ജോലി സ്ഥലത്തായിരുന്നപ്പോഴാണ് നാട്ടിലുള്ള സുഹൃത്തായ റിനു ഒരു യാത്രയെപ്പറ്റിയുള്ള വിവരങ്ങള്‍ അയച്ചു തന്നത്. വിവരങ്ങള്‍ വായിച്ചപ്പോള്‍ തന്നെ എങ്ങനെയും ഈ യാത്രയില്‍ പങ്കാളിയാകണമെന്ന് തീരുമാനിച്ചു. ജോലി സ്ഥലമായ ഖത്തറിലിരുന്നുകൊണ്ട് തന്നെ സുഹൃത്തായ അജുവിനെക്കൊണ്ട് രജിസ്റ്റര്‍ ചെയ്യിപ്പിച്ചു. ആ യാത്രയുടെ ആവേശത്തോടെതന്നെ നാട്ടില്‍ വന്നു.
ആദ്യം തന്നെ യാത്രയുടെ നിമിഷങ്ങള്‍ പകര്‍ത്താന്‍ ഒരു ആക്ഷന്‍ കാമറ ആമസോണില്‍ ഓര്‍ഡര്‍ചെയ്തു. യാത്രക്ക് രണ്ട് ദിവസം മുന്പ് തന്നെ സാധനം കയ്യിലെത്തി. മഴ നനഞ്ഞുള്ള യാത്രയാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് പുതിയ റെയിന്‍കോട്ടും ഗ്ളവുസും വാങ്ങി. എന്‍റെ സഹയാത്രികനായ റോയല്‍ എന്‍ഫീല്‍ഡ് ഡസര്‍ട്ട് സ്റ്റോം ബുള്ളറ്റിനെ ഒന്ന് വര്‍ക്ക് ഷോപ്പില്‍ കയറ്റി ചെക്കപ്പ് ചെയ്തു. ആദ്യമായാണ് ഇങ്ങനെ ഒരു സാഹസിക യാത്ര. അതിന്‍റെ ആശങ്കകള്‍ കുറെ ഉണ്ടായിരുന്നു. മെക്കാനിക്കിന്‍റെ നിര്‍ദ്ദേശപ്രകാരം ഒരു സ്പെയര്‍ ക്ളച്ച് കേബിള്‍ വാഹനത്തില്‍ കരുതി. എന്റെ ബാക്ക് പാക്കില്‍ അത്യാവശ്യം വേണ്ട വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും നിറച്ചു.
യാത്രയുടെ ആരംഭം ഇടുക്കി ജില്ലയിലെ ഏലപ്പാറയില്‍ നിന്നാണ് ആരംഭിക്കുന്നത്. പക്ഷേ എന്‍റെ നാട്ടിലുള്ള പെരുന്തേനരുവിയും യാത്രാ റൂട്ടില്‍ ഉള്‍പ്പെട്ടതായതുകൊണ്ട് അവിടെ നിന്നും ജോയിന്‍ ചെയ്യാം എന്ന് ഞാന്‍ കരുതി സുഹൃത്തിനെ അറിയിച്ചു. പക്ഷേ അവന്‍ നിര്‍ബ്ബന്ധിച്ചു, എല്ലാവരും ഒരിടത്തുനിന്ന് തുടങ്ങുന്നതാണ് നല്ല്ത് അതു കൊണ്ട് ഏലപ്പാറയില്‍ എത്തണമെന്ന്. ഒടുവില്‍ ഞാന്‍ സമ്മതിച്ചു.
യാത്ര എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് ഗ്രീന്‍ റിബണ്‍റൈഡ് 2018 എന്ന ഈ യാത്ര സംഘടിപ്പിച്ചത്. ഇതിന് മുന്പ് വേറൊരു യാത്രാ ഗ്രൂപ്പിന്‍റെ ഒരു ചെറിയ യാത്രയില്‍ പങ്കെടുത്തിട്ടുള്ളതുകൊണ്ട് എനിക്ക് കുറെ മുന്‍വിധികള്‍ ഉണ്ടായിരുന്നു. പക്ഷേ യാത്ര ആരംഭിച്ചു കഴിഞ്ഞപ്പോള്‍ അതൊക്കെ എനിക്ക് മാറ്റേണ്ടി വന്നു എന്നുള്ളതാണ് സത്യം.
