ആരംഭിക്കാനുള്ള അന്നൗൺസ്‌മെന്റ് മുഴങ്ങി. ഇരുട്ടിൽ മുങ്ങിയ തീയേറ്ററിന്റെ സ്റ്റേജിൽ വർണവെളിച്ചങ്ങൾ തെളിഞ്ഞു. തിരശീല ഉയർന്നു. അർദ്ധനഗ്നരായ തരുണീമണികൾ ഇരുവശത്തുനിന്നും കടന്നു വന്നു നൃത്തച്ചുവടുകൾ വച്ചു. ഓരോ ഭാഷക്കാരുടെയും പാട്ടുകൾക്കനുസരിച്ചു മനോഹരമായ നൃത്തങ്ങൾ. നമ്മുടെ ഹിന്ദിയിലും ഒരു പാട്ടുണ്ടായിരുന്നു. സ്റ്റേജിന്റെ നടുക്ക് നിന്നു സുന്ദരിമാർ ഭൂമിക്കടിയിൽ നിന്നും ഉയർന്നു വന്നു. ഓരോ പാട്ടിനും സെറ്റുകൾ മാറിക്കൊണ്ടിരുന്നു. കൊട്ടാരവും പൂന്തോട്ടവും, വിവിധ രാജ്യങ്ങളുടെ സംസ്കാരവും സ്റ്റേജിൽ വന്നു പൊയ്ക്കൊണ്ടിരുന്നു. ഇടക്ക് തമാശ അവതരിപ്പിക്കാനുള്ള ആളുകളും വന്നു അവർക്കുള്ള പങ്കു നിർവഹിച്ചുകൊണ്ടിരുന്നു. ഷോ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആ സുന്ദരിമാർ എല്ലാം അതേ വേഷത്തിൽ പുറത്തു നിൽപ്പുണ്ടായിരുന്നു. ആറു ചെറിയ തുക കൊടുത്താൽ അവരോടൊപ്പം നിന്നു ഫോട്ടോ എടുക്കാം. വളരെ ആളുകൾ അതു ചെയ്യുന്നുണ്ടായിരുന്നു. റൂമിൽ തിരികെ ചെന്നതിനു ശേഷം 9 .30 ന് ഭക്ഷണം കഴിക്കാൻ പോയി. ചോറ് , നാൻ,ചിക്കൻ, വെജിറ്റബിൾ കറി , സലാഡ്, ഐസ് ക്രീം എല്ലാമടങ്ങിയ രുചികരമായ ഭക്ഷണം. റെസ്റ്റാറ്റാന്റിലെ ഹിന്ദിക്കാരായ 2 പെൺകുട്ടികൾ നമ്മളെ സന്തോഷിപ്പിക്കാൻ സംസാരിച്ചുകൊണ്ടേ ഇരുന്നു. ഹിന്ദി അറിയാവുന്നത് കാരണം ഞാൻ അവിടെ ഹീറോ ആയി. കൂടെയുള്ളവർക്ക് ഹിന്ദി അറിയാത്തതുകൊണ്ട് അവർ പറയുന്ന കാര്യം എന്താണെന്നു കൂടെയുള്ളവർക്ക് പറഞ്ഞു കൊടുക്കേണ്ട ചുമതലയും എനിക്കായി. തുടർന്നു ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്ന വോക്കിങ് സ്ട്രീറ്റിലേക്കു പോയി. രാത്രി 10 മണി മുതലാണ് ഈ തെരുവ് സജീവമാകുന്നത്. ഡാൻസ് ബാറുകൾ, മസ്സാജ് പാർലറുകൾ, ഭക്ഷണശാലകൾ എല്ലാം നിറഞ്ഞ സ്ഥലമാണിത്. എന്നാൽ കൂടുതലായും പെൺശരീരങ്ങൾ ആണ് ഇവിടെ വിൽക്കപ്പെടുന്നത് . വിവിധ രാജ്യക്കാരായ സുന്ദരിമാരും, ലേഡി ബോയ്‌സും ധാരാളം... അവർ നമ്മളെ മാടിവിളിച്ചുകൊണ്ടിരിക്കും. കൂടാതെ ധാരാളം ബ്രോക്കേഴ്‌സ് ചിത്രങ്ങളും റേറ്റുമായി നമ്മളെ സമീപിക്കും. നാമമാത്ര വസ്ത്രധാരികളായ പെൺകുട്ടികൾ ഓരോ കടയുടെ മുൻപിലും നിരന്നു നിൽക്കും. ഇതു സർക്കാർ അനുവദിച്ചതാകയാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല. കുറച്ചു പോലീസുകാർ അവിടെ കസേരകളിൽ ഇരിപ്പുണ്ട്. പക്ഷെ യാതൊരു പ്രശ്നങ്ങളും അവിടെ കാണാനില്ല. ഇവിടുത്തെ പ്രലോഭനങ്ങളിൽ വീഴാതിരിക്കണമെങ്കിൽ അപാരമായ ആത്മ സംയമനം വേണം എന്നു ഓർമ്മിപ്പിച്ചു കൊള്ളുന്നു. ഒരു കിലോമീറ്ററിലധികം ദൂരമുള്ള ഈ തെരുവിൽ നടന്നിട്ടു ഞങ്ങൾ ഉറക്കത്തിനായി ഹോട്ടലിലേക്ക് പോയി...
