Sunday, April 22, 2012

വിഷുക്കൈനീട്ടം

വിഷു ദിനം. എല്ലാവരും സന്തോഷത്തിലാണ്. പടക്കങ്ങളും പൂത്തിരിയും മറ്റും പൊട്ടിച്ചു കുട്ടികള്‍ ആഹ്ലാദിക്കുന്നു. പക്ഷെ കൊച്ചു വിനുവിന് മാത്രം സന്തോഷമില്ല. അവനു പടക്കാമോ പൂത്തിരിയോ ഒന്നും കിട്ടിയില്ല. അവനു അതൊക്കെ വാങ്ങി കൊടുക്കാന്‍ അവന്റെ അച്ഛന് കഴിവില്ല. കൂലിപ്പണിക്കാരനായ പിതാവിന്റെ വരുമാനം കൊണ്ട് വീട്ടു കാര്യങ്ങള്‍ തന്നെ നടത്താന്‍ തികയില്ല എന്ന് എഴാം ക്ലാസ്സുകാരനായ അവനറിയാം. ആഗ്രഹങ്ങളെ ഹൃദയത്തില്‍ അടക്കി സൂക്ഷിക്കാന്‍ വിനുവിന്റെ കൊച്ചു ഹൃദയം പഠിച്ചു കഴിഞ്ഞു. തന്റെ കൂട്ടുകാരെല്ലാം ആഹ്ലാദത്തിലാണ്. അവര്‍ രാവിലെ കുളിച്ചു അമ്പലത്തില്‍ പോയി. വിനുവിന് അമ്പലത്തില്‍ പോലും പോകണമെന്ന് തോന്നിയില്ല. അയലത്തെ വീട്ടിലെ മനു അപ്പോള്‍ അങ്ങോട്ട്‌ വന്നു. അവന്‍ വിനുവിനോട് പറഞ്ഞു. "എനിക്ക് ഇരുപതു രൂപ കൈനീട്ടം കിട്ടി." അതും പറഞ്ഞു അവന്‍ അടുത്ത വീട്ടിലേക്കു ഓടിപ്പോയി. അവന്‍ പോകുന്നത് നോക്കി വിനു ഉമ്മറത്തിരുന്നു. അവന്റെ കൂട്ടുകാര്‍ ഒക്കെ ആഹ്ലാദത്തിലാണ്. തനിക്കു കൈനീട്ടം തരാന്‍ അച്ഛന്റെ കയ്യില്‍ ഇല്ല എന്നവനറിയാം. എങ്കിലും മനസ്സില്‍ ഒരു നൊമ്പരം, എല്ലാവരും സന്തോഷിക്കുന്നു. പുത്തനുടുപ്പുകള്‍ അണിഞ്ഞിരിക്കുന്നു. തനിക്കു മാത്രം ഒന്നുമില്ല. അതോര്‍ത്തപ്പോള്‍ അവന്റെ മനസ്സില്‍ കൂട്ടുകാരോട് ചെറിയ അസൂയയും തന്നോട് ദേഷ്യവും തോന്നി. അപ്പോളാണ് തന്റെ സഹപാഠിയും അയല്‍ക്കാരനുമായ പ്രവീണ്‍ അങ്ങോട്ട്‌ വന്നത്. അവന്‍ വിനുവിനോട് പറഞ്ഞു. "വലിയച്ചന്‍ എനിക്ക് ഇരുപത്തഞ്ചു രൂപ കൈനീട്ടം തന്നു. നിനക്കെത്ര രൂപ കിട്ടി?" വിനുവിന്റെ കുഞ്ഞു ഹൃദയത്തില്‍ നിന്നും സത്യസന്ധമായ മറുപടി പുറത്തു വന്നു. "ഒന്നും കിട്ടിയില്ല" അപ്പോള്‍ പ്രവീണ്‍ ഒരു രൂപയുടെ ഒരു നാണയം എടുത്തു വിനുവിന് കൊടുത്തു. സന്തോഷാധിക്യത്താല്‍ അവന്‍ അത് വാങ്ങി. അപ്പോള്‍ അവനു പ്രവീണിനോട് ഒത്തിരി സ്നേഹം തോന്നി. പക്ഷെ അവന്റെ സന്തോഷം അധികം നീണ്ടു നിന്നില്ല. പ്രവീണ്‍ ചോദിച്ചു, "നീ എനിക്ക് കൈനീട്ടം തരുന്നില്ലേ? ഞാന്‍ നിനക്ക് തന്നതിനേക്കാള്‍ കൂടുതല്‍ വേണം തിരിച്ചു തരുമ്പോള്‍ തരാന്‍" അവന്റെ കയ്യിലിരുന്ന ഒരു രൂപ നാണയം വിറച്ചു. അവന്‍ വിറയ്ക്കുന്ന കരങ്ങളോടെയും വേദന നിറഞ്ഞ ഹൃദയതോടെയും ആ ഒരു രൂപ നാണയം പ്രവീണിന്റെ കയ്യില്‍ വച്ച് കൊടുത്തു. "എന്റെ വക വിഷുക്കൈനീട്ടം" അത് വാങ്ങി സന്തോഷിച്ചു ഓടിപ്പോകുന്ന പ്രവീണിനെ നോക്കി വിനു നിറകണ്ണുകളോടെ നിന്നു.... ഒരു നല്ല വിഷു വരും എന്ന പ്രതീക്ഷയോടെ.....

No comments:

Post a Comment

കശ്മീർ ഡയറി -3

  സോനാമാർഗ് & സീറോ പോയിന്റ് മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു . സോന...