ജൂലൈ 7 ശനിയാഴ്ച രാവിലെ ബാഗ് ബുള്ളറ്റിന്‍റെ പുറകില്‍ കെട്ടിവച്ച് പോളിത്തീന്‍ ഷീറ്റ് കൊണ്ട് കവര്‍ ചെയ്തു. 7 മണിക്ക് വീട്ടില്‍ നിന്നും പുറപ്പെട്ട് എരുമേലി-മുണ്ടക്കയം-കുട്ടിക്കാനം വഴി 9 മണിക്ക് ഏലപ്പാറയില്‍ എത്തി. റോഡരികില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ തന്നെ അവിടെ നിന്ന് ചായ കുടിച്ചുകൊണ്ടിരുന്ന ഒരാള്‍ എന്നോട് യാത്രാംഗങ്ങള്‍ താമസിക്കുന്ന ഹോംസ്റ്റേയിലേക്കുള്ള വഴി പറഞ്ഞ് തന്നു. പിന്നീടാണ് മനസ്സിലായത് അത് ഞങ്ങളുടെ യാത്രാംഗമായ എറണാകുളം സ്വദേശി കിച്ചി ആയിരുന്നുവെന്ന്. ദൂരെ നിന്നുള്ളവര്‍ എല്ലാം തലേന്ന് തന്നെ ഏലപ്പാറയില്‍ എത്തിയിരുന്നു.
നനുത്ത മഞ്ഞും നൂല്‍ മഴയും എപ്പോഴും പെയ്തുകൊണ്ടിരിക്കുന്ന ഏലപ്പാറയിലെ കുളിരില്‍ യാത്ര ആരംഭിക്കുവാന്‍ ഞങ്ങള്‍ ലൈനപ്പ് ചെയ്തു. കാസര്‍കോട് മുതല്‍ കൊല്ലംവരെയുള്ള ജില്ലകളില്‍ നിന്നുള്ളവരായിരുന്നു യാത്രാംഗങ്ങള്‍. കണ്ണൂരില്‍നിന്നുള്ള 17 വയസ്സുകാരന്‍ ജുനൈദ് ആയിരുന്നു ഏറ്റവും പ്രായം കുറഞ്ഞ ആള്‍. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയത്, ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ ആള്‍ ആയ 65 വയസ്സുള്ള പെരുമ്പാവൂരുകാരന്‍ ജസ്റ്റസ് ചേട്ടനായിരുന്നു. ഈ പ്രായത്തിലും അദ്ദേഹത്തിന് യാത്രയോട് ആവേശമാണ്. ഒരു ചെറിയ മീറ്റിംഗിലൂടെ ലീഡേഴ്സ് വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നു. അങ്ങനെ പത്ത് മണിയോടുകൂടി യാത്ര ആരംഭിച്ചു. മൂന്ന് കാറുകള്‍, ബുള്ളറ്റുകള്‍, ബൈക്കുകള്‍...
ലീഡേഴ്സിന്‍റെ നിര്‍ദ്ദേശാനുസരണം എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ച് ലിമിറ്റഡ് സ്പീഡിലായിരുന്നു യാത്ര. അവര്‍ ഓരോരുത്തരും ഇടക്കിടക്ക് വന്ന് വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നുകൊണ്ടിരുന്നു.
അരമണിക്കൂറിനുള്ളില്‍ ഞങ്ങള്‍ ആദ്യത്തെ സന്ദര്‍ശന സ്ഥലമായ കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരത്തില്‍ എത്തി. ഒരു സിനിമയുടെ ഷൂട്ടിംഗിനുവേണ്ടി അവിടെ സെറ്റിന്‍റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കയായതിനാല്‍ ഉള്ളില്‍ പ്രവേശിക്കുവാന്‍ ഞങ്ങള്‍ക്ക് അനുവാദം ലഭിച്ചില്ല. എങ്കിലും ചുറ്റുപാടും പുറം കാഴ്ചകളും മൊബൈലില്‍ പകര്‍ത്തി. തിരുവിതാംകൂര്‍ രാജ്ഞിയുടെ വേനല്‍ക്കാല വസതിയായിരുന്നു അമ്മച്ചിക്കൊട്ടാരം. തിരുവിതാംകൂറില്‍ തായ് വഴി ഭരണകാലത്ത് റാണി പദവി രാജാവിന്‍റെ സഹോദരിക്കായിരുന്നു. രാജാവിന്‍റെ പത്നിക്ക് അമ്മച്ചി പദവിയും. അങ്ങനെയാണ് രാജാവിന്‍റെ പത്നി താമസിക്കുന്ന കൊട്ടാരത്തിനു അമ്മച്ചി കൊട്ടാരം എന്നു പേര് വന്നത്.