രണ്ടാം ദിവസത്തെ ഞങ്ങളുടെ യാത്ര കോറൽ ഐലണ്ടിലേക്കായിരുന്നു. താമസിക്കുന്ന ഹോട്ടലിൽ കോംപ്ലെമെന്ററി ആയി ബ്രേക്‌ഫാസ്റ് കിട്ടുന്നതിനാൽ അവിടുന്നായിരുന്നു പ്രഭാത ഭക്ഷണം. മെനുവില് ഒരു ഐറ്റം ഓർഡർ ചെയ്യാം. പിന്നെ ബ്രെഡ്, ജാം, ബട്ടർ, കോഫി, ടീ, പഴങ്ങൾ,മുതലായവ ബുഫേ ആയി ഉണ്ട്. ന്യായമായ രീതിയിൽ ഭക്ഷണം കഴിച്ചു ഞങ്ങൾക്കായി തയ്യാർ ചെയ്ത പജേറോയിൽ യാത്ര ആരംഭിച്ചു. കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളൂ ബോട്ടിലേക്ക്. ബീച്ചിൽ മുകളിലായി വലിയതായി പട്ടായ എന്നു ഇംഗ്ലീഷിൽ കോൺക്രീറ്റ് ചെയ്തു വച്ചിട്ടുണ്ട്. വളരെ ദൂരെ നിന്നു നോക്കിയാലും ഇതു കാണാം. അതു പശ്ചാത്തലമാക്കി എല്ലാവരും കുറെ ഫോട്ടോസ് എടുത്തു. രാത്രിയിൽ ഇതു വിവിധ നിറങ്ങളിലുള്ള ലൈറ്റുകളാൽ പ്രകാശമാനമാകും. ബോട്ടിലേക്ക് നടക്കാനുള്ള കോൺക്രീറ്റ് പാതയിൽ ഒരു യുവതി എല്ലാവരുടെയും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്കുവേണ്ടിയുള്ള ബോട്ടിൽ കയറി. അപ്പർ ഡെക്കിൽ ചെന്നു . കുറെ ഫോട്ടോസ് എടുത്തു. വേറെ ചില ഗ്രൂപ്പും ഞങ്ങളോടൊപ്പം ബോട്ടിൽ യാത്രക്കായി ചേർന്നു. ഒരു നോർത് ഇന്ത്യൻകാരന്റെയാണ് ബോട്ട് . അടിപൊളി ഹിന്ദി ഗാനങ്ങൾ ബോട്ടിനുള്ളിൽ അലയടിച്ചു. ആർക്കും ചെയ്യണമെന്ന് അപ്പോൾ തോന്നിപ്പോകും, കൂടാതെ മുകളിൽ നിന്നും പത (foam) ഒരു മെഷീനിൽ കൂടി വന്നുകൊണ്ടിരുന്നു. ഡാൻസ് ചെയ്യാൻ വേണ്ടിയാണ്. പക്ഷെ ആരും ഇറങ്ങിയില്ല. ബോട് നീങ്ങിത്തുടങ്ങി. 15 -20 മിനിറ്റിൽ കടലിൽ കുറെ ഉള്ളിലെത്തി.അവിടെ ബോട് നങ്കൂരമിട്ടു, അതിനടുത്തായി പാരാ സെയ്‌ലിംഗ് നടക്കുന്നുണ്ട്. അതിനു വേണ്ടിയുള്ളവരെ ഒരു ചെറിയ ബോട്ടിൽ കയറ്റി അങ്ങോട്ടു കൊണ്ടുപോയി. ഉയരങ്ങൾ പേടിയുള്ളതു കൊണ്ടു ഞാൻ പോയില്ല, എന്റെ കൂടെയുള്ള ഒരു അധ്യാപകൻ അതിനു വേണ്ടി പോയി. ബാക്കിയുള്ള ഞങ്ങൾ പാരാസെയ്‌ലിംഗ് നടക്കുന്നത് നോക്കി ബോട്ടിൽ ഇരുന്നു. ഒരു സ്പീഡ് ബോട്ടിൽ കെട്ടിയ പാരച്ചൂടിൽ ആണ് ആളുകളെ connect ചെയ്യുന്നത്. സ്പീഡിനനുസരിച്ചു ഇവർ ഉയർന്നുപോകും. വൈദഗ്ധ്യമുള്ള ബോട് ഡ്രൈവർ ആളുകളെ കടൽ വെള്ളത്തിൽ കൊണ്ടുവന്നു മുട്ടിച്ചു ഉടനെ ഉയർത്തുന്നത് കാണാമായിരുന്നു. അതിൽ കയറുന്നതിലും രസകരമായി എനിക്കു തോന്നിയത് അതു കണ്ടുകൊണ്ടിരിക്കുന്നതായിരുന്നു. ഒരു മണിക്കൂർ അവിടെ ചിലവഴിച്ചശേഷം ഞങ്ങൾകോറൽ ഐലണ്ടിലേക്ക് നീങ്ങി. കരയോടടുത്തു ബോട് അടുക്കാത്തതിനാൽ ഒരു ചെറിയ വള്ളത്തിൽ ഞങ്ങളെ കയറ്റി കരയിലേക്ക് കൊണ്ടുപോയി. മിക്കവരും അവിടെ കടലിൽ കുളിക്കയും,അവിടെയുള്ള കടകളിൽ ഷോപ്പിംഗ് നടത്തുകയും ചെയ്തു .കൂടുതലും തുണിത്തരങ്ങളാണ്. പിന്നെ തായ് ഭക്ഷണവും. മീനും, ചിക്കനും, ബീഫുമെല്ലാം,കനലിൽ ചുട്ടു തരുന്നു. പക്ഷെ ഞാൻ ഒന്നും രുചിച്ചു നോക്കിയില്ല, കൂടാതെ നമ്മുടെ നാട്ടിൽ കിട്ടാത്ത പല പഴവർഗ്ഗങ്ങളും വില്പനയ്ക്കുണ്ട്. ഒന്നര മണിക്കൂറിനു ശേഷം ഞങ്ങൾ തിരിച്ചു ബോട്ടിലെത്തി. വിശപ്പു അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. ബോട്ടിലായിരുന്നു ഉച്ചഭക്ഷണം. ചോറു, ചപ്പാത്തി, പരിപ്പുകറി , പപ്പടം, സാലഡുകൾ,മറ്റു ചില കറികൾ എന്നിവ ചേർന്ന ഭക്ഷണം രുചികരമായിരുന്നു. ഭക്ഷണ ശേഷം തിരികെ കരയിലേക്ക് ബോട് നീങ്ങി. പാട്ടുകൾ ഉച്ചസ്ഥായിയിലായി,മെഷീനിൽ നിന്നു പത ചാടിക്കൊണ്ടിരുന്നു. ആരും ഡാൻസ് ചെയ്യാൻ വരുന്നില്ല, എന്റെ കൺട്രോൾ പോയി. ഞാൻ ഉടനെ ഞാൻ പാതയുടെ കൂമ്പാരത്തിലേക്കു ചാടിയിറങ്ങി ഡാൻസ് ചെയ്യാൻ തുടങ്ങി. നാട്ടിൽ ഒരു ഗാനമേള കാണാൻ പോയാൽ പോലും അനങ്ങാതിരിക്കുന്ന ഞാൻ എങ്ങനെയാണ് അതു ചെയ്‌തത്‌ എന്നു എനിക്കു ഇന്നും അറിയില്ല. ഉടനെ തന്നെ പലരും എന്നോടൊപ്പം ചേർന്നു. അല്പസമയത്തിനുശേഷം മിക്കവാറും പേര് ഞങ്ങളോടൊപ്പം ചേർന്നിരുന്നു. മറക്കാനാവാത്ത നിമിഷങ്ങൾ ആയിരുന്നു അതു. കണ്ട സിനിമാഗാനങ്ങളിലെ ചുവടുകൾ അനുകരിക്കാൻ ഒരു ശ്രമം ആണ് ഞാൻ നടത്തിയത്. പക്ഷെ പിന്നീട് പലരും എന്നെ ആ ഡാൻസിന്റെ പേരിൽ അഭിനന്ദിച്ചു എന്നുള്ളതാണ് സത്യം. കരയിലെത്തിയ ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടു ഞങ്ങളുടെ മനോഹരമായ ഫോട്ടോ ഫ്രെമിൽ വച്ചു ഫോട്ടോ എടുത്ത യുവതി കാത്തിരിപ്പുണ്ടായിരുന്നു. 100 ബാത്ത് കൊടുത്തു ഫോട്ടോ വാങ്ങി. ൪ മണി കഴിഞ്ഞപ്പോൾ റൂമിലെത്തി കുളി കഴിഞ്ഞു വിശ്രമിച്ചു. തുടർന്നു അന്നത്തെ കുറെ ഫോട്ടോസ് fb യിൽ അപ്‌ലോഡ് ചെയ്തു. രാത്രി ഭക്ഷണത്തിനുശേഷം വീണ്ടും വോക്കിങ് സ്ട്രീറ്റിൽ പോയി. 12 മണി കഴിഞ്ഞു റൂമിൽ എത്തി ഉറക്കത്തിലേക്കു വീണു.