ജെ.ഡി. മണ്‍റോ സായിപ്പാണ് കൊട്ടാരം നിര്‍മിച്ചതെന്ന് പറയപ്പെടുന്നു. ചെറിയ അകത്തളങ്ങള്‍, മൂന്നു കിടപ്പുമുറികള്‍, രണ്ട് ഹാളുകള്‍, സ്വീകരണമുറി, ഊണുമുറി, അടുക്കള, രണ്ട് രഹസ്യ ഇടനാഴികള്‍ എന്നിവയാണ് കൊട്ടാരത്തിലുള്ളത്. ഇടനാഴികളില്‍ ഒരെണ്ണം കൊട്ടാരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും രണ്ടാമത്തേത് പീരുമേട്ടിലെ ക്ഷേത്രത്തിലേക്കും നയിക്കുന്നു. കൊട്ടാരം ഇന്ന് ഒരു ഐടി കമ്പനിയുടെ ഉടമസ്ഥതയിലാണെങ്കിലും ഇവിടുത്തെ പ്രകൃതി സൗന്ദര്യം അനുഭവിക്കാന്‍ മലകയറുന്നവര്‍ നിരവധിയാണ്.
അല്പസമയത്തിനകം ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. അടുത്ത സ്ഥലമായ പെരുന്തേനരുവിയിലേക്ക്.
വളഞ്ഞുപുളഞ്ഞ കെ. കെ. റോഡില്‍കൂടിയുള്ള വാഹനയാത്ര സുഖകരമാണ്. റോഡിന്‍റെ ഒരു വശം മലനിരകളും മറുവശം അഗാധമായ കൊക്കയുമാണ്. ഭാരം നിറച്ച ചരക്കുവാഹനങ്ങള്‍ കയറ്റം കയറി വരുന്നുണ്ട്. തമിഴ്നാട്ടിലേക്കുള്ളവ. അതുപോലെ മധുരയില്‍ നിന്നും കമ്പത്തുനിന്നുമെല്ലാമുള്ള വാഹനങ്ങള്‍ താഴേക്ക് പോകുന്നുമുണ്ട്. മിക്കവാറും സമയങ്ങളില്‍ കൂട്ടുകാരുമാത്ത് ഞാന്‍ പോകാറുള്ള സ്ഥലങ്ങളാണ് കുട്ടിക്കാനവും പീരുമേടും സമീപമുള്ള പരുന്തുംപാറയുമെല്ലാം.
മുണ്ടക്കയം കഴിഞ്ഞ് എരുമേലിയില്‍ എത്താതെ മുക്കൂട്ടുതറ വെച്ചൂച്ചിറ വഴി ഞങ്ങള്‍ പെരുന്തേനരുവിയിലേക്കുള്ള യാത്രയിലാണ്. നല്ല മഴയുള്ളതുകാരണം കഴിഞ്ഞ ആഴ്ച വരെ അരുവിയില്‍ നല്ല വെള്ളച്ചാട്ടം ആയിരുന്നു. പത്തനംതിട്ടയിൽ നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. ഇത് പത്തനംതിട്ടജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. പശ്ചിമഘട്ടത്തിലെ മലനിരകളിൽ പമ്പാനദിയുടെ ഒരു പോഷകനദിയായ പെരുന്തേനരുവിയിലാണ് ഈ വെള്ളച്ചാട്ടം. പമ്പാനദിയിൽത്തന്നെ പെരുന്തേനരുവിയ്ക്കു കുറച്ചു മുകൾ ഭാഗത്തായി പനംകുടുന്ത അരുവിയും ഒഴുകുന്നു. വളരെ മനോഹരമായ പാറക്കെട്ടുകൾ ഇവിടെയുണ്ട്. സീതയും ശ്രീരാമനും രഥത്തിൽ പോയി എന്നു പഴമക്കാർ പറയുന്ന ചില അടയാളങ്ങൾ ഈ പാറക്കെട്ടുകളിൽ ചിലതിൽ ഉണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലാണ് പെരുന്തേനരുവി. അനേകം വിനോദ സഞ്ചാരികൾ ഇവിടം കാണാൻ എത്താറുണ്ട്. പരിചയമില്ലാത്തവർക്ക് ഇവിടെ അപകടം പറ്റാൻ സാധ്യതയുണ്ട്. പാറകള്‍ക്കിടയിലെ വലിയ കുഴികളാണ് ശ്രദ്ധിക്കേണ്ടത്. വലിയ ആഴത്തിലുള്ള ഇതില്‍ വീണാല്‍ രക്ഷപ്പെടാന്‍ പ്രയാസം. നിരപ്പ് പ്രതലമെന്ന് കരുതി നടന്നുപോയാല്‍ അപകടത്തില്‍പ്പെടാം. വെള്ളച്ചാട്ടത്തിലും കരുതല്‍ വേണം. പാറയില്‍ വഴുക്കലുണ്ട്.
മെയിന്‍ റോഡില്‍ നിന്നും അരുവിയിലേക്കുള്ള റോഡിന്‍റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ആവഴി പോകാന്‍ കഴിഞ്ഞില്ല. നാട്ടുകാരനായതിനാല്‍ മറ്റൊരു വഴിയേ ഞാന്‍ ടീമംഗങ്ങളെ അരുവിയിലേക്ക് നയിച്ചു. ദുര്‍ഘടമായ വഴികളില്‍ കൂടി അരുവിയിലെത്തിയപ്പോള്‍ വലിയ നിരാശയാണ് എനിക്കുണ്ടായത്. കാരണം, അരുവിയില്‍ നീരൊഴുക്കില്ല. മഴ മാറിയതിനാല്‍ മുകളില്‍ പണിതിരിക്കുന്ന ചെക്ക് ഡാമില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പവര്‍ ഹൗസിലേക്കാണ് ജലം ഒഴുകുന്നത്. നിറഞ്ഞ പാറക്കെട്ടുകള്‍ മാത്രം. അവിടെ നിന്നും മുകളിലുള്ള ഡാമിന് മുകളില്‍കൂടി അക്കരെ വനത്തില്‍ കടന്ന് 5 കിലോമീറ്റര്‍ വനത്തില്‍ കൂടിയുള്ള ചെറിയ ഓഫ് റോഡ് യാത്ര. തുടര്‍ന്ന് ഞങ്ങള്‍ അത്തിക്കയത്തെത്തി ഭക്ഷണത്തിനായി ഒരു ഹോട്ടലില്‍ കയറി. ചെറിയ ഹോട്ടല്‍ ആയിരുന്നുവെങ്കിലും രുചികരമായ ഭക്ഷണമാണ് ലഭിച്ചത്. അല്പസമയത്തെ വിശ്രമത്തിനുശേഷം വീണ്ടും യാത്ര തുടര്‍ന്നു. പാലരുവിയിലേക്ക്.
പത്തനംതിട്ട എത്തുന്നതിനു മുന്പേ മഴ പെയ്യാന്‍ തുടങ്ങി. മുന്പിലുണ്ടായിരുന്ന യാത്രാലീഡര്‍ നാസര്‍ ഭായ് വാഹനം സൈഡിലൊതുക്കാനുള്ള സിഗ്നല്‍ തന്നു. എല്ലാവരും വാഹനങ്ങള്‍ നിര്‍ത്തി മഴക്കോട്ടുകള്‍ അണിഞ്ഞ ശേഷം യാത്ര പുനരാരംഭിച്ചു. ആനക്കൂടുള്ള കോന്നി വഴി പുനലൂരെത്തി കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കടന്നു യാത്ര തുടര്‍ന്നു. തെന്മലക്ക് മുന്പുള്ള വ്യൂ പോയിന്‍റായ ലുക്കൗട്ടില്‍ വാഹനം നിര്‍ത്തി താഴെയുള്ള ചെക്ക് ഡാമും പരിസരവും ക്യാമറയിലാക്കി തുടര്‍ന്ന് തെന്മലയിലെത്തി ചായ കുടിച്ചു.