എന്റെ തായ്‌ലൻഡ് യാത്ര.... ഭാഗം 1


കുറെ നാളുകളായി ആഗ്രഹിച്ച തായ്‌ലൻഡ് യാത്ര അങ്ങനെ യാഥാർഥ്യമായി.. ചിലവ് കുറഞ്ഞ രീതിയിൽ പോകാം എന്നുള്ളത് കൊണ്ടാണ് തായ്‌ലൻഡ് തിരഞ്ഞെടുത്തത്. ഒറ്റക്കു പോകാം എന്നു കരുതി ഓൺലൈനിൽ തപ്പിയപ്പോളൊക്കെ ചിലവ് കുറഞ്ഞ ഹോട്ടലുകളുംമറ്റും കാണാൻ കഴിഞ്ഞു. എങ്കിലും ആദ്യത്തെ യാത്ര ആയതുകൊണ്ട് ഒരു പാക്കേജ് തിരഞ്ഞെടുക്കാം എന്നു കരുതി. ജിയോ ടൂർസിന്റെ പാക്കേജ് തിരഞ്ഞെടുത്തു. 5 ദിവസം, എല്ലാ ചിലവുകളും ഉൾപ്പെടെ 29500 രൂപ മാത്രം. (27500 + 2000 രൂപ വിസ ചാർജ്) ജൂലൈ 5 രാത്രി 10 മണിക്ക് ടൂർ ഓപ്പറേറ്റർ പറഞ്ഞതനുസരിച്ചു കൊച്ചിൻ ഇന്റർനാഷണൽ ഐര്പോര്ടിലെത്തി.. അപ്പോൾ തന്നെ ടൂർ ഓപ്പറേറ്റർ ആയ രെഞ്ചു എത്തി എല്ലാ ഡോക്യൂമെൻറ്സും നൽകി. കൂടെ യാത്ര ചെയ്യുന്നവർക്കായി കാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കോളേജ് അധ്യാപകരായ 3 പേര് വന്നു. തുടർന്നു ൩ couples ഉം . അത്യാവശ്യം വേണ്ട തായ് ബാത്ത് രെഞ്ചു കൊണ്ടു വന്നിരുന്നു. 1000 തായ് ബാത് വിസക്കുവേണ്ടി ബാങ്കോക് ഐര്പോര്ട്ടില് കൊടുക്കണം. അതു മാത്രം കരുതുന്നതാണ് നല്ലതു, കാരണം ഇവിടെ റേറ്റ് വളരെ കുറവാണ് കിട്ടുന്നത്, അവിടെ എത്തിയാൽ ഏതു മണി exchangilum രണ്ടു രൂപക്ക് മേൽ കിട്ടും . ചെക്ക് ഇൻ ചെയ്തു അകത്തു കയറി. കൃത്യം 1 .30 ണ് തന്നെ ആർ ഏഷ്യയുടെ വിമാനം പറന്നുയർന്നു. 7 കിലോയുടെ ക്യാബിൻ ബാഗേജ് മാത്രമാണ് അനുവദനീയം. ബാങ്കോക്കിൽ തുണിത്തരങ്ങൾ വളരെ കുറഞ്ഞ വിലയിൽ കിട്ടും. ഷോപ്പിംഗ് താല്പര്യം ഉള്ളവർ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ 1000 രൂപ അടച്ചാൽ മടക്കയാത്രയിൽ 20 കിലോ ലഗ്ഗജ് ആയി കൊണ്ടു വരാം. 20000 ഇന്ത്യൻ രൂപയോ അതിനനുസരിച്ചുള്ള മറ്റു കറൻസിയോ കയ്യിൽ കരുതണം. ഇതു ആരും ചോദിക്കാറില്ല, എങ്കിലും കരുതുക. ഭക്ഷണം വിമാനത്തിൽ വേണമെങ്കിൽ പണം കൊടുക്കണം. രാവിലെ 6 30 ന് ബാങ്കോക് അയർപോര്ടിലെത്തി. ലാൻഡ് ചെയ്യുന്നതിന് മുൻപുള്ള ബാങ്കോക്കിൽ ആകാശദൃശ്യം വളരെ മനോഹരമാണ്. ടൂർ ഓപ്പറേറ്റർ എല്ലാ ഡോകുമെന്റ്സും തയ്യാറാക്കി തന്നിരുന്നതിനാൽ വിസ നടപടികൾ എളുപ്പമായി. ഇംഗ്ലീഷ് കൊണ്ടു വലിയ പ്രയോജനം ഇല്ല. തായ് ഭാഷ മാത്രമാണ് കൗണ്ടറിൽ ഇരിക്കുന്നവർക്ക് അറിയാവുന്നതു. പുറത്തിറങ്ങിയപ്പോൾ ഞങ്ങളുടെ ഗൈഡ് തിരുവനന്തപുരം കാരൻ ഷാൻ കാത്തു നിൽപ്പുണ്ടായിരുന്നു.. ഞങ്ങൾ 4 പേർക്ക് വേണ്ടി arrange ചെയ്തിരുന്ന ഇന്നോവയിൽ യാത്ര തുടങ്ങി കേട്ടു മാത്രം അറിവുള്ള പാട്ടായയിലേക്കു... couples ആയി വന്നവർക്കു വേറെ വാഹനം തയാർ ചെയ്തിരുന്നു. വഴിനീളെയുള്ള കാഴ്ചകൾ കേരളത്തെ അനുസ്മരിപ്പിച്ചു. നമ്മുടെ നാടിന്റെ അതേ പ്രകൃതി, വാഴ, കപ്പ, തെങ്ങു, പുളി, പപ്പായ അങ്ങനെ എല്ലാം ഉണ്ട്. ഒന്നര മണിക്കൂർ കൊണ്ടു ഞങ്ങൾ പട്ടായ എന്ന മായിക നഗരത്തിലെത്തി. പ്രഭാത ഭക്ഷണം കഴിക്കാനുള്ള സമയം അതിക്രമിച്ചതിനാൽ ഒരു നോർത് ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും ഷാൻ ഭക്ഷണം ക്രമീകരിച്ചു തന്നു. പൂരി, ബ്രെഡ്, ബാജി, ഓംലറ്റ്, ചായ, തുടങ്ങിയവ വളരെ രുചികരമായിരുന്നു. തുടർന്നു ഞങ്ങളുടെ താമസം ക്രമീകരിച്ച ഹോട്ടൽ മൈക്കിൽ എത്തി. അതിന്റെ എതിർ വശത്തുള്ള മലയാളി റെസ്റ്റാറ്റാന്റിൽ ആയിരുന്നു ഭക്ഷണം ക്രമീകരിച്ചിരുന്നു. അതിന്റെ ഉടമ കോട്ടയംകാരൻ മാത്യു ആണ്. ഹോട്ടലിൽ എത്തി കുളിച്ചു ഫ്രഷ് ആയി. അല്പം വിശ്രമിച്ചു..... ഇനിയുള്ള പട്ടായ നഗരത്തിന്റെ വിശേഷങ്ങൾ പുറകെ എഴുതാം..

അസർബെയ്ജാൻ യാത്ര - ബാക്കു നഗരകാഴ്ചകൾ

  ഇന്നത്തെ ഞങ്ങളുടെ ആദ്യ യാത്ര ബാക്കു നഗരകാഴ്ചകളിലേക്കാണ്. ഓൾഡ് സിറ്റിയിലേക്കായിരുന്നു ആദ്യ യാത്ര. പഴയകാല രീതിയിൽ കല്ലും ചെളിയും ഉപയോഗിച്ചുള...