അല്പസമയത്തിനുശേഷം യാത്ര തിരിച്ച് ഞങ്ങള്‍ക്ക് താമസിക്കാനുള്ള പാലരുവി റിസോര്‍ട്ടില്‍ എത്തി. ഒരു സി. എം. ഐ. പാതിരി സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിച്ചതിനു ശേഷം ആരംഭിച്ചതായിരുന്നു ഈ റിസോര്‍ട്ട്. പക്ഷേ ഒരു ആശ്രമമാണ് അദ്ദേഹം തുടങ്ങിയത്. പിന്നീട് അദ്ദേഹത്തിന്‍റെ സുഹൃത്തും ഇപ്പോഴത്തെ ഉടമയുമായ സുരേഷ് മാത്യു അത് വാങ്ങി റിസോര്‍ട്ട് ആരംഭിച്ചു. റിസോര്‍ട്ടിനെക്കുറിച്ചു പറയുകയാണെങ്കില്‍ വെള്ളച്ചാട്ടത്തില്‍ നിന്നും 4 കിലോമീറ്റര്‍ മാറി കാട്ടിനുള്ളില്‍ റോഡ് സൈഡില്‍ ആണ് ഇതു. റിസോര്‍ട്ടിന് അരികിലായി അരുവി, എതിര്‍ വശത്ത് ഒരു വലിയ മല. ഏസീ റെസ്റ്റോറന്റ്, ഔട്‌ഡോര് റെസ്റ്റോറന്റ് എല്ലാം കൊണ്ടും നല്ല അന്തരീക്ഷം.
ഒന്ന് കുളിച്ച് ഫ്രഷ് ആയിക്കഴിഞ്ഞ് വേള്‍ഡ് കപ്പ് മത്സരം വീക്ഷിച്ചുകൊണ്ടിരുന്നു ഞാന്‍. കുറച്ചുപേര്‍ താഴെയുള്ള അരുവിയില്‍ കുളി ആണ്. കുറച്ചു കഴിഞ്ഞപ്പോള്‍ അത്താഴം തയ്യാറായി എന്നറിയിച്ചു. രുചികരമായ ചിക്കന്‍ കറിയും ചപ്പാത്തിയും. ഭക്ഷണത്തിനുശേഷം എല്ലാവരും ഹാളില്‍ ഒരുമിച്ച് കൂടി പരസ്പരം പരിചയപ്പെടുത്തി. തുടര്‍ന്ന് പാട്ടും മേളവുമായി മനോഹര നിമിഷങ്ങള്‍. കുരെ സമയങ്ങള്‍ക്കു ശേഷം ഞാന്‍ റൂമിലെത്തി ഉറക്കത്തിലേക്ക് വഴുതി വീണു. അപ്പോഴും ഹാളില്‍ പാട്ടും മേളവും തുടരുന്നുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ ഉണര്‍ന്ന് പ്രഭാത ഭക്ഷണത്തിനുശേഷം പാലരുവിയിലേക്ക് പോകാന്‍ എല്ലാവരും റെഡിയായി. രുചികരമായ പൂരിയും കിഴങ്ങ്കറിയും ഞാന്‍ വയറു നിറയെ കഴിച്ചു. നമ്മുടെ വാഹനങ്ങള്‍ പാലരുവിയിലേക്ക് കടത്തി വിടില്ല. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ബസിലാണ് കൊണ്ടുപോകുന്നത്. കുറെബസുകള്‍ ആള്‍ക്കാരെയും കൊണ്ട് അങ്ങോട്ട് പോകുകയും തിരിച്ചു വരികയുമുണ്ടായിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും. ഇവിടെ വന്ന് വെള്ളച്ചാട്ടത്തിനു കീഴെ കുളിക്കുന്നത് അവര്‍ക്ക് വലിയ ഇഷ്ടമാണ്. അവിടുത്തെ ജല ദൗര്‍ലഭ്യമായിരിക്കാം അതിന് കാരണം. എന്തായാലും ഞങ്ങള്‍ ടിക്കറ്റ് കൗണ്ടറിനടുത്തെത്തി.ബസില്‍ കയറാന്‍ നീണ്ട നിരയാണ്. അതിന്‍റെ പുറകില്‍ ഞങ്ങളും സ്ഥാനം പിടിച്ചു. കുറച്ചു സമയത്തിനുശേഷം വന്ന ബസില്‍ കയറി പാലരുവിയിലെത്തി. ഞാന്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ മനോഹരിയായിരുന്നു പാലരുവി. പെരുന്തേനരുവിയില്‍ വെള്ലമില്ലാഞ്ഞതുകൊണ്ട് ഇവിടെയും അങ്ങനെ ആയിരിക്കും എന്നാണ് കരുതിയത്. പക്ഷേ വെള്ളമുണ്ടായിരുന്നു. എന്തൊരു തിരക്ക്, വെള്ളച്ചാട്ടം മുഴുവന്‍ ആളുകള്‍. മേലെ കല്‍മണ്ടപത്തില്‍ കേറി കുറച്ചു ഫോട്ടോ എടുത്തു. പണ്ട് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ നീരാട്ടിനായി വരാറുണ്ടായിരുന്നത്രേ ഇവിടേക്കു. കുറച്ച് സമയങ്ങള്‍ക്കു ശേഷം തിരിച്ച് വീണ്ടും റിസോര്‍ട്ടിലെത്തി. ഇനിയാണ് ഞങ്ങളുടെ ഫൈനല്‍ ഡസ്റ്റിനേഷന്‍ ആയ റോസ് മലയിലേക്കുള്ള യാത്ര. 12 കിലോമീറ്റര്‍ വനത്തില്‍കൂടിയുള്ള ഓഫ് റോഡ് യാത്ര. വലിയ ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ റിസ്ക്ക് എടുക്കുന്നില്ല എന്ന് മനസ്സില്‍ വിചാരിച്ചു. പക്ഷേ ടീം ലീഡേഴ്സിന്‍റെ കെയറിങ്ങും സപ്പോര്‍ട്ടും കണ്ടപ്പോള്‍ ആ ചിന്ത മാറ്റി അവരോടൊപ്പം ചേര്‍ന്നു.
അങ്ങനെ റോസ് മലയിലെ നിധി തേടിയുള്ള യാത്ര ആരംഭിച്ചു. റോസാദളങ്ങള്‍ പോലെയുള്ള മലനിരകളുള്ളതു കൊണ്ടാണ് റോസ് മല എന്നു പേരു കിട്ടിയതെന്നും റോസ് മല എന്നു പേരു കിട്ടിയതെന്നും അതല്ല, ഇവിടെ എസ്‌റ്റേറ്റ് സ്ഥാപിച്ച ബ്രിട്ടിഷ് പ്ലാന്ററുടെ പത്നി റോസ്‌ലിന്റെ പേരാണ് അതെന്നും രണ്ടഭിപ്രായമുണ്ട്...
ഞങ്ങൾ കാടു കേറാൻ തുടങ്ങി. ആദ്യം ഒരു കിലോമീറ്റർ വലിയ കുഴപ്പമില്ല, ടാർ റോഡ് ആണ്. റോസ്മല ഗ്രാമത്തിലേക്ക് രാവിലെയും വൈകിട്ടും കെഎസ്ആർടിസി ബസ്സ് സര്‍വീസുണ്ട്. ടാർ റോഡ് കഴിഞ്ഞതോടെ റോഡിന്റെ കാര്യം കഷ്ടമായി. ചെങ്കുത്തായ കയറ്റം. ഉരുളൻകല്ലുകളും അവിടവിടെയായി പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റുമായി ദുർഘടമായ വഴിയിലൂടെയാണ് യാത്ര. ചെളി നിറഞ്ഞ വഴിയിലൂടെ ചെങ്കുത്തായ ഇറക്കം ഇറങ്ങുമ്പോൾ പലപ്പോഴും ബ്രേക്ക് കിട്ടുന്നില്ല, വണ്ടി തെന്നി നീങ്ങിപ്പോകുന്നു. ക്ഷമയെന്താണെന്ന് ഈ ഓഫ് റോഡിലൂടെ മനസ്സിലായി. ഗീയർ മാറ്റുന്നത് ഫസ്റ്റും സെക്കൻഡും മാത്രം. ധാരാളം യുവാക്കൾ അതിലേ ബൈക്കിൽ പോകുന്നു. സത്യം പറഞ്ഞാൽ, ശ്രദ്ധ റോഡിൽ മാത്രമായതു കൊണ്ട് കാടിന്റെ ഭംഗി ആസ്വദിക്കാൻ പറ്റിയില്ല.. ...
പാതി വഴി എത്തിയപ്പോൾ ഉരുളൻ കല്ലു നിറഞ്ഞ ഒരു ചപ്പാത്ത്. മഴയായതു കൊണ്ട് വെള്ളമുണ്ട്. ഓരോരുത്തരായി ചപ്പാത്ത് മുറിച്ചു കടന്നു. സൈലൻസറിൽ വെള്ളം കയറാതിരിക്കാൻ ഗിയർ ഫസ്റ്റിലിട്ടു മുന്നോട്ടെടുത്തു. നേരത്തെ കയറിപ്പോയവർ അപ്പുറത്തു മൊബൈലിൽ ഫോട്ടോയും വിഡിയോയും എടുക്കുന്നു. എങ്ങനെയൊക്കെയോ ഒരു വിധത്തിൽ വണ്ടി മാറ്റി മുന്നോട്ടെടുത്തു അക്കരെയെത്തി.വണ്ടി മുന്നിലേക്ക് മാറ്റി നിർത്തി മൊബൈലും എടുത്ത് പുറകെ വരുന്ന ആൾക്കാരുടെ ഫോട്ടോ പിടിക്കാനോടി. എല്ലാവരും വലിയ കുഴപ്പമൊന്നുമില്ലാതെ ഇക്കരെയെത്തി. ലീഡേഴ്സ് വെള്ളത്തില്‍ ഇറഞ്ഞി നിന്ന് വേണ്ട സഹായങ്ങള്‍ ചെയ്തു. വീണ്ടും വരിവരിയായി മുന്നോട്ട്. കുറേ ചെല്ലുമ്പോൾ വഴി രണ്ടായി പിരിയുന്നു. റോസ് മലയിലേക്കു പോകുന്ന വഴി ഒരു ചപ്പാത്തു കൂടി കടന്ന് വനംവകുപ്പ് ഓഫിസിനു മുന്നിലെത്തി. അവിടെ എല്ലാവരും പേരും വണ്ടി നമ്പരും ഫോൺ നമ്പരും സമയവും എഴുതിക്കൊടുക്കണം. അവിടെനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അപ്പുറത്താണ് റോസ് മല ഗ്രാമം.
രണ്ടു മൂന്നു കടകളുള്ള ചെറിയ ഒരു കവല, അങ്ങിങ്ങായി വീടുകൾ, ശാന്തമായ പ്രദേശം. അവിടെയൊരു വാച്ച് ടവറുണ്ട്. അങ്ങോട്ടാണ് ഞങ്ങളുടെ യാത്ര. വഴി തെറ്റി കുറച്ച് മുന്പിലേക്ക് പോയപ്പോഴേക്കും വഴിയരികിലെ വീട്ടില്‍ നിന്നും ഒരു ചേച്ചി വഴി പറഞ്ഞുതന്നു..ഒരു വിധത്തിൽ വാച്ച് ടവറിനു താഴെയുള്ള റോഡ് വരെ വണ്ടി എത്തിച്ചു. കൂട്ടത്തിലുള്ളവര്‍ അതിനു മുകളിലുള്ള റോഡിലേക്ക് കുത്തനെയുള്ള കയറ്റം വണ്ടി ഓടിച്ചുകയറ്റി. ഞാന്‍ നടന്നു മുകളിൽ എത്തി, .ടവറിൽ കയറാൻ അവിടെയുള്ള കൗണ്ടറിൽനിന്ന് ടിക്കറ്റെടുക്കണം. ടിക്കറ്റെടുത്തു വാച്ച് ടവറിലേക്ക്. പാറപ്പുറത്തുകൂടി വലിഞ്ഞു മുകളിലേക്ക് കയറി. മുകളിൽ എത്തിയതോടെ നല്ല അടിപൊളി വ്യൂ. താഴെ തെൻമല ഡാം റിസർവോയറിന്റെ മനോഹരമായ കാഴ്ച. റോസാദളങ്ങള്‍ പോലെയുള്ള മലനിരകൾ. എല്ലാവരും മൊബൈൽ എടുത്ത് സെൽഫി എടുക്കാനും ഗ്രൂപ്പ് ഫോട്ടോ എടുക്കാനും മൽസരം. കുറച്ചു കഴിഞ്ഞപ്പോൾ പെട്ടെന്ന് മഴ തുടങ്ങി എല്ലാവരും മഴ നനയാതിരിക്കാൻ ടവറിന്റെ താഴെയുള്ള കൂടാരത്തില്‍ കയറി നിന്നു. അപ്പോഴാണ് കൂടെയുള്ളവരിലൊരാളുടെ കാലില്‍ നിന്നും ചോരയൊലിക്കുന്നത് കണ്ടത്. നോക്കിയപ്പോള്‍ രക്തം കുടിച്ചു വീര്‍ത്ത അട്ട. പെട്ടെന്ന് ഞാനും വെറുതെ ജീന്‍സ് മുകളിലേക്ക് ഉയര്‍ത്തി നോക്കി. സംശയം വെറുതെയായില്ല. എന്‍റെ ബി പോസിറ്റീവ് ഗ്രൂപ്പ് രക്തം കുടിച്ചു വീര്‍ത്ത അട്ട. പെട്ടെന്ന് അത് താഴെ വീണു. സര്‍വ്വ ദേഷ്യവും തീര്‍ത്ത് ഞാന്‍ അതിനെ ഷൂസിട്ട കാലുകൊണ്ട് ചവിട്ടിയരച്ചു. മഴ ശമിച്ചപ്പോള്‍ മടക്കയാത്ര ആരംഭിച്ചു. മഴപെയ്തകാരണം തിരിച്ചുള്ള യാത്ര ബുദ്ധിമുട്ടാകും. റോഡില്‍ തെന്നിവീഴാന്‍ സാദ്ധ്യത ഉണ്ട്. വന്നവഴിയെല്ലാം തന്നെ തിരിച്ച് ഇറങ്ങണമെന്ന് ഓര്‍ത്തപ്പോള്‍ ഒരു വൈക്ളബ്യം. എങ്കിലും നമ്മുടെ സാഹസികത കാണിക്കണമല്ലോ എന്നോര്‍ത്ത് മലയിറങ്ങിത്തുടങ്ങി. പോയതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നു മടക്കയാത്ര. മഴയും കോടയും കൂടി ആയതോടെ റിസ്ക് കൂടി. എങ്കിലും ആ സാഹസികതയൊക്കെ ആസ്വദിച്ച് തിരിച്ച് റിസോര്‍ട്ടിലെത്തി വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചു. ഭക്ഷണത്തിന്‍റെ കാര്യത്തില്‍ അവിടെയുള്ളവരെ പ്രശംസിക്കാന്‍ ഞാന്‍ മടി കാണിച്ചില്ല.. അനേകം വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഭക്ഷണം.
തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്തു. മടക്കയാത്രക്ക് ഒരുങ്ങി. കണ്ണൂര്‍ വരെ എത്തേണ്ടവരുണ്ട്. മഴയും തുടങ്ങി. പരസ്പരം ഫോണ്‍ നന്പരുകള്‍ കൈമാറി. അടുത്ത യാത്രയില്‍ കാണാം എന്ന് പറഞ്ഞ് യാത്ര സൈന്‍ ഓഫ് ചെയ്തു. ഇത്രയും ഓര്‍ഗനൈസ്ഡ്ആയ ഒരു യാത്രയില്‍ പങ്കെടുക്കാന്‍ സാധിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. പുതിയ ആള്‍ക്കാരെ പരിയപ്പെടുവാനും സൗഹൃദം സ്ഥാപിക്കുവാനും കഴിഞ്ഞു. ടീം ഇന്‍സ്‍ട്രക്ടര്‍മാരുടെ കരുതലും സപ്പോര്‍ട്ടും പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു.
മടക്കയാത്രയില്‍ 13 കണ്ണറ പാലത്തിനടുത്ത് നിന്ന് കുറെ ഫോട്ടോയെടുത്തശേഷം വീട്ടിലേക്കുള്ള യാത്ര തുടര്‍ന്നു. എട്ടരയോടെ വീട്ടില്‍ എത്തി.
വീട്ടിലെത്തി ആലോചിച്ചപ്പാഴാണ് എനിക്ക് റോസ്മലയിലെ ആ നിധിയെപ്പറ്റി മനസ്സിലായത്. ആ നിധി റോസ് മലയിലായിരുന്നില്ല. റോസ് മലയിലേക്കുള്ള സാഹസികമായ ഓഫ് റോഡ് യാത്രയായിരുന്നു ആ അമൂല്യമായ നിധി